കോട്ടക്കല്‍ : കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ ലഘുലേഖ "ഐക്യത്തിന്റെ ശത്രു സമരത്തിന്റെ ശത്രു" വിതരണം ചെയ്തത് കോട്ടക്കല്‍ പറപ്പൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ 11-ാം രാഷ്ട്രീയ സമ്മേളനത്തിലായിരുന്നു. ഒളിവില്‍ താമസിക്കവെ ഇ എം എസ്സാണ് ലഘുലേഖ തയ്യാറാക്കിയത്.
കേരളത്തില്‍ കോണ്‍ഗ്രസിനകത്തെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാര്‍ ചേര്‍ന്ന് ഒരു ഇടതുപക്ഷം രൂപപ്പെടുത്തിയിരുന്നു. ഈ സമയത്താണ് പറപ്പൂരില്‍ കോണ്‍ഗ്രസ് സമ്മേളനം നടന്നത്. പ്രസിഡന്റ് അബ്ദുറഹ്മാന് സാഹിബും സെക്രട്ടറി ഇ എം എസ്സുമായിരുന്നു. ഒളിവിലായതിനാല്‍ ഇ എം എസ്സിന് സമ്മേളനത്തില്‍ നേരിട്ട് പങ്കെടുക്കാനായില്ല. എങ്കിലും ഒളിവിലിരുന്നുകൊണ്ട് സമ്മേളന നടത്തിപ്പ് നിയന്ത്രിച്ചു. സമ്മേളനത്തില്‍ കോണ്‍ഗ്രസിലെ ഇടതുപക്ഷവും വലതുപക്ഷവും പങ്കെടുത്തിരുന്നു. അധ്യക്ഷപ്രസംഗത്തില്‍ അബ്ദുറഹ്മാന് സാഹിബ് വലതുപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഇതിനെത്തുടര്‍ന്ന് വലതുപക്ഷത്തെ കോഴിപ്പുറത്ത് മാധവ മേനോന് സമ്മേളനവേദിയില്‍നിന്ന് ഇറങ്ങിപ്പോയി. അന്ന് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ അധികവും ഇടതുപക്ഷക്കാരായിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയിരുന്നത് പഞ്ചാബില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് മിയാന്‍ ഇഫ്ത്തിക്കാറുദ്ദീനായിരുന്നു. പരിഭാഷകന് പി നാരായണന് നായരും. കെ കേളപ്പന് , കെ എ ദാമോദരന്‍ , ഇ പി ഗോപാലന് എന്നിവര്‍ സമ്മേളന അധ്യക്ഷ വേദിയിലുണ്ടായിരുന്നു. മുഹമ്മദ് അബ്ദുറഹിമാന് സാഹിബാണ് അന്ന് മധ്യസ്ഥനായിരുന്നത്. സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജാഥയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഇ മുഹമ്മദ്, കുഞ്ഞാലി, കോയക്കുഞ്ഞി നഹ എന്നിവരായിരുന്നു ജാഥക്ക് നേതൃത്വംനല്‍കിയത്.
കേരളത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകമായിത്തീര്‍ന്ന പറപ്പൂര് സമ്മേളനം നടക്കുമ്പോള്‍ കമ്യൂണിസ്റ്റുകാരനായി മാറിയ ഇ എം എസ് ഒളിവിലിരുന്നുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ടിക്കുവേണ്ടി "ഐക്യത്തിന്റെ ശത്രു സമരത്തിന്റെ ശത്രു" എന്ന ലഘുലേഖ തയ്യാറാക്കി വിതരണം ചെയ്യാന്‍ കൊടുത്തയച്ചത്. ലഘുലേഖ സിഐഡിയുടെ കണ്ണില്പ്പെടരുതെന്ന് ഇ എം എസിന്റെ പ്രത്യേക നിര്‍ദേശവുമുണ്ടായിരുന്നു. സമ്മേളന പ്രതിനിധികള്‍ക്ക് രഹസ്യമായി ലഘുലേഖ വിതരണംചെയ്യാന്‍ ചുമതലപ്പെടുത്തിയതാവട്ടെ ഡോ. എന്‍ വി കെ വാരിയര്‍ , ഡോ. പി കെ വാരിയര്‍ , പറപ്പൂരിലെ അബൂബക്കര്‍ മാസ്റ്റര്‍ എന്നിവരെയായിരുന്നു.
deshabhimani 251211
No comments:
Post a Comment