Saturday, December 31, 2011

ഭക്ഷ്യസുരക്ഷാ ബില്‍ ലക്ഷ്യമിടുന്നത് അമേരിക്കന്‍ മോഡല്‍ കൃഷിരീതി

ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്താനെന്ന പേരില്‍ കൃഷിഭൂമി കുത്തകകളുടെ കൈകളിലെത്തിച്ച് അമേരിക്കന്‍ മാതൃകയിലുള്ള കൃഷിരീതി നടപ്പാക്കാനാണ് ഭക്ഷ്യസുരക്ഷാ ബില്‍ ലക്ഷ്യമിടുന്നതെന്ന് സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷാ ബില്ലിന്റെ കാണാപ്പുറങ്ങള്‍ എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ വാങ്ങല്‍ശേഷി ഉയര്‍ത്തുന്ന വിധമുള്ള കാര്‍ഷിക ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിച്ചുമാത്രമേ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനാകൂ എന്ന് സെമിനാറില്‍ സംസാരിച്ച നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ബില്‍ വ്യവസ്ഥചെയ്യുന്നതനുസരിച്ച് രാജ്യത്തെ ജനങ്ങള്‍ക്കു മുഴുവന്‍ നല്‍കാന്‍ കഴിയുന്നവിധം ഭക്ഷ്യധാന്യം ഉല്‍പ്പാദിപ്പിക്കുന്നില്ല. ഇതിനായി 6 കോടി ടണ്‍ ഭക്ഷ്യധാന്യം അധികമായി ഉല്‍പ്പാദിപ്പിക്കണം. കൂടാതെ സബ്സിഡി നിരക്കില്‍ ഇത് വിതരണംചെയ്യാന്‍ 95,000 കോടി രൂപ കണ്ടെത്തണം. 1950ല്‍ ആളോഹരി ഭക്ഷ്യോല്‍പ്പാദനം 152 കിലോ ആയിരുന്നത് 2010ല്‍ 151 കിലോയായി കുറഞ്ഞു. ഇതേ നിരക്കില്‍ ആളോഹരി ഭക്ഷ്യലഭ്യത നിലനിര്‍ത്താന്‍ 2020ല്‍ 1,140 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം വേണ്ടിവരും. എന്നാല്‍ ഇപ്പോഴത്തെ കണക്കനുസരിച്ച് 640 ലക്ഷം ടണ്‍ മാത്രമാണുള്ളത്. 800 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം അധികമായി ഉല്‍പ്പാദിപ്പിക്കണം. എന്നാല്‍ കാര്‍ഷിക ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിന് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനാകില്ലെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യ ലക്ഷ്യമിട്ട കാര്‍ഷിക വളര്‍ച്ചയുടെ അടുത്തെങ്ങും എത്താനാകാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്താനാകില്ലെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത മുന്‍ കേന്ദ്രമന്ത്രി പി സി തോമസ് പറഞ്ഞു. ബില്‍ നടപ്പാക്കണമെങ്കില്‍ വന്‍തുക കണ്ടെത്തേണ്ടിവരും. ഇതുസംബന്ധിച്ച് ഭരണകക്ഷിയില്‍തന്നെ ഭിന്നതയുണ്ട്. വേണ്ടത്ര ചര്‍ച്ചയില്ലാതെയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കാര്‍ഷികമേഖലയ്ക്കായി പ്രത്യേകം ബജറ്റ് വേണം. ഇതുവഴി കൃഷിക്ക് കൂടുതല്‍ ശ്രദ്ധകൈവരും. പൊതുബജറ്റ് കൃഷിക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കാര്‍ഷിക രംഗവും പൊതുവിതരണ സമ്പ്രദായവും സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതാനുള്ള മറയാണ് ബില്ലെന്ന് വിഷയം അവതരിപ്പിച്ച കേരള കര്‍ഷകസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി രാമകൃഷ്ണന്‍ പറഞ്ഞു. സാമൂഹ്യാവശ്യാര്‍ഥമുള്ള കൃഷിക്കുപകരം കച്ചവടാര്‍ഥമുള്ള കൃഷി സമ്പ്രദായം നടപ്പാക്കാനാണ് ശ്രമം. ഇത് അമേരിക്കന്‍ മാതൃകയിലുള്ളതാണ്. അമേരിക്കയില്‍ കൃഷിഭൂമി കമ്പനികളുടെ കീഴിലായി. ഇന്ത്യയിലും ഇതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നു. കൃഷിഭൂമി തുണ്ടുകളായതാണ് കാര്‍ഷിക ഉല്‍പ്പാദനം കുറയാന്‍ കാരണമെന്ന പ്രചാരണം ഇതിന് പശ്ചാത്തലമൊരുക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

ബില്ലിലൂടെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഭക്ഷണം നല്‍കേണ്ടത് ഭരണകൂടത്തിന്റെ നിയമപരമായ ബാധ്യതയായി മാറുമെങ്കിലും ഇതിനുപിന്നില്‍ കോണ്‍ഗ്രസിന് സ്ഥാപിത താല്‍പര്യങ്ങളുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കിസാന്‍സഭ നേതാവ് അഡ്വ. പി കെ ചിത്രഭാനു പറഞ്ഞു. ബില്‍ രാജ്യത്തെ നിലവിലുള്ള ഭൂവുടമാ സമ്പ്രദായത്തില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബില്‍ രാജ്യത്തെ പൊതുവിതരണ സമ്പ്രദായത്തെ തകര്‍ക്കുമെന്ന് സെമിനാറില്‍ മോഡറേറ്ററായ സിപിഐ എം സംസ്ഥാനകമ്മറ്റിയംഗം സി കെ സദാശിവന്‍ എംഎല്‍എ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ഡി ലക്ഷ്മണന്‍ സ്വാഗതം പറഞ്ഞു.

deshabhimani 311211

1 comment:

  1. ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്താനെന്ന പേരില്‍ കൃഷിഭൂമി കുത്തകകളുടെ കൈകളിലെത്തിച്ച് അമേരിക്കന്‍ മാതൃകയിലുള്ള കൃഷിരീതി നടപ്പാക്കാനാണ് ഭക്ഷ്യസുരക്ഷാ ബില്‍ ലക്ഷ്യമിടുന്നതെന്ന് സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷാ ബില്ലിന്റെ കാണാപ്പുറങ്ങള്‍ എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ വാങ്ങല്‍ശേഷി ഉയര്‍ത്തുന്ന വിധമുള്ള കാര്‍ഷിക ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിച്ചുമാത്രമേ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനാകൂ എന്ന് സെമിനാറില്‍ സംസാരിച്ച നേതാക്കള്‍ ചൂണ്ടിക്കാട്ടി.

    ReplyDelete