Friday, December 30, 2011

കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രക്ഷോഭത്തിനൊരുങ്ങുക

ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗര്‍ : വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ കര്‍ഷക-കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ പോരാട്ടത്തിനൊരുങ്ങാന്‍ സിപിഐഎം ജില്ലാസമ്മേളനം ആഹ്വാനം ചെയ്തു.

ഇടവേളക്കുശേഷം ജില്ലയില്‍ കര്‍ഷക ആത്മഹത്യ വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. ഉത്പാദനചെലവ് ദിനംപ്രതി വര്‍ധിക്കുകയും കാര്‍ഷികവായ്പ നിഷേധിക്കപ്പെടുകയും വരുമാനം കുറയുകയും ചെയ്യുന്നതുമൂലം നൂറുകണക്കിന് കര്‍ഷകകുടുംബങ്ങള്‍ കടക്കെണിയിലമരുകയാണ്.1999-2006 നേക്കാള്‍ രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് കാര്‍ഷികമേഖല കൂപ്പുകുത്തുന്നത്. കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച, രാസവളവില വര്‍ധന, കാര്‍ഷികവായ്പ ലഭിക്കാത്തതിനാല്‍ സ്വകാര്യവായ്പകളോടുള്ള ആശ്രിതത്വം, വിളരോഗങ്ങള്‍മൂലമുള്ള ഉത്പാദന തകര്‍ച്ച, കാലാവസ്ഥ വ്യതിയാനം, തൊഴില്‍തേടിയുള്ള വന്‍തോതിലുള്ള കുടിയേറ്റംമൂലം കര്‍ഷകതൊഴിലാളി മേഖലയിലെ രൂക്ഷമായ ആള്‍ക്ഷാമവും വര്‍ധിച്ചുവരുന്ന കൂലി ചെലവും വിലക്കയറ്റവും ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ വാണിജ്യവല്‍ക്കരണംമൂലം നിയന്ത്രണാതീതമാകുന്ന ജീവിത ചെലവുകള്‍ തുടങ്ങിയവയാണ് കാര്‍ഷിക പ്രതിസന്ധിയുടെ കാരണങ്ങള്‍ .

2006 ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച ആശ്വാസ നടപടികളാണ് കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നല്‍കി അവരെ കടക്കെണയില്‍നിന്ന് രക്ഷിച്ചത്. അവധി വ്യാപാരവും ഊഹകച്ചവടവും കാര്‍ഷികോത്പന്നങ്ങളുടെ വില തകര്‍ത്തു. ഇടത്തട്ടുകാരും കാര്‍ഷികവ്യവസായ കുത്തകകളും കര്‍ഷകരെ കൊള്ളയടിക്കുകയാണ്. ഇഞ്ചിയുടെയും വാഴയുടേയും വില കുത്തനെ ഇടിഞ്ഞത് കര്‍ഷകരെ കടക്കെണിയിലാക്കി. രാസവള വില കുത്തനെ വര്‍ദ്ധിപ്പിച്ചത് കര്‍ഷകജീവിതം ദുസഹമാക്കി. ഗ്രാമീണ സമ്പദ്ഘടന തകര്‍ന്നതിനാല്‍ കൃഷിക്കാര്‍ കൃഷി ഉപേക്ഷിച്ചു. ഈ സാഹചര്യത്തില്‍ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ കര്‍ഷകരുടെ വിശാല ഐക്യം രൂപപ്പെടുത്തി ഉദാരവത്കരണ നയം തിരുത്താന്‍ കേന്ദ്രസര്‍കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണം. അതോടൊപ്പം കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന സര്‍കാര്‍ നയങ്ങള്‍ക്കെതിരെ കര്‍ഷകരുടേയും തൊഴിലാളികളുടേയും ഉത്പാദക സഹകരണസംഘങ്ങള്‍ രൂപീകരിച്ച് കാര്‍ഷിക വ്യവസായങ്ങള്‍ ആരംഭിക്കുകയും വന്‍കിടകാര്‍ഷികോത്പാദന വ്യവസ്ഥ വളര്‍ത്തിയെടുക്കുകയും വേണം. ബ്രഹ്മഗിരി മാതൃകയില്‍ കര്‍ഷകര്‍ ആരംഭിക്കുന്ന കാര്‍ഷിക സംസ്കരണ വ്യവസായങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം കേന്ദ്രസംസ്ഥാന സര്‍കാരുകള്‍ ലഭ്യമാക്കണം. ഉത്പന്നങ്ങള്‍ സംഭരിച്ച് സംസ്കരിക്കുയും ഉപഭോഗ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം ഇടത്തട്ടുകാരെ ഒഴിവാക്കി കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ലഭ്യമാക്കുകയാണ് ബ്രഹ്മഗിരിയുടെ ലക്ഷ്യം. ഈ മാതൃകയില്‍ ജില്ലയിലെ എല്ലാ കാര്‍ഷികഉത്പന്നങ്ങങളും അടിസ്ഥാനമാക്കി സംസ്കരണ വ്യവസായങ്ങള്‍ ആരംഭിക്കണം. ഈ ലക്ഷ്യം നേടിയെടുക്കാന്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി കര്‍ഷകരുടേയും കര്‍ഷകതൊഴിലാളികളുടേയും വന്‍ മുന്നേറ്റം രൂപപ്പെടുത്താന്‍ കര്‍ഷക-കര്‍ഷകതൊഴിലാളി പ്രസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കണം.

ദരിദ്ര ഇടത്തരം കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടേയും മുഴുവന്‍ കടബാധ്യതകളും കേന്ദ്ര സര്‍കാര്‍ ഏറ്റെടുക്കുകയും പലിശരഹിത വായ്പ ലഭ്യമാക്കുകയും വേണം. ധനികകര്‍ഷകര്‍ക്ക് നാല് ശതമാനം പലിശക്ക് ദീര്‍ഘകാല വായ്പ അനുവദിക്കണം. കാര്‍ഷികോത്പാദനം തകരുകയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ പ്രതിസന്ധിയിലാകുകയും ചെയ്യുന്ന സാഹചര്യത്തത്തില്‍ കര്‍ഷകനും കര്‍ഷകതൊഴിലാളിക്കും എല്ലാപരിരക്ഷയും സര്‍ക്കാര്‍ നല്‍കണം. പ്രകൃതിക്ഷോഭവും രോഗങ്ങളുംമൂലം വിള നശിച്ചാലും വിലത്തകര്‍ച്ചയുണ്ടായാലും നഷ്ടപരിഹാരം നല്‍കുകയും ആദായവില നല്‍കി ഉത്പന്നങ്ങള്‍ സംഭരിക്കുകയും വേണം. രാസവള സബ്സിഡി പുനസ്ഥാപിക്കണം. ഭക്ഷ്യവിളകര്‍ഷകര്‍ക്ക് ഉത്പാദനബോണസ് നല്‍കുകയും കര്‍ഷകതൊഴിലാളികള്‍ക്കും ദരിദ്രകര്‍ഷകര്‍ക്കും ക്ഷേമ പദ്ധതികളും പ്രതിമാസപെന്‍ഷനും അനുവദിക്കണം. ഈ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി അതിശക്തമായ കര്‍ഷക പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കര്‍ഷക-കര്‍ഷകതൊഴിലാളി പ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കണമെന്ന് പി കൃഷ്ണപ്രസാദ് അവതരിപ്പിച്ച പ്രമേയം ആഹ്വാനംചെയ്തു.

മാധ്യമങ്ങള്‍ സാമൂഹ്യദൗത്യം നിര്‍വഹിക്കണം: ദക്ഷിണാമൂര്‍ത്തി

കെ ശ്രീധരന്‍നഗര്‍ (ബത്തേരി): നിലവിലുള്ള സാമൂഹ്യവ്യവസ്ഥയെ മാറ്റിമറിക്കുന്നതിനാണ് മാധ്യമങ്ങള്‍ ശ്രമിക്കേണ്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു. സിപിഐ എം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് പഞ്ചായത്ത് കമ്യൂണിറ്റിഹാളിലെ കെ ശ്രീധരന്‍നഗറില്‍ മാര്‍ക്സിസത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മുതലാളിത്തം ഗുരുതരമായ പ്രതിസന്ധിയെ നേരിടുമ്പോള്‍ മാര്‍ക്സിസന്റെ പ്രസക്തി വര്‍ധിക്കുന്നു. എന്നാല്‍ മാര്‍ക്സിസത്തിനെതിരെ തെറ്റായ പ്രചാരവേലയാണ് മുതലാളിത്ത ശക്തികള്‍ നടത്തുന്നത്. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മുതാളിത്ത ലോകത്തിന് മനുഷ്യജീവന് ഒരു വിലയും കല്‍പ്പിക്കാനാവില്ല. ഇതിന് തെളിവാണ് നാറ്റോസേന ഗദ്ദാഫിയെ വധിച്ചതും വിയറ്റ്നാമിലും നാഗസാക്കിയിലും ഹിരോഷിമയിലും നടന്ന കൂട്ടക്കൊലകളും. അമേരിക്കന്‍ സാമ്രാജ്യത്വം തകര്‍ച്ചയില്‍നിന്ന് കരകയറുന്നതിന് പൊതുമേഖലയെ ആശ്രയിക്കുന്ന അവസ്ഥയിലേക്കെത്തിയെന്ന് ദക്ഷിണാമൂര്‍ത്തി പറഞ്ഞു. തെറ്റായ ആഗോളവല്‍ക്കരണനയങ്ങള്‍ പിന്തുടരുന്നതിനാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നത്. ഇതിനെ തൊഴിലാളിവര്‍ഗം ജാഗ്രതയോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയുടെ കാരണം കണ്ടെത്താന്‍ ഹസാരെയ്ക്കായില്ല: എം എം നാരായണന്‍

കെ ശ്രീധരന്‍നഗര്‍ (ബത്തേരി): എന്തുകൊണ്ട് അഴിമതിയെന്ന ചോദ്യം ചോദിക്കാത്തതാണ് അണ്ണാഹസാരെയുടെ സമരത്തിന്റെ പരാജയമെന്ന് സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ. എം എം നാരായണന്‍ പറഞ്ഞു. ചരിത്രത്തെ അവഗണിക്കുന്നത് മുതലാളിത്തമാണ്. സംസ്കാരത്തെ ആള്‍ക്കൂട്ടത്തിന്റെതാക്കി മാറ്റാനാണ് മുതലാളിത്തം ശ്രമിക്കുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വമെന്ന ഇരുട്ടിന്‍മേല്‍ പുതിയ സൂര്യോദയം കാണുന്നതാണ് ഇന്നത്തെ അവസ്ഥ. സാമ്പത്തികത്തിലൂന്നിയ സാമ്രാജ്യത്വം സംസ്കാരത്തിന് വില കല്‍പ്പിക്കുന്നില്ല. ഇറാക്കില്‍ നടക്കുന്നത് സംസ്കാരങ്ങള്‍ തമ്മിലുള്ള പ്രശ്നമാണ്. സംസ്കാരത്തിന് വില കല്‍പ്പിക്കുന്നതാണ് മാര്‍ക്സ്. സാമ്രാജ്യത്വം പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ മാര്‍ക്സിസത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പി കൃഷ്ണപ്രസാദ് അധ്യക്ഷനായി. കെ ശോഭന്‍കുമാര്‍ സ്വാഗതവും കെ എന്‍ രാജപ്പന്‍ നന്ദിയും പറഞ്ഞു.

deshabhimani 301211

1 comment:

  1. വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ കര്‍ഷക-കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ പോരാട്ടത്തിനൊരുങ്ങാന്‍ സിപിഐഎം ജില്ലാസമ്മേളനം ആഹ്വാനം ചെയ്തു.

    ReplyDelete