Wednesday, December 28, 2011

വേണ്ടത് ശക്തമായ ലോക്പാല്‍ : ഇടതുപക്ഷം

ദശകങ്ങളുടെ കാത്തിരിപ്പിനുശേഷം ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ പ്രകടമായത് ദേശീയതലത്തില്‍ അഴിമതിവിരുദ്ധസംവിധാനം വരുന്നതില്‍ ഇടതുപക്ഷം ഒഴികെയുള്ള പാര്‍ടികള്‍ക്കുള്ള താല്‍പ്പര്യമില്ലായ്മ. ഇടതുപക്ഷപാര്‍ടികളൊഴികെ പ്രതിപക്ഷപാര്‍ടികളെല്ലാം സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലിനെ നഖശിഖാന്തം എതിര്‍ത്തു. എന്നാല്‍ , സര്‍ക്കാര്‍ ബില്ലിലെ ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാട്ടിയ ഇടതുപക്ഷപാര്‍ടികള്‍ ശക്തമായ ലോക്പാല്‍ അനിവാര്യമാണെന്ന നിലപാടില്‍ ഉറച്ചുനിന്നു. സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന എസ്പി, ബിഎസ്പി, ആര്‍ജെഡി എന്നീ കക്ഷികളും യുപിഎ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബില്ലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരുന്നതിനോട് യുപിഎ ഘടകകക്ഷിയായ എന്‍സിപി എതിര്‍പ്പ് അറിയിച്ചപ്പോള്‍ , ഫെഡറല്‍തത്വങ്ങളുടെ ലംഘനമാണ് ബില്ലെന്ന നിലപാടിലായിരുന്നു ഡിഎംകെ. പുറമെനിന്നുള്ള സമ്മര്‍ദത്തിന് വഴങ്ങി ഇത്തരമൊരു ബില്‍ തിടുക്കത്തില്‍ കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരരുതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ലോക്പാലിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്ലായ്മയും സഭയില്‍ പ്രകടമായി. അങ്ങേയറ്റം ദുര്‍ബലമായ വ്യവസ്ഥകളോടെ ബില്‍ തയ്യാറാക്കിയതിനുപുറമെ ലോക്പാലിന് ഭരണഘടനാപദവി നല്‍കേണ്ട ബില്‍ ആദ്യം പരിഗണിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു.

കേന്ദ്രത്തിലെ ലോക്പാലിന് സമാനമായി സംസ്ഥാനങ്ങളില്‍ ലോകായുക്ത നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ എടുത്തുകളയണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. കേന്ദ്രനിയമത്തെ ലോകായുക്തകള്‍ക്ക് രൂപംനല്‍കുന്നതിനുള്ള മാതൃകയായിമാത്രമേ പരിഗണിക്കാവൂവെന്ന് സിപിഐ എം ലോക്സഭാ നേതാവ് ബസുദേബ് ആചാര്യ പറഞ്ഞു. ഭഭരണഘടനയുടെ 252-ാം വ്യവസ്ഥപ്രകാരമാണ് ബില്ലെങ്കില്‍ ഇത് സാധിക്കും. എന്നാല്‍ , ലോകായുക്ത നിര്‍ബന്ധമാക്കുന്നവിധം ഭരണഘടനയുടെ 253-ാം വകുപ്പുപ്രകാരമാണ് സര്‍ക്കാര്‍ ബില്‍ തയ്യാറാക്കിയത്. സിബിഐയെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണം. പ്രധാനമന്ത്രിക്ക് സംരക്ഷണം ഒരുക്കുന്നതാണ് ബില്‍ . നയതന്ത്രം, വിദേശ- ആഭ്യന്തര സുരക്ഷ, ബഹിരാകാശം, ആണവം എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രിക്ക് പൂര്‍ണസംരക്ഷണമാണ്. ഈ മേഖലയിലെ വാണിജ്യകരാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രധാനമന്ത്രിക്ക് സംരക്ഷണം ഉണ്ടാകരുത്. ശക്തമായ ലോക്പാലാണ് രാജ്യത്തിന് ആവശ്യം- ബസുദേബ് ആചാര്യ പറഞ്ഞു.

ഇപ്പോള്‍ അവതരിപ്പിച്ച ബില്‍ പിന്‍വലിക്കണമെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വീണ്ടും വിടണമെന്നും പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് ചര്‍ച്ചയ്ക്ക് തുടക്കമിട്ട് പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുമേല്‍ ലോകായുക്തനിയമം അടിച്ചേല്‍പ്പിക്കരുത്. 50 ശതമാനത്തിലധികം സംവരണം സുപ്രീംകോടതി പലവട്ടം തള്ളിയതാണ്. ഒമ്പതംഗ ലോക്പാലില്‍ ഇപ്പോഴത്തെ സംവരണവ്യവസ്ഥപ്രകാരം ഒമ്പതുപേര്‍ സംവരണവിഭാഗത്തില്‍നിന്നാകും. സിബിഐയെ ലോക്പാലിനുകീഴില്‍ കൊണ്ടുവരണം. പ്രധാനമന്ത്രിക്ക് ഒട്ടേറെ കവചങ്ങള്‍ തീര്‍ത്തിരിക്കയാണ്. ഒരാള്‍ക്കും അദ്ദേഹത്തെ തൊടാനാകാത്തവിധത്തിലാണിത്- സുഷമ പറഞ്ഞു. സുഷമയുടെ വാദങ്ങളെ സര്‍ക്കാരിനുവേണ്ടി സംസാരിച്ച മാനവവിഭവശേഷിമന്ത്രി കപില്‍ സിബല്‍ തള്ളി. ബില്‍ അട്ടിമറിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന് സിബല്‍ പറഞ്ഞു.

സിബിഐയെ ഉള്‍പ്പെടുത്താനാകില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സിബിഐയെ ലോക്പാലിന് കീഴില്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. രാജ്യത്തെ ഭരണഘടനാ ചട്ടക്കൂടിന് വിരുദ്ധമായി ഒരു സ്ഥാപനത്തെയും സൃഷ്ടിക്കാനാവില്ലെന്ന് ലോക്പാല്‍ ബില്‍ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ലോക്പാല്‍ -ലോകായുക്ത ബില്‍ , ജുഡീഷ്യല്‍ അക്കൗണ്ടബ്ലിറ്റി ബില്‍ , അഴിമതി ചൂണ്ടിക്കാട്ടുന്നവരെ സംരക്ഷിക്കുന്നതിന് വ്യവസ്ഥകളോടെയുള്ള ബില്‍ എന്നിങ്ങനെ മൂന്നുബില്ലുകള്‍ ചൊവ്വാഴ്ച സഭ ഒന്നിച്ച് പരിഗണിക്കുകയായിരുന്നു. പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി നാരായണ്‍സ്വാമിയാണ് ലോക്പാല്‍ ബില്‍ പരിഗണനയ്ക്ക് വച്ചത്. ഏറെ പ്രത്യേകതകള്‍ ലോക്പാല്‍ ബില്ലിനുണ്ടെന്നും അഴിമതിക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വരെ അവകാശമുണ്ടെന്നും നാരായണ്‍സ്വാമി പറഞ്ഞു. ലോക്പാല്‍ ബില്‍ ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന വാദം പ്രധാനമന്ത്രി തള്ളി. ഫെഡറലിസം അഴിമതിയ്ക്കെതിരായ യുദ്ധത്തില്‍ ഒരിക്കലും തടസ്സമാവാന്‍ പാടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

deshabhimani 281211

1 comment:

  1. ദശകങ്ങളുടെ കാത്തിരിപ്പിനുശേഷം ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ പ്രകടമായത് ദേശീയതലത്തില്‍ അഴിമതിവിരുദ്ധസംവിധാനം വരുന്നതില്‍ ഇടതുപക്ഷം ഒഴികെയുള്ള പാര്‍ടികള്‍ക്കുള്ള താല്‍പ്പര്യമില്ലായ്മ. ഇടതുപക്ഷപാര്‍ടികളൊഴികെ പ്രതിപക്ഷപാര്‍ടികളെല്ലാം സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലിനെ നഖശിഖാന്തം എതിര്‍ത്തു. എന്നാല്‍ , സര്‍ക്കാര്‍ ബില്ലിലെ ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാട്ടിയ ഇടതുപക്ഷപാര്‍ടികള്‍ ശക്തമായ ലോക്പാല്‍ അനിവാര്യമാണെന്ന നിലപാടില്‍ ഉറച്ചുനിന്നു.

    ReplyDelete