Monday, December 26, 2011

"വല്ലിത്താപ്പിനു" വേണ്ടി നടന്ന നെന്മേനി സമരം


പാലക്കാട്: "വല്ലിത്താപ്പിനു"വേണ്ടി (ഇടങ്ങഴി മാറ്റുക) കൊല്ലങ്കോട് നെന്മേനിയില്‍ നടന്ന സമരം ചരിത്രത്തിലെ ഉജ്വല അധ്യായമാണ്. അടിമകളെപോലെ പണിയെടുത്തിരുന്ന മണ്ണിന്റെ മക്കളുടെ സമരപാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച മഹത്തായ പോരാട്ടത്തിന് വീര്യം നല്‍കാന്‍ പാവങ്ങളുടെ പടത്തലവനായ എകെജിയും നെന്മേനിയിലെത്തിയതോടെ സമരം ദേശീയശ്രദ്ധനേടി.

കര്‍ഷകത്തൊഴിലാളികള്‍ അടിമകളായി പണിയെടുത്തിരുന്ന 1952 ലാണ് നെന്മേനിയില്‍ സമരം പൊട്ടിപ്പുറപ്പെട്ടത്. കൂലികൂട്ടണമെന്ന് തൊഴിലാളികളുടെ ആവശ്യം ജന്മി തള്ളി. ഇടങ്ങഴിയിലാണ് കൂലി അളന്നു നല്‍കിയിരുന്നത്. കൊയ്ത്തിനു നല്‍കിയിരുന്ന പതമ്പും അളക്കുന്ന പറയിലും വ്യത്യാസം ഉണ്ടായിരുന്നു. കുലി നല്‍കുന്ന ഇടങ്ങഴിയും പറയും ചെറുതും ജന്മി അളന്നെടുക്കുന്ന പറയും ഇടങ്ങഴിയും വലുതുമായിരുന്നു. കിട്ടുന്ന കൂലി കൊണ്ട് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ. പുരുഷന് മൂന്ന് രൂപയും സ്ത്രീക്ക് രണ്ട് രൂപയുമായിരുന്നു ദിവസക്കൂലി. 12 മണിക്കൂറിലധികം പണിയെടുക്കണം. ഇരുപതിന് ഒന്നായിരുന്നു പതമ്പ്.(കൊയ്തു കിട്ടുന്ന നെല്ലില്‍ ഇരുപത് പറ നെല്ല് ജന്മിക്കും ഒരു പറ നെല്ല് കര്‍ഷകത്തൊഴിലാളിക്കും).

കാലങ്ങളായി അനുഭവിക്കുന്ന നീതിനിഷേധത്തിനെതിരെ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും കര്‍ഷകസംഘത്തിന്റെയും തണലില്‍ പ്രതികരിക്കാന്‍ കര്‍ഷകത്തൊഴിലാളികള്‍ തയ്യാറായതാണ് നെന്മേനി സമരത്തിന് അടിസ്ഥാനം. ഇടങ്ങഴി മാറ്റുക (വല്ലിത്താപ്പ് മാറ്റല്‍), പുരുഷന് അഞ്ചു രൂപയും സ്ത്രീക്ക് നാല് രൂപയും കൂലി നല്‍കുക, പത്തില്‍ ഒന്ന് പതമ്പ് നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകത്തൊഴിലാളികള്‍ നെന്മേനിയിലെ അപ്പുവെന്ന കര്‍ഷകന്റെ കളത്തില്‍ സമരം ആരംഭിച്ചു. സമരത്തെ പൊലീസിന്റെ സഹായത്തോടെ അടിച്ചമര്‍ത്താന്‍ ജന്മി ശ്രമിച്ചു. പൊലീസും ജന്മിയുടെ ഗുണ്ടകളും നെന്മേനിയില്‍ നരനായാട്ടു നടത്തി. നീലി, കുഞ്ചിയേടത്തി എന്നീ സ്ത്രീകള്‍ പൊലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായി. നിരവധി തൊഴിലാളികള്‍ ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞു.

സമരത്തിന്റെ തീവ്രതക്കിടയിലാണ് എകെജി സമരത്തിന് ഊര്‍ജം പകരാന്‍ എത്തിയത്. ഇതോടെ സമരത്തിന് കൂടുതല്‍ ആവേശമായി. പ്രശ്നം പാര്‍ലമെന്റിലും എകെജി ഉന്നയിച്ചു. തുടര്‍ന്ന് അന്നത്തെ കേന്ദ്രആഭ്യന്തര മന്ത്രി ഗോവിന്ദ്വല്ലഭ്പന്ത് ഇടപെട്ടു. അതിനുശേഷമാണ് പൊലീസ് മര്‍ദനം അവസാനിപ്പിച്ചത്. ഭൂമി തന്റേതല്ലെന്നും കോഴിക്കാട്ടുള്ള കല്യാണകൃഷ്ണയ്യരുടേതാണെന്നും പറഞ്ഞായിരുന്നു സമരം ഒത്തുതീര്‍ക്കാതെ ജന്മി ഒഴിഞ്ഞുമാറിയത്. അവസാനം ഭൂമിയുടെ യഥാര്‍ഥ ഉടമയായ കല്യാണകൃഷ്ണയ്യര്‍ സ്ഥലത്തെത്തി കമ്യൂണിസ്റ്റ്-കര്‍ഷകസംഘം നേതാക്കളുമായി ചര്‍ച്ച നടത്തി. താമസിയാതെ സമരം ഒത്തുതീര്‍ന്നു. കര്‍ഷകത്തൊഴിലാളികള്‍ക്ക് അവകാശം അനുവദിച്ചു കിട്ടുകയും ചെയ്തു.

നെന്മേനി സമരത്തിന്റെ ആവേശത്തില്‍ കൊല്ലങ്കോട് പയ്യലൂരിലും സമരം നടന്നു. കോഴിശേരി ബാലകൃഷ്ണമേനോന്‍ എന്ന പൊലീസുകാരന്റെ കളത്തില്‍ നടന്ന സമരം അടിമത്തത്തിനെതിരായിരുന്നു. പാടത്ത് പണിയെടുക്കാന്‍ വന്ന കര്‍ഷകത്തൊഴിലാളി സ്ത്രീ കുഞ്ഞിന് മുലകൊടുക്കാന്‍ പോയത് സഹിക്കാത്ത കോഴിശേരി ബാലകൃഷ്ണമേനോന്‍ സ്ത്രീയേയും ഭര്‍ത്താവ് കാളനേയും ക്രൂരമായി മര്‍ദിച്ച് തൊഴുത്തില്‍ കെട്ടി. കമ്യൂണിസ്റ്റ് പാര്‍ടി ഇതിനെതിരെ ശക്തമായ സമരമാണ് നടത്തിയത്. അവസാനം ജന്മി മുട്ടുമടക്കി. എലവഞ്ചേരി പനങ്ങാട്ടിരിയിലും കൂലി കൂടുതലിനും അടിമപ്പണിക്കുമെതിരെ സമരം നടന്നു. ഇവയും വിജയക്കൊടി നാട്ടി. ചരിത്രത്തില്‍ മറക്കാനാവാത്ത അനുഭവമാണ് കൊല്ലങ്കോട്ടെ സമരങ്ങള്‍ .

deshabhimani

1 comment:

  1. "വല്ലിത്താപ്പിനു"വേണ്ടി (ഇടങ്ങഴി മാറ്റുക) കൊല്ലങ്കോട് നെന്മേനിയില്‍ നടന്ന സമരം ചരിത്രത്തിലെ ഉജ്വല അധ്യായമാണ്. അടിമകളെപോലെ പണിയെടുത്തിരുന്ന മണ്ണിന്റെ മക്കളുടെ സമരപാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച മഹത്തായ പോരാട്ടത്തിന് വീര്യം നല്‍കാന്‍ പാവങ്ങളുടെ പടത്തലവനായ എകെജിയും നെന്മേനിയിലെത്തിയതോടെ സമരം ദേശീയശ്രദ്ധനേടി.

    ReplyDelete