Thursday, December 29, 2011

കെട്ടുകഥകള്‍ പൊളിഞ്ഞു

മഞ്ചേരി: വിഭാഗീയതയുടെ കഥകള്‍ മെനഞ്ഞ മാധ്യമങ്ങളുടെ പ്രചാരണങ്ങളെല്ലാം വ്യാജമാണെന്ന് സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനം തെളിയിച്ചതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ടിയുടെ സംഘടനാശേഷിയുടേയും കെട്ടുറപ്പിന്റേയും സാക്ഷ്യപത്രമായി മഞ്ചേരിയില്‍ നടന്ന സമ്മേളനം. പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും ഏകകണ്ഠമായാണ് തെരഞ്ഞെടുത്തതെന്ന് ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ പറഞ്ഞു. ജില്ലയില്‍ പാര്‍ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. സമ്പന്നവര്‍ഗ താല്‍പ്പര്യമാണ് മുസ്ലിംലീഗ് സംരക്ഷിക്കുന്നത്. പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് അര്‍ഹമായ പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു. സാധാരണക്കാരന്റെ ജീവല്‍പ്രശ്നങ്ങളുയര്‍ത്തി കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സിപിഐ എം നേതൃത്വംനല്‍കും. സമൂഹത്തിന്റെ എല്ലാതലങ്ങളിലുമുള്ളവരെ പാര്‍ടിയോട് കൂടുതല്‍ അടുപ്പിക്കുന്നതിനുള്ള ഇടപെടല്‍ ശക്തിപ്പെടുത്തുമെന്നും പി പി വാസുദേവന്‍ പറഞ്ഞു.

ജില്ലയിലെ ആരോഗ്യമേഖലയെ തകര്‍ക്കുന്ന നടപടിയാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന്് സംസ്ഥാന കമ്മിറ്റി അംഗം പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അനാരോഗ്യംമൂലമാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞതെന്ന് കെ ഉമ്മര്‍ മാസ്റ്റര്‍ പറഞ്ഞു. സമ്മേളനത്തിന് തൊട്ടുമുമ്പുതന്നെ ഒരാഴ്ചയോളം ആശുപത്രിയിലായിരുന്നു. പാര്‍ടിയുടെ കെട്ടുറപ്പും സംഘടനാശേഷിയും വിളംബരംചെയ്യുന്നതായിരുന്നു സമ്മേളനമെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ ടി കെ ഹംസയും ജനറല്‍ കണ്‍വീനര്‍ ഇ എന്‍ മോഹന്‍ദാസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 291211

2 comments:

  1. വിഭാഗീയതയുടെ കഥകള്‍ മെനഞ്ഞ മാധ്യമങ്ങളുടെ പ്രചാരണങ്ങളെല്ലാം വ്യാജമാണെന്ന് സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനം തെളിയിച്ചതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ടിയുടെ സംഘടനാശേഷിയുടേയും കെട്ടുറപ്പിന്റേയും സാക്ഷ്യപത്രമായി മഞ്ചേരിയില്‍ നടന്ന സമ്മേളനം

    ReplyDelete
  2. സിപിഐ എമ്മിന്റെ അജയ്യ മുന്നേറ്റത്തിന് കരുത്തു പകര്‍ന്ന് മൂന്നുദിവസങ്ങളിലായി മഞ്ചേരിയില്‍ നടന്ന ജില്ലാസമ്മേളനത്തിന് കൊടിയിറങ്ങി. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ സംഘടനാശേഷിയും ആശയദാര്‍ഢ്യവും തെളിയിച്ച കൂറ്റന്‍ റാലിയോടെയാണ് സമ്മേളനത്തിന് സമാപനമായത്. ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും ഏകകണ്ഠമായി തെരഞ്ഞെടുത്തതോടെ ഏതാനും ദിവസങ്ങളായി തെറ്റിദ്ധാരണ പരത്തിയ പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്ക് ജാള്യം. തിങ്കളാഴ്ചയാണ് മഞ്ചേരി എച്ച് കെ പിഷാരടി നഗറില്‍ പ്രതിനിധി സമ്മേളനം ആരംഭിച്ചത്. അവസാന ദിവസമായ ബുധനാഴ്ച ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിനുശേഷം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ , കേന്ദ്രകമ്മിറ്റി അംഗങ്ങളായ പാലോളി മുഹമ്മദ്കുട്ടി, ഇ പി ജയരാജന്‍ എംഎല്‍എ, പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ടി ശിവദാസമേനോന്‍ , വി വി ദക്ഷിണാമൂര്‍ത്തി, ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ , സ്ഥാനമൊഴിഞ്ഞ സെക്രട്ടറി കെ ഉമ്മര്‍ മാസ്റ്റര്‍ എന്നിവര്‍ പ്രതിനിധികളെ അഭിവാദ്യം ചെയ്തു. പാര്‍ടിയെ ജില്ലയില്‍ കൂടുതല്‍ കരുത്തുറ്റതാക്കാനും പുതിയ കടമകള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കാനുമുള്ള സാര്‍ഥകമായ ചര്‍ച്ചകളാണ് സമ്മേളനത്തില്‍ ഉയര്‍ന്നുവന്നത്. പോരായ്മകള്‍ പരിഹരിച്ച് പാര്‍ടിയെ കൂടുതല്‍ കരുത്തോടെ മുന്നോട്ടുനയിക്കുമെന്ന് നേതാക്കള്‍ മറുപടി പറഞ്ഞു. സമ്മേളനം തുടങ്ങുംമുമ്പേ ദൃശ്യമാധ്യമങ്ങള്‍ "അന്വേഷണാത്മക" റിപ്പോര്‍ട്ടുകള്‍ ലൈവായി നല്‍കിയിരുന്നു. സമ്മേളനം തുടങ്ങിയതോടെ രാഷ്ട്രീയ വിശാരദന്‍മാരുടെ വിശകലനവും അതിരുവിട്ടു. സെക്രട്ടറിയെ ചുറ്റിപ്പറ്റിയായിരുന്നു കൂടുതല്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചത്. ഓരോ ലേഖകനും അവരുടെ ഭാവനക്ക് അനുസരിച്ച് വാര്‍ത്തകള്‍ പടച്ചു. പ്രതിനിധികള്‍ ഗ്രൂപ്പ് ചര്‍ച്ച കഴിഞ്ഞ് ചായകുടിക്കാന്‍ പിരിഞ്ഞപ്പോള്‍ ഒരു ചാനലില്‍ വന്ന പ്രധാന വാര്‍ത്ത പ്രതിനിധികള്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചുവെന്നായിരുന്നു. ആ സമയം പൊതു ചര്‍ച്ച തുടങ്ങിയിട്ടുപോലുമുണ്ടായിരുന്നില്ല. ഈ കഥയുടെ പിന്‍പറ്റി പത്രങ്ങളും വ്യാജ വാര്‍ത്തകള്‍ മെനഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെയും ചര്‍ച്ചയുടെയും പ്രസക്ത വിവരങ്ങള്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചിട്ടും ശുദ്ധ അസംബന്ധങ്ങള്‍ "എക്സ്ക്ലൂസീവുകളായി". പുതിയ ജില്ലാ സെക്രട്ടറിയെയും കമ്മിറ്റിയെയും ഏകകണ്ഠമായി തെരഞ്ഞെടുത്തതോടെ അത്തരം വാര്‍ത്തകളെല്ലാം പൊളിഞ്ഞു.

    ReplyDelete