Friday, December 30, 2011

ഈ ദുരന്തം ആവര്‍ത്തിക്കരുത്

കേരളത്തിന്റെ മനസ്സിനെ ഞെട്ടിച്ച ദുരന്തമാണ് തൃശൂരിലെ അത്താണിയില്‍ ഉണ്ടായത്. കൂടുതല്‍ ഞെട്ടിക്കുന്ന കാര്യം വര്‍ഷംതോറുമോ വര്‍ഷത്തില്‍ പലതവണതന്നെയോ ദുരന്തം ആവര്‍ത്തിക്കുന്നത് തടയാനാവുന്നില്ല എന്ന കാര്യമാണ്. തൃശൂര്‍ ജില്ലയില്‍തന്നെ ഒരു വര്‍ഷത്തിനുള്ളില്‍ ചെറുതും വലുതുമായ എഴുപത്താറ് പടക്കനിര്‍മാണശാലകളില്‍ സ്ഫോടനമുണ്ടായതായി ഇതേക്കുറിച്ചുള്ള ഒരു പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ അപകടങ്ങളില്‍ 58 പേര്‍ മരിച്ചു; 136 പേര്‍ക്ക് പരിക്കേറ്റു. ഉല്‍ക്കണ്ഠപ്പെടുത്തുന്നതാണ് ഈ കണക്ക്. ഈ വര്‍ഷം ആദ്യമാണ് തൃശൂര്‍ -പാലക്കാട് അതിര്‍ത്തിയിലെ ത്രാങ്ങാലിയില്‍ പന്ത്രണ്ടുപേരുടെ ജീവന്‍ അപകടപ്പെടുത്തിയ സ്ഫോടനമുണ്ടായത്. അതേത്തുടര്‍ന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ സ്ഫോടനത്തിന് വഴിതെളിച്ച സാഹചര്യവും അപകടം ആവര്‍ത്തിക്കാതിരിക്കാനുള്ള മാര്‍ഗങ്ങളും പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ചു. അദ്ദേഹം സമഗ്രമായി പഠിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ പിന്നീട് എന്തുണ്ടായി എന്നത് വ്യക്തമല്ല. ഇടയ്ക്ക് ഭരണമാറ്റമുണ്ടായി. തുടര്‍ന്ന് ആ റിപ്പോര്‍ട്ടിനെക്കുറിച്ച് കേള്‍ക്കാനില്ലാതെയുമായി. ഇപ്പോള്‍ മറ്റൊരു ദുരന്തം വേണ്ടിവന്നിരിക്കുന്നു ജയകുമാര്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട് എന്ന തോന്നലുളവാക്കാന്‍ .

പടക്കനിര്‍മാണശാലകളുടെ സുരക്ഷാമേല്‍നോട്ടത്തിനായി കേരളപൊലീസിന് ഒരു പ്രത്യേക സെല്ലുണ്ട്. ഓരോ ജില്ലയിലെയും പടക്കനിര്‍മാണശാലകള്‍ , അവിടെയുള്ള സംഭരണശേഷി, സുരക്ഷാസംവിധാനങ്ങള്‍ , സ്ഫോടകവസ്തുക്കളുടെ വിവരണം തുടങ്ങിയവ ജില്ലാപൊലീസ് സൂപ്രണ്ടുമാര്‍ ഓരോ നാലുമാസത്തിലും ഈ സെല്ലിന് കൈമാറണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ , ഇപ്പോള്‍ അതൊന്നും നടക്കുന്നില്ല. സെല്ലിന്റെ പക്കല്‍ ഒരു വിവരവുമില്ല എന്നതാണ് സ്ഥിതി. നിയമങ്ങളോ മാര്‍ഗനിര്‍ദേശങ്ങളോ ലംഘിക്കുന്നുണ്ടോ എന്ന് അന്വേഷിക്കലില്ല; മിന്നല്‍ പരിശോധനകളില്ല. എല്ലാം കുത്തഴിഞ്ഞ നിലയിലായിരിക്കുന്നു. ഈ സെല്‍ കാര്യമായി പ്രവര്‍ത്തിക്കുകയും നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നെങ്കില്‍ അത്താണിദുരന്തം ഒഴിവാക്കാന്‍ കഴിയുമായിരുന്നു.

പൊട്ടാസ്യം ക്ലോറേറ്റ് കരിമരുന്നുനിര്‍മാണത്തില്‍ ഉപയോഗിച്ചുകൂടാ എന്ന് വ്യവസ്ഥയുണ്ട്. ഉരസല്‍കൊണ്ട് തീ പിടിക്കുന്ന വസ്തുവാണിത്. എന്നാല്‍ , പല പടക്കനിര്‍മാണശാലകളിലും ഇത് ഉപയോഗിക്കുന്നതായാണ് വിവരം. സള്‍ഫര്‍ , സള്‍ഫേറ്റ് എന്നിവ ക്ലോറേറ്റുകളുമായി, പ്രത്യേകിച്ച് പൊട്ടാസ്യം ക്ലോറേറ്റുമായി കലര്‍ത്തുന്നതിന് വിലക്കുണ്ട്. ജില്ലാകലക്ടറുടെ ലൈസന്‍സുള്ള നിര്‍മാതാക്കള്‍പോലും ഗുണ്ട്, ഓലപ്പടക്കം, അമിട്ട് തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കാന്‍ പാടില്ല എന്ന 2007ലെ ഹൈക്കോടതിവിധിയുണ്ട്. ഷെല്‍ നിര്‍മാണത്തിന് ലൈസന്‍സ് കൊടുക്കാനേ പാടില്ല എന്ന് ആനന്ദ പാര്‍ഥസാരഥി- സ്റ്റേറ്റ് ഓഫ് കേരള കേസില്‍ ഹൈക്കോടതി 2001ല്‍ വിധിച്ചിട്ടുണ്ട്. ഇങ്ങനെ നിയമങ്ങളും ചട്ടങ്ങളും വിധികളും ധാരാളമുണ്ടെങ്കിലും ഇതൊന്നും ഇച്ഛാശക്തിയോടെ നടപ്പാക്കപ്പെടുന്നില്ല എന്നത് വസ്തുതയാണ്.

125 ഡെസിബലിനുമേലെയുള്ള വെടിക്കെട്ടനുവദിച്ചുകൂടാ. കരിമരുന്ന് സംഭരണശാലയ്ക്ക് 200 മീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ അനുവദിച്ചുകൂടാ. ക്ഷേത്രം, ആശുപത്രി, സ്കൂള്‍ എന്നിവയ്ക്ക് 200 മീറ്റര്‍ അകലെയല്ലാതെ വെടിക്കെട്ടു പാടില്ല. വെടിക്കെട്ട് നടക്കുന്നതിന് 200 മീറ്റര്‍ അകലെയല്ലാതെ കാഴ്ചക്കാര്‍ നിന്നുകൂടാ. കരിമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് രാസപദാര്‍ഥങ്ങളെക്കുറിച്ച് കേവല ധാരണയുണ്ടാക്കിക്കൊടുക്കുന്ന ട്രെയിനിങ് നടത്തണമെന്നുണ്ട്. പടക്കനിര്‍മാണശാലയിലും വെടിക്കെട്ട് സ്ഥലത്തും ഒക്കെ കൈക്കൊള്ളേണ്ട സുരക്ഷാസംവിധാനങ്ങളുണ്ട്. ഇത്തരം നിബന്ധനകളൊക്കെ പാലിക്കപ്പെടുന്നുവെന്നുറപ്പാക്കേണ്ടത് പൊലീസിന്റെ പ്രത്യേക സെല്‍ ആണ്. എന്നാല്‍ , ഇക്കാര്യത്തിലൊന്നും ആ സെല്‍ കാര്യമായി എന്തെങ്കിലും ശ്രദ്ധചെലുത്തുന്നതായോ ഇടപെടുന്നതായോ അറിയുന്നില്ല. ഗുരുതരമായ വീഴ്ചയാണിത്.

ആവാസമേഖലയ്ക്ക് പുറത്തായിരിക്കണം കരിമരുന്നുനിര്‍മാണവും മിശ്രണവും. അഗ്നിശമനവാഹനങ്ങളും ആംബുലന്‍സും എത്താന്‍ കഴിയുന്ന ഇടമായിരിക്കണമത്. ചെറുകിട ഉല്‍പ്പാദകര്‍ കലക്ടറുടെയും വന്‍കിട ഉല്‍പ്പാദകര്‍ പെട്രോളിയം സേഫ്റ്റി ഓര്‍ഗനൈസേഷന്റെയും പക്കല്‍നിന്ന് ലൈസന്‍സ് വാങ്ങിയിരിക്കണമെന്നുണ്ട്. ഈ ലൈസന്‍സിങ് സംവിധാനം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ, അനുവദിക്കപ്പെട്ട അളവിലുള്ള ഉല്‍പ്പാദനമാണോ അവിടെ നടക്കുന്നത്, ലൈസന്‍സ് പുതുക്കാതെ ഉല്‍പ്പാദനം തുടരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ കൃത്യമായി മനസിലാക്കാന്‍ കഴിയുന്നവിധത്തില്‍ പൊലീസ് സെല്‍ ഉയര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണ്. കലക്ടര്‍ , പെട്രോളിയം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ എന്നിങ്ങനെ രണ്ട് ലൈസന്‍സിങ് അധികാരകേന്ദ്രങ്ങളുള്ളതുകൊണ്ട് ബുദ്ധിമുട്ടുണ്ടാവുന്നുണ്ടോ, ഉണ്ടെങ്കില്‍ അത് എങ്ങനെ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
അഗ്നിശമനസേനക്കാര്‍ക്ക് എത്തിച്ചേരാന്‍പോലും കഴിയാത്തിടങ്ങളില്‍ സ്ഫോടനമുണ്ടായ സന്ദര്‍ഭങ്ങളുണ്ട്. അത്താണിദുരന്തമുണ്ടായിടത്തും അവര്‍ക്ക് ആയാസരഹിതമായി എത്തിച്ചേരാന്‍ കഴിയുമായിരുന്നില്ല എന്ന് കേള്‍ക്കുന്നു. സര്‍ക്കാരിന്റെ ശ്രദ്ധ പതിയേണ്ട കാര്യങ്ങളാണിവ. സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചേ മതിയാവൂ. ജയകുമാര്‍ കമീഷന്‍ റിപ്പോര്‍ട്ട് അടിയന്തരമായി പരിശോധിച്ച് അതിനുമേല്‍ നടപടികളെടുക്കണം. പ്രത്യേക പൊലീസ് സെല്ലിനെ പുനരുജ്ജീവിപ്പിച്ച് കാര്യക്ഷമമാക്കണം. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെയും ഹൈക്കോടതിയുടെയും എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെയും പൊലീസ് ഡയറക്ടര്‍ ജനറലിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം. അതിനുതക്ക വിധത്തിലുള്ള ഇടപെടലുണ്ടാവണം. വര്‍ഷംതോറും കുറെ മനുഷ്യജീവന്‍ കരിമരുന്നില്‍ ഹോമിക്കപ്പെടുന്ന അവസ്ഥ ഇനി ഉണ്ടായിക്കൂടാ.

ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും സമയമാണിനി വരാന്‍പോകുന്നത്. അവയില്‍ വെടിക്കെട്ടുകൊണ്ട് മത്സരിക്കുന്ന രീതി ഭ്രാന്തമായ ആവേശമായി പടരാതിരിക്കാനുള്ള ശ്രദ്ധവയ്ക്കണം. ഉഗ്രസ്ഫോടനങ്ങള്‍ക്കല്ലാതെ, വര്‍ണപ്പൊലിമകള്‍ക്ക് ഊന്നല്‍നല്‍കുന്ന കരിമരുന്നുപ്രയോഗങ്ങളിലേക്ക് മാറാന്‍ കഴിയുമോ എന്ന് ചിന്തിക്കണം. താങ്ങാനാവാത്തതും അനുവദനീയമല്ലാത്തതുമായ തലങ്ങളിലേക്ക് പടക്കനിര്‍മാതാക്കളെ നിര്‍ബന്ധപൂര്‍വം കൊണ്ടുപോകാതിരിക്കാന്‍ ഉത്സവസംഘാടകര്‍കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുവെന്നുറപ്പാക്കാന്‍ ഉത്സവസംഘാടകര്‍തന്നെ ശ്രദ്ധവയ്ക്കുന്നത് നന്നായിരിക്കും. ആസ്വാദനത്തേക്കാള്‍ പ്രധാനമാണ് മനുഷ്യജീവന്റെ നിലനില്‍പ്പ് എന്ന തിരിച്ചറിവോടെയുള്ള സംയമനം ഒരു സംസ്കാരമാക്കി മാറ്റിയെടുക്കാന്‍ കഴിയുമെങ്കില്‍ അത് ഇത്തരം ദുരന്തങ്ങള്‍ വലിയ പരിധിവരെ ഒഴിവാക്കാന്‍ സഹായകമാവും. ദുരന്തം ഇനിയൊരിക്കല്‍പ്പോലും ആവര്‍ത്തിക്കാതിരിക്കട്ടെ.

deshabhimani editorial 301211

1 comment:

  1. കേരളത്തിന്റെ മനസ്സിനെ ഞെട്ടിച്ച ദുരന്തമാണ് തൃശൂരിലെ അത്താണിയില്‍ ഉണ്ടായത്. കൂടുതല്‍ ഞെട്ടിക്കുന്ന കാര്യം വര്‍ഷംതോറുമോ വര്‍ഷത്തില്‍ പലതവണതന്നെയോ ദുരന്തം ആവര്‍ത്തിക്കുന്നത് തടയാനാവുന്നില്ല എന്ന കാര്യമാണ്. തൃശൂര്‍ ജില്ലയില്‍തന്നെ ഒരു വര്‍ഷത്തിനുള്ളില്‍ ചെറുതും വലുതുമായ എഴുപത്താറ് പടക്കനിര്‍മാണശാലകളില്‍ സ്ഫോടനമുണ്ടായതായി ഇതേക്കുറിച്ചുള്ള ഒരു പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ അപകടങ്ങളില്‍ 58 പേര്‍ മരിച്ചു; 136 പേര്‍ക്ക് പരിക്കേറ്റു. ഉല്‍ക്കണ്ഠപ്പെടുത്തുന്നതാണ് ഈ കണക്ക്. ഈ വര്‍ഷം ആദ്യമാണ് തൃശൂര്‍ -പാലക്കാട് അതിര്‍ത്തിയിലെ ത്രാങ്ങാലിയില്‍ പന്ത്രണ്ടുപേരുടെ ജീവന്‍ അപകടപ്പെടുത്തിയ സ്ഫോടനമുണ്ടായത്. അതേത്തുടര്‍ന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ സ്ഫോടനത്തിന് വഴിതെളിച്ച സാഹചര്യവും അപകടം ആവര്‍ത്തിക്കാതിരിക്കാനുള്ള മാര്‍ഗങ്ങളും പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ചു. അദ്ദേഹം സമഗ്രമായി പഠിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ പിന്നീട് എന്തുണ്ടായി എന്നത് വ്യക്തമല്ല. ഇടയ്ക്ക് ഭരണമാറ്റമുണ്ടായി. തുടര്‍ന്ന് ആ റിപ്പോര്‍ട്ടിനെക്കുറിച്ച് കേള്‍ക്കാനില്ലാതെയുമായി. ഇപ്പോള്‍ മറ്റൊരു ദുരന്തം വേണ്ടിവന്നിരിക്കുന്നു ജയകുമാര്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട് എന്ന തോന്നലുളവാക്കാന്‍ .

    ReplyDelete