Friday, December 30, 2011

ഇന്ദിരാഭവന്‍ ഇനി നസ്റുള്‍ ഭവന്‍ ; പേരുമാറ്റത്തില്‍ പ്രതിഷേധം

പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഐ എം നേതാവുമായിരുന്ന ജ്യോതിബസു 20 വര്‍ഷം താമസിച്ച ഇന്ദിരാഭവന്റെ പേരുമാറ്റി ഖാസി നസ്റുള്‍ ഇസ്ലാം സ്മാരകമാക്കാന്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ തീരുമാനിച്ചു. വിപ്ലവകവിയായ ഖാസി നസ്റുള്‍ ഇസ്ലാമിന്റെ പേരിലുള്ള മ്യൂസിയമായും ഗവേഷണകേന്ദ്രമായും ഇന്ദിരാഭവനെ മാറ്റുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. ജ്യോതിബസു ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങളും മറ്റ് വസ്തുക്കളും കുടുംബാംഗങ്ങള്‍ക്കോ പാര്‍ടിക്കോ കൈമാറും.

ഇന്ദിരാഗാന്ധി കൊല്‍ക്കത്തയില്‍ വരുമ്പോള്‍ താമസിച്ചിരുന്ന കെട്ടിടമായതുകൊണ്ടാണ് ഇന്ദിരാഭവന്‍ എന്ന് പേരിട്ടത്. ഇന്ദിരയുടെ മരണശേഷം 1989 മുതല്‍ മുഖ്യമന്ത്രി ജ്യോതിബസുവാണ് ഇവിടെ താമസിച്ചിരുന്നത്. 2010 ഫെബ്രുവരിയില്‍ മരിക്കുന്നതുവരെ ഈ വീട്ടിലാണ് അദ്ദേഹം താമസിച്ചത്. ജ്യോതിബസുവിന്റെ മരണശേഷം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസായി മാറ്റാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. ഖാസി നസ്റുള്‍ ഇസ്ലാമിന് സ്മാരകമുണ്ടാകുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും ഇന്ദിരാഭവന്റെ പേരുമാറ്റുന്ന കാര്യം സിപിഐ എമ്മുമായി ആലോചിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു പറഞ്ഞു. ഇന്ദിരാഭവന്റെ പേരു മാറ്റിയത് ധിക്കാരമാണെന്ന് പിസിസി അധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യ പറഞ്ഞു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിവിഭാഗമായ ഛാത്ര പരിഷത്തുകാര്‍ റൈറ്റേഴ്സ് ബില്‍ഡിങ്ങിനു മുമ്പില്‍ കരിങ്കൊടി പ്രകടനം നടത്തി. ഇവരെ പൊലീസ് അറസ്റ്റുചെയ്തു.

deshabhimani 301211

2 comments:

  1. പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഐ എം നേതാവുമായിരുന്ന ജ്യോതിബസു 20 വര്‍ഷം താമസിച്ച ഇന്ദിരാഭവന്റെ പേരുമാറ്റി ഖാസി നസ്റുള്‍ ഇസ്ലാം സ്മാരകമാക്കാന്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ തീരുമാനിച്ചു. വിപ്ലവകവിയായ ഖാസി നസ്റുള്‍ ഇസ്ലാമിന്റെ പേരിലുള്ള മ്യൂസിയമായും ഗവേഷണകേന്ദ്രമായും ഇന്ദിരാഭവനെ മാറ്റുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. ജ്യോതിബസു ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങളും മറ്റ് വസ്തുക്കളും കുടുംബാംഗങ്ങള്‍ക്കോ പാര്‍ടിക്കോ കൈമാറും.

    ReplyDelete
  2. ഇന്ദിരാഭവന്റെ പേരുമാറ്റം പിന്‍വലിച്ചില്ലെങ്കില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ ആസ്ഥാനമായ റൈറ്റേഴ്സ് ബില്‍ഡിങ് ഉപരോധിക്കുമെന്ന് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. പേരുമാറ്റം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിനടുത്ത് ഇന്ദിരാഗാന്ധി പ്രതിമയ്ക്കുമുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ സംസാരിച്ച നേതാക്കളാണ് മുന്നറിയിപ്പ് നല്‍കിയത്. ഇന്ദിരാഗാന്ധിയുടെ സ്മരണ നിലനില്‍ക്കുന്ന ഇന്ദിരാഭവന്റെ പേരുമാറ്റാന്‍ അനുവദിക്കില്ലെന്ന് സത്യഗ്രഹം ഉദ്ഘാടനംചെയ്ത പിസിസി പ്രസിഡന്റ് പ്രദീപ് ഭട്ടാചാര്യ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ പേരുമാറ്റം പിന്‍വലിച്ചില്ലെങ്കില്‍ റൈറ്റേഴ്സ് ബില്‍ഡിങ് ഉപരോധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മൗസം നൂര്‍ പറഞ്ഞു.

    ReplyDelete