കയ്യൂര്‍ : തേജസ്വിനിയുടെ തീരത്തെ കയ്യൂര്‍ ഗ്രാമം കൊളുത്തിയ തീയാണ് തലമുറകളിലൂടെ പകര്‍ന്ന് ഇന്നും വിമോചനകാംക്ഷികളുടെ പോരാട്ടത്തെ ത്രസിപ്പിക്കുന്നത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറകൊള്ളിച്ച രക്തസാക്ഷികളുടെ മഹാഗാഥകള്‍ ഇന്നും ആ ഓളങ്ങള്‍ ഏറ്റുപാടുന്നു. സഖാക്കള്‍ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍ , പൊടോര കുഞ്ഞമ്പുനായര്‍ , പള്ളിക്കാല്‍ അബൂബക്കര്‍ - 1943 മാര്‍ച്ച് 29ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊലമരത്തിലേക്ക് നടന്നുകയറിയ ഇവരുടെ ഗ്രാമത്തിലേക്ക് ഇന്നും രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും സഞ്ചാരികളെത്തുന്നു. ചലച്ചിത്രങ്ങള്‍ക്കും നാടകങ്ങള്‍ക്കും ഈ നാട് വിഷയമാവുന്നു. കവിതകളും നോവലും പടപ്പാട്ടുകളും രചിക്കപ്പെടുന്നു.
ഉത്തര മലബാറിലെ കര്‍ഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ്പാര്‍ടിയുടെയും വളര്‍ച്ചയാണ് കയ്യൂരിനെയും ചുവപ്പിച്ചത്. അഭിനവ ഭാരത യുവക്സംഘം ഉഴുതുമറിച്ച മണ്ണ്. ദേശീയപ്രസ്ഥാനത്തിന്റെ ഇരമ്പം ഏറ്റുവാങ്ങിയ നാട്. മുക്കാലും നുരിയും വെച്ചുകാണലും വാരവും പാട്ടവും ശീലക്കാശും പോലുള്ള ചൂഷണത്തിനെതിരെ കര്‍ഷകസംഘം പ്രതിഷേധത്തിന്റെ പന്തം കൊളുത്തി. ജന്മിമാരുടെ ചൂഷണത്തിനെതിരെ 1941 മാര്‍ച്ച് 30ന് നീലേശ്വരം കോവിലകത്തേക്ക് വളണ്ടിയര്‍മാരുടെ അകമ്പടിയോടെ ഉശിരന്‍ ജാഥ നടത്താനും രാജാവിന് നിവേദനം നല്‍കാനും കര്‍ഷകസംഘം തീരുമാനിച്ചു. വിപുലമായ തയ്യാറെടുപ്പിനും പ്രചാരണത്തിനുമിടയിലാണ് നാടിന്റെ ചരിത്രഗതി തിരിച്ചുവിട്ട ആകസ്മിക സംഭവങ്ങള്‍ .
മാര്‍ച്ച് 25ന് പ്രകടനം കാണാനിടയായ റവന്യു ഇന്‍സ്പെക്ടര്‍ ബാലകൃഷ്ണന്‍നായര്‍ കയ്യൂരില്‍ നിയമവിരുദ്ധമായി കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ക്ക് റിപ്പോര്‍ട്ട് അയച്ചു. ഇതേതുടര്‍ന്ന് കയ്യൂരിലെ പാര്‍ടി സെക്രട്ടറി വി വി കുഞ്ഞമ്പു, കര്‍ഷകസംഘം പ്രവര്‍ത്തകരായ കെ പി വെള്ളുങ്ങ, അമ്പാടിക്കുഞ്ഞി, ടി വി കുഞ്ഞിരാമന്‍ , ചൂരിക്കാടന്‍ കൃഷ്ണന്‍നായര്‍ എന്നിവരെ പ്രതിചേര്‍ത്ത് ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം കേസെടുത്തു. 26ന് ബീറ്റിനു വന്ന പൊലീസുകാരനെ കൈയേറ്റം ചെയ്തെന്ന കള്ളപ്പരാതിയുമുണ്ടായി. 27ന് അര്‍ധരാത്രി നീലേശ്വരം എസ്ഐ നിക്കോളാസിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് കയ്യൂരില്‍ അഴിഞ്ഞാടി. മഠത്തില്‍ അപ്പുവിന്റെ ചായക്കടയില്‍ കിടന്നുറങ്ങുകയായിരുന്ന വളണ്ടിയര്‍മാരെ മര്‍ദിച്ചു. സമീപത്തെ വീടുകളിലും ഭീകരത. ടി വി കുഞ്ഞമ്പു, ടി വി കുഞ്ഞിരാമന്‍ എന്നിവരെ അറസ്റ്റുചെയ്തു.
പിറ്റേന്ന് ഗ്രാമം ഇളകിമറിഞ്ഞു. അറസ്റ്റിലും മര്‍ദനത്തിലും പ്രതിഷേധിച്ച് വൈകിട്ട് പ്രകടനവും യോഗവും നടത്താന്‍ കര്‍ഷകസംഘം ആഹ്വാനം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ അണിനിരന്ന പ്രതിഷേധജാഥ നടക്കുന്നതിനിടെ മര്‍ദകസംഘത്തിലുണ്ടായിരുന്ന സുബ്ബരായന്‍ എന്ന പൊലീസുകാരന്‍ മുന്നില്‍ വന്നുപെട്ടു. മദ്യപിച്ചിരുന്ന അയാള്‍ ജാഥാംഗങ്ങളെ അസഭ്യം പറഞ്ഞു. പ്രകോപിതരായ ജനക്കൂട്ടം അയാളെ കൊടി പിടിപ്പിച്ച് മുമ്പില്‍ നടത്തി. കുറച്ചുദൂരം നടന്ന സുബ്ബരായന്‍ കൊടി കെട്ടിയ വടികൊണ്ട് മഠത്തില്‍ കൊട്ടനെ തല്ലി രക്ഷപ്പെട്ടു. പിന്നാലെ ജനക്കൂട്ടവും. എതിര്‍ദിശയില്‍നിന്ന് മറ്റൊരു ജാഥ. നിവൃത്തിയില്ലാതെ പുഴയില്‍ ചാടിയ സുബ്ബരായന്റെ അന്ത്യവും അവിടെയായി. ഇതോടെ മുമ്പൊരിക്കലും കാണാത്ത പൊലീസ് ഭീകരത. സ്ത്രീകളെയും പ്രായമായവരെയുംവരെ കൊല്ലാക്കൊലചെയ്തു. കോണ്‍ഗ്രസുകാരും ജന്മിമാരും അതിന് എല്ലാ സഹായവും നല്‍കി. സ്ഥലത്തില്ലാത്തവരെപ്പോലും പ്രതികളാക്കി. ഇ കെ നായനാരും വി വി കുഞ്ഞമ്പുവുമുള്‍പ്പെടെ 61 പേര്‍ക്കെതിരെ കേസ്. പിടികിട്ടാത്തതിനാല്‍ നായനാരെ ഒഴിവാക്കി വിചാരണ. ഒടുവില്‍ നാലുപേര്‍ക്ക് വധശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത ചൂരിക്കാടന്‍ കൃഷ്ണന്‍നായരെ വിട്ടു. ബ്രിട്ടീഷ് പ്രിവി കൗണ്‍സില്‍ മുമ്പാകെവരെ കമ്യൂണിസ്റ്റ്പാര്‍ടി അപ്പീല്‍ പോയെങ്കിലും ഫലമുണ്ടായില്ല.
ആകസ്മികമായുണ്ടായ സംഭവം മറയാക്കി ബ്രിട്ടീഷ് സാമ്രാജ്യത്വവും ഫ്യൂഡല്‍ പ്രമാണിമാരും നടപ്പാക്കിയ ഗൂഢ പദ്ധതിയാണ് നാലു ധീര യോദ്ധാക്കളെ കൊലമരത്തിലെത്തിച്ചത്. തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കമ്യൂണിസ്റ്റ്പാര്‍ടി ജനറല്‍ സെക്രട്ടറി പി സി ജോഷി അവരെ സന്ദര്‍ശിച്ചത് വികാരനിര്‍ഭരമായ ഏടാണ്. ഇടറാത്ത കണ്ഠവുമായി വരവേറ്റ ധീരസഖാക്കളുടെ അന്ത്യവാചകങ്ങള്‍ ജോഷിയുടെ മനസ്സിലുണര്‍ത്തിയ വൈകാരികത അദ്ദേഹം എഴുതിയ പീപ്പിള്‍സ് വാറിന്റെ 1943 ഏപ്രില്‍ 11ന്റെ കുറിപ്പിലുണ്ട്. കയ്യൂര്‍ക്കേസിലെ പ്രതികളില്‍ ഇപ്പോഴുള്ളത് കുറുവാടന്‍ നാരായണന്‍നായര്‍ , കോരന്‍ മാസ്റ്റര്‍ , കുണ്ടില്‍വീട്ടില്‍ അമ്പു എന്നിവര്‍ മാത്രം. ഈ ഗ്രാമത്തില്‍ സംഘവീര്യം നിറച്ച അന്നത്തെ നേതാവ് കെ മാധവനും ജീവിച്ചിരിപ്പുണ്ട്
(സതീഷ് ഗോപി)
deshabhimani 271211
തേജസ്വിനിയുടെ തീരത്തെ കയ്യൂര്‍ ഗ്രാമം കൊളുത്തിയ തീയാണ് തലമുറകളിലൂടെ പകര്‍ന്ന് ഇന്നും വിമോചനകാംക്ഷികളുടെ പോരാട്ടത്തെ ത്രസിപ്പിക്കുന്നത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറകൊള്ളിച്ച രക്തസാക്ഷികളുടെ മഹാഗാഥകള്‍ ഇന്നും ആ ഓളങ്ങള്‍ ഏറ്റുപാടുന്നു. സഖാക്കള്‍ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍ , പൊടോര കുഞ്ഞമ്പുനായര്‍ , പള്ളിക്കാല്‍ അബൂബക്കര്‍ - 1943 മാര്‍ച്ച് 29ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊലമരത്തിലേക്ക് നടന്നുകയറിയ ഇവരുടെ ഗ്രാമത്തിലേക്ക് ഇന്നും രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും സഞ്ചാരികളെത്തുന്നു. ചലച്ചിത്രങ്ങള്‍ക്കും നാടകങ്ങള്‍ക്കും ഈ നാട് വിഷയമാവുന്നു. കവിതകളും നോവലും പടപ്പാട്ടുകളും രചിക്കപ്പെടുന്നു.
ReplyDelete