Tuesday, December 27, 2011

ബംഗാരപ്പ: അധികാര രാഷ്ട്രീയത്തിന്റെ പ്രയോക്താവ്


കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബംഗാരപ്പ അന്തരിച്ചു

ബംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തിലും ഭരണരംഗത്തും പതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എസ് ബംഗാരപ്പ അന്തരിച്ചു. 79 വയസ്സായിരുന്നു. വൃക്കരോഗവും പ്രമേഹവും മൂര്‍ച്ഛിച്ച് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്. സംസ്കാരം ചൊവ്വാഴ്ച കബത്തൂരില്‍ നടക്കും. ശിവമോഗ ജില്ലയിലെ കബത്തൂരില്‍ ജനിച്ച ബംഗാരപ്പ മരിക്കുമ്പോള്‍ ജെഡിഎസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്നു. കോണ്‍ഗ്രസ്, ബിജെപി, സമാജ്വാദി പാര്‍ടി എന്നീ കക്ഷികളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കര്‍ണാടക വികാസ് പാര്‍ടി, കര്‍ണാടക കോണ്‍ഗ്രസ് പാര്‍ടി എന്നീ പ്രാദേശികപാര്‍ടികളുടെ സ്ഥാപകനുമാണ്. അഞ്ചു മാസം മുമ്പാണ് ജെഡിഎസില്‍ ചേര്‍ന്നത്.

പിന്നോക്ക വിഭാഗത്തില്‍നിന്നുള്ള ശക്തനായ നേതാവായ ബംഗാരപ്പ 1967ല്‍ ആദ്യമായി നിയമസഭാംഗമായി. 1979-80ല്‍ കര്‍ണാടക പിസിസി പ്രസിഡന്റായിരുന്നു. 1972ല്‍ ദേവരാജ അരസ് മന്ത്രിസഭയില്‍ അംഗമായി. ആഭ്യന്തരം, പൊതുമരാമത്ത്, റവന്യൂ , കൃഷി വകുപ്പുകള്‍ കൈകാര്യം ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കര്‍ണാടക ക്രാന്തി രംഗയുടെ പിന്തുണയോടെയാണ് 1983ല്‍ രാമകൃഷ്ണ ഹെഗ്ഡെയുടെ ജനതാപാര്‍ടി സര്‍ക്കാര്‍ അധികാരമേറ്റത്. സംസ്ഥാനത്തെ പ്രഥമ കോണ്‍ഗ്രസിതര സര്‍ക്കാരായിരുന്നു ഇത്. വീണ്ടും കോണ്‍ഗ്രസിലെത്തിയ ബംഗാരപ്പ 1990-92ല്‍ മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് നീക്കിയശേഷം 1994ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിച്ച ബംഗാരപ്പയുടെ കക്ഷി പത്തു സീറ്റ് നേടി. 1996, 1999, 2003 വര്‍ഷങ്ങളില്‍ ലോക്സഭാംഗമായിരുന്നു. ശകുന്തളയാണ് ഭാര്യ. മുന്‍മന്ത്രിയും ചലച്ചിത്രതാരവുമായ കുമാര്‍ ബംഗാരപ്പ (വസന്തകുമാര്‍), ചലച്ചിത്രതാരം മധു ബംഗാരപ്പ (മധുചന്ദ്ര), സുജാത, ഗീത, അനിത എന്നിവരാണ് മക്കള്‍ . കന്നട സൂപ്പര്‍സ്റ്റാര്‍ ശിവ്രാജ്കുമാര്‍ മരുമകനാണ്. കര്‍ണാടകത്തില്‍ മൂന്നുദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. (പേജ് 7 കാണുക)

ബംഗാരപ്പ: അധികാര രാഷ്ട്രീയത്തിന്റെ പ്രയോക്താവ്

ബംഗളൂരു: അധികാര രാഷ്ട്രീയത്തോട് എന്നും പ്രതിപത്തി കാണിച്ച നേതാവായിരുന്നു സൊരെക്കൊപ്പ ബംഗാരപ്പ എന്ന എസ് ബംഗാരപ്പ. സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി പൊതുപ്രവര്‍ത്തനരംഗത്തെത്തിയ ബംഗാരപ്പ കന്നിമത്സരത്തില്‍തന്നെ നിയമസഭാംഗമായി. സ്ഥാനമാനങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ടപ്പോഴെല്ലാംസ്വന്തം പാര്‍ടി രൂപീകരിച്ച് സമ്മര്‍ദതന്ത്രം പയറ്റാന്‍ ബംഗാരപ്പ മുതിര്‍ന്നു. അധികാരത്തിനായി പാര്‍ടികളില്‍നിന്ന് പാര്‍ടികളിലേക്ക് അദ്ദേഹം കൂടുമാറിക്കൊണ്ടിരുന്നു.

കോണ്‍ഗ്രസ്, ബിജെപി, സമാജ്വാദി പാര്‍ടി എന്നീ രാഷ്ട്രീയകക്ഷികളുടെ നേതൃസ്ഥാനത്തിരുന്ന ബംഗാരപ്പ പിന്നീട് കര്‍ണാടക വികാസ്പാര്‍ടി, കര്‍ണാടക കോണ്‍ഗ്രസ് പാര്‍ടി എന്നിങ്ങനെ പ്രാദേശിക പാര്‍ടികള്‍ രൂപീകരിക്കുകയും ചെയ്തു. പിന്നീട് ഇതേപാര്‍ടികള്‍ അദ്ദേഹംതന്നെ പിരിച്ചുവിടുകയും ദേശീയ പാര്‍ടികളിലേക്ക് ചേക്കേറുകയും ചെയ്തു. കോണ്‍ഗ്രസ്, ബിജെപി പാര്‍ടികള്‍ അധികാരത്തിലേറിയ സമയങ്ങളില്‍ മന്ത്രിസഭയില്‍ പ്രമുഖ സ്ഥാനം ലഭിക്കുകയും ചെയ്തു. "സോളില്ലദ സറദാറ" (തോല്‍വി അറിയാത്ത നേതാവ്) എന്ന പേരിലായിരുന്നു ബംഗാരപ്പ അറിയപ്പെട്ടത്. തുടര്‍ച്ചയായി നാലുതവണ ശിവമോഗയില്‍നിന്ന് ലോക്സഭാംഗമായും "67 മുതല്‍ "94 വരെ തുടര്‍ച്ചയായി ഏഴുതവണ സൊറാബയില്‍നിന്ന് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടത് ഇതിന്റെ തെളിവാണ്.

വാക്ചാതുരിയാണ് ബംഗാരപ്പയെ 44 വര്‍ഷത്തെ രാഷ്ട്രീയജീവിതത്തില്‍ നേതാവാക്കി നിലനിര്‍ത്തിയത് കര്‍ണാടകത്തില്‍ ആദ്യ കോണ്‍ഗ്രസിതര സര്‍ക്കാരിനെ അധികാരമേറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ച ബംഗാരപ്പ തികഞ്ഞ മതനിരപേക്ഷവാദിയായിരുന്നു. ബംഗാരപ്പ സ്ഥാപിച്ച കര്‍ണാടക ക്രാന്തി രംഗയുടെ പിന്തുണയോടെയാണ് രാമകൃഷ്ണ ഹെഗ്ഡെയുടെ ജനതാപാര്‍ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ബംഗാരപ്പ 1990-92 കാലഘട്ടത്തില്‍ മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കിയശേഷം "94ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച ബംഗാരപ്പ 10 സീറ്റ് നേടി. .എന്നാല്‍ 2003ല്‍ ബിജെപി സ്ഥാനാര്‍ഥിയായി ലോക്സഭയിലെത്തി. നേതൃത്വത്തിന്റെ നിലപാടുകളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് എംപി സ്ഥാനവും പാര്‍ടി അംഗത്വവും രാജിവച്ചു.

2005ല്‍ സമാജ്വാദി പാര്‍ടിയില്‍ ചേര്‍ന്ന് ലോക്സഭാംഗമായി. 2009ല്‍ സമാജ്വാദി പാര്‍ടിയില്‍നിന്ന് രാജിവച്ചു. വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തന്നെ കോണ്‍ഗ്രസ് പരാജയപ്പെടുത്തിയെന്ന് ആരോപിച്ച് ഏറെക്കാലം സജീവരാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്നു. അഞ്ചുമാസംമുമ്പ് ജെഡിഎസില്‍ ചേര്‍ന്നു. ബംഗാരപ്പ തന്റെ നിലപാടുകള്‍ എന്നും ശരിയെന്ന പക്ഷക്കാരനായിരുന്നു. മകന്‍ കുമാര്‍ ബംഗാരപ്പയെ രാഷ്ട്രീയനേതാവാക്കാനായി കോണ്‍ഗ്രസില്‍ ചേര്‍ത്തു. പിന്നീട് ബംഗാരപ്പ പാര്‍ടി വിട്ടപ്പോള്‍ മകന്‍ കൂടെപ്പോയില്ല. താന്‍തന്നെയാണ് ശരിയെന്നും മകന്‍ അടക്കമുള്ളവര്‍ ഉപജാപകസംഘത്തിലാണെന്നും പ്രഖ്യാപിച്ചാണ് ജെഡിഎസില്‍ ചേര്‍ന്നത്.

deshabhimani 271211

1 comment:

  1. അധികാര രാഷ്ട്രീയത്തോട് എന്നും പ്രതിപത്തി കാണിച്ച നേതാവായിരുന്നു സൊരെക്കൊപ്പ ബംഗാരപ്പ എന്ന എസ് ബംഗാരപ്പ. സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി പൊതുപ്രവര്‍ത്തനരംഗത്തെത്തിയ ബംഗാരപ്പ കന്നിമത്സരത്തില്‍തന്നെ നിയമസഭാംഗമായി. സ്ഥാനമാനങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ടപ്പോഴെല്ലാംസ്വന്തം പാര്‍ടി രൂപീകരിച്ച് സമ്മര്‍ദതന്ത്രം പയറ്റാന്‍ ബംഗാരപ്പ മുതിര്‍ന്നു. അധികാരത്തിനായി പാര്‍ടികളില്‍നിന്ന് പാര്‍ടികളിലേക്ക് അദ്ദേഹം കൂടുമാറിക്കൊണ്ടിരുന്നു.

    ReplyDelete