Saturday, December 31, 2011

അഴിമതിയില്‍ മുങ്ങിത്താണ്

വേറിട്ട ഭരണമെന്ന മുദ്രാവാക്യവുമായി അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ ശതകോടികളുടെ അഴിമതിയില്‍പ്പെട്ട് തകരുന്നുവെന്നതാണ് കര്‍ണാടകത്തിലെ കഴിഞ്ഞ ഒരുവര്‍ഷം തെളിയിക്കുന്നത്. 16,085 കോടിയുടെ അനധികൃതഖനനവുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയിലെ "സര്‍വാധികാരി" ബി എസ് യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പടിയിറങ്ങേണ്ടിവന്നു. പിന്നാലെ കരുത്തരായ റെഡ്ഡി സഹോദരങ്ങള്‍ക്കും സമാനകേസില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. ബംഗളൂരു നഗരത്തിലെ ഭൂമി കുംഭകോണക്കേസുകളുമായി ബന്ധപ്പെട്ട് യെദ്യൂരപ്പ രണ്ടര മാസത്തോളം ജയിലിലുമായി.

സംസ്ഥാനത്തിന്റെ ജൈവസമ്പത്ത് കൊള്ളയടിച്ച പണം വാരിയെറിഞ്ഞും ഓപ്പറേഷന്‍ കമല വഴിയും എംഎല്‍എമാരെ കൂറുമാറ്റി ഒപ്പം നിര്‍ത്തിയ ബിജെപി ഇപ്പോഴും പ്രതിസന്ധിയിലാണ്. അഴിമതിക്കേസുകളില്‍പ്പെട്ട് ആറ് മന്ത്രിമാര്‍ കോടതികള്‍ കയറിയിറങ്ങുന്നു. അധികാരം നിലനിര്‍ത്തലും സമ്പത്ത് വര്‍ധിപ്പിക്കലിനും മാത്രമായി ഭരണം വിനിയോഗിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ സാമൂഹ്യ, അടിസ്ഥാന വികസനപ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞില്ല. റെയ്ച്ചൂരിലെ പട്ടിണിമരണവും കോലാര്‍ സ്വര്‍ണഖനി അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് മുപ്പതിനായിരത്തോളം കുടുംബങ്ങളുടെ പട്ടിണിയും കോലാറില്‍ തന്നെ അരങ്ങേറുന്ന പ്രാകൃതമായ തോട്ടിപ്പണിയും ഇതിന് ഉദാഹരണം. ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിഭൂമി വന്‍കിട കുത്തക കമ്പനികള്‍ക്കായി ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല.

യെദ്യൂരപ്പയ്ക്കു പുറമെ വന്‍കിട വ്യവസായമന്ത്രി മുരുകേഷ് നിരാനി, ആഭ്യന്തരമന്ത്രി ആര്‍ അശോക്, വനംമന്ത്രി സി പി യോഗേശ്വര്‍ , ഭവനമന്ത്രി വി സോമണ്ണ, മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി എസ് എ രാമദാസ്, മുന്‍മന്ത്രി കൃഷ്ണയ്യഷെട്ടി എന്നിവരാണ് അഴിമതിക്കേസുകളില്‍ നിയമനടപടി നേരിടുന്നത്. ഇവര്‍ക്കുപുറമെ അഞ്ച് ബിജെപി എംഎല്‍എമാരും ഭൂമി കുംഭകോണക്കേസുകളില്‍ പ്രതികളായി. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും അഴിമതി അനസ്യൂതം തുടരുമ്പോഴും ഇതിനെതിരെ നടപടിയെടുക്കേണ്ട ലോകായുക്തയില്‍ നിയമനം നടത്താതെ മരവിപ്പിച്ച് ഇല്ലാതാക്കാനുള്ള നീക്കമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നത്. ജൂലൈയില്‍ ലോകായുക്ത സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണ് യെദ്യൂരപ്പ രാജിവച്ചത്. ഒരാഴ്ചയിലേറെക്കാലം കേന്ദ്രനേതാക്കളെ മുള്‍മുനയില്‍ നിര്‍ത്തിയാണ് യെദ്യൂരപ്പ പടിയിറങ്ങിയത്. പിന്നാലെ വന്ന ഡി വി സദാനന്ദഗൗഡയ്ക്കാകട്ടെ യെദ്യൂരപ്പയുടെ പ്രതിപുരുഷനായി പ്രവര്‍ത്തിക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ.

ആന്ധ്രയിലെ ഒബല്ലാപുരം ഖനന അഴിമതിക്കേസില്‍ കരുത്തനായ ജനാര്‍ദനറെഡ്ഡി സിബിഐയുടെ പിടിയിലായി. 5,100 കോടിയുടെ അഴിമതിയില്‍ കുടുങ്ങി ജയിലിലാണ് റെഡ്ഡി. ആന്ധ്ര, കര്‍ണാടക അതിര്‍ത്തിയില്‍ വന്‍തോതില്‍ സര്‍ക്കാര്‍ഭൂമിയും കര്‍ഷകരുടെ ഭൂമിയും സ്വന്തമാക്കിയെന്ന പരാതിയില്‍ കേസ് നടക്കുന്നു. റെഡ്ഡി സഹോദരങ്ങളുടെ വിശ്വസ്തനായ ബി ശ്രീരാമലു ബിജെപിയില്‍നിന്ന് രാജിവച്ചതും തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ നാണംകെടുത്തിയതും പോയവര്‍ഷത്തെ കാഴ്ച. ജാമ്യത്തിലിറങ്ങിയശേഷം മുഖ്യമന്ത്രിപദം വീണ്ടെടുക്കാന്‍ യോഗവും പൂജയും നടത്തുന്ന യെദ്യൂരപ്പയുടെ വിമതനീക്കം കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ അടിത്തറയിളക്കുമെന്ന് ഉറപ്പ്.
(പി വി മനോജ്കുമാര്‍)

deshabhimani 311211

1 comment:

  1. വേറിട്ട ഭരണമെന്ന മുദ്രാവാക്യവുമായി അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ ശതകോടികളുടെ അഴിമതിയില്‍പ്പെട്ട് തകരുന്നുവെന്നതാണ് കര്‍ണാടകത്തിലെ കഴിഞ്ഞ ഒരുവര്‍ഷം തെളിയിക്കുന്നത്. 16,085 കോടിയുടെ അനധികൃതഖനനവുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയിലെ "സര്‍വാധികാരി" ബി എസ് യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പടിയിറങ്ങേണ്ടിവന്നു. പിന്നാലെ കരുത്തരായ റെഡ്ഡി സഹോദരങ്ങള്‍ക്കും സമാനകേസില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. ബംഗളൂരു നഗരത്തിലെ ഭൂമി കുംഭകോണക്കേസുകളുമായി ബന്ധപ്പെട്ട് യെദ്യൂരപ്പ രണ്ടര മാസത്തോളം ജയിലിലുമായി

    ReplyDelete