നീതിപൂര്‍വം പ്രശ്‌നത്തെ സമീപിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന സമിതിയുടെ പെരുമാറ്റം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഉല്‍ക്കണ്ഠാകുലരായ മലയാളികളെ ഞെട്ടിപ്പിക്കുന്നവിധമായിരുന്നുവെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സമിതിയോടൊപ്പമുണ്ടായിരുന്ന മുല്ലപ്പെരിയാര്‍ സ്‌പെഷ്യല്‍ സെല്‍ അധ്യക്ഷനും കേരളത്തിന്റെ ചീഫ് എന്‍ജിനീയറും നല്‍കിയ വിശദീകരണങ്ങള്‍ കേള്‍ക്കാന്‍ വിസമ്മതിക്കുക മാത്രമല്ല അവരെ അധിക്ഷേപിക്കാന്‍പോലും സമിതി മടികാട്ടിയില്ല. കേരളത്തിന്റെ നിലപാടുകള്‍ കേള്‍ക്കാന്‍ വിസമ്മതിച്ച സമിതി തമിഴ്‌നാടിന്റെ വാദഗതികള്‍ അപ്പാടെ അംഗീകരിക്കുകയാണുണ്ടായത്. പ്രകടമായ ഈ പക്ഷപാതിത്വം പരിശോധന പ്രഹസനമാക്കി മാറ്റുകയും അത് ബഹിഷ്‌കരിക്കാന്‍ കേരളത്തെ നിര്‍ബന്ധിതവുമാക്കി.
അണക്കെട്ടിന്റെ ബലക്ഷയം കണ്ടെത്തുന്ന ശാസ്ത്രീയ പരിശോധനകള്‍ വേണ്ടവിധം നിര്‍വഹിക്കപ്പെട്ടില്ലെന്ന കേരളത്തിന്റെ പരാതി ശ്രവിക്കാന്‍പോലുമുള്ള സന്നദ്ധത സമിതിക്ക് ഉണ്ടായില്ല. അതു സംബന്ധിച്ച രേഖകള്‍ പരിശോധിക്കാന്‍ വിസമ്മതിച്ച സമിതി തമിഴ്‌നാടിന്റെ വിശദീകരണം അപ്പാടെ അംഗീകരിക്കുകയും ചെയ്തു. സമീപകാലത്തുണ്ടായ ഭൂചലനങ്ങള്‍ അണക്കെട്ടിനെ കൂടുതല്‍ ദുര്‍ബലമാക്കിയെന്നതു സംബന്ധിച്ച പഠനറിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ വിസമ്മതിച്ച സമിതി ചീഫ് എന്‍ജിനീയറെ സംസാരിക്കാന്‍പോലും അനുവദിച്ചില്ലെന്നത് അങ്ങേയറ്റം അപലപനീയമാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്നും പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നുമുള്ള 2010 നവംബറിലെ സുപ്രിംകോടതി നിര്‍ദേശം മറികടന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധസമിതി നല്‍കിയ നിര്‍ദേശങ്ങള്‍ സമിതിയുടെ മാന്‍ഡേറ്റിന്റെ തന്നെ ലംഘനമാണ്. സുപ്രിംകോടതി ഉന്നതാധികാര വിദഗ്ധസമിതിയുടെ ഈ പെരുമാറ്റവും നിലപാടും യാദൃശ്ചികവും നിരുപദ്രവകരമെന്നും നോക്കിക്കാണാനാവില്ല. പ്രത്യേകിച്ചും കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിനെതിരെ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഈ സംഭവവികാസങ്ങള്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. കേന്ദ്രഭരണസംവിധാനത്തില്‍ രാഷ്ട്രീയ നിലനില്‍പ്പുതന്നെ കടുത്ത വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തില്‍ ദ്രാവിഡ പാര്‍ട്ടികളുടെ പിന്തുണക്കായി നടത്തുന്ന രാഷ്ട്രീയകളികള്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ നീതിപൂര്‍വം പ്രവര്‍ത്തിക്കേണ്ട, അങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങളെയും പരമോന്നത നീതിപീഠത്തെയും ബോധ്യപ്പെടുത്തേണ്ടവര്‍തന്നെ നഗ്നമായ പക്ഷപാതിത്വം പ്രകടിപ്പിക്കുന്നത് നീതിബോധവും നീതിപീഠത്തിന്റെ നിര്‍മമതയിലും വിശ്വാസം അര്‍പ്പിച്ചിരിക്കുന്ന ജനതയെ അമ്പരപ്പിക്കാന്‍ പോന്നതാണ്.
ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ അതിന്റെ നിലപാട് വ്യക്തമാക്കാന്‍ ഇനിയും മുന്നോട്ടുവന്നിട്ടില്ല. അഡ്വക്കേറ്റ് ജനറലിന്റെ അട്ടിമറിവഴി കേരളത്തിന്റെ നിലപാട് ദുര്‍ബലമാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് സമീപനമാണ് സ്വീകരിക്കുകയെന്നത് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പ്രധാനമന്ത്രിയും കേന്ദ്രഭരണകൂടവും കേരളത്തോട് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സ്വീകരിച്ചുപോന്ന നിലപാട് നിസംഗതയുടേതും അവഗണനയുടേതുമാണ്. ഇന്നലെ ഇക്കാര്യത്തില്‍ പ്രതിരോധമന്ത്രി എ കെ ആന്റണി കേരളത്തില്‍ വന്നുനടത്തിയ കുമ്പസാരം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കഴിവുകേടിന്റെയും നട്ടെല്ലില്ലായ്മയുടെയും പ്രതിഫലനമാണ്. തമിഴ്‌നാടിനു ജലവും കേരളത്തിനു സുരക്ഷയുമെന്ന തത്വാധിഷ്ടിത നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് നാല്‍പ്പത്തിയഞ്ചുലക്ഷത്തിലേറെ ജനങ്ങളുടെ ജീവനു ഉറപ്പുനല്‍കാന്‍ കഴിയാത്ത കേന്ദ്രമന്ത്രിസഭയിലെ പദവികള്‍ വലിച്ചെറിയാന്‍ തയ്യാറാവാതെ സ്വന്തം കഴിവില്ലായ്മയെക്കുറിച്ച് പരിതപിക്കുന്ന ആന്റണിയും കൂട്ടരും കേരളത്തിനു മലയാളികള്‍ക്കും നാണക്കേടാണ്. സംസ്ഥാനത്തിന്റെ ഉത്തമതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനും നിലപാടുകള്‍ തന്റേടത്തോടെ അവതരിപ്പിക്കാനും പരാജയപ്പെട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ തുടരാനുള്ള അതിന്റെ ധാര്‍മിക അവകാശംതന്നെ നഷ്ടപ്പെടുത്തിക്കഴിഞ്ഞു.
janayugom editorial 271211
സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര വിദഗ്ധസമിതിയുടെ മുല്ലപ്പെരിയാര്‍ സന്ദര്‍ശനവും അവിടെ നടത്തിയതായി പറയപ്പെടുന്ന പരിശോധനയും സമിതിയുടെ നിഷ്പക്ഷതയില്‍ സംശയം സൃഷ്ടിച്ചിരിക്കുന്നു. സമുന്നത നീതിപീഠം നിയോഗിച്ച സമിതിയുടെ കേരളത്തിന്റെ പ്രതിനിധികളോടുള്ള സമീപനവും പെരുമാറ്റവും കേരളത്തിന് ആ സമിതിയില്‍നിന്നും നീതി ലഭിച്ചേക്കില്ലെന്ന ആശങ്കയ്ക്ക് ഇടനല്‍കുന്നതായി. ഉന്നതാധികാര വിദഗ്ധസമിതിയെ നിയോഗിച്ച സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല അവയുടെ ലംഘനം തന്നെ നടന്നുവെന്നും ന്യായമായി സംശയിക്കാന്‍ ഇടനല്‍കുന്നതായി പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന പ്രസ്തുത സന്ദര്‍ശനം.
ReplyDelete