ജനാധിപത്യസംരക്ഷണത്തിനും പിന്തിരിപ്പന്‍ അവസരവാദ കൂട്ടുകെട്ടിനുമെതിരെ 1969 ഡിസംബര്‍ ഒന്നിന് സിപിഐ എം നേതൃത്വത്തില്‍ പാലക്കാട് കലക്ടറേറ്റ് ഉപരോധിക്കുന്നതിനിടയിലാണ് കാക്കിപ്പടയുടെ അധികാരഭ്രാന്തിന്റെ തോക്കിനുമുന്നില്‍ നാല് ധീരപോരാളികള്‍ പിടഞ്ഞുവീണത്. വെടിവയ്പില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ട്രേഡ് യൂണിയന്‍പ്രവര്‍ത്തകനും സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാവുമായ ടി എം അബൂബക്കറുടെ ഓര്‍മയില്‍ ആ വെടിയൊച്ച ഇന്നും മുഴങ്ങുന്നു. നിയമസഭ വിളിച്ച് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് 1969 ഡിസംബര്‍ ഒന്നിന് കലക്ടറേറ്റുകള്‍ ഉപരോധിക്കാന്‍ സിപിഐ എം ആഹ്വാനം ചെയ്തു. കലക്ടറേറ്റ് അന്ന് പ്രവര്‍ത്തിച്ചിരുന്നത് ടിപ്പുസുല്‍ത്താന്റെ കോട്ടയ്ക്കകത്തായിരുന്നു. രാവിലെത്തന്നെ പതിനായിരങ്ങള്‍ പങ്കെടുത്ത് സമരം ആരംഭിച്ചിരുന്നു. സമരം ഉദ്ഘാടനംചെയ്തത് അന്ന് പാര്‍ടി ജില്ലാ സെക്രട്ടറിയായിരുന്ന പി പി കൃഷ്ണനായിരുന്നു. സമരത്തെ തുടര്‍ന്ന് കോട്ടക്കുള്ളിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു. പൊലീസ് വൈകിട്ടുവരെ അറസ്റ്റ് ചെയ്തിട്ടും ജനങ്ങള്‍ ഒഴിഞ്ഞുപോയിരുന്നില്ല. ജനാധിപത്യരീതിയിലുള്ള സമരമായിരുന്നു അത്.
തുടക്കംമുതലേ പൊലീസ് പ്രകോപനം സൃഷ്ടിച്ച് കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. വൈകിട്ട് അഞ്ച് ആകാന്‍ ഒരുമിനിറ്റുള്ളപ്പോള്‍ ഒരാളെ കോട്ടയ്ക്കുള്ളിലേക്ക് കടത്തിവിടണമെന്ന് സമരക്കാരോട് പൊലീസ് ആവശ്യപ്പെട്ടു. സാധ്യമല്ലെന്ന് സമരക്കാര്‍ പറഞ്ഞതോടെ ഇവര്‍ക്കുനേരെ ക്ഷുഭിതരായ പൊലീസുകാര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് കണ്ണാടി പാണ്ടിയോട് രാജന്‍ , കൊടുമ്പ് ഓലശേരി മാണിക്യന്‍ , കൊടുവായൂരിലെ കണ്ണങ്കോട് സുകുമാരന്‍ , പല്ലശനയിലെ ചെല്ലന്‍ എന്നിവര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.
1967ല്‍ അധികാരത്തില്‍വന്ന കമ്യൂണിസ്റ്റ്നേതൃത്വത്തിലുള്ള മന്ത്രിസഭ കാര്‍ഷികഭൂപരിഷ്കരണനിയമം പാസാക്കി കേരളത്തിന്റെ സാമൂഹ്യഘടനയില്‍ മഹത്തായ മാറ്റത്തിന് വഴിയൊരുക്കി. ഈ സാമൂഹ്യമാറ്റം ഇല്ലാതാക്കാന്‍ അധികാരിവര്‍ഗം തുടക്കംമുതലേ ശ്രമിച്ചിരുന്നു. ജനപിന്തുണയോടെ ഈ ശ്രമങ്ങളെ ചെറുത്തതുകൊണ്ടാണ് സര്‍ക്കാരിന് പുരോഗമനനടപടികളുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞത്. സര്‍ക്കാരിന് നേതൃത്വം നല്‍കിയിരുന്ന ഐക്യമുന്നണിയിലെ ചില പാര്‍ടികളെ അടര്‍ത്തിയെടുത്ത് പ്രതിലോമശക്തികള്‍ സര്‍ക്കാരിനെ അട്ടിമറിച്ചു. അവര്‍ മന്ത്രിസഭ രൂപീകരിച്ചെങ്കിലും നിയമസഭയില്‍ ഭൂരിപക്ഷമുണ്ടായിരുന്നില്ല. അവിഹിതരാഷ്ട്രീയത്തിന്റെ കുറുക്കുവഴികളിലൂടെ അധികാരമേറ്റ കൂറുമുന്നണിസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലുടനീളം നടന്ന പ്രതിഷേധത്തിന്റെ ഭാഗമായുള്ള പാലക്കാട്ടെ സമരത്തിലെ നാല് ധീരരക്തസാക്ഷികളുടെ നാമധേയം ഇന്നും സമരവീഥികളില്‍ ആവേശം പകരുന്നു.
ഒരു പ്രകോപനവുമില്ലാതെയാണ് നിരായുധരായ പാവം ജനങ്ങളുടെ നേര്‍ക്ക് പൊലീസ് തുരുതുരാ വെടിവച്ചത്. നിരവധി സഖാക്കള്‍ക്ക് പരിക്കേറ്റു. പി പി കൃഷ്ണന്‍ തുടങ്ങി നിരവധി നേതാക്കള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അധികാരികള്‍ ആയുധശക്തികൊണ്ടും ആക്രമണംകൊണ്ടും കമ്യൂണിസ്റ്റ്പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ കഴിയുമെന്നാണ് ശത്രുക്കള്‍ സ്വപ്നം കണ്ടത്. എന്നാല്‍ , അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കും നീതിക്കുംവേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തി സിപിഐ എം മുന്നേറുകയാണ്.
deshabhimani
കാലം മായ്ക്കാത്ത വസന്തത്തിന്റെ ഇടിമുഴക്കമാണ് പാലക്കാട് രക്തസാക്ഷികളായ രാജന്‍ , ചെല്ലന്‍ , മാണിക്യന്‍ , സുകുമാരന്‍ . ജനാധിപത്യം സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടവേളയില്‍ വെടിയുണ്ട നെഞ്ചിലേറ്റിയ ഇവരുടെ ചോര പുരണ്ട സ്മരണകള്‍ രക്തസാക്ഷിക്ക് മരണമില്ലെന്ന് ആവര്‍ത്തിക്കുകയാണ്.
ReplyDelete