Wednesday, December 28, 2011

കൈമലര്‍ത്താന്‍ കേന്ദ്രം വേണോ?

ജനകീയപ്രശ്നങ്ങളില്‍ ഇടപെടാതെ കുമ്പസരിക്കാനും നിസ്സഹായാവസ്ഥ വിളിച്ചുപറയാനുമുള്ളതാണ് കേന്ദ്രസര്‍ക്കാര്‍ എന്ന സന്ദേശമാണ് മുല്ലപ്പെരിയാര്‍വിഷയം കൈകാര്യംചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ വിജയിച്ചിട്ടില്ലെന്ന പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ പ്രസ്താവന നല്‍കുന്നത്. ആന്റണി ഇന്ത്യയുടെ പ്രതിരോധമന്ത്രിയാണ്. അദ്ദേഹത്തില്‍നിന്ന് കേരളത്തിന് പ്രത്യേക സഹായമൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ "കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങള്‍ക്ക് മുല്ലപ്പെരിയാറിനെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായമുള്ളതുകൊണ്ടാണ്" കേന്ദ്രത്തിന് ഇടപെടാന്‍ കഴിയാത്തത് എന്നദ്ദേഹം പറയുന്നത് നിരുത്തരവാദിത്തമാണ്- ജനങ്ങളോടുള്ള അവഹേളനവുമാണ്. ഒരു ഉപദേശപ്രസംഗം നടത്താന്‍ കേന്ദ്രമന്ത്രിയോ കേന്ദ്രസര്‍ക്കാരോ വേണമെന്നില്ല.

മുല്ലപ്പെരിയാര്‍ കേവലം ഒരു അണക്കെട്ടിന്റെ സുരക്ഷാ പ്രശ്നമെന്നതില്‍നിന്ന് വളര്‍ന്ന് ക്രമസമാധാനം തകര്‍ക്കുന്ന തലത്തിലെത്തിയെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. കേരളത്തിലെ നാലു ജില്ലകളിലെ ജനങ്ങള്‍ ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച ഭീതിയിലാണെങ്കില്‍ , തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന എട്ടു ജില്ലകളിലെ ജനങ്ങള്‍ വലിയതോതില്‍ ഇപ്പോള്‍തന്നെ വിഷമമനുഭവിക്കുന്നു. നിര്‍ത്തിവച്ച ബസ് സര്‍വീസുകള്‍ പലതും ഇതിനകം പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ , അതിര്‍ത്തിയിലൂടെയുള്ള ജനങ്ങളുടെ നീക്കം പൂര്‍വസ്ഥിതിയിലായിട്ടില്ല. ദിനേന റോഡ്മാര്‍ഗം പോയി തമിഴ്നാട്ടിലെ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കുട്ടികള്‍ക്ക് ക്ലാസില്‍ തിരികെ കയറാന്‍ കഴിഞ്ഞിട്ടില്ല. മലയാളികളും തമിഴ്നാട്ടുകാരും ഒരുപോലെ പ്രശ്നം അനുഭവിക്കുന്നു. സംഘര്‍ഷം സൃഷ്ടിക്കാന്‍ നുണക്കഥകള്‍ പരത്തുന്നവരും വൈകാരികമായ പ്രചാരണം അഴിച്ചുവിടുന്നവരും ആ ജോലി തുടരുകയാണ്. ഇരുസംസ്ഥാനങ്ങള്‍ തമ്മിലുള്ള ഗുരുതരമായ സംഘര്‍ഷത്തിലേക്ക് ഇതിനെ വളര്‍ത്താതിരിക്കാന്‍ എ കെ ആന്റണി ഉള്‍ക്കൊള്ളുന്ന കേന്ദ്രസര്‍ക്കാരിന് ബാധ്യതയില്ല എന്നാണോ? ഇരുസംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് കാര്യങ്ങള്‍ സമാധാനപരമായി ചര്‍ച്ചചെയ്യുകയും രമ്യമായി പരിഹാരം കാണുകയുമാണ് വേണ്ടത് എന്ന് ആന്റണിതന്നെ പറയുന്നുണ്ട്. എന്തുകൊണ്ടാണ് അത്തരമൊരു ഗൗരവ ശ്രമത്തിന് കേന്ദ്രം ഇതുവരെ തയ്യാറാകാത്തത്? വൈകാരികമായല്ല, വസ്തുനിഷ്ഠമായാണ് പ്രശ്നത്തെ സമീപിക്കേണ്ടത് എന്ന ബോധ്യത്തോടെ ഇരുസംസ്ഥാനങ്ങളെയും പരിഹാരമാര്‍ഗത്തിലേക്ക് നയിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ , ഇങ്ങനെ കൈമലര്‍ത്തുന്നതിനുപിന്നിലെ ചേതോവികാരം എന്താവും?

കഴിഞ്ഞ ദിവസം സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതി വന്നപ്പോള്‍ ഉണ്ടായ അനുഭവം കേരളീയരുടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. സംസ്ഥാനത്തിന്റെ ഭാഗം കേള്‍ക്കാന്‍പോലും തയ്യാറാകാതെ ഏകപക്ഷീയവും ധിക്കാരപൂര്‍ണവുമായ പെരുമാറ്റമാണ് ആ സമിതിയില്‍നിന്നുണ്ടായത്. ഇങ്ങനെയൊരവസ്ഥയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് കേന്ദ്രസര്‍ക്കാരിന് മാത്രമാണെന്നിരിക്കെയാണ് ആന്റണിയുടെ ദയനീയ വെളിപ്പെടുത്തലുണ്ടായത്. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന ദേശീയ രാഷ്ട്രീയ പാര്‍ടികളൊന്നും പരിഹാരമാര്‍ഗം നിര്‍ദേശിക്കുന്നില്ല എന്ന കുറ്റപ്പെടുത്തലും ആന്റണിയുടേതായി വന്നു. നിലപാടില്ലാത്തത് ആന്റണിയുടെ പാര്‍ടിക്കുതന്നെയാണ്. മന്ത്രിസഭയില്‍ തന്നോടൊപ്പം ഇരിക്കുന്ന ആഭ്യന്തരമന്ത്രി പി ചിദംബരം സുപ്രീംകോടതിവിധി തമിഴ്നാടിന് അനുകൂലമാവുമെന്ന് പറഞ്ഞത് ആന്റണി അറിയാതിരിക്കാന്‍ ന്യായമില്ല. ആ പറച്ചിലില്‍നിന്ന് ചിദംബരം ഇതുവരെ പിന്മാറിയിട്ടില്ല. കേന്ദ്ര ഭരണാധികാരം ഉപയോഗിച്ച് അവിഹിതമായ ഇടപെടല്‍ നടക്കുന്നു എന്നതിന് ഒന്നാന്തരം തെളിവാണ്, സുപ്രീംകോടതി വിധി എന്തായിരിക്കുമെന്ന കേന്ദ്രമന്ത്രിയുടെ പ്രവചനം. അതിന്റെ തുടര്‍ച്ചതന്നെയാണ്, കേരളത്തിന്റെ ഉദ്യോഗസ്ഥര്‍ക്കുനേരെ ഉന്നതാധികാര സമിതിക്കാര്‍ നടത്തിയ ആക്രോശവും. സുപ്രീംകോടതി ത്വരിതവും നീതിപൂര്‍വകവുമായ തീര്‍പ്പിലേക്കെത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണ്. തമിഴ്നാട്ടിന് ഇന്നു ലഭിക്കുന്ന വെള്ളത്തില്‍നിന്ന് ഒരുതുള്ളി കുറയാതെ കൊടുക്കുമെന്നത് കേരളത്തിന്റെ പ്രഖ്യാപിത നിലപാടാണ്. നിലവിലെ പ്രശ്നം ഡാമിന്റെ ബലക്ഷയമാണ്. നൂറ്റാണ്ടുപിന്നിട്ട അണക്കെട്ട് അറ്റകുറ്റപ്പണി നടത്തി കല്‍പ്പാന്തകാലത്തോളം തുടരാനാവില്ല എന്നത് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. സ്വാഭാവികമായും പുതിയ അണക്കെട്ട് നിര്‍മിക്കുക എന്നതുമാത്രമാണ് പ്രശ്നപരിഹാരം. അതിലേക്ക് ഇരുസംസ്ഥാനങ്ങളെയും നയിക്കുന്നതിന് എറ്റവും വലിയ ഉത്തരവാദിത്തം ആന്റണി അടങ്ങുന്ന മന്ത്രിസഭയ്ക്കും അതിനെ നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ടിക്കുമാണ്. അതില്‍നിന്ന് ഒളിച്ചോടാന്‍ , എല്ലാ ദേശീയ കക്ഷികളും ഒരുപോലെയാണ് എന്ന് പറഞ്ഞൊഴിഞ്ഞിട്ട് കാര്യമില്ല. ആന്റണിയുടെ പാര്‍ടിയുടെ നിലപാടെന്താണ്?

കേരളവും കേന്ദ്രവും ഭരിക്കുന്നത് ആ പാര്‍ടിയാണല്ലോ. കോണ്‍ഗ്രസ് എന്തുകൊണ്ട് പ്രശ്നപരിഹാരത്തിന് മുന്‍കൈയെടുക്കുന്നില്ല? ഇരുസംസ്ഥാനങ്ങളിലും മാധ്യമങ്ങളിലൂടെയും അല്ലാതെയും വൈകാരിക പ്രചാരണം നടക്കുന്നുണ്ട്. അപക്വമായ പെരുമാറ്റങ്ങളുണ്ടാകുന്നുണ്ട്. ഇന്നുള്ള സംഘര്‍ഷാവസ്ഥയ്ക്ക് അതൊരു കാരണമാണ്. പ്രധാനമന്ത്രിയെ കണ്ട എം കരുണാനിധി പറഞ്ഞത്, തമിഴര്‍ ആക്രമിക്കപ്പെടുന്നുവെന്നാണ്. ജയലളിതയാകട്ടെ, ഡാമിന്റെ സുരക്ഷയ്ക്കായി സിഐഎസ്എഫിനെ വിന്യസിക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുന്നു. ഡാമിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അര്‍ധസൈന്യം കാവല്‍നിന്നതുകൊണ്ട് കാര്യമുണ്ടോ? പ്രശ്നം മൂര്‍ച്ഛിപ്പിക്കാന്‍ പലകേന്ദ്രങ്ങളും വ്യാജ പ്രചാരണത്തിലേര്‍പ്പെടുന്നതിന് തെളിവാണ്, കുമളിയില്‍ തമിഴ്സ്ത്രീകള്‍ മാനഭംഗംചെയ്യപ്പെട്ടു എന്ന കഥയും മറ്റും. ഇത്തരം പ്രചാരണങ്ങളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്താനും വിവേകപൂര്‍ണമായി പ്രശ്നം പരിഹരിക്കാനും മുന്നില്‍ നില്‍ക്കേണ്ട ആന്റണിതന്നെ അപഹാസ്യമാംവിധം ഒഴിഞ്ഞുമാറുമ്പോള്‍ മുല്ലപ്പെരിയാര്‍ എന്തായിത്തീരുമെന്നാണ് ജനങ്ങള്‍ കരുതേണ്ടത്? ആന്റണിയും മന്‍മോഹന്‍സിങ്ങും ഉമ്മന്‍ചാണ്ടിയുമെല്ലാം മറുപടി പറയേണ്ട ചോദ്യമാണിത്. കള്ളക്കളി അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറാവുക എന്നതാണ് പ്രശ്നപരിഹാരത്തിനുള്ള പ്രഥമ ഉപാധി.

deshabhimani editorial 281211

1 comment:

  1. ജനകീയപ്രശ്നങ്ങളില്‍ ഇടപെടാതെ കുമ്പസരിക്കാനും നിസ്സഹായാവസ്ഥ വിളിച്ചുപറയാനുമുള്ളതാണ് കേന്ദ്രസര്‍ക്കാര്‍ എന്ന സന്ദേശമാണ് മുല്ലപ്പെരിയാര്‍വിഷയം കൈകാര്യംചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ വിജയിച്ചിട്ടില്ലെന്ന പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ പ്രസ്താവന നല്‍കുന്നത്. ആന്റണി ഇന്ത്യയുടെ പ്രതിരോധമന്ത്രിയാണ്. അദ്ദേഹത്തില്‍നിന്ന് കേരളത്തിന് പ്രത്യേക സഹായമൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ "കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങള്‍ക്ക് മുല്ലപ്പെരിയാറിനെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായമുള്ളതുകൊണ്ടാണ്" കേന്ദ്രത്തിന് ഇടപെടാന്‍ കഴിയാത്തത് എന്നദ്ദേഹം പറയുന്നത് നിരുത്തരവാദിത്തമാണ്- ജനങ്ങളോടുള്ള അവഹേളനവുമാണ്. ഒരു ഉപദേശപ്രസംഗം നടത്താന്‍ കേന്ദ്രമന്ത്രിയോ കേന്ദ്രസര്‍ക്കാരോ വേണമെന്നില്ല.

    ReplyDelete