Tuesday, December 27, 2011

മാര്‍ക്സിസം പഠിക്കാന്‍ ഇപ്പോള്‍ മാര്‍പ്പാപ്പവരെ: ദക്ഷിണാമൂര്‍ത്തി

മഞ്ചേരി: സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാര്‍ക്സിസത്തിനുമാത്രമേ സാധിക്കുവെന്ന് മുതലാളിത്ത രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭങ്ങള്‍ തെളിയിച്ചിരിക്കയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മഞ്ചേരി സ. ബാപ്പു നഗറില്‍ (പഴയ ബസ്സ്റ്റാന്‍ഡ്) സംഘടിപ്പിച്ച "മാര്‍ക്സിസത്തിന്റെ സമകാലിക പ്രസക്തി" എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മുതലാളിത്ത വ്യവസ്ഥിതിയില്‍ ചാക്രികമായി ഉണ്ടാകുന്ന സാധാരണ പ്രതിസന്ധി മാത്രമാണിപ്പോഴത്തേതെന്ന ധാരണ തെറ്റാണ്. ലാഭം വെട്ടിപ്പിടിക്കാനുള്ള മുതലാളിത്തത്തിന്റെ കഴുത്തറുപ്പന്‍ വ്യഗ്രത മൂലമുണ്ടായ പൊതുസാമ്പത്തികക്കുഴപ്പമാണിത്. ഇതുണ്ടാകുമെന്ന് മാര്‍ക്സ് പറഞ്ഞിരുന്നു. മുതലാളിത്ത രാജ്യങ്ങളില്‍ സാധാരണക്കാര്‍ തെരുവിലിറങ്ങുന്നത്, അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുതലാളിത്തത്തിനാവില്ല എന്നതിന് തെളിവാണ്. മാര്‍പാപ്പപോലും മാര്‍ക്സിസം പഠിക്കാന്‍ ആഹ്വാനം ചെയ്യുകയും സാമ്പത്തിക വിദഗ്ധര്‍ "മൂലധന"ത്തിന്റെ കോപ്പികള്‍ തപ്പിയെടുത്ത് പഠിക്കുകയും ചെയ്യുന്നത്, മാര്‍ക്സിസത്തിന്റെ സമകാലിക പ്രസക്തി വെളിവാക്കുന്നു. ടിയാനന്‍മെന്‍ സ്ക്വയര്‍ സംഭവവുംസോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും മാര്‍ക്സിസത്തിന്റെ അന്ത്യമായി വ്യാഖ്യാനിച്ചവര്‍ക്ക് ഉത്തരംമുട്ടിയിരിക്കയാണ്. സങ്കീര്‍ണമായ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയപാത തെളിക്കുന്നതാകും 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രരേഖയെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ നേതാക്കളുടെ സൗന്ദര്യവും പൂര്‍വകാല പ്രണയബന്ധങ്ങളും മാത്രം ചര്‍ച്ചചെയ്തിരുന്ന അമേരിക്കയിലെ ജനങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത് പുതിയൊരു സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥിതിയെക്കുറിച്ചാണെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. "മാര്‍ക്സ്" എന്ന വാക്കില്‍ സെര്‍ച്ച് ചെയ്താല്‍ ഏതോ പഴയകാല ഹാസ്യനടന്റെ വിവരങ്ങള്‍ നിരത്തിയിരുന്ന ഗൂഗിള്‍പോലും ഇന്ന് കാള്‍മാര്‍ക്സിനെ കാട്ടിത്തരുന്നു. ലോകത്തില്‍ എവിടെ സാധാരണക്കാരനുണ്ടോ, അവന്റെ പ്രശ്നമുണ്ടോ അവിടെയെല്ലാം മാര്‍ക്സ് മടങ്ങിയെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രവും ടെക്നോളജിയും വാനോളം വളര്‍ന്നിട്ടും ലോകത്തിന്റെ പട്ടിണിയും ദാരിദ്ര്യവും മാറ്റാനാവാത്തത് മാര്‍ക്സിസമാണ് ഏക പരിഹാരമെന്നതിന് തെളിവാണെന്ന് കെ ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. അമേരിക്കയിലെ കൊടികെട്ടിയ സാമ്പത്തിക വിദഗ്ധര്‍ പോലും മുതലാളിത്തത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് മാര്‍ക്സിസത്തെ സ്വീകരിച്ചിരിക്കുകയാണ്.

ബഷീര്‍ ചുങ്കത്തറ എഡിറ്റ് ചെയ്ത "മലബാര്‍ കലാപം: ഇ എം എസിന്റെ ആഹ്വാനവും താക്കീതും" എന്ന പുസ്തകം വി വി ദക്ഷിണാമൂര്‍ത്തി കെ ടി കുഞ്ഞിക്കണ്ണന് നല്‍കി പ്രകാശനം ചെയ്തു. ഹംസ ആലുങ്ങലിന്റെ "ലൈംഗിക ചന്തയില്‍ ആണ്‍കുട്ടികള്‍ വില്‍പ്പനക്ക്" എന്ന പുസ്തകം പി കെ സൈനബക്ക് നല്‍കി വി വി ദക്ഷിണാമൂര്‍ത്തി പ്രകാശനം ചെയ്തു. ബാലസംഘത്തിന്റെ സര്‍ഗോത്സവ പതിപ്പ് "കലിക" പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ ബാലസംഘം ജില്ലാ സെക്രട്ടറി എന്‍ എം ഷെഫീക്കിന് നല്‍കി പ്രകാശനം ചെയ്തു. ദേശാഭിമാനി വാരികയുടെ വാര്‍ഷിക വരിക്കാരുടെ പട്ടിക എന്‍ജിഒ യൂണിയന്റെയും പോസ്റ്റല്‍ - ടെലി കമ്യൂണിക്കേഷന്‍ ജീവനക്കാരുടെയും പ്രതിനിധികള്‍ ദക്ഷിണാമൂര്‍ത്തിക്ക് കൈമാറി. എന്‍ജിഒ യൂണിയനുവേണ്ടി മഞ്ചേരി ബ്രാഞ്ച് സെക്രട്ടറി ടി ഗോപിനാഥനും പോസ്റ്റല്‍ ടെലികമ്യൂണിക്കേഷന്‍ ജീവനക്കാര്‍ക്കുവേണ്ടി എന്‍എഫ്പിഇ സംസ്ഥാന അസി. സെക്രട്ടറി പി കെ മുരളീധരനും പട്ടിക കൈമാറി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. ഐ ടി നജീബ് സ്വാഗതവും സി വിജയലക്ഷ്മി നന്ദിയും പറഞ്ഞു. തുടര്‍ന്ന് തൃക്കുളം കൃഷ്ണന്‍കുട്ടിയും സംഘവും അവതരിപ്പിച്ച "അസുരവാഴ്ച" രാഷ്ട്രീയ കഥാപ്രസംഗവും അരങ്ങേറി. ചൊവ്വാഴ്ച "മതരാഷ്ട്രീയവും മതേതര രാഷ്ട്രീയവും" എന്ന വിഷയത്തില്‍ സെമിനാര്‍ സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍ ഉദ്ഘാടനംചെയ്യും. പ്രൊഫ. എം എം നാരായണന്‍ അധ്യക്ഷനാകും. അഡ്വ. സി ശ്രീധരന്‍ നായര്‍ , ഡോ. കെ ടി ജലീല്‍ എംഎല്‍എ, പ്രൊഫ. ഹമീദ് ചേന്നമംഗലൂര്‍ , പ്രൊഫ. വിന്‍സന്റ്, പ്രൊഫ. എ എന്‍ ശിവരാമന്‍ നായര്‍ എന്നിവര്‍ സംസാരിക്കും.

deshabhimani 271211

1 comment:

  1. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാര്‍ക്സിസത്തിനുമാത്രമേ സാധിക്കുവെന്ന് മുതലാളിത്ത രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭങ്ങള്‍ തെളിയിച്ചിരിക്കയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മഞ്ചേരി സ. ബാപ്പു നഗറില്‍ (പഴയ ബസ്സ്റ്റാന്‍ഡ്) സംഘടിപ്പിച്ച "മാര്‍ക്സിസത്തിന്റെ സമകാലിക പ്രസക്തി" എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete