Monday, December 26, 2011

മുല്ലപ്പെരിയാര്‍ കേരളം ഇരുട്ടില്‍ തപ്പുന്നു

മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ കേരളത്തിന് പ്രതികൂലമായ നിലപാട് സ്വീകരിച്ച ഉന്നതാധികാര സമിതി നടപടിക്കെതിരെ സംസ്ഥാനത്ത് രോക്ഷം ഉയരുന്നു. അതേസമയം ഇക്കാര്യത്തില്‍ ഇനി എന്ത് ചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്ന് ജലവിഭവ മന്ത്രിപി ജെ ജോസഫ് പറഞ്ഞു. സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിയായതിനാല്‍ ഈ പ്രശ്‌നത്തില്‍ ഇപ്പോള്‍ ഒരു പ്രതികരണവും സംസ്ഥാനം നടത്തുന്നില്ല. സമിതി നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ടതായിരുന്നു; എന്നാല്‍ കേരളത്തിന്റെ പ്രതിനിധികളില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് അത് ഉണ്ടായിട്ടില്ലെന്നാണ് മനസിലാകുന്നത്.

ഇരു സംസ്ഥാനങ്ങളുടെയും വാദമുഖങ്ങള്‍ പരിശോധിക്കേണ്ട സമിതി ഏകപക്ഷീയമായി പെരുമാറുന്നത് ശരിയല്ല. ഡാം സന്ദര്‍ശിച്ച ശേഷമുള്ള സമിതിയുടെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി നല്‍കിയതിന് ശേഷം പ്രശ്‌നത്തില്‍ കേരളം എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കും. പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയും എ കെ ആന്റണിയും ഉള്‍പ്പെടെയുള്ളവര്‍ ഇടപെടുന്നുണ്ട്. ഇതില്‍ പ്രതീക്ഷയുണ്ടെന്നും പി ജെ ജോസഫ് പ്രതികരിച്ചു.

ഫെബ്രുവരിയില്‍ ഉന്നതാധികാര സമിതി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കോടതിയില്‍ അന്തിമ തീരുമാനം വരുക. വര്‍ഷങ്ങളുടെ പഴക്കമുള്ള ഡാമിന്റെ ഇപ്പോഴത്തെ സ്ഥിതി പരിതാപകരമാണെന്നു തെളിയിക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടില്ല. എന്നാല്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഇടുക്കി ജില്ലയിലും മുല്ലപ്പെരിയാര്‍ ഡാമിന്റെ പരിസരങ്ങളിലുമുണ്ടായ  ഭൂചലനങ്ങളുടെ പശ്ചാത്തലത്തിലാണ് കേരളം പുതിയ ഡാം നിര്‍മ്മിക്കണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ചത്. ഡാമിനെ ശക്തിപ്പെടുത്തിയതു വഴി ഇപ്പോള്‍ ആശങ്കപ്പെടാനുള്ള സാധ്യ കുറവാണെന്ന മൃദു സമീപനമാണ് ഉന്നതാധികാര സമിയിലെ അംഗങ്ങള്‍ക്കുള്ളത്. ഇത് തമിഴ്‌നാടിനു ഗുണം ചെയ്യുമെന്നാണ് കേരളത്തിന്റെ വിശ്വാസം. രണ്ടംഗക്കമ്മിഷന്‍  പ്രശ്‌നങ്ങള്‍ നേരിട്ടു കണ്ടു വിലയിരുത്തുമെന്ന പ്രതീക്ഷയിലായിരുന്നു കേരളം. ഇതും അസ്തമിച്ചതോടെ പ്രധാനമന്ത്രിയുടെ ഇടപെടലില്‍ കണ്ണുംനട്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരിപ്പോള്‍.

ഉന്നതാധികാര സമിതിയുടെ സന്ദര്‍ശനം പ്രഹസനമാകുമെന്ന് നേരത്തെ തന്നെ കേരളം ആശങ്ക ഉന്നയിച്ചിരുന്നതാണ്. ഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു സമിതിയുടെ സന്ദര്‍ശനവും. ശനിയാഴ്ച രാവിലെയോടെ മുല്ലപ്പെരിയാറില്‍ എത്തിയ സമിതി തികച്ചും ഏകപക്ഷീയമായാണ് പെരുമാറിയത്. കേരളത്തിന്റെ വാദമുഖങ്ങള്‍ കേള്‍ക്കാന്‍പോലും സമിതി അംഗങ്ങള്‍ തയ്യാറായില്ല. കേരളത്തിന്റെ നിലവിലുള്ള ആശങ്കയ്ക്ക് അടിസ്ഥാനമായി ഡാമിലെ മറ്റ് സ്ഥിതിഗതികള്‍ വ്യക്തമാക്കാന്‍ ചീഫ് എന്‍ജിനീയര്‍ പി ലതിക ശ്രമിച്ചപ്പോള്‍ മിണ്ടിപ്പോകരുതെന്ന മറുപടി ഉണ്ടായത്.

ബലക്ഷയം കണ്ടെത്തുന്നതിനായി അണക്കെട്ടില്‍ ഒരു ബ്ലോക്കില്‍ മാത്രമേ സോണിക് ലോഗിങ് ടെസ്റ്റ് നടത്തിയുള്ളൂവെന്ന് കേരള പ്രതിനിധികള്‍ പറഞ്ഞപ്പോള്‍ മൂന്നു ബ്ലോക്കില്‍ നടത്തിയെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ പറഞ്ഞത് സി ഡി തട്ടെ അംഗീകരിക്കുകയായിരുന്നു. ഐസോടോപ്പ് ലേസര്‍ ടെസ്റ്റിന്റെ കാര്യത്തിലും ഈ നിലപാടാണ് തട്ടെയും സംഘവും സ്വീകരിച്ചത്.

തുടര്‍ച്ചായുണ്ടായ ഭൂചലനവും ഡാമിന്റെ പഴക്കവും ബലക്ഷയം വര്‍ധിപ്പിച്ചുവെന്ന് പഠന റിപ്പോര്‍ട്ട് കാട്ടി  സമര്‍ത്ഥിക്കാന്‍ ചീഫ് എന്‍ജിനീയര്‍ പി ലതിക  ശ്രമിച്ചപ്പോള്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തനിക്ക് സമയമില്ലെന്നായിരുന്നു തട്ടെയുടെ മറുപടി.

വള്ളക്കടവില്‍നിന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും അണക്കെട്ട് പ്രദേശത്തിന്റെ 155 അടി ഉയരത്തില്‍ മാര്‍ക്ക് ചെയ്യണമെന്നും കല്ല് പാകി ബേബി ഡാമിന്റെ ഉറപ്പ് വര്‍ദ്ധിപ്പിക്കണമെന്നും എര്‍ത്ത് ഡാമില്‍നിന്നുള്ള മരങ്ങള്‍ വെട്ടി മാറ്റണമെന്നും സമിതിയംഗങ്ങള്‍ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ഇവയെല്ലാം തല്‍സ്ഥിതി തുടരണമെന്നുള്ള സുപ്രീംകോടതി നിര്‍ദേശത്തിന്റെ ലംഘനമാണ്. ഡാമില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനും മറ്റും ആവശ്യമെങ്കില്‍ വനം വകുപ്പിന്റെ അനുമതി തേടണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

25 ഓളം ഉദ്യോഗസ്ഥരാണ് തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് ഉന്നതതല സംഘത്തോടൊപ്പം മുല്ലപ്പെരിയാറിലെത്തിയത്.

janayugom 271211

1 comment:

  1. മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ കേരളത്തിന് പ്രതികൂലമായ നിലപാട് സ്വീകരിച്ച ഉന്നതാധികാര സമിതി നടപടിക്കെതിരെ സംസ്ഥാനത്ത് രോക്ഷം ഉയരുന്നു. അതേസമയം ഇക്കാര്യത്തില്‍ ഇനി എന്ത് ചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്ന് ജലവിഭവ മന്ത്രിപി ജെ ജോസഫ് പറഞ്ഞു. സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിയായതിനാല്‍ ഈ പ്രശ്‌നത്തില്‍ ഇപ്പോള്‍ ഒരു പ്രതികരണവും സംസ്ഥാനം നടത്തുന്നില്ല. സമിതി നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ടതായിരുന്നു; എന്നാല്‍ കേരളത്തിന്റെ പ്രതിനിധികളില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് അത് ഉണ്ടായിട്ടില്ലെന്നാണ് മനസിലാകുന്നത്.

    ReplyDelete