2009ലെ ലോക്സഭാ തെരഞ്ഞെടുപ്പു മുതല്‍തന്നെ ഇടതുപക്ഷത്തിനെതിരെ ശക്തമായ ആക്രമണം പ്രതിലോമ രാഷ്ട്രീയശക്തികളും അവരുടെ പ്രചാരകരായ മാധ്യമങ്ങളും ആരംഭിച്ചിരുന്നു. 2009 മെയ് മുതല്‍ 2011 മെയ് വരെ നാനൂറോളം ഇടതുമുന്നണി പ്രവര്‍ത്തകരെയാണ് തൃണമൂല്‍ കോണ്‍ഗ്രസുകാരും മാവോയിസ്റ്റുകളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 2011ലെ ആദ്യ അഞ്ച് മാസങ്ങളില്‍ നിരവധി ആക്രമണങ്ങളെ സിപിഐ എം പ്രവര്‍ത്തകര്‍ക്കും മറ്റ് ഇടതു പാര്‍ടി പ്രവര്‍ത്തകര്‍ക്കും നേരിടേണ്ടിവന്നു. സംസ്ഥാനഭരണം മാറുന്നുവെന്ന സൂചന ലഭിച്ചതോടെ സംസ്ഥാനത്താകെ സിപിഐ എം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ശക്തമായ ആക്രമണം ആരംഭിച്ചു. അത് ഇപ്പോഴും തുടരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ 2011 മെയ് 13 മുതല്‍ ഡിസംബര്‍ ഒന്നുവരെ 48 ഇടതുമുന്നണി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.
മമത ബാനര്‍ജി അധികാരത്തിലെത്തിയതോടെ സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ ആക്രമണം നടത്തുന്നവര്‍ക്ക് എല്ലാവിധ സംരക്ഷണവും ലഭിക്കുന്നു. ഇടതുമുന്നണി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്നതു മാത്രമല്ല രാഷ്ട്രീയമാറ്റത്തിന്റെ ഫലം. പശ്ചിമബംഗാള്‍ ഇതുവരെ അനുഭവിച്ചിരുന്ന സുരക്ഷ, ശാന്തി, ക്ഷേമസംവിധാനങ്ങള്‍ എല്ലാം തകരുകയാണ്. ഭരണത്തിന്റെ തണലില്‍ പുതിയൊരു ചൂഷകസംഘം വളര്‍ന്നുവരുന്നു. അധോലോകസംഘങ്ങളെയെല്ലാം കൂട്ടിച്ചേര്‍ത്താണ് തൃണമൂല്‍ കോണ്‍ഗ്രസ് വളര്‍ന്നുവന്നത്. അധികാരം കിട്ടിയപ്പോള്‍ ഈ സാമൂഹ്യവിരുദ്ധസംഘങ്ങള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്കായി ജനജീവിതം പന്താടുകയാണ്. ഭൂപരിഷ്കരണത്തിലൂടെ കര്‍ഷകര്‍ക്ക് ലഭിച്ച ഭൂമി ബലമായി പിടിച്ചെടുക്കുക, തൊഴില്‍ ചെയ്യുന്നവരില്‍നിന്ന് പ്രതിമാസം പിഴ ഈടാക്കുക, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നവരില്‍നിന്ന് വന്‍ തുക കോഴ വാങ്ങുക, സൈക്കിള്‍റിക്ഷക്കാരില്‍ നിന്നുപോലും ചട്ടമ്പിഫീസ് പിരിക്കുക തുടങ്ങി ബംഗാളില്‍ കേട്ടുകേള്‍വിയില്ലാതിരുന്ന സാമൂഹ്യവിപത്തുകളാണ് തൃണമൂല്‍ ഭരണത്തില്‍ നടമാടുന്നത്.
കാര്‍ഷികമേഖലയില്‍ ഏറ്റവും തിളങ്ങിനിന്ന ബംഗാളില്‍ ഇപ്പോള്‍ കര്‍ഷക ആത്മഹത്യകള്‍ നിത്യസംഭവമായി. സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയ്ക്ക് നെല്ല് സംഭരിക്കാതെ ഇടനിലക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി കൊള്ളലാഭമെടുക്കാന്‍ അവസരമൊരുക്കുന്നു. കഴിഞ്ഞ വര്‍ഷം ക്വിന്റലിന് 1400 രൂപ വരെ വില കിട്ടിയിരുന്ന നെല്ല് അറുനൂറും എഴുനൂറും രൂപയ്ക്ക് വിറ്റഴിക്കേണ്ട കര്‍ഷകന്റെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. മമതാ ഭരണത്തില്‍ ഇതുവരെ 17 കര്‍ഷകര്‍ ആത്മഹത്യചെയ്തു.
പശ്ചിമബംഗാളിലെ ജനജീവിതത്തിന്റെ ഏതെങ്കിലും മേഖലയില്‍ സ്വാഗതാര്‍ഹമായ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ പുതിയ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നത് മമതയുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും സമ്മതിക്കുന്നു. നിയമവാഴ്ചയുടെയും ഭരണസംവിധാനത്തിന്റെയും പരാജയം വിളിച്ചറിയിക്കുന്ന സംഭവങ്ങളും നടന്നു. കൊല്‍ക്കത്ത എഎംആര്‍ഐ ആശുപത്രിയില്‍ തീപിടിത്തത്തിനിടയാക്കിയ സംഭവത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. തീപിടിത്തത്തില്‍ 93 പേര്‍ മരിച്ചു. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ മാഗ്രാഹട്ടില്‍ വിഷമദ്യം കഴിച്ച് അവശരായവര്‍ക്ക് യഥാസമയം ചികിത്സ നല്‍കാത്തതുമൂലം 173 പേരാണ് മരിച്ചത്.
ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന ഏതെങ്കിലുമൊരു നടപടി പുതിയ സര്‍ക്കാരില്‍നിന്നുണ്ടായില്ല. വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തിയില്ല. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ വ്യവസായവല്‍ക്കരണത്തിന് അനുകൂലമായ നിലപാടെടുത്തില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയുണ്ടെന്ന ബോധം അപ്രത്യക്ഷമായി. ഗൂര്‍ഖാലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്ട്രേഷന്‍ ബില്‍ , സിംഗൂര്‍ ഭൂമി പുനരധിവാസ വികസന ബില്‍ എന്നിവ മമത സര്‍ക്കാര്‍ പാസാക്കി. പക്ഷേ, രണ്ടും പ്രാവര്‍ത്തികമാക്കാനായില്ല. ഗൂര്‍ഖാലാന്‍ഡ് ബില്ലില്‍ തുടര്‍നടപടികളുണ്ടായില്ല. സിംഗൂര്‍ ബില്ല് നടപ്പാക്കുന്നത് കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു. മാവോയിസ്റ്റ് പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം ഉണ്ടാക്കുമെന്നാണ് മമത അവകാശപ്പെട്ടത്. എന്നാല്‍ , ജംഗല്‍മഹലില്‍ സംഘര്‍ഷം വര്‍ധിക്കുകയും മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ കൊലപാതകത്തില്‍ കലാശിക്കുകയുംചെയ്തു. മാവോയിസ്റ്റുകളും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച വഴിമുട്ടി. വിദ്യാഭ്യാസമേഖലയിലെ ജനാധിപത്യസംവിധാനം അട്ടിമറിക്കാന്‍ ബില്ല് കൊണ്ടുവന്നു. പഞ്ചായത്തിരാജ് ഭരണസംവിധാനം അട്ടിമറിക്കപ്പെട്ടു. ഒരു ജനാധിപത്യ സംവിധാനത്തില്‍ വളര്‍ന്നുവികസിക്കേണ്ട ഗ്രാമീണ സമ്പദ്വ്യവസ്ഥ മമതയുടെ ഏകാധിപത്യത്തില്‍ സ്തംഭിച്ചുനില്‍ക്കുന്നു. ഇത് സംസ്ഥാനത്തിന്റെ കാര്‍ഷിക, വ്യാവസായിക മേഖലകളെ പിന്നോട്ടടിക്കുന്നത് സമീപഭാവിയില്‍ കാണേണ്ടിവരും. അശാന്തമായ എഴുപതുകള്‍ക്കുശേഷം പശ്ചിമബംഗാള്‍ കടന്നുപോകുന്ന ഏറ്റവും ഇരുണ്ട കാലഘട്ടമാണിത്. അതിന്റെ തുടക്കമാണ് 2011ല്‍ കണ്ടത്.
(വി ജയിന്‍)
deshabhimani 311211
പശ്ചിമബംഗാളിനെ സംബന്ധിച്ച് അടിമുടി മാറ്റങ്ങള്‍ സംഭവിച്ച വര്‍ഷമാണ് കടന്നുപോയത്. ഇക്കാലയളവില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ രാഷ്ട്രീയ, സാമൂഹ്യ മാറ്റങ്ങള്‍ക്ക് വിധേയമായ സംസ്ഥാനമാണ് പശ്ചിമബംഗാള്‍ . വര്‍ഷങ്ങളായി നിലനിന്ന ശാന്തമായ ജനജീവിതവും സജീവമായ സമ്പദ്വ്യവസ്ഥയും മൂല്യങ്ങളും അട്ടിമറിക്കപ്പെട്ടു. അക്രമത്തിന്റെയും അരാജകത്വത്തിന്റെയും പഴയ നാളുകള്‍ ബംഗാളിലേക്ക് തിരിച്ചുവരുന്നുവോ എന്ന സംശയം അനുദിനം ശക്തിപ്പെടുകയാണ്. മുപ്പത്തിനാലു വര്‍ഷത്തെ ഇടതുമുന്നണി ഭരണം അവസാനിപ്പിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും സഖ്യമന്ത്രിസഭ രൂപീകരിച്ചത്.
ReplyDelete