Wednesday, December 28, 2011

കെഎസ്ഡിപി എംഡിയെയും മാറ്റി

ആലപ്പുഴ: ചെയര്‍മാനു പിന്നാലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ എംഡിയെയും മാറ്റി. കേരള ഇലക്ട്രിക്കല്‍സ് അലയ്ഡ് ലിമിറ്റഡ് അസിസ്റ്റന്റ് ജയകുമാറിനാണ് പുതിയ ചുമതല. ചൊവ്വാഴ്ച രാവിലെ പതിനോന്നോടെയാണ് ഇതുസംബന്ധിച്ച വ്യവസായ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് എത്തിയത്. ഒരാഴ്ചക്കിടെ പ്രധാന തസ്തികകളിലുണ്ടായ മാറ്റം സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ മരുന്നുല്‍പ്പാദന കമ്പനിയായ കെഎസ്ഡിപിയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് തൊഴിലാളികള്‍ പറയുന്നു.

കെഎസ്ഡിപി എംഡിയായിരുന്ന എസ് ശ്യാമളയെയാണ് തല്‍സ്ഥാനത്തുനിന്ന് മാറ്റിയതായി ഉത്തരവിറങ്ങിയത്. തുടര്‍ന്നുള്ള ചുമതല എവിടെയാണെന്ന് ഉത്തരവില്‍ പറയുന്നില്ല. ഒരാഴ്ച മുമ്പാണ് ചെയര്‍മാനായിരുന്ന ബിജു പ്രഭാകറിനെ മാറ്റി പകരം ലീഗ് സംസ്ഥാനകമ്മറ്റി അംഗമായ ലത്തീഫിനെ ചെയര്‍മാനായി നിയമിച്ചത്. ഇതിനു തൊട്ടുപിന്നാലെയാണ് സ്ഥാപനത്തെ വികസനത്തിലേക്കു നയിക്കുന്നതിനു നേതൃത്വം വഹിച്ച എംഡിയെയും മാറ്റിയത്. 2010 ഏപ്രിലിലാണ് ശ്യാമള തസ്തികമാറ്റംവഴി കെഎസ്ഡിപിയുടെ എംഡിയായി ചുമതലയേറ്റത്. പിന്നീട് ഇവിടെ സ്ഥിരമാക്കി.

മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നഷ്ടത്തിലായിരുന്ന സ്ഥാപനം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ നവീകരണത്തിലൂടെ ലാഭത്തിലേക്ക് കുതിക്കുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഏഴുകോടിയായിരുന്ന ഉല്‍പ്പാദനക്ഷമത പടിപടിയായി വര്‍ധിച്ച് 33 കോടിയായി. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം ശേഷിക്കെ ഉല്‍പ്പാദനം 40 കോടി കവിഞ്ഞു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കാവശ്യമായ മരുന്നുകള്‍ നല്‍കുന്നത് കെഎസ്ഡിപിയാണ്. നിലവില്‍ 52 ഇനം മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു. കെഎസ്ഡിപിയുടെ വളര്‍ച്ച സ്വകാര്യ മരുന്നു നിര്‍മാണ ലോബിയെ ചൊടിപ്പിച്ചിരുന്നു. സംസ്ഥാന മെഡിക്കല്‍ കോര്‍പറേഷന്‍ മുഖേന സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്നുകള്‍ വാങ്ങുന്നതില്‍നിന്ന് സ്വകാര്യ സംരംഭകരെ തഴഞ്ഞത് ഈ ലോബിയെ പ്രകോപിപ്പിച്ചു. ഇവരുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് മരുന്നുല്‍പ്പാദന രംഗത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഡിപിയെ തകര്‍ക്കാന്‍ ഉന്നതതലത്തില്‍ ഗൂഢാലോചനയെന്ന ആരോപണമുണ്ട്.

deshabhimani 281211

1 comment:

  1. ചെയര്‍മാനു പിന്നാലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ എംഡിയെയും മാറ്റി. കേരള ഇലക്ട്രിക്കല്‍സ് അലയ്ഡ് ലിമിറ്റഡ് അസിസ്റ്റന്റ് ജയകുമാറിനാണ് പുതിയ ചുമതല. ചൊവ്വാഴ്ച രാവിലെ പതിനോന്നോടെയാണ് ഇതുസംബന്ധിച്ച വ്യവസായ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് എത്തിയത്. ഒരാഴ്ചക്കിടെ പ്രധാന തസ്തികകളിലുണ്ടായ മാറ്റം സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ മരുന്നുല്‍പ്പാദന കമ്പനിയായ കെഎസ്ഡിപിയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് തൊഴിലാളികള്‍ പറയുന്നു.

    ReplyDelete