Sunday, December 25, 2011

കോണ്‍ഗ്രസ് നേതാവ് കൈവശംവച്ച ഭൂമി കാലടി സര്‍വകലാശാല തിരിച്ചുപിടിച്ചു

കാലടി: ഭാര്യയുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് കൈവശം വച്ചനുഭവിച്ചുപോന്ന കാലടി സംസ്കൃത സര്‍വകലാശാലവക ഭൂമി തെളിവുകളുടെ പിന്‍ബലത്തില്‍ സര്‍വകലാശാല തിരിച്ചുപിടിച്ചു. 14 വര്‍ഷംമുമ്പ് സര്‍വകലാശാല ഏറ്റെടുത്ത ഭൂമി വ്യാജ പ്രമാണവും കൈവശാവകാശ രേഖയുമുണ്ടാക്കിയാണ് ഇവര്‍ അനുഭവിച്ചുപോന്നത്. വൈസ്ചാന്‍ലറുടെ നേതൃത്വത്തില്‍ രേഖകള്‍ പരിശോധിച്ച് തിരിച്ചെടുത്ത ഭൂമി ചുറ്റുമതില്‍ നിര്‍മിച്ച് സര്‍വകലാശാലയോടു ചേര്‍ത്തു.

കാലടിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് ഇത്രയുംകാലം ഭൂമി കൈവശംവച്ചത്. കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെ പേരില്‍ 1987ല്‍ തീറാധാരമുണ്ടായിരുന്ന സര്‍വകലാശാല ക്യാമ്പസിനു വടക്കുകിഴക്കു ഭാഗത്തുള്ള 11 സെന്റ് ഭൂമി 1995ല്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. 1994ല്‍ ഇതിനെതിരെ നേതാവ് പരാതി നല്‍കിയപ്പോള്‍ റവന്യു മന്ത്രിയായിരുന്ന കെ എം മാണി ഏറ്റെടുക്കല്‍ സ്റ്റേചെയ്തു. 1997ല്‍ ഭൂമി ഏറ്റെടുത്ത് രണ്ടാമത് വിജ്ഞാപനമായി. എന്നാല്‍ , ഭൂമിയുടെ പ്രതിഫലം വാങ്ങാതെ നിസ്സഹകരിച്ച കോണ്‍ഗ്രസ് നേതാവ് ഇടമലയാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് പ്രതിഫലത്തുക വര്‍ധിപ്പിച്ചു. 1999ല്‍ ഈ തുക സര്‍വകലാശാല കോടതിയില്‍ കെട്ടിവച്ചു. 2006ല്‍ മുഴുവന്‍ പണവും കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ കൈപ്പറ്റി. എന്നാല്‍ , തുടര്‍ന്നും ഭൂമി തങ്ങളുടേതാണെന്ന അവകാശവാദത്തോടെ ഭൂമി കൈവശം വയ്ക്കുകയായിരുന്നു.

സ്ഥലം മതില്‍കെട്ടി സംരക്ഷിക്കാനുള്ള സര്‍വകലാശാലയുടെ ശ്രമം പലവട്ടം ഇവര്‍ തടസപ്പെടുത്തി. നിയമസാധുതയില്ലാത്ത പ്രമാണം കാണിച്ച് വില്ലേജ്ഓഫീസില്‍നിന്ന് കൈവശാവകാശ രേഖയും നേടിയെടുത്തു. ഇതിന്റെ പിന്‍ബലത്തില്‍ നേതാവ് ഭാര്യയെക്കൊണ്ട് കോടതിയില്‍ സര്‍വകലാശാലക്കെതിരെ കേസും നടത്തി വരികയായിരുന്നു. തുടര്‍ന്നാണ് ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ രേഖകള്‍ പരിശോധിച്ച് ചുറ്റുമതില്‍ കെട്ടി സ്ഥലം സര്‍വകലാശാലയോടു ചേര്‍ത്തത്.

deshabhimani 241211

1 comment:

  1. ഭാര്യയുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് കൈവശം വച്ചനുഭവിച്ചുപോന്ന കാലടി സംസ്കൃത സര്‍വകലാശാലവക ഭൂമി തെളിവുകളുടെ പിന്‍ബലത്തില്‍ സര്‍വകലാശാല തിരിച്ചുപിടിച്ചു. 14 വര്‍ഷംമുമ്പ് സര്‍വകലാശാല ഏറ്റെടുത്ത ഭൂമി വ്യാജ പ്രമാണവും കൈവശാവകാശ രേഖയുമുണ്ടാക്കിയാണ് ഇവര്‍ അനുഭവിച്ചുപോന്നത്. വൈസ്ചാന്‍ലറുടെ നേതൃത്വത്തില്‍ രേഖകള്‍ പരിശോധിച്ച് തിരിച്ചെടുത്ത ഭൂമി ചുറ്റുമതില്‍ നിര്‍മിച്ച് സര്‍വകലാശാലയോടു ചേര്‍ത്തു.

    ReplyDelete