കമ്യൂണിസ്റ്റ് ആദര്‍ശത്തിന്റെ വിശുദ്ധി എക്കാലവും പുലര്‍ത്തിയ നേതാവായിരുന്നു സെയ്താലിക്കുട്ടി. ബന്ധപ്പെട്ടവരെല്ലാം ആ മനസ്സിന്റെ സ്നേഹവും എളിമയും തൊട്ടറിഞ്ഞവരാണ്. ഒരു മുസ്ലിം കമ്യൂണിസ്റ്റുകാരനാകുന്നത് പൊറുക്കാനാകാത്ത കുറ്റമായിക്കണ്ട കാലത്താണ് സെയ്താലിക്കുട്ടി കമ്യൂണിസ്റ്റുകാരനായത്. അത്തരക്കാര്‍ അന്ന് "കാഫിറാ"യിരുന്നു. സാമൂഹ്യജീവിതംപോലും മതമേധാവികള്‍ നിയന്ത്രിച്ച ഭൂമികയിലാണ് ഉശിരനായ കമ്യൂണിസ്റ്റുകാരനായി അദ്ദേഹം ഉയര്‍ന്നത്. മലപ്പുറം ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അജയ്യ സംഘടനയാക്കിമാറ്റിയതിന് പിന്നില്‍ ഏറെക്കാലം സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന സെയ്താലിക്കുട്ടിയുടെ നേതൃപാടവം മുഖ്യപങ്ക് വഹിച്ചു.
ഏറനാട്ടിലെ കര്‍ഷകര്‍ അനുഭവിച്ച ചൂഷണത്തില്‍ മനംനൊന്താണ് സെയ്താലിക്കുട്ടി പൊതുരംഗത്തേക്ക് വരുന്നത്. വിദ്യാര്‍ഥിയായിരിക്കെ, ബാലസംഘം രൂപീകരിച്ചതിന് അധ്യാപകന്റെ തല്ലുകൊണ്ട് സ്കൂളില്‍നിന്ന് പുറത്താക്കപ്പെട്ട പതിനാലുകാരന്റെ മനസ്സില്‍ എക്കാലവും പാവങ്ങളോടുള്ള അനുകമ്പയുണ്ടായിരുന്നു. സ്കൂള്‍ ജീവിതം നിലച്ചതോടെ അദ്ദേഹം കൊണ്ടോട്ടിയിലെ പാര്‍ടി ഓഫീസില്‍ നിത്യസന്ദര്‍ശകനായി. പതുക്കെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനുമായി. കൃഷിഭൂമിക്കുവേണ്ടിയും പാട്ടത്തിനെതിരായുമുള്ള സമരങ്ങളുടെ നേതൃത്വത്തിലും സെയ്താലിക്കുട്ടിയുണ്ടായിരുന്നു. ഇതിനൊപ്പം ബ്രിട്ടീഷ് ഭരണത്തിനും മതപൗരോഹിത്യത്തിന്റെ ചൂഷണത്തിനുമെതിരെയും അദ്ദേഹം പോരാടി. പാര്‍ടി നിരോധിക്കപ്പെട്ട കാലത്താണ് സെയ്താലിക്കുട്ടി പൊതുരംഗത്ത് വരുന്നത്. 1944-ല്‍ പാര്‍ടി അംഗമായി. 48-ല്‍ കോഴിക്കോട്ട് പ്രമുഖ കമ്യൂണിസ്റ്റ്- ട്രേഡ് യൂണിയന്‍ നേതാവ് പി ശേഖര്‍ പങ്കെടുത്ത ബീഡിത്തൊഴിലാളികളുടെ യോഗത്തില്‍ യൂണിയന്‍ സെക്രട്ടറിസ്ഥാനം സെയ്താലിക്കുട്ടി ഏറ്റെടുത്തു. തുടര്‍ന്ന് ബീഡിത്തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം നടന്നു. നിരവധി തവണ അറസ്റ്റുവരിച്ച അദ്ദേഹം മൂന്നുവര്‍ഷം ജയില്‍വാസവും അനുഭവിച്ചു.
ഇതിനിടെ പാര്‍ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനായി. തുടര്‍ന്ന് ഏറനാട് താലൂക്ക് സെക്രട്ടറിയും. മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി മണ്ഡലങ്ങള്‍ക്ക് സംയുക്തമായി രൂപീകരിച്ച മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറിയുമായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗവും സിപിഐ എം രൂപീകരണത്തോടെ ജില്ലാ കമ്മിറ്റി അംഗവുമായി. 1969-ല്‍ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. സിഐടിയുവിന്റെ ആദ്യ ജില്ലാ സെക്രട്ടറിയും അദ്ദേഹമായിരുന്നു. 86-ല്‍ സിപിഐ എം ജില്ലാ സെക്രട്ടറിയായി; 24 വര്‍ഷത്തോളം സംസ്ഥാന കമ്മിറ്റി അംഗവും. മികച്ച സംഘാടകനായിരുന്നു സെയ്താലിക്കുട്ടി. ജില്ലാ സെക്രട്ടറിയായിരുന്ന പാലോളിയും മറ്റ് നേതാക്കളും അടിയന്തരാവസ്ഥയില്‍ ഒളിവില്‍പ്പോയപ്പോള്‍ ജില്ലയില്‍ പാര്‍ടിയെ നയിച്ചത് അദ്ദേഹമായിരുന്നു. ജീവിതത്തിലുടനീളം കമ്യൂണിസ്റ്റ് വിശുദ്ധി കാത്തുസൂക്ഷിച്ച അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് പുതുതലമുറ മുന്നേറുകയാണ്.
"കുഞ്ഞാലി ഏറനാടിന്റെ രക്തനക്ഷത്രം" രണ്ടാം പതിപ്പ് പ്രകാശനം നാളെ
മലപ്പുറം: പുരോഗമന കലാസാഹിത്യസംഘം കാളികാവ് പഞ്ചായത്ത് കമ്മിറ്റി തയ്യാറാക്കിയ "സഖാവ് കുഞ്ഞാലി ഏറനാടിന്റെ രക്തനക്ഷത്രം" ജീവചരിത്ര പുസ്തകം രണ്ടാം പതിപ്പ് സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ പ്രകാശനംചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യപതിപ്പിന്റെ 95 ശതമാനവും രണ്ടാഴ്ചക്കിടയില്‍ വിറ്റു. പുതിയപതിപ്പില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ , അന്തരിച്ച നാടകകൃത്ത് കെ ടി മുഹമ്മദ് എന്നിവരുടെ കുറിപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.ബുധനാഴ്ച നടക്കുന്ന പൊതുസമ്മേളനത്തില്‍ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടിക്ക് നല്‍കി പ്രകാശനംചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, ജില്ലാകമ്മിറ്റി അംഗം വി എ കരീം പുളിയങ്കല്ല്, പുസ്തക രചയിതാവ് ഹംസ ആലുങ്ങല്‍ എന്നിവര്‍ പങ്കെടുത്തു.
"മഞ്ചേരിയുടെ സെയ്താലിക്കുട്ട്യാക്ക" പ്രകാശനംചെയ്തു
മഞ്ചേരി: പുരോഗമന കലാസാഹിത്യസംഘം മഞ്ചേരി മേഖലാ കമ്മിറ്റി പ്രസിദ്ധീകരിച്ച "മഞ്ചേരിയുടെ സെയ്താലിക്കുട്ട്യാക്ക" ലഘുലേഖ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി ശിവദാസമേനോന്‍ സെയ്താലിക്കുട്ടിയുടെ മകന്‍ അബ്ദുല്‍നാസറിന് നല്‍കി പ്രകാശനംചെയ്തു. പ്രൊഫ. എ എന്‍ ശിവരാമന്‍നായര്‍ , ബഷീര്‍ ചുങ്കത്തറ, അഡ്വ. സി ശ്രീധരന്‍നായര്‍ , പി ശിവശങ്കരന്‍ , ശ്യാംപ്രകാശ്, പി എന്‍ കെ മേനോന്‍ , ഡോ. എന്‍ രാജന്‍ , രവീന്ദ്രന്‍ മംഗലശേരി, അബ്ദുല്‍നാസര്‍ ചുങ്കത്തറ എന്നിവര്‍ സംസാരിച്ചു. "കനല്‍ വഴികളില്‍ കാലിടറാതെ" എന്ന പേരില്‍ പുറത്തിറങ്ങുന്ന സെയ്താലിക്കുട്ടിയുടെ ജീവചരിത്ര ഗ്രന്ഥത്തില്‍നിന്നെടുത്ത അദ്ദേഹത്തിന്റെ മഞ്ചേരിയിലെ പ്രവര്‍ത്തനാനുഭവങ്ങളാണ് ലഘുലേഖയുടെ ഉള്ളടക്കം. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ബഷീര്‍ ചുങ്കത്തറയാണ് ജീവചരിത്രം തയ്യാറാക്കിയത്.
deshabhimani 271211
No comments:
Post a Comment