Friday, December 30, 2011

സാമ്പത്തിക പ്രതിസന്ധി: അമേരിക്ക സേനാപദവികള്‍ കുറയ്ക്കുന്നു

വാഷിങ്ടണ്‍ : കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ ഉഴലുന്ന അമേരിക്ക സൈന്യത്തില്‍ ഉയര്‍ന്ന റാങ്കുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. ശീതയുദ്ധം അവസാനിച്ചശേഷം ആദ്യമായാണ് ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും ഉന്നത റാങ്കുകള്‍ കുറയ്ക്കുന്നത്. മാര്‍ച്ചിന് ശേഷം ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും 27 തസ്തിക ഇല്ലാതാക്കിയെന്ന് പെന്റഗണ്‍ വ്യക്തമാക്കി. സേനയുടെ തലപ്പത്തുള്ള റാങ്കുകളുടെ എണ്ണം അഞ്ചുവര്‍ഷത്തിനുള്ളില്‍ പത്ത് ശതമാനം കുറയ്ക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. 2001 സെപ്തംബര്‍ 11 ആക്രമണത്തിന് മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കാനാണ് നീക്കം. ചെലവുചുരുക്കലിന്റെ ഭാഗമായ നടപടിക്ക് പെന്റഗണും തുടക്കംകുറിക്കുന്നെന്ന സന്ദേശം പകരാനാണിത്.

അടുത്ത പത്തുവര്‍ഷത്തിനിടെ പ്രതിരോധ ബജറ്റില്‍ 45,000 കോടി ഡോളര്‍ കുറവുവരുത്താനാണ് സര്‍ക്കാരിന്റെ പദ്ധതി. ധനകമ്മി കുറയ്ക്കാനുള്ള പദ്ധതിക്ക് യുഎസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയില്ലെങ്കില്‍ പ്രതിരോധ ബജറ്റില്‍ നിന്ന് 50,000 കോടി ഡോളര്‍ കൂടി വെട്ടിക്കുറയ്ക്കേണ്ടിവരും. ഇറാഖില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നുമുള്ള സേനാപിന്മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഉന്നത റാങ്കുകള്‍ ചുരുക്കാനുള്ള നടപടി. അതേസമയം, ഉയര്‍ന്ന റാങ്കുകളുടെ എണ്ണം കുറയ്ക്കുന്നതോടെ സൈന്യത്തിന് കൂടുതല്‍ ചുറുചുറുക്ക് കൈവരുമെന്ന് പെന്റഗണ്‍ ജോയിന്റ് സ്റ്റാഫ് ഡയറക്ടര്‍ വൈസ് അഡ്മിറല്‍ വില്യം ഇ ഗോര്‍ട്നി അവകാശപ്പെട്ടു.

യുഎന്‍ ബജറ്റ് 5 ശതമാനം വെട്ടിച്ചുരുക്കി

ഐക്യരാഷ്ട്രകേന്ദ്രം: ആഗോള സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസംഘടനയുടെ ബജറ്റ് വെട്ടിച്ചുരുക്കി. 2012-2013ലെ ബജറ്റില്‍ കഴിഞ്ഞ തവണത്തെ ചെലവിനേക്കാള്‍ അഞ്ച് ശതമാനത്തിന്റെ കുറവാണുള്ളത്. 193 അംഗ യുഎന്‍ പൊതുസഭ 525 കോടി ഡോളറിന്റെ ബജറ്റ് അംഗീകരിച്ചു. അരനൂറ്റാണ്ടിനിടെ ഇത് രണ്ടാംതവണ മാത്രമാണ് യുഎന്‍ ബജറ്റ് വെട്ടിക്കുറയ്ക്കുന്നത്. എല്ലായിടത്തും പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ കാര്യങ്ങള്‍ മികച്ചരീതിയില്‍ ചെയ്യാനുള്ള യുഎന്നിന്റെ പ്രതിബദ്ധതയാണ് പുതിയ ബജറ്റില്‍ പ്രതിഫലിക്കുന്നതെന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. എല്ലാ ബജറ്റുകളും കഠിനമാണ്. ഇത്തവണത്തേത് അതീവ പ്രയാസകരമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനുമുമ്പ് 1998ലാണ് യുഎന്‍ ബജറ്റ് മുന്‍വര്‍ഷത്തേതിനേക്കാള്‍ വെട്ടിക്കുറച്ചത്. യുഎന്നിന്റെ ഭരണനിര്‍വഹണ ബജറ്റിന്റെ 22 ശതമാനവും വഹിക്കുന്ന അമേരിക്ക അടക്കമുള്ള സമ്പന്നരാജ്യങ്ങള്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ ഉഴലുന്ന സാഹചര്യത്തിലാണ് ചെലവുകുറയ്ക്കല്‍ വേണ്ടിവന്നത്. 44 തസ്തിക കുറയ്ക്കാനും യാത്രച്ചെലവ് ഗണ്യമായി ചുരുക്കാനും യുഎന്‍ തീരുമാനിച്ചിട്ടുണ്ട്.

deshabhimani 301211

1 comment:

  1. കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ ഉഴലുന്ന അമേരിക്ക സൈന്യത്തില്‍ ഉയര്‍ന്ന റാങ്കുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. ശീതയുദ്ധം അവസാനിച്ചശേഷം ആദ്യമായാണ് ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും ഉന്നത റാങ്കുകള്‍ കുറയ്ക്കുന്നത്. മാര്‍ച്ചിന് ശേഷം ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും 27 തസ്തിക ഇല്ലാതാക്കിയെന്ന് പെന്റഗണ്‍ വ്യക്തമാക്കി. സേനയുടെ തലപ്പത്തുള്ള റാങ്കുകളുടെ എണ്ണം അഞ്ചുവര്‍ഷത്തിനുള്ളില്‍ പത്ത് ശതമാനം കുറയ്ക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. 2001 സെപ്തംബര്‍ 11 ആക്രമണത്തിന് മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കാനാണ് നീക്കം. ചെലവുചുരുക്കലിന്റെ ഭാഗമായ നടപടിക്ക് പെന്റഗണും തുടക്കംകുറിക്കുന്നെന്ന സന്ദേശം പകരാനാണിത്.

    ReplyDelete