Sunday, December 25, 2011

യുവതിയുടെ മൃതദേഹത്തിന്റെ നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ച കോണ്‍ . നേതാവിനെതിരെ കേസ്

മാവേലിക്കര: യുവതിയുടെ മൃതദേഹത്തിന്റെ നഗ്നചിത്രമെടുത്ത് മൊബൈല്‍ഫോണില്‍ സൂക്ഷിച്ച് കുട്ടികളടക്കം നിരവധിപേരെ കാണിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. മാന്നാര്‍ കുളഞ്ഞികാരായ്മ 14-ാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റും മണ്ഡലം കമ്മിറ്റിയംഗവുമായ കുളഞ്ഞികാരായ്മ കോമാട്ട് വീട്ടില്‍ രാജേന്ദ്രനെതിരെയാണ് (42) കേസ്.

ഡിസംബര്‍ അഞ്ചിന് ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്ത യുവതിയുടെ മൃതദേഹം മാവേലിക്കര ഗവ. ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനിടയിലാണ് കേസിനാസ്പദമായ സംഭവം. അയല്‍വാസിയായ രാജേന്ദ്രന്‍ യുവതിയുടെ അടുത്ത ബന്ധുവെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് ഇന്‍ക്വസ്റ്റ് നടന്ന മുറിയില്‍ കയറിപ്പറ്റി. വസ്ത്രംമാറ്റിയ മൃതദേഹത്തിന്റെ ചിത്രം മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഈ രംഗങ്ങള്‍ പിന്നീട് നാട്ടുകാരെയും സുഹൃത്തുക്കളെയും കാണിച്ചു. ഇവരില്‍ ചിലര്‍ പറഞ്ഞാണ് യുവതിയുടെ ബന്ധുക്കള്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് യുവതിയുടെ അച്ഛന്‍ മാവേലിക്കര പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. രാജേന്ദ്രന്റെ മൊബൈല്‍ഫോണ്‍ പൊലീസ് പിടിച്ചെടുത്ത് സൈബര്‍സെല്ലിന് കൈമാറി. സൈബര്‍സെല്ലിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. രാജേന്ദ്രന്റെ ഭാര്യ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. കേസ് തേച്ചുമായ്ക്കാനും അറസ്റ്റ് ഒഴിവാക്കാനുമായി ഉന്നത കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തിറങ്ങിയിട്ടുണ്ട്.

ആഭരണ മോഷണം: യൂത്ത് കോണ്‍ . വനിതാ നേതാവ് റിമാന്‍ഡില്‍

ഹരിപ്പാട്: കൂട്ടുകിടക്കാന്‍പോയ വീട്ടില്‍നിന്ന് ആറര പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു പണയംവച്ച കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് ചിങ്ങോലി മണ്ഡലം പ്രസിഡന്റ് മണ്ണാന്റെ കിഴക്കതില്‍ രമണി (26)യെ റിമാന്‍ഡ്ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായ ഇവരെ ഹരിപ്പാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. പ്രതിയെ ആലപ്പുഴ വനിതാ ജയിലിലേക്കു മാറ്റി. കയര്‍ഫെഡിലെ താല്‍ക്കാലിക ജീവനക്കാരിയാണ് രമണി. അതേസമയം, മോഷ്ടിച്ച സ്വര്‍ണം പണയംവച്ച മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട്ട് ആസൂത്രണംചെയ്ത "മൂത്രാഭിഷേകം" കഥയിലെ നായികയുമായ സേതുലക്ഷ്മിയെ അറസ്റ്റ് ചെയ്യ്തിട്ടില്ല. കെഎസ്എഫ്ഇ ഹരിപ്പാട് ശാഖയില്‍ സേതുലക്ഷ്മിയാണ് സ്വര്‍ണം 67,000 രൂപയ്ക്ക് പണയംവെച്ചത്. ചിങ്ങോലി കോവിലുപറമ്പില്‍ ജേക്കബ് ഫിലിപ്പോസിന്റെ വീട്ടില്‍നിന്ന് അഞ്ചുപവന്റെ സ്വര്‍ണമാല, മിന്ന്, വള എന്നിവയാണ് മോഷ്ടിച്ചത്. ഇവരുടെ വീട്ടില്‍ രാത്രിയില്‍ രമണി കൂട്ടുകിടക്കാന്‍ എത്തുമായിരുന്നു.

ജേക്കബിന്റെ ഭാര്യ ജോളി നവംബര്‍ 24ന് മോഷണം സംബന്ധിച്ച് കരീലക്കുളങ്ങര പൊലീസില്‍ പരാതി നല്‍കി. മോഷണത്തെകുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് സേതുലക്ഷ്മിയെക്കൊണ്ട് രമണി സ്വര്‍ണം പണയംവെപ്പിച്ചതായി വ്യക്തമായത്. അടുത്തിടെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അപമര്യാദയയായി പെരുമാറിയെന്ന് ആരോപിച്ച് രമണി കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതരായ കോണ്‍ഗ്രസിലെ ഒരുവിഭാഗം എ ഗ്രൂപ്പുമായി ചേര്‍ന്ന് പൊലീസില്‍ ചെലുത്തിയ സ്വാധീനമാണ് രമണിക്കെതിരായ നടപടി വേഗത്തിലാക്കിയത്. എന്നാല്‍ , ഹരിപ്പാട് എംഎല്‍എകൂടിയായ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ബന്ധുവാണ് സേതുലക്ഷ്മി. ഇവരെ പ്രതിയാക്കാതിരിക്കാന്‍ ഉന്നതകേന്ദ്രങ്ങളില്‍നിന്ന് ശക്തമായ സമ്മര്‍ദ്ദമുണ്ട്.

deshabhimani 251211

1 comment:

  1. യുവതിയുടെ മൃതദേഹത്തിന്റെ നഗ്നചിത്രമെടുത്ത് മൊബൈല്‍ഫോണില്‍ സൂക്ഷിച്ച് കുട്ടികളടക്കം നിരവധിപേരെ കാണിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു.

    ReplyDelete