Saturday, December 24, 2011

ഗ്രാമങ്ങള്‍ നഗരങ്ങളുടെ കുപ്പത്തൊട്ടിയല്ല

തലസ്ഥാന നഗരിയിലെ മാലിന്യം നീക്കംചെയ്യല്‍ മൂന്നു ദിവസങ്ങളായി സ്തംഭിച്ചിരിക്കുകയാണ്. നഗരജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഇതുമൂലമുണ്ടാകുന്ന ശ്വാസംമുട്ടല്‍ വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല. നഗരവല്‍ക്കരണത്തിന്റെ അനന്തരഫലം എന്ന നിലയില്‍ മാലിന്യകൂമ്പാരങ്ങള്‍ ലോകത്തെല്ലായിടത്തും പെരുകുന്നുണ്ട്. അവയുടെ നിര്‍മാര്‍ജനം നഗരഭരണസംവിധാനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.

നഗരങ്ങളുടെ മാലിന്യകൂമ്പാരം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട കേന്ദ്രങ്ങളായി സമീപപ്രദേശങ്ങളിലെ ഗ്രാമങ്ങള്‍ എക്കാലവും കൈകെട്ടിനില്‍ക്കുമെന്ന് ചിന്തിക്കുന്നതില്‍ അര്‍ഥമില്ല. തലസ്ഥാന നഗരിയിലെ മാലിന്യസംസ്‌കരണകേന്ദ്രം നിലകൊള്ളുന്ന വിളപ്പില്‍ശാലയിലെ ജനങ്ങള്‍ ഇക്കാര്യമാണ് വിളിച്ചറിയിക്കുന്നത്. 348 ദിവസങ്ങള്‍ അവര്‍ സമരം ചെയ്തത് അധികാരകേന്ദ്രങ്ങള്‍ കണ്ണുതുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്. തിരുവനന്തപുരംപോലെ ഒരു വലിയ നഗരത്തില്‍ പ്രതിദിനം ഉണ്ടാകുന്ന എല്ലാത്തരം മാലിന്യങ്ങളുമാണ് വിളപ്പില്‍ശാലയിലെ ഫാക്ടറികളിലേയ്ക്ക് എത്തിക്കൊണ്ടിരുന്നത്. നൂറുകണക്കിന് ടണ്‍വരുന്ന ഈ മാലിന്യങ്ങള്‍ സംസ്‌കരണത്തിനായി ഫാക്ടറിയിലേയ്ക്കാണ് കൊണ്ടുവരുന്നതെങ്കിലും ആ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും അതുമൂലം അനുഭവിച്ച പ്രയാസങ്ങള്‍ വലുതായിരുന്നു. ആ ദയനീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിളപ്പില്‍ശാലയെ പട്ടണവാസികളുടെ മാലിന്യം പേറുന്ന സ്ഥലമായിക്കാണരുതെന്ന് കക്ഷിഭേദമന്യേ അവിടത്തെ ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടുപോന്നത്. അവരുടെ നിലപാട് തെറ്റാണെന്ന് ഒരാള്‍ക്കും പറയാന്‍ കഴിയില്ല.

നഗരാസൂത്രണത്തിന്റെ മുമ്പില്‍ അടിയന്തിര പ്രാധാന്യമുള്ള ഒന്നാണ് മാലിന്യനിര്‍മാര്‍ജനത്തിന്റേത്. എന്നാല്‍ നഗരസൗന്ദര്യത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ക്കിടയില്‍ ഈ അടിസ്ഥാനപ്രശ്‌നം പലപ്പോഴും വിസ്മരിക്കപ്പെട്ടുപോകുന്നു. നഗരത്തിനു സൗന്ദര്യമേറ്റാന്‍ ഗ്രാമങ്ങള്‍ വികൃതമാകണമെന്ന സമീപനത്തിന്റെ പിറകിലുള്ളത് കൈയൂക്കിന്റെ തത്വശാസ്ത്രമാണ്. ശക്തന്‍മാര്‍ ജയിക്കട്ടെയെന്നും ദുര്‍ബലന്‍മാര്‍ സഹിക്കട്ടെയെന്നും പറയുന്ന ഈ തത്വശാസ്ത്രത്തിനുപിറകില്‍ കമ്പോളവ്യവസ്ഥയുടെ സ്വാധീനമാണുള്ളത്. അതിന്റെ നീതിശാസ്ത്രങ്ങള്‍ ലോകത്തെല്ലാം വെല്ലുവിളിക്കപ്പെടുന്നതിന്റെ ഭാഗമായിത്തന്നെയാണ് ഗ്രാമങ്ങളിലെ ജനകീയ ഉയിര്‍ത്തെഴുന്നേല്‍പ്പിനെയും കാണേണ്ടത്.

തിരുവനന്തപുരം നഗരസഭയുടെ ചുമതലക്കാര്‍ ഈ വസ്തുതകളെപ്പറ്റി ബോധ്യമുള്ളവരാണ്. അവരുടെ സാമൂഹികപ്രതിബദ്ധതയെക്കുറിച്ച് ജനങ്ങള്‍ക്കു മതിപ്പാണുള്ളത്. അവരുടെ പരിശ്രമത്തിനും ആത്മാര്‍ഥതയ്ക്കും പരിഹാരം കാണാനാവാത്തവിധം സങ്കീര്‍ണമായി മാലിന്യപ്രശ്‌നം  മാറിക്കഴിഞ്ഞു. ചവര്‍ ഫാക്ടറി അടച്ചുപൂട്ടിയ പഞ്ചായത്ത് അധികൃതര്‍ അത്തരമൊരു നടപടിക്കു നിര്‍ബന്ധിതമായ സാഹചര്യങ്ങള്‍ അനുഭാവപൂര്‍വം മനസ്സിലാക്കപ്പെടേണ്ടതാണ്. നഗരസഭയും ഗ്രാമസഭയും തമ്മില്‍ പരസ്പരം കുറ്റാരോപണം നടത്തിയാല്‍ തീരുന്ന പ്രശ്‌നമല്ല ഇത്.

സംസ്ഥാന ഗവണ്‍മെന്റിന്റെ മുന്‍കൈയില്‍ നഗര-ഗ്രാമസഭകള്‍ ഒന്നിച്ചിരുന്ന് മാലിന്യനിര്‍മാര്‍ജനപ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണം. മണിക്കൂറുകള്‍ കൊണ്ടു കണ്ടെത്തേണ്ട താല്‍ക്കാലിക പരിഹാരവും മാസങ്ങള്‍ വേണ്ടിവരുന്ന ശാശ്വതപരിഹാരവും വേണ്ടിവരും. ചുറ്റുപാടുകളെ മറന്നുകൊണ്ടുള്ള ജീവിതരീതിക്ക് അടിയന്തിരമായി മാറ്റമുണ്ടാകണം. തങ്ങള്‍ ഉണ്ടാക്കുന്ന മാലിന്യങ്ങള്‍ മറ്റാരെങ്കിലും ചുമന്നുകൊള്ളുമെന്നുള്ള ചിന്താഗതിക്കും മാറ്റമുണ്ടാകണം.

അതിനു വഴിയൊരുക്കാന്‍ തദ്ദേശ,സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമുള്ള ഉത്തരവാദിത്വത്തിലേയ്ക്കാണ് തലസ്ഥാനനഗരിയും വിളപ്പില്‍ശാലയും വിരല്‍ചൂണ്ടുന്നത്.

janayugom editorial 241211

1 comment:

  1. തലസ്ഥാന നഗരിയിലെ മാലിന്യം നീക്കംചെയ്യല്‍ മൂന്നു ദിവസങ്ങളായി സ്തംഭിച്ചിരിക്കുകയാണ്. നഗരജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഇതുമൂലമുണ്ടാകുന്ന ശ്വാസംമുട്ടല്‍ വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല. നഗരവല്‍ക്കരണത്തിന്റെ അനന്തരഫലം എന്ന നിലയില്‍ മാലിന്യകൂമ്പാരങ്ങള്‍ ലോകത്തെല്ലായിടത്തും പെരുകുന്നുണ്ട്. അവയുടെ നിര്‍മാര്‍ജനം നഗരഭരണസംവിധാനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്

    ReplyDelete