Wednesday, December 28, 2011

ഓര്‍മകളില്‍ ദീപസ്തംഭമായ് ഈ വീട്

ആലപ്പുഴ: 1948 ആഗസ്റ്റ് 19. കേരള രാഷ്ട്രീയ ഭൂമികയില്‍ കാലം കൊത്തിവച്ച ദുഃഖസാന്ദ്ര ദിനം. ആരോരുമറിയാത്ത കണ്ണര്‍കാട് ചെല്ലിക്കണ്ടം വീടും പരിസരവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ തിളക്കമാര്‍ന്ന അക്ഷരങ്ങളാല്‍ എഴുതപ്പെട്ടത് അന്നു മുതലാണ്. പി കൃഷ്ണപിള്ളയുടെ അവസാന നാളുകള്‍ക്ക് സാക്ഷിയായതിലൂടെ. കേരളം ഹൃദയപൂര്‍വം ഏറ്റുവാങ്ങിയ മുദ്രാവാക്യം "സഖാക്കളേ മുന്നോട്ട്" ചെല്ലിക്കണ്ടംവീട്ടിലെ അവസാന ശ്വാസത്തില്‍നിന്നാണ് ഉതിര്‍ന്നത്. ഈ വീടിന്റെ ചാണകമെഴുകിയ ഉമ്മറക്കോലായില്‍നിന്ന് വിപ്ലവപ്രസ്ഥാനവും കേരളവും ആ മഹാവാക്യം നെഞ്ചേറ്റി.

നിരോധനംമൂലം കമ്യൂണിസ്റ്റ്പാര്‍ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പുറത്തിറങ്ങാനാകാത്ത കാലം. പാര്‍ടി സംസ്ഥാന സെന്റര്‍ ചേരണം. ഏറെ ആലോചനയ്ക്കുശേഷം ആലപ്പുഴയ്ക്കടുത്ത് എവിടെയെങ്കിലും യോഗം ചേരാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ചെല്ലിക്കണ്ടം വീട് തെരഞ്ഞെടുത്തത്. എകെജി ഒളിവില്‍ കഴിഞ്ഞ, സുശീല ഗോപാലന്റെ മുഹമ്മ ചീരപ്പന്‍ചിറ വീട്ടില്‍ സഖാവ് രഹസ്യമായി പാര്‍ടിക്ലാസ് നടത്തുമായിരുന്നു. അതില്‍ പങ്കെടുത്ത പുന്നപ്ര-വയലാര്‍ സമരസേനാനി സി കെ കരുണാകരെന്‍റ വാക്കുകളിങ്ങനെ: "സഖാവിന്റെ ക്ലാസ് വലിയ അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസും ഉപദേശവുമാണ് ഞങ്ങളുടെ തലമുറയില്‍പ്പെട്ടവര്‍ക്ക് വഴികാട്ടിയായത്."

1930-കളുടെ ആദ്യംമുതല്‍ക്കേ കൃഷ്ണപിള്ള ആലപ്പുഴയിലുണ്ട്; കയര്‍ഫാക്ടറി ജോലിക്കാരനായി. തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ഒരു മറയായിരുന്നു ജോലി. സഖാവ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ കയര്‍തൊഴിലാളികള്‍ക്കിടയില്‍ വലിയ മതിപ്പുളവാക്കി. 1938-ല്‍ നടന്ന പണിമുടക്ക് ഐതിഹാസിക വിജയവും. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 1938 ഒക്ടോബര്‍ 23-ന് ഒരുലക്ഷം പേരുടെ മഹാപ്രകടനം. ഈ പ്രവര്‍ത്തനങ്ങളിലൂടെ സഖാവിന് ആലപ്പുഴയുടെ ഭൂമിശാസ്ത്രം കാണാപ്പാഠം. ചെല്ലിക്കണ്ടത്തെ ഗൃഹനാഥന്‍ കുഞ്ഞുപിള്ള കയര്‍ത്തൊഴിലാളിയും കമ്യൂണിസ്റ്റ് അനുഭാവിയും. വീടു നില്‍ക്കുന്ന പ്രദേശം വൃക്ഷങ്ങളാല്‍ നിബിഡം. പുറത്തുനിന്ന് പെട്ടെന്നാര്‍ക്കും ചെല്ലാനാകില്ല. അവിടെയാര്‍ക്കും സഖാവിനെ നേരിട്ടറിയില്ല. നാലഞ്ചു ദിവസംമുമ്പ് തയ്യാറെടുപ്പിന് അദ്ദേഹം വീട്ടിലെത്തി. ആഗസ്റ്റ് 19-ന് രാവിലെ പത്തര. പ്രഭാതഭക്ഷണത്തിനുശേഷം ഉമ്മറത്ത് വാതിലിനോടു ചേര്‍ന്ന് കാലുകള്‍ പുറത്തേക്കിട്ട് യോഗത്തില്‍ അവതരിപ്പിക്കേണ്ട രേഖകളുടെ കുറിപ്പ് തയ്യാറാക്കുകയാണ് സഖാവ്. ഇടയ്ക്ക് കാലിലെന്തോ കടിച്ചതുപോലെ. ധൃതിയില്‍ എഴുന്നേറ്റുനോക്കി. എന്തോ കടിച്ചിട്ടുണ്ട്...പാമ്പ്...? സംശയമായി. കുഞ്ഞുപിള്ളയുടെ ഭാര്യ കല്യാണിയോട് കാര്യം പറഞ്ഞു. അവര്‍ കൊടുത്ത വെള്ളം കുടിച്ചു. അവശനായി അതിനകം സഖാവ് തളര്‍ന്നുവീണിരുന്നു. വീട്ടമ്മ അയല്‍പക്കത്തെ വീടുകളിലേക്ക് ഓടി വിവരം പറഞ്ഞു. ഏതാനുംപേര്‍ എത്തി കട്ടിലില്‍ കിടത്തി. ശേഷമുള്ള കാര്യങ്ങള്‍ കുഞ്ഞുപിള്ളയ്ക്കൊപ്പം ജോലിചെയ്ത പുന്നപ്ര-വയലാര്‍ സമരസേനാനിയും സിപിഐ എം നേതാവുമായ മുഹമ്മ പുത്തന്‍പറമ്പില്‍ കെ വി തങ്കപ്പന്‍ പറയുന്നു.

"വില്യംഗുഡേക്കര്‍ കയര്‍ഫാക്ടറിയില്‍ ജോലിചെയ്യുന്ന കുഞ്ഞുപിള്ളയെ ആരോ വിവരം അറിയിച്ചു. അദ്ദേഹവും ഞാനും ചില തൊഴിലാളികളും ചെല്ലിക്കണ്ടത്തേക്ക് പാഞ്ഞെത്തി. സഖാവിന്റെ കണ്ണടയും പേനയും താഴെ കിടക്കുന്നു. എല്ലാവരും ചേര്‍ന്ന് കട്ടിലില്‍ ചുമന്ന് അടുത്തുള്ള വിഷഹാരി മാലൂര്‍ തണ്ടാരുടെയടുത്തെത്തിച്ചു. അവിടെനിന്ന് ലോറിമാര്‍ഗം ചേര്‍ത്തലയിലെ വടയത്തോടന്റെ വീട്ടിലേക്കും കൊല്ലത്തെ വിഷചികിത്സകന്റെ അടുത്തേക്കും കൊണ്ടുപോയി."

തൊട്ടടുത്ത ദിവസം ചേതനയറ്റ ആ ശരീരവുമായി ലോറി തിരിച്ചെത്തി. അപ്പോഴാണ് മരിച്ചത് കൃഷ്ണപിള്ളയാണെന്ന് ലോകമറിഞ്ഞത്. മാലൂരിന്റെ അടുത്തേക്കുള്ള യാത്രക്കു മുമ്പായിരുന്നു പ്രശസ്തമായ ആഹ്വാനം. "എന്റെ കണ്ണുകളില്‍ ഇരുട്ടു നിറയുന്നു. ഒന്നിനുമാകുന്നില്ല. പോരാട്ടം തുടരുക. സഖാക്കളേ മുന്നോട്ട്...!" ചെല്ലിക്കണ്ടം വീടും പറമ്പും സിപിഐ എം ഏറ്റെടുത്ത് സ്മാരകമാക്കി. കെട്ടും മട്ടും പഴയ ഓലമേഞ്ഞ വീടിന്റേതുതന്നെ. നാശോന്മുഖമാകാതിരിക്കാന്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി. കൃഷ്ണപിള്ള ഉപയോഗിച്ച കണ്ണടയും പേനയും സ്മാരകത്തിലുണ്ട്. മുന്നില്‍ സഖാവിന്റെ അര്‍ധകായപ്രതിമയും.
(എം സുരേന്ദ്രന്‍)

deshabhimani 281211

1 comment:

  1. 1948 ആഗസ്റ്റ് 19. കേരള രാഷ്ട്രീയ ഭൂമികയില്‍ കാലം കൊത്തിവച്ച ദുഃഖസാന്ദ്ര ദിനം. ആരോരുമറിയാത്ത കണ്ണര്‍കാട് ചെല്ലിക്കണ്ടം വീടും പരിസരവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ തിളക്കമാര്‍ന്ന അക്ഷരങ്ങളാല്‍ എഴുതപ്പെട്ടത് അന്നു മുതലാണ്. പി കൃഷ്ണപിള്ളയുടെ അവസാന നാളുകള്‍ക്ക് സാക്ഷിയായതിലൂടെ. കേരളം ഹൃദയപൂര്‍വം ഏറ്റുവാങ്ങിയ മുദ്രാവാക്യം "സഖാക്കളേ മുന്നോട്ട്" ചെല്ലിക്കണ്ടംവീട്ടിലെ അവസാന ശ്വാസത്തില്‍നിന്നാണ് ഉതിര്‍ന്നത്. ഈ വീടിന്റെ ചാണകമെഴുകിയ ഉമ്മറക്കോലായില്‍നിന്ന് വിപ്ലവപ്രസ്ഥാനവും കേരളവും ആ മഹാവാക്യം നെഞ്ചേറ്റി

    ReplyDelete