Saturday, December 31, 2011

തലമുറകളുടെ സംഗമം; പോരാളികളുടെയും

ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗര്‍ : പ്രായം തളര്‍ത്താതെ പഴയകാല നായകര്‍ , പുതിയ ആവേശവുമായി പുതിയവര്‍ . തലമുറകളുടെ സംഗമാവുകയാണ് സിപിഐ എം ജില്ലാസമ്മേളന നഗരി. വിവിധ സമരങ്ങളുടെ മുന്നണിപ്പോരാളികളായി ജില്ലയില്‍ നിറഞ്ഞുനില്‍ക്കുന്നവരാണ് പ്രതിനിധികളായി പങ്കെടുക്കുന്നത്. ജില്ലയില്‍ സിപിഐ എം കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിന്ന് പ്രവര്‍ത്തിച്ച പി വി വര്‍ഗീസ് വൈദ്യര്‍തന്നെയാണ് പ്രതിനിധികള്‍ക്കിടയിലെ കാരണവര്‍ . കോഴിക്കോട് ജില്ലാകമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ച വര്‍ഗീസ് വൈദ്യര്‍ (88) വയനാട് ജില്ലാകമ്മിറ്റി രൂപീകരണം മുതല്‍ ജില്ലാനേതൃത്വത്തിലുണ്ട്. ബത്തേരിയിലെ മുന്‍ എംഎല്‍എകൂടിയാണ്. 60 ദിവസം ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.

ജില്ലാ സെക്രട്ടറിയറ്റംഗം പി കുഞ്ഞിക്കണ്ണനാണ് പ്രായത്തില്‍ രണ്ടാമത്. 83 വയസ്സുണ്ട്. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്തുനിന്ന് വയനാട്ടിലെത്തിയ കുഞ്ഞിക്കണ്ണന്‍ വയനാട്ടുകാര്‍ക്ക് "സഖാവ്" ആണ്. കോഴിക്കോട് ജില്ലാകമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ച അദ്ദേഹം എല്ലാ ജില്ലാസമ്മേളനങ്ങളിലും പങ്കെടുത്തു. തോട്ടം തൊഴിലാളികള്‍ക്കിടയില്‍ അവരിലൊരാളായി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്നും ഓടിനടക്കുന്ന പി കുഞ്ഞിക്കണ്ണന്‍ പ്രായംതളര്‍ത്താത്ത പോരാളിയാണ്. ഒരുവര്‍ഷം ജയില്‍വാസവും അനുഭവിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകന്‍കൂടിയായ ജംഷീദാണ് (22) പ്രായം കുറഞ്ഞ പ്രതിനിധി.

28 ജില്ലാകമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ 203 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രതിനിധികളില്‍ 44 പേര്‍ സ്ത്രീകളാണ്. മര്‍ദനങ്ങളും ജയില്‍വാസവും അനുഷ്ടിച്ചവരും പ്രതിലോമ രാഷ്ട്രീയത്തോടേറ്റുമുട്ടിയും പൊലീസിന്റെ കള്ളക്കേസിലും കുടുങ്ങി ഒളിവില്‍ കഴിയേണ്ടിവന്നവരും സമ്മേളനത്തിലുണ്ട്. ജില്ലയിലെ ആദിവാസി സമരമുന്നേറ്റങ്ങളില്‍ അവരുടെ നായകസ്ഥാനത്തുനിന്ന ഒട്ടേറെപ്പേര്‍ പ്രതിനിധികളായും സംഘാടകാരായും സമ്മേളന നഗരിയലുണ്ട്. ഇവരിലേറെപ്പേര്‍ക്കും അനുഭവം നല്‍കിയ കരുത്താണ് സമ്പത്ത്. ഭൂമിക്കുവേണ്ടിയുള്ള വന്‍ പ്രക്ഷോഭങ്ങളായിരുന്നു കഴിഞ്ഞകാലത്ത് വയനാട്ടിനെ ശ്രദ്ധേയമാക്കിയത്. ഒരുപിടി മണ്ണും കിടന്നുറങ്ങാന്‍ ഒരുവീടും എന്ന സ്വപ്നത്തിലേക്ക് ആദിവാസി വിഭാഗത്തെ നയിച്ചവരില്‍ ഏറെപ്പേരും ജയില്‍വാസവും അനുഷ്ടിച്ചവരാണ്. വയനാട് എന്ന ജില്ല സങ്കല്‍പം മാത്രമായിരുന്ന കാലം മുതല്‍ ഈ മണ്ണില്‍ അവകാശസമരങ്ങള്‍ക്ക് കൊടിപിടിച്ച നേതാക്കളുടെ നിര ഇപ്പോഴും സജീവമായി സംഘടനാരംഗത്തുണ്ട്.

ആദ്യപഥികരായി ഇവര്‍ അഞ്ചുപേര്‍ ...

ഹര്‍കിഷന്‍സിങ് നഗര്‍ (ബത്തേരി): അവരുടെ ഓര്‍മകളില്‍ ഇപ്പോഴും കടലിരമ്പമായി ഇന്നലെകളുണ്ട്. 1973ല്‍ വയനാട് കേന്ദ്രീകരിച്ച് സിപിഐ എം ആദ്യജില്ലാകമ്മിറ്റി രൂപീകരിച്ചതുമുതല്‍ സമരസജ്ജമായ നാളുകള്‍ ...വെല്ലുവളികള്‍ നേരിട്ട് സിപിഐ എം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജം പകര്‍ന്നവര്‍ . പ്രായം തളര്‍ത്താത്ത സമരവീര്യവുമായി അവരിന്നും പൊതുരംഗത്ത് സജീവം. ആദ്യജില്ലാകമ്മിറ്റി മുതല്‍ ജില്ലാനേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചുപേര്‍ ഇക്കുറിയും സമ്മേളനത്തിനെത്തി. സംസ്ഥാന കമ്മിറ്റിയംഗം പി എ മുഹമ്മദ്, ജില്ലാ സെക്രട്ടറിയറ്റംങ്ങളായ പി കുഞ്ഞിക്കണ്ണന്‍ , കെ വി മോഹനന്‍ , ജില്ലാകമ്മിറ്റിയംഗങ്ങളായ പി വി വര്‍ഗീസ്വൈദ്യര്‍ , വി പി ശങ്കരന്‍നമ്പ്യാര്‍ എന്നിവര്‍ .

റവന്യൂ ജില്ല രൂപീകരണത്തിന് മുമ്പുതന്നെ പാര്‍ടി ജില്ലാകമ്മിറ്റി രൂപീകരിച്ച് മാതൃകയായപ്പോള്‍ അമരത്ത് ഇവരുണ്ടായിരുന്നു. "ഇല്ലാത്ത ജില്ലയ്ക്ക് വല്ലാത്ത സെക്രട്ടറി"- വയനാട് ജില്ല രൂപീകരിക്കുന്നതിനുമുമ്പുതന്നെ പാര്‍ടി ജില്ലാകമ്മിറ്റി രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ നടത്തിയ പ്രചാരണം ഇങ്ങനെയായിരുന്നുവെന്ന് പി കുഞ്ഞിക്കണ്ണനും വി പി ശങ്കരന്‍ നമ്പ്യാരും ഓര്‍മിക്കുന്നു. സി പി മൂസാന്‍കുട്ടിയായിരുന്നു ജില്ലാസെക്രട്ടറി. വയനാട് ജില്ല രൂപീകരിക്കാന്‍ഗപാകുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞത്. എന്നാല്‍ വയനാട്ടുകാരുടെ ആഗ്രഹം സഫലമാക്കി 1980 നവംബര്‍ ഒന്നിന് ഇ കെ നായനാര്‍ സര്‍ക്കാര്‍ വയനാട് ജില്ല രൂപീകരിച്ചു. 1956 വരെ മലബാര്‍ ജില്ലയുടെ ഭാഗമായി ഒരുതാലൂക്ക് മാത്രമാണുണ്ടായിരുന്നത്. കേരളപ്പിറവിയോടെ നോര്‍ത്ത് വയനാട് താലൂക്ക് കണ്ണൂര്‍ ജില്ലയിലും സൗത്ത് വയനാട് താലൂക്ക് കോഴിക്കോട് ജില്ലയിലും ഉള്‍പ്പെടുത്തി. തലശേരിയില്‍ ചേര്‍ന്ന പാര്‍ടി പ്രത്യേകസമ്മേളനം വയനാട് ജില്ല രൂപീകരിക്കണമെന്ന് സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് പാര്‍ടി ജില്ലാകമ്മിറ്റി രൂപീകരിച്ചു. മാനന്തവാടിയിലെ രാമര്‍ സറാപ്പിന്റെ വീട്ടിലായിരുന്നു ആദ്യജില്ലാസമ്മേളനം ചേര്‍ന്നതെന്ന് അന്ന് കെഎസ്വൈഎഫ് നേതാവായിരുന്ന കെ വി മോഹനന്‍ ഓര്‍ക്കുന്നു. 13 അംഗ ജില്ലാകമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. സി പി മൂസാന്‍കുട്ടിയെ കൂടാതെ, പി വി വര്‍ഗീസ് വൈദ്യര്‍ , പി എ മുഹമ്മദ്, കെ പത്മനാഭന്‍ , പി കുഞ്ഞിക്കണ്ണന്‍ എന്നിവരായിരുന്നു സെക്രട്ടറിയറ്റംഗങ്ങള്‍ . കെ വി മോഹനന്‍ കമ്മിറ്റിയംഗമായി. വര്‍ഗീസ്വൈദ്യരും കുഞ്ഞിക്കണ്ണനും കോഴിക്കോട് ജില്ലാകമ്മിറ്റിയംഗങ്ങളായിരുന്നു. പത്മനാഭനും മൂസാന്‍കുട്ടിയും കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗങ്ങളും. 1961 മുതല്‍ കോഴിക്കോട് ജില്ലാകമ്മിറ്റിയംഗമായിരുന്നു പി കുഞ്ഞിക്കണ്ണന്‍ . വയനാട് ജില്ല രൂപീകരണസമയത്ത് സൗത്ത് വയനാട് താലൂക്കില്‍ പി വി വര്‍ഗീസ് വൈദ്യരും നോര്‍ത്തില്‍ കെ പത്മനാഭനുമായിരുന്നു സെക്രട്ടറിമാര്‍ . മുന്നൂറില്‍താഴെ അംഗങ്ങള്‍മാത്രമായിരുന്നു രൂപീകരണസമയത്ത് ജില്ലയിലെ പാര്‍ടി അംഗങ്ങള്‍ എന്ന് പി എ മുഹമ്മദ് പറഞ്ഞു. ഇപ്പോള്‍ 6900 അംഗങ്ങളുണ്ട്.

സിപിഐ എം നേതൃത്വത്തില്‍ നടത്തിയ സമരങ്ങളാണ് ജില്ലയില്‍ പാര്‍ടി സ്വാധീനം വര്‍ധിപ്പിക്കാനിടയായതെന്ന് 25 വര്‍ഷം ജില്ലാസെക്രട്ടറിയുടെ ചുമതല നിര്‍വഹിച്ച പി എ മുഹമ്മദ് പറഞ്ഞു. തോട്ടം തൊഴിലാളികളും ആദിവാസി ജനവിഭാഗത്തില്‍പ്പെട്ടവരുടെയും മുന്നേറ്റത്തിന് എണ്ണമറ്റ പേരാട്ടങ്ങളാണ് ജില്ലയില്‍ ഉയര്‍ന്നുവന്നത്. ജില്ലാകമ്മിറ്റി രൂപീകരിച്ചതിനുശേഷം പതിമൂന്നാമത് സമ്മേളനമാണ് ബത്തേരിയിലേത്. 2007ല്‍ പനമരത്തുനടന്ന സമ്മേളനംവരെയും പി എ ആയിരുന്നു സെക്രട്ടറി.

deshabhimani 311211

1 comment:

  1. അവരുടെ ഓര്‍മകളില്‍ ഇപ്പോഴും കടലിരമ്പമായി ഇന്നലെകളുണ്ട്. 1973ല്‍ വയനാട് കേന്ദ്രീകരിച്ച് സിപിഐ എം ആദ്യജില്ലാകമ്മിറ്റി രൂപീകരിച്ചതുമുതല്‍ സമരസജ്ജമായ നാളുകള്‍ ...വെല്ലുവളികള്‍ നേരിട്ട് സിപിഐ എം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജം പകര്‍ന്നവര്‍ . പ്രായം തളര്‍ത്താത്ത സമരവീര്യവുമായി അവരിന്നും പൊതുരംഗത്ത് സജീവം. ആദ്യജില്ലാകമ്മിറ്റി മുതല്‍ ജില്ലാനേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചുപേര്‍ ഇക്കുറിയും സമ്മേളനത്തിനെത്തി. സംസ്ഥാന കമ്മിറ്റിയംഗം പി എ മുഹമ്മദ്, ജില്ലാ സെക്രട്ടറിയറ്റംങ്ങളായ പി കുഞ്ഞിക്കണ്ണന്‍ , കെ വി മോഹനന്‍ , ജില്ലാകമ്മിറ്റിയംഗങ്ങളായ പി വി വര്‍ഗീസ്വൈദ്യര്‍ , വി പി ശങ്കരന്‍നമ്പ്യാര്‍ എന്നിവര്‍ .

    ReplyDelete