Thursday, December 29, 2011
മഞ്ചേരിയില്‍ ചുവപ്പിന്റെ മഹാപ്രവാഹം
പോരാട്ടത്തിന്റെ ചരിത്ര സ്മരണകളുറങ്ങുന്ന ഏറനാടന്‍ മണ്ണില്‍ ചുവപ്പ് പടര്‍ത്തി പതിനായിരങ്ങളുടെ മഹാപ്രവാഹം. അധ്വാനിക്കുന്നവന്റെ സഹനസമരങ്ങളില്‍ മുന്നണിപ്പോരാളികളായി ആബാലവൃദ്ധം മഞ്ചേരി നഗരത്തില്‍ ആവേശത്തിന്റെ അലകടല്‍ തീര്‍ത്തു. സിപിഐ എം ജില്ലാസമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന ചെമ്പടയുടെ മാര്‍ച്ചും ബഹുജന റാലിയും ജില്ലയിലെ പുരോഗമന രാഷ്ട്രീയ മുന്നേറ്റത്തില്‍ പുതിയൊരധ്യായം കുറിച്ചു.
ജനകീയ വിപ്ലവ പ്രസ്ഥാനത്തിന്റെ കൊടിക്കൂറ കൂടുതല്‍ ഉയരങ്ങളില്‍ പാറിക്കുമെന്ന പ്രഖ്യാപനവുമായി നാടാകെ ഒഴുകിയെത്തുന്ന ആവേശഭരിതമായ കാഴ്ചയ്ക്കാണ് ബുധനാഴ്ച വൈകിട്ട് മഞ്ചേരി സാക്ഷ്യംവഹിച്ചത്. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അവകാശപ്പെടാനാവാത്ത സാമൂഹിക പ്രതിബദ്ധതയുടെയും പിന്‍ബലത്തിന്റെയും വിളംബരമായി ബഹുജന റാലി. അച്ചടക്കത്തിന്റെ അഴകും കരുത്തുമായി റെഡ് വളന്റിയര്‍ മാര്‍ച്ച് ചരിത്രവീഥികളെ പുളകമണിയിച്ചു. നിസ്വവര്‍ഗത്തിന്റെ വിമോചന പോരാട്ടങ്ങള്‍ക്ക് താങ്ങും തണലും ചെങ്കൊടിമാത്രമാണെന്ന് പ്രഖ്യാപിച്ച് തൊഴിലാളികളും കര്‍ഷകരുമുള്‍പ്പെടെ ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ റാലിയില്‍ അണിചേര്‍ന്നു. മുത്തുക്കുടകളും വര്‍ണബലൂണുകളും തായമ്പകയും നിശ്ചലദൃശ്യങ്ങളും നാടന്‍ കലാരൂപങ്ങളും വിസ്മയക്കാഴ്ചയൊരുക്കി മഞ്ചേരിയെ ചുവപ്പിച്ചു.
നാടിന്റെ സ്വാസ്ഥ്യം കെടുത്തുന്ന വര്‍ഗീയ-മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിരോധത്തിന്റെ പടയണി തീര്‍ക്കുമെന്ന് റാലിയില്‍ അണിചേര്‍ന്നവര്‍ ഏകസ്വരത്തില്‍ പ്രഖ്യാപിച്ചു. മതരാഷ്ട്രീയത്തിന്റെ മറവില്‍ അധികാരത്തിലേക്ക് കുറുക്കുവഴി തേടുന്ന കുടിലതന്ത്രക്കാര്‍ക്ക് കനത്ത താക്കീതായി മുസ്ലിം ജനവിഭാഗങ്ങളുടെ മുമ്പൊരിക്കലുമില്ലാത്തത്ര വിപുലമായ പങ്കാളിത്തം.
മേലാക്കത്തുനിന്നാണ് വളന്റിയര്‍ മാര്‍ച്ച് ആരംഭിച്ചത്. ഉച്ചയോടെ വിവിധ ഏരിയകളില്‍നിന്നുള്ള റെഡ് വളന്റിയര്‍മാര്‍ മഞ്ചേരി-നിലമ്പൂര്‍ റോഡില്‍ നെല്ലിപ്പറമ്പിനും മേലാക്കത്തിനുമിടയില്‍ കേന്ദ്രീകരിച്ചു. ഇവര്‍ ഏരിയാടിസ്ഥാനത്തില്‍ പ്ലാറ്റ്യൂണുകളായി അണിനിരന്നു. ബ്യൂഗിള്‍ നാദവും ബാന്‍ഡ് വാദ്യങ്ങളും തീര്‍ത്ത ശബ്ദപ്പൊലിമയ്ക്കൊപ്പം ഒരുമയുടെ ഹൃദയതാളമായി വളന്റിയര്‍മാര്‍ ചുവടുവച്ചു. മൂന്ന് കേന്ദ്രങ്ങളില്‍നിന്നാണ് പൊതുപ്രകടനം ആരംഭിച്ചത്. നെല്ലിപ്പറമ്പ് ജങ്ഷന്‍ , തുറക്കല്‍ ബൈപാസ് ജങ്ഷന്‍ , പാണ്ടിക്കാട് റോഡില്‍ കൊരമ്പയില്‍ ആശുപത്രി പരിസരം എന്നിവിടങ്ങളില്‍നിന്ന് തുടങ്ങിയ പ്രകടനം മഞ്ചേരി ടൗണ്‍ ജങ്ഷനില്‍ സംഗമിച്ചു. തുടര്‍ന്ന് ചെമ്പടക്കുപിറകെ പൊതുസമ്മേളന നഗരിയായ കെ സെയ്താലിക്കുട്ടി നഗരിയിലേക്ക് (ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ട്) നീങ്ങി. സമ്മേളന പ്രതിനിധികള്‍ ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് പ്രകടനമായി കോഴിക്കോട് റോഡില്‍ പ്രവേശിച്ച് മഞ്ചേരി ജങ്ഷനിലെത്തി വളന്റിയര്‍ മാര്‍ച്ചിന് തൊട്ടുപിറകില്‍ അണിചേര്‍ന്നു. പ്രകടനം പ്രധാന കവാടം കടക്കുംമുമ്പുതന്നെ പൊതുസമ്മേളന നഗരി ഏതാണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. പൊതുസമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ അധ്യക്ഷനായി. പാലോളി മുഹമ്മദ്കുട്ടി, എ വിജയരാഘവന്‍ , ഇ പി ജയരാജന്‍ , പി കെ ശ്രീമതി, കെ ടി ജലീല്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു. ടി കെ ഹംസ സ്വാഗതവും ഇ എന്‍ മോഹന്‍ദാസ് നന്ദിയും പറഞ്ഞു.
പി പി വാസുദേവന്‍ സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറി
മഞ്ചേരി: സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയായി പി പി വാസുദേവനെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. പാര്‍ടി സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാനും ജില്ലാ സെക്രട്ടറിയറ്റ് അംഗവുമാണ്. 35 അംഗ ജില്ലാ കമ്മിറ്റിയെയും 26 സംസ്ഥാന സമ്മേളന പ്രതിനിധികളെയും എതിരില്ലാതെ തെരഞ്ഞെടുത്തു. ആരോഗ്യപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞ ജില്ലാ സെക്രട്ടറി കെ ഉമ്മര്‍ മാസ്റ്ററാണ് ജില്ലാ കമ്മിറ്റി യോഗത്തില്‍ പി പി വാസുദേവന്റെ പേര് നിര്‍ദേശിച്ചത്. കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായി. എട്ടുപേര്‍ പുതുതായി ജില്ലാ കമ്മിറ്റിയിലെത്തി.
അംഗങ്ങള്‍ : പി പി വാസുദേവന്‍ , കെ ഉമ്മര്‍ മാസ്റ്റര്‍ , വി വി ഗോപിനാഥ്, പി നന്ദകുമാര്‍ , സി ദിവാകരന്‍ , വി ശശികുമാര്‍ , പി പി അബ്ദുള്ളക്കുട്ടി, വേലായുധന്‍ വള്ളിക്കുന്ന്, ഇ എന്‍ മോഹന്‍ദാസ്, ജോര്‍ജ് കെ ആന്റണി, കൂട്ടായി ബഷീര്‍ , കെ രാമദാസ്, എം എം നാരായണന്‍ , ടി പി സുല്‍ഫിക്കറലി, സി വിജയലക്ഷ്മി, എം മുഹമ്മദ് മാസ്റ്റര്‍ , ഐ ടി നജീബ്, പി ജ്യോതിഭാസ്, സി എച്ച് ആഷിഖ്, കെ പി രമണന്‍ , എം സ്വരാജ്, കെ പി സുമതി, കെ പി അനില്‍ , ടി പി ജോര്‍ജ്, പി ടി ഉമ്മര്‍ , വി പി സഖറിയ, ടി എം സിദ്ദീഖ്, പി കെ കുഞ്ഞുമോന്‍ , എ ശിവദാസന്‍ , ഇ ജയന്‍ , എന്‍ രാജന്‍ , വി പി അനില്‍ , അസൈന്‍ കാരാട്ട്, വി എം ഷൗക്കത്ത്, വി രമേശന്‍ .
deshabhimani 291211
Subscribe to:
Post Comments (Atom)
പോരാട്ടത്തിന്റെ ചരിത്ര സ്മരണകളുറങ്ങുന്ന ഏറനാടന്‍ മണ്ണില്‍ ചുവപ്പ് പടര്‍ത്തി പതിനായിരങ്ങളുടെ മഹാപ്രവാഹം. അധ്വാനിക്കുന്നവന്റെ സഹനസമരങ്ങളില്‍ മുന്നണിപ്പോരാളികളായി ആബാലവൃദ്ധം മഞ്ചേരി നഗരത്തില്‍ ആവേശത്തിന്റെ അലകടല്‍ തീര്‍ത്തു. സിപിഐ എം ജില്ലാസമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന ചെമ്പടയുടെ മാര്‍ച്ചും ബഹുജന റാലിയും ജില്ലയിലെ പുരോഗമന രാഷ്ട്രീയ മുന്നേറ്റത്തില്‍ പുതിയൊരധ്യായം കുറിച്ചു.
ReplyDelete