Tuesday, December 27, 2011

റഷ്യയില്‍ സംഭവിക്കുന്നത്

രണ്ടു പതിറ്റാണ്ടുമുമ്പ് സോവിയറ്റ് യൂണിയന്‍ എന്ന മഹാശക്തിയുടെ തകര്‍ച്ചയ്ക്ക് കാര്‍മികനായി നിന്ന ആളാണ് മിഖായേല്‍ ഗോര്‍ബച്ചേവ്. രാഷ്ട്രത്തെയും പ്രസ്ഥാനത്തെയും തള്ളിപ്പറഞ്ഞ് തകര്‍ച്ചയിലേക്ക് തള്ളിയിട്ട ഒറ്റുകാരനായാണ് ആ മുന്‍ പ്രസിഡന്റിനെ പിന്നീട് റഷ്യക്കാര്‍ കണ്ടത്. ആ ഗോര്‍ബച്ചേവ് ഇന്നു പറയുന്നു, 20 വര്‍ഷം മുമ്പ് താന്‍ ചെയ്തതെന്തോ അത് ചെയ്യാന്‍ വ്ളാദിമിര്‍ പുടിന്‍ എന്ന ഇന്നത്തെ റഷ്യന്‍ പ്രധാനമന്ത്രിക്ക് സമയമായി എന്ന്. പുടിന്റെ ജനാധിപത്യക്കശാപ്പിനെതിരെ റഷ്യയില്‍ ഇന്ന് സമരരംഗത്തുള്ള പ്രധാന ശക്തി കമ്യൂണിസ്റ്റ് പാര്‍ടിയാണ്. എന്നിട്ടും പ്രഖ്യാപിത കമ്യൂണിസ്റ്റ് വിരോധിയായ ഗോര്‍ബച്ചേവിനുപോലും ഇങ്ങനെ പറയേണ്ടിവന്നത് റഷ്യ ഇന്ന് എത്തിനില്‍ക്കുന്ന അവസ്ഥയുടെ സൂചനയാണ്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ അരാജകത്വത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഗര്‍ത്തത്തില്‍ പതിച്ച റഷ്യയുടെ രക്ഷകനായി സ്വയം വിശേഷിപ്പിച്ചാണ് പുടിന്‍ ഇതുവരെ അധികാരത്തില്‍ തുടര്‍ന്നത്. ഇപ്പോള്‍ ലോകം കാണുന്നത് തെരഞ്ഞെടുപ്പു ക്രമക്കേടിലൂടെ നേടിയ നിസ്സാര ഭൂരിപക്ഷത്തിന് അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന പുടിനെയാണ്. റഷ്യ ജനകീയപ്രതിഷേധത്തില്‍ തിളച്ചുമറിയുകയാണ്. ഭരണഘടനയുടെ നിയന്ത്രണമുള്ളതുകൊണ്ടാണ് ദിമിത്രി മെദ്വദേവിനെ പ്രസിഡന്റുസ്ഥാനത്ത് അവരോധിച്ച് പ്രധാനമന്ത്രിപദത്തിലേക്ക് പുടിന്‍ മാറിയത്. വീണ്ടും പ്രസിഡന്റാകാന്‍ തയ്യാറെടുക്കുന്ന പുടിന് പക്ഷേ, ജനപിന്തുണയില്ലെന്ന് കഴിഞ്ഞ ഡ്യൂമാ തെരഞ്ഞെടുപ്പിലൂടെ തെളിഞ്ഞു. ഇപ്പോള്‍ ജനകീയപ്രതിഷേധത്തിന്റെ വേലിയേറ്റം കൂടിയാകുമ്പോള്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ടിക്കു തന്നെ അധികാരത്തിനു പുറത്തേക്കുള്ള വാതിലാണ് തുറന്നിടുന്നത്.

പാര്‍ലമെന്റിന്റെ അധോസഭയായ ഡ്യൂമയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം പുടിനെ ഞെട്ടിച്ചതായിരുന്നു. 450 അംഗസംഖ്യയുള്ള ഡ്യൂമയില്‍ പുടിന്റെ പാര്‍ടിക്ക് 49.54 ശതമാനം വോട്ടാണ് ലഭിച്ചത്. നാലു കൊല്ലം മുമ്പ് അത് 64.3 ശതമാനം ആയിരുന്നു. 315 സീറ്റില്‍ നിന്ന് 238ലേക്കാണ് പുടിന്റെ കക്ഷി വീണത്. ഈ നേട്ടം തന്നെ തെരഞ്ഞെടുപ്പ് കൃത്രിമത്തിലൂടെ ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ ചില നിയമങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കാമെന്ന് പ്രസിഡന്റ് ദിമിത്രി മെദ്വദേവിനും അന്വേഷണം നടത്താമെന്ന് പുടിനും പറയേണ്ടിവന്നു. യുണൈറ്റഡ് റഷ്യക്ക് അനുകൂലമായി സര്‍ക്കാര്‍ ക്രമക്കേടു നടത്തിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യത്തെങ്ങും വിവിധ നഗരങ്ങളില്‍ തെരുവിലിറങ്ങുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും പുടിന്‍ രാജിവയ്ക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു. പ്രകടനം തടഞ്ഞും നിരോധനം ഏര്‍പ്പെടുത്തിയും നേതാക്കളെ തുറുങ്കിലടച്ചും സമരവീര്യം തകര്‍ക്കാന്‍ പുടിന്‍ ശ്രമിച്ചെങ്കിലും എല്ലാ നിയന്ത്രണവും ലംഘിച്ച് കൂടുതല്‍ കൂടുതലാളുകള്‍ തെരുവിലിറങ്ങുകയാണ്. പുടിന്റെയും മെദ്വദേവിന്റെയും ജന്മനഗരമായ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ പോലും പതിനായിരങ്ങള്‍ പ്രക്ഷോഭത്തിലാണ്. "പുടിന്‍ ഇല്ലാത്ത റഷ്യ" എന്നാണ് അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. സോഷ്യലിസത്തില്‍ നിന്ന് "മോചിക്കപ്പെട്ട ജനാധിപത്യ റഷ്യ" ഒരു ജനതയുടെ സ്വപ്നത്തെയും പ്രതീക്ഷകളെയുമാകെ തകര്‍ത്തിരിക്കുന്നു. ഒരുഭാഗത്ത് മുതലാളിത്തം അതിന്റെ ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്നു. മുതലാളിത്തത്തിന്റെ പ്രചാരകര്‍ തന്നെ, മാര്‍ക്സിസമാണ്, മാര്‍ക്സാണ് ശരി എന്ന് സമ്മതിക്കുന്നു.

ഏഴുപതിറ്റാണ്ടത്തെ സോവിയറ്റ് ചരിത്രം അവസാനിപ്പിച്ചപ്പോള്‍ അതിനെ ജനാധിപത്യത്തിന്റെ വിജയമായി കൊണ്ടാടിയവര്‍ക്ക് മുഖം നഷ്ടപ്പെട്ടിരിക്കുന്നു. റഷ്യയില്‍ ഉണ്ടാകുന്നത് ഒറ്റപ്പെട്ട സംഭവവികാസമല്ല; ലോക മുതലാളിത്തത്തിന്റെ തകര്‍ച്ചയുമായും ആഗോളവല്‍ക്കരണനയങ്ങളുടെ അപകടവുമായും ഉള്‍ച്ചേര്‍ന്നതാണ് റഷ്യന്‍ പ്രക്ഷോഭവും. അധികാരത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയാണ് പുടിനു മുന്നിലുള്ള മാര്‍ഗമെന്നും അതിനു തയ്യാറായില്ലെങ്കില്‍ ഇറക്കിവിടാന്‍ ഇതാ ഞങ്ങള്‍ തെരുവിലേക്ക് ഇറങ്ങുന്നുവെന്നും റഷ്യന്‍ ജനത പറയുമ്പോള്‍ , അവരില്‍ ഭൂരിപക്ഷവും ഉയര്‍ത്തിപ്പിടിക്കുന്നത് ചെങ്കൊടിയാണ്. സോഷ്യലിസത്തിന്റെ ശരിയാണ്, മുതലാളിത്തത്തിന്റെ ചതികളല്ല തങ്ങള്‍ക്ക് സ്വീകാര്യമെന്ന പ്രഖ്യാപനം തന്നെയായി അതിനെ കണക്കാക്കുന്നവരുണ്ട്. ഡ്യൂമ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി വന്‍ക്രമക്കേടു നടത്തിയിട്ടുപോലും രണ്ടാമതെത്തിയ കമ്യൂണിസ്റ്റ് പാര്‍ടിക്ക് കഴിഞ്ഞതവണ 57 സീറ്റായിരുന്നത് ഇത്തവണ 92 ആയെന്നത് നിസ്സാരമല്ല. നീതിപൂര്‍വകമായ തെരഞ്ഞെടുപ്പാണ് നടന്നിരുന്നതെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ടി വന്‍നേട്ടമുണ്ടാക്കിയേനെ എന്നാണ് നിരീക്ഷകര്‍ പറയുന്നത്. റഷ്യയിലേത് ലോകത്താകെ ഉയരുന്ന പോരാട്ടങ്ങളുടെ മാറ്റൊലിയാണ്. ഗ്രീസില്‍ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് സര്‍ക്കാരിന് രാജിവയ്ക്കേണ്ടിവന്നു. ഇറ്റലിയില്‍ പ്രക്ഷോഭകര്‍ സില്‍വിയോ ബെര്‍ലുസ്കോണിയെ രാജിവയ്പിച്ചു. ഫ്രാന്‍സില്‍ പ്രസിഡന്റ് സര്‍ക്കോസിയും ബ്രിട്ടനില്‍ ടോറി കക്ഷിയും തോല്‍ക്കാനുള്ള തെരഞ്ഞെടുപ്പിലേക്കാണ് നീങ്ങുന്നത്.

മുതലാളിത്ത രാജ്യങ്ങളിലാകെ അസ്വസ്ഥരായ ജനങ്ങള്‍ക്ക് സമരമാര്‍ഗം തെരഞ്ഞെടുക്കേണ്ടിവരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളടക്കം 33 രാഷ്ട്രം ചേര്‍ന്ന് പൊതുവേദിയുണ്ടാക്കി അമേരിക്കയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നു. അറബ് വസന്തമായി അറബ് നാട്ടിലെ ഏകാധിപത്യ-ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരെ ജനങ്ങള്‍ ആഞ്ഞടിക്കുന്നു. ഇതിന്റെ മറ്റൊരു രൂപമാണ് റഷ്യയിലും ഉണ്ടാകുന്നത്. അരാജക റഷ്യയുടെ പിതാവായ ഗോര്‍ബച്ചേവ് തന്നെ പുടിനോട് രാജിവയ്ക്കുന്നതാണ് ഉചിതമെന്നു പറഞ്ഞെങ്കില്‍ , ആ നാട്ടില്‍ പുടിന്‍ഭരണം ഇനി പൊറുക്കപ്പെടാനിടയില്ലെന്നാണ് മനസ്സിലാക്കേണ്ടത്. ഇപ്പോള്‍ റഷ്യക്കാര്‍ക്കും സോവിയറ്റ് യൂണിയനെ സ്നേഹിച്ച എല്ലാവര്‍ക്കും ഉയര്‍ത്താവുന്ന ചോദ്യം എന്തിനുവേണ്ടിയായിരുന്നു രണ്ടു പതിറ്റാണ്ടുമുമ്പത്തെ അട്ടിമറി; പ്രതിവിപ്ലവം എന്നാണ്. ഉപദേശിവേഷം കെട്ടുന്ന ഗോര്‍ബച്ചേവിനും പ്രതിവിപ്ലവത്തെ എണ്ണയൊഴിച്ചു കത്തിച്ച അമേരിക്കന്‍ സാമ്രാജ്യത്വത്തിനും അതിനെ കമ്യൂണിസത്തിന്റെ അന്ത്യമായി കൊണ്ടാടിയവര്‍ക്കും ബാധ്യതയുണ്ട് ഉത്തരം നല്‍കാന്‍ .

deshabhimani editorial 271211

1 comment:

  1. രണ്ടു പതിറ്റാണ്ടുമുമ്പ് സോവിയറ്റ് യൂണിയന്‍ എന്ന മഹാശക്തിയുടെ തകര്‍ച്ചയ്ക്ക് കാര്‍മികനായി നിന്ന ആളാണ് മിഖായേല്‍ ഗോര്‍ബച്ചേവ്. രാഷ്ട്രത്തെയും പ്രസ്ഥാനത്തെയും തള്ളിപ്പറഞ്ഞ് തകര്‍ച്ചയിലേക്ക് തള്ളിയിട്ട ഒറ്റുകാരനായാണ് ആ മുന്‍ പ്രസിഡന്റിനെ പിന്നീട് റഷ്യക്കാര്‍ കണ്ടത്. ആ ഗോര്‍ബച്ചേവ് ഇന്നു പറയുന്നു, 20 വര്‍ഷം മുമ്പ് താന്‍ ചെയ്തതെന്തോ അത് ചെയ്യാന്‍ വ്ളാദിമിര്‍ പുടിന്‍ എന്ന ഇന്നത്തെ റഷ്യന്‍ പ്രധാനമന്ത്രിക്ക് സമയമായി എന്ന്. പുടിന്റെ ജനാധിപത്യക്കശാപ്പിനെതിരെ റഷ്യയില്‍ ഇന്ന് സമരരംഗത്തുള്ള പ്രധാന ശക്തി കമ്യൂണിസ്റ്റ് പാര്‍ടിയാണ്. എന്നിട്ടും പ്രഖ്യാപിത കമ്യൂണിസ്റ്റ് വിരോധിയായ ഗോര്‍ബച്ചേവിനുപോലും ഇങ്ങനെ പറയേണ്ടിവന്നത് റഷ്യ ഇന്ന് എത്തിനില്‍ക്കുന്ന അവസ്ഥയുടെ സൂചനയാണ്.

    ReplyDelete