Friday, December 30, 2011

ലോക്പാല്‍ : ഭേദഗതിക്ക് തയ്യാറാകണം- ഇടതുപക്ഷം

ഫെഡറല്‍ തത്വങ്ങളുടെ ലംഘനം ഒഴിവാക്കുന്നതടക്കം ലോക്പാല്‍ ബില്ലില്‍ നാല് സുപ്രധാന ഭേദഗതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ഇടതുപക്ഷ പാര്‍ടികള്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ദുര്‍ബലമായ ലോക്പാലാകും നിലവില്‍ വരികയെന്നും സര്‍ക്കാര്‍ അനാവശ്യ പിടിവാശി ഒഴിവാക്കണമെന്നും സിപിഐ എം രാജ്യസഭാനേതാവ് സീതാറാം യെച്ചൂരി ചര്‍ച്ചയില്‍ പറഞ്ഞു. ലോക്പാലിന്റെ അതേ മാതൃകയില്‍ സംസ്ഥാനങ്ങള്‍ ലോകായുക്തകള്‍ രൂപീകരിക്കണമെന്നത് ഒഴിവാക്കണം. കേന്ദ്രത്തിന്റെ ലോകായുക്ത നിയമം സംസ്ഥാനങ്ങള്‍ക്ക് പിന്തുടരാവുന്ന മാതൃകാനിയമം മാത്രമാക്കണം. ലോകായുക്ത എങ്ങനെ വേണമെന്ന അന്തിമതീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിടണം. അല്ലെങ്കില്‍ ഫെഡറല്‍ തത്വങ്ങളുടെ കടുത്ത ലംഘനമാകും. സംസ്ഥാനങ്ങള്‍ക്കെതിരായ നിയമം രാജ്യത്തിനെതിരായ നിയമം കൂടിയാണ്.

ലോക്പാല്‍ സമിതിയുടെ തെരഞ്ഞെടുപ്പ് കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കണം. സമിതിയില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവിനെകൂടി ഉള്‍പ്പെടുത്തണം. സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന നിയമജ്ഞന് പകരം മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ , സിഎജി, യുപിഎസ്സി അധ്യക്ഷന്‍ എന്നിവര്‍ തെരഞ്ഞെടുക്കുന്ന പ്രഗത്ഭഭവ്യക്തി എന്നാക്കണം. ഇത് സമിതിക്ക് കൂടുതല്‍ ജനാധിപത്യസ്വഭാവം നല്‍കും. അല്ലെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രിത സമിതി മാത്രമായി ലോക്പാല്‍ മാറും. രാജ്യത്ത് വന്‍അഴിമതികള്‍ അരങ്ങേറുന്നത് കോര്‍പറേറ്റ് രംഗത്താണ്. അതുകൊണ്ട് കോര്‍പറേറ്റ് മേഖലയെ നിര്‍ബന്ധമായും ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തണം. വിദേശഫണ്ട് സ്വീകരിക്കുന്ന എന്‍ജിഒകളെയും ഉള്‍പ്പെടുത്തണം. ലോക്പാലിന് കീഴിലുള്ള അന്വേഷണവിഭാഗം സ്വതന്ത്രമായിരിക്കണം. സിബിഐയുടെ സ്വാതന്ത്ര്യവും സുതാര്യതയും ഉറപ്പാക്കണമെന്ന് സിപിഐ എം എക്കാലവും വാദിക്കുന്നതാണ്. സിബിഐയെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ലോക്പാല്‍ സിബിഐയുടെ അന്വേഷണത്തിന് വിടുന്ന കേസുകളില്‍ ഭരണപരമായ നിയന്ത്രണവും മേല്‍നോട്ടവും ലോക്പാലിനുണ്ടാകണമെന്നും യെച്ചൂരി പറഞ്ഞു.

ലോക്പാല്‍ : നിരായുധരായി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോക്സഭയില്‍ സ്വന്തം അംഗങ്ങളെ ഹാജരാക്കാനാകാതെ ലോക്പാലിന് ഭരണഘടനാ പദവി നഷ്ടപ്പെടുത്തിയ സര്‍ക്കാരിനെതിരെ രാജ്യസഭയിലും പ്രതിപക്ഷം ആഞ്ഞടിച്ചു. ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും സര്‍ക്കാരിനെ പുറമെനിന്ന് പിന്തുണയ്ക്കുന്ന ബിഎസ്പിയും എസ്പിയുമടക്കം വിമര്‍ശങ്ങള്‍ തൊടുത്തപ്പോള്‍ പിടിച്ചുനില്‍ക്കാനാകാതെ കോണ്‍ഗ്രസ് കുഴങ്ങി. സഭയില്‍ ചര്‍ച്ച ചൂടുപിടിക്കുമ്പോള്‍ ബില്ലിന് എങ്ങനെ ഭൂരിപക്ഷം നേടിയെടുക്കുമെന്നറിയാതെ നെട്ടോട്ടത്തിലായിരുന്നു കേന്ദ്രമന്ത്രിമാര്‍ . ലോക്സഭയില്‍ ബില്ലവതരണത്തിലുണ്ടായിരുന്ന ആവേശമൊന്നും രാജ്യസഭയില്‍ ലോക്പാല്‍ - ലോകായുക്ത ബില്ലവതരിപ്പിക്കുമ്പോള്‍ പ്രധാനമന്ത്രി കാര്യാലയ സഹമന്ത്രി നാരായണ്‍സ്വാമിക്ക് ഉണ്ടായില്ല. ഐക്യരാഷ്ട്ര സംഘടനയുടെ അഴിമതിവിരുദ്ധ ചട്ടത്തെ ആധാരമാക്കിയുള്ള നിയമമായതുകൊണ്ട് ഭരണഘടനയുടെ 253-ാം വകുപ്പ് പ്രകാരം ലോക്പാലിനൊപ്പം സംസ്ഥാനങ്ങളില്‍ ലോകായുക്തയെയും നിയമിക്കുന്ന നിയമനിര്‍മാണത്തിന് കേന്ദ്രത്തിന് അവകാശമുണ്ടെന്ന് നാരായണ്‍ സ്വാമി പറഞ്ഞു.

ബില്ലവതരണശേഷം പ്രധാനമന്ത്രി സഭയില്‍ ഹാജരല്ലെന്ന കാരണത്താല്‍ ചര്‍ച്ച വൈകി. സഭാനേതാവ് കൂടിയായ പ്രധാനമന്ത്രി എത്തിയശേഷം ചര്‍ച്ച തുടങ്ങിയാല്‍ മതിയെന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചു. തുടര്‍ന്ന് സഭ പത്തുമിനിറ്റ് നിര്‍ത്തി. പ്രധാനമന്ത്രി എത്തിയശേഷമാണ് പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ശക്തമായ ലോക്പാലിനെ പ്രതിപക്ഷം പിന്തുണയ്ക്കുമെന്നും എന്നാല്‍ , ദുര്‍ബലമായ ബില്ലിനെ പിന്തുണയ്ക്കാനാവില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു. ഇപ്പോഴത്തെ ബില്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുന്നതാണ്. ലോക്പാല്‍ തെരഞ്ഞെടുപ്പ് സമിതിയില്‍ അഞ്ചില്‍ മൂന്നുപേര്‍ സര്‍ക്കാര്‍ പ്രതിനിധികളാണ്. ലോക്പാലിനെ നീക്കാനുള്ള അധികാരവും സര്‍ക്കാരിനാണ്. ഒരു സര്‍ക്കാര്‍ നിയന്ത്രിത സമിതിയാകും നിലവില്‍ വരികയെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. സിബിഐക്ക് വിടുന്ന കേസുകളുടെ മേല്‍നോട്ട അധികാരം ലോക്പാലിന് നല്‍കണം. ലോകായുക്ത പ്രകാരം അഴിമതി അന്വേഷണവുമായി മുന്നോട്ടുപോകുന്നതിനൊപ്പം സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടിക്കും അധികാരമുണ്ട്. ഇത് സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണ്. സംസ്ഥാന ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ പൂര്‍ണ അധികാരം സംസ്ഥാനങ്ങള്‍ക്കാണ്- ജെയ്റ്റ്ലി പറഞ്ഞു.

പ്രതിപക്ഷത്തിന് ലോക്പാല്‍ രൂപീകരണത്തില്‍ താല്‍പ്പര്യമില്ലെന്ന വിമര്‍ശമാണ് കോണ്‍ഗ്രസിനു വേണ്ടി സംസാരിച്ച മനുഅഭിഷേക് സിങ്വി ഉന്നയിച്ചത്. ഒട്ടേറെ സവിശേഷതകള്‍ ബില്ലിനുണ്ട്. ദേശീയ താല്‍പ്പര്യമുള്ള കാര്യത്തില്‍ സംസ്ഥാനവിഷയങ്ങളില്‍ കേന്ദ്രത്തിന് നിയമം കൊണ്ടുവരാമെന്ന് ഭരണഘടനയുടെ 249-ാം വകുപ്പ് പറയുന്നു. അടിയന്തരാവസ്ഥാ ഘട്ടങ്ങളില്‍ നിയമം കൊണ്ടുവരാമെന്ന് 250-ാം വകുപ്പും പറയുന്നു- സിങ്വി പറഞ്ഞു. സിബിഐയുടെ സ്വാതന്ത്ര്യം ഉറപ്പാക്കല്‍ , ഫെഡറല്‍ തത്വങ്ങളുടെ ലംഘനമൊഴിവാക്കല്‍ എന്നീ വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് ബിഎസ്പിയുടെ സതീശ്ചന്ദ്ര മിശ്ര പറഞ്ഞു. ഫെഡറല്‍ തത്വങ്ങളുടെ ലംഘനം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് തൃണമൂലിലെ സുകേന്തുശേഖര്‍ റോയ് പറഞ്ഞു. സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാകാത്ത നിലപാടാണ് ഡിഎംകെ, എന്‍സിപി പാര്‍ടികള്‍ സ്വീകരിച്ചത്. എന്നാല്‍ എസ്പി, ജെഡിയു, ബിജെഡി, ആര്‍ജെഡി തുടങ്ങിയ പാര്‍ടികള്‍ ബില്ലിനെ നിശിതമായി വിമര്‍ശിച്ചു.

deshabhimani 301211

1 comment:

  1. ഫെഡറല്‍ തത്വങ്ങളുടെ ലംഘനം ഒഴിവാക്കുന്നതടക്കം ലോക്പാല്‍ ബില്ലില്‍ നാല് സുപ്രധാന ഭേദഗതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ഇടതുപക്ഷ പാര്‍ടികള്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ദുര്‍ബലമായ ലോക്പാലാകും നിലവില്‍ വരികയെന്നും സര്‍ക്കാര്‍ അനാവശ്യ പിടിവാശി ഒഴിവാക്കണമെന്നും സിപിഐ എം രാജ്യസഭാനേതാവ് സീതാറാം യെച്ചൂരി ചര്‍ച്ചയില്‍ പറഞ്ഞു. ലോക്പാലിന്റെ അതേ മാതൃകയില്‍ സംസ്ഥാനങ്ങള്‍ ലോകായുക്തകള്‍ രൂപീകരിക്കണമെന്നത് ഒഴിവാക്കണം. കേന്ദ്രത്തിന്റെ ലോകായുക്ത നിയമം സംസ്ഥാനങ്ങള്‍ക്ക് പിന്തുടരാവുന്ന മാതൃകാനിയമം മാത്രമാക്കണം. ലോകായുക്ത എങ്ങനെ വേണമെന്ന അന്തിമതീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിടണം. അല്ലെങ്കില്‍ ഫെഡറല്‍ തത്വങ്ങളുടെ കടുത്ത ലംഘനമാകും. സംസ്ഥാനങ്ങള്‍ക്കെതിരായ നിയമം രാജ്യത്തിനെതിരായ നിയമം കൂടിയാണ്.

    ReplyDelete