ഈരാറ്റുപേട്ട/ബത്തേരി: സിപിഐ എം കോട്ടയം, വയനാട് ജില്ലാ സമ്മേളനങ്ങള്‍ക്ക് ആവേശോജ്വല തുടക്കം. ഈരാറ്റുപേട്ടയിലെ പിടിഎംഎസ് ഓഡിറ്റോറിയത്തില്‍ (സ. കെ പി സുഗുണന്‍ നഗര്‍) ജില്ലയിലെ മുതിര്‍ന്ന നേതാവും സംസ്ഥാനകമ്മിറ്റി അംഗവുമായ വി ആര്‍ ഭാസ്കരന്‍ പതാക ഉയര്‍ത്തിയതോടെയാണ് കോട്ടയം സമ്മേളനത്തിന് തുടക്കമായത്. പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു.
വി എന്‍ വാസവന്‍ , പി എം തങ്കപ്പന്‍ , കൃഷ്ണകുമാരി രാജശേഖരന്‍ , കെ രാജേഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. ജില്ലാസെക്രട്ടറി കെ ജെ തോമസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 19,452 അംഗങ്ങളെ പ്രതിനിധീകരിച്ച് 12 ഏരിയകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 252 പേരും 34 ജില്ലാക്കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്നു. പാര്‍ടി നേതാക്കളായ വി എസ് അച്യുതാനന്ദന്‍ , എം എ ബേബി, പി കെ ഗുരുദാസന്‍ , ഡോ. തോമസ് ഐസക്ക്, വൈക്കം വിശ്വന്‍ , എം സി ജോസഫൈന്‍ , ആനത്തലവട്ടം ആനന്ദന്‍ എന്നിവരും പങ്കെടുക്കുന്നു.
ബത്തേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ പരിസരത്ത് ഒരുക്കിയ കെ ശ്രീധരന്‍ നഗറില്‍ ജില്ലയിലെ മുതിര്‍ന്ന നേതാവും ജില്ലാകമ്മിറ്റിയംഗവുമായ പി വി വര്‍ഗീസ് വൈദ്യര്‍ പതാകയുയര്‍ത്തിയതോടെ വയനാട് ജില്ലാസമ്മേളന നടപടികള്‍ ആരംഭിച്ചു. കോ- ഓപ്പറേറ്റീവ് കോളേജില്‍ തയ്യാറാക്കിയ ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറില്‍ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. പി എ മുഹമ്മദ്, പി ഗഗാറിന്‍ , ടി ബി സുരേഷ്, ഒ ആര്‍ കേളു, ബീന വിജയന്‍ എന്നിവരുള്‍പ്പെട്ട പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. ജില്ലാസെക്രട്ടറി സി കെ ശശീന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാര്‍ടി നേതാക്കളായ പി കെ ശ്രീമതി, ഇ പി ജയരാജന്‍ , ടി ശിവദാസമേനോന്‍ , എ കെ ബാലന്‍ , വി വി ദക്ഷിണാമൂര്‍ത്തി എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ജില്ലയിലെ 6900 അംഗങ്ങളെ പ്രതിനിധീകരിച്ച് 28 ജില്ലാകമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ 203 പേര്‍ പങ്കെടുക്കുന്നു. ഇരുസമ്മേളനവും ബഹുജനറാലിയോടെ ശനിയാഴ്ച സമാപിക്കും.
വിവാദങ്ങളില്ലെന്ന് മാധ്യമങ്ങള്‍ക്ക് അംഗീകരിക്കേണ്ടിവന്നു: പിണറായി
ഈരാറ്റുപേട്ട: വിവാദങ്ങളിലൂടെ സിപിഐ എമ്മിനെ കൊത്തിക്കീറാന്‍ ശ്രമിച്ച വലതുപക്ഷ മാധ്യമങ്ങളടക്കമുള്ളവര്‍ക്ക് ഈ സമ്മേളനത്തോടെ വിവാദങ്ങളില്ലെന്ന് അംഗീകരിക്കേണ്ടിവന്നെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു വിവാദവും ഇപ്പോഴില്ല. വിവാദങ്ങള്‍ക്ക് വിട നല്‍കുന്ന സമ്മേളനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സിപിഐ എം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സമ്മേളനകാലത്ത് നാലാംലോകത്തിന്റെ പേരില്‍ കുറെക്കാലം ചിലര്‍ എഴുതി. കിളിരൂര്‍ വിഐപി, കവിയൂര്‍ കേസുകളില്‍ പ്രമുഖരെക്കുറിച്ചും മന്ത്രിമാരുടെ ബന്ധുക്കളെക്കുറിച്ചും ആക്ഷേപങ്ങള്‍ ചൊരിഞ്ഞു. വിവിധ ഏജന്‍സികളുടെ അന്വേഷണങ്ങളിലൂടെ ഇവയുടെയെല്ലാം ശരിയായ കാര്യങ്ങള്‍ പുറത്തുവന്നു. വസ്തുതകള്‍ ബോധ്യപ്പെട്ടതോടെ എല്ലാ വിവാദങ്ങളും കെട്ടടങ്ങി. സംഘടനയുടെ കരുത്ത് എല്ലാ തലങ്ങളിലും വര്‍ധിച്ചെന്നും പിണറായി പറഞ്ഞു.
കോര്‍പറേറ്റുകളെ ഒഴിവാക്കി ലോക്പാല്‍ ദുര്‍ബലപ്പെടുത്തി: പിണറായി
ഈരാറ്റുപേട്ട: വന്‍ അഴിമതികള്‍ക്കും ഉപചാപങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന കോര്‍പറേറ്റുകളെ ഒഴിവാക്കിയതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലോക്പാല്‍ നിയമത്തെ അങ്ങേയറ്റം ദുര്‍ബലപ്പെടുത്തിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം സ. കെ പി സുഗുണന്‍ നഗറില്‍ (ഈരാറ്റുപേട്ട പിടിഎംഎസ് ഹാള്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിക്കെതിരെ നിലപാടെടുക്കുന്നതിലെ കോണ്‍ഗ്രസിന്റെ ആത്മാര്‍ഥതയില്ലായ്മയാണ് പാര്‍ലമെന്റില്‍ വ്യക്തമായത്. ലോക്പാലിന് സ്വതന്ത്രമായ അന്വേഷണസംവിധാനം വേണമെന്ന് സിപിഐ എം തുടക്കംമുതലേ ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള അന്വേഷണസംവിധാനങ്ങളില്‍ കേന്ദ്രഭരണത്തില്‍ സ്വാധീനമുള്ള അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണുള്ളത്. ഭരണരാഷ്ട്രീയക്കാരും നേതാക്കളും ഉന്നതോദ്യോഗസ്ഥരും കോര്‍പറേറ്റുകളുമെല്ലാം അഴിമതിയില്‍ മുങ്ങുന്ന സാഹചര്യമാണിപ്പോള്‍ . ലോക്പാലിന്റെ ഭാഗമായി സംസ്ഥാനങ്ങളില്‍ ലോകായുക്ത രൂപീകരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ ലോകായുക്ത നിലവിലുണ്ട്. കോണ്‍ഗ്രസ് തുടര്‍ച്ചയായി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇതില്ലാത്തത്. ലോകായുക്തനിയമം രൂപപ്പെടുത്തുകയെന്നത് സംസ്ഥാനങ്ങളുടെ അവകാശമാണ്. സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന, ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന കേന്ദ്രത്തിന്റെ രീതിയോട് യോജിക്കാനാവില്ല.
നിയമത്തിന് ഭരണഘടനാപദവിയെന്ന കോണ്‍ഗ്രസിന്റെ നിലപാടും ആത്മാര്‍ഥതയില്ലാത്തതാണ്. കോണ്‍ഗ്രസിന്റെ പന്ത്രണ്ട് എംപിമാര്‍ ലോക്സഭയില്‍ ഹാജരാകാതിരുന്നത് ഇക്കാര്യത്തില്‍ അവരുടെ ആത്മാര്‍ത്ഥതയില്ലായ്മ വെളിവാക്കുന്നതാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിഫലിക്കുന്നത് കോണ്‍ഗ്രസിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും കെടുകാര്യസ്ഥതയാണ്. ഇരുമുഖ്യമന്ത്രിമാരുമായും ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കാമെന്ന് പ്രതിപക്ഷനേതാവ് അടക്കമുള്ള സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രി നല്‍കിയ വാക്ക് എവിടെപ്പോയി. കോടതിവിധി തമിഴ്നാടിന് അനുകൂലമായിരിക്കുമെന്ന ചിദംബരത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന എ കെ ആന്റണിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസില്‍ ചിദംബരത്തിനും മേലെയാണ് സ്ഥാനമെന്ന് പൊതുവില്‍ കരുതുന്ന എ കെ ആന്റണിയാണ് നിസഹായാവസ്ഥ പ്രകടിപ്പിക്കുന്നത്. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ നയമില്ല. അഥവാ നയമുണ്ടെങ്കില്‍ അത് കള്ളനയമാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്- പിണറായി പറഞ്ഞു.
deshabhimani 301211
സിപിഐ എം കോട്ടയം, വയനാട് ജില്ലാ സമ്മേളനങ്ങള്‍ക്ക് ആവേശോജ്വല തുടക്കം. ഈരാറ്റുപേട്ടയിലെ പിടിഎംഎസ് ഓഡിറ്റോറിയത്തില്‍ (സ. കെ പി സുഗുണന്‍ നഗര്‍) ജില്ലയിലെ മുതിര്‍ന്ന നേതാവും സംസ്ഥാനകമ്മിറ്റി അംഗവുമായ വി ആര്‍ ഭാസ്കരന്‍ പതാക ഉയര്‍ത്തിയതോടെയാണ് കോട്ടയം സമ്മേളനത്തിന് തുടക്കമായത്. പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു.
ReplyDelete