കേന്ദ്രത്തിലെ യു പി എ സര്‍ക്കാര്‍ പാഠങ്ങളൊന്നും പഠിക്കില്ലായെന്ന വാശിയില്‍ത്തന്നെയാണ്. രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി എതിര്‍ത്ത ചില്ലറവില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപമോഹങ്ങളെ അവര്‍ ഇപ്പോഴും താലോലിക്കുകയാണ്. തക്കം കിട്ടിയാല്‍ ചില്ലറ വില്‍പന മേഖലയെന്ന സ്വര്‍ണഖനി വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് ദാനംകൊടുക്കുമെന്ന് പറഞ്ഞത് ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി തന്നെയാണ്. കഴിഞ്ഞ ദിവസം നടന്ന പി എച്ച് ഡി ചേംബറിന്റെ വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യവേയാണ് സോണിയാഗാന്ധിയുടെ അടുത്ത ഉപദേഷ്ടാവായ പ്രണബ് തന്റെ മനോഗതം വെളിപ്പെടുത്തിയത്. പ്രതിപക്ഷത്തോടൊപ്പം സഖ്യകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസും ഡി എം കെയും ചേര്‍ന്നതുകൊണ്ടാണ് ഉദ്ദിഷ്ട കാര്യം നടക്കാതെ പോയത്. അതില്‍ ഖിന്നനാണ് ധനകാര്യ മന്ത്രി.
ഒരു ലക്ഷത്തി ഇരുപത്തയ്യായിരം കോടി രൂപയ്ക്കുമേല്‍ ക്രയവിക്രയങ്ങള്‍ നടക്കുന്ന ചില്ലറ വില്‍പന മേഖല, ജനസംഖ്യയിലെ 17 ശതമാനത്തോളം ആളുകളുടെ ജീവിതോപാധിയാണ്. അത് കൈക്കലാക്കാന്‍ വിദേശനിക്ഷേപകര്‍ എന്നും കഴുകനെപോലെ കാത്തിരുന്നു. അവര്‍ക്ക് ചുവപ്പുപരവതാനി വിരിക്കുന്നതില്‍ സായൂജ്യം കൊള്ളുന്ന കോണ്‍ഗ്രസ് നേതൃത്വം കൊണ്ടുവന്ന പദ്ധതിയാണ് അലസിപ്പോയത്. മള്‍ട്ടി ബ്രാന്‍ഡ്, ചില്ലറവില്‍പന രംഗത്ത് 51 ശതമാന വിദേശനിക്ഷേപ ലക്ഷ്യം നിറവേറാതെ പോയതില്‍ രാഹുല്‍ഗാന്ധിക്കും ദുഃഖമുണ്ട്. അദ്ദേഹം അക്കാര്യം പലതവണ പരസ്യമായി രേഖപ്പെടുത്തിക്കഴിഞ്ഞു. പെന്‍ഷന്‍ ഫണ്ടും ഇന്‍ഷുറന്‍സ് മേഖലയും അടക്കം കണ്ണായ രംഗത്തെല്ലാം വിദേശനിക്ഷേപം വന്നാല്‍ രാജ്യം രക്ഷപ്പെടുമെന്ന ആശയമാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്ത ദിനങ്ങളിലെ കോണ്‍ഗ്രസ് പാര്‍ട്ടി അടിമുടി മാറിക്കഴിഞ്ഞു. മസ്തിഷ്‌കവും മനസാക്ഷിയും വിദേശ യജമാനന്മാര്‍ക്ക് അടിയറവെച്ച കോണ്‍ഗ്രസാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ലോകത്തെവിടെയും തകര്‍ച്ച നേരിടുന്ന മൂലധനശക്തികള്‍ക്ക് ഇന്ത്യ ഒരുപിടി വള്ളി ആയിരിക്കാം. ഇവിടെ പിടിമുറുക്കാന്‍ അവര്‍ ശ്രമിക്കുന്നത് സ്വാഭാവികം മാത്രം. അവരുടെ ആര്‍ത്തിപൂണ്ട കരുനീക്കങ്ങള്‍ക്ക് ജയ് ജയ് പാടാന്‍ കോണ്‍ഗ്രസ് നേതൃത്വം കാണിക്കുന്ന തിടുക്കം മനസിലാക്കാന്‍ പ്രയാസമുള്ളതാണ്.
ഇന്ത്യന്‍ സമ്പദ്ഘടന കടന്നുപോകുന്നത് കടുത്ത പരീക്ഷണങ്ങളിലൂടെയാണ്. വളര്‍ച്ചാനിരക്ക് ഇരട്ട അക്കമാകുമെന്ന പ്രവചനങ്ങളെല്ലാം തകര്‍ന്നുവീണിരിക്കുന്നു. 7.25 ശതമാനമെങ്കിലും വളര്‍ച്ച നേടാന്‍ കഴിഞ്ഞാല്‍ ആശ്വാസമായി എന്നാണ് ധനകാര്യവിദഗ്ധര്‍ പറയുന്നത്. വ്യവസായവളര്‍ച്ചയിലെ ഇടിവും പലിശനിരക്കിന്റെ വര്‍ധനവും എണ്ണയുടെ വിലക്കയറ്റവും എല്ലാം രാജ്യത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് പ്രണാബ് തന്നെ പറയുന്നത്. ഇതിന്റെയെല്ലാം പുറകിലുള്ള ആഗോള സാമ്പത്തികത്തകര്‍ച്ചയും ധനകാര്യമന്ത്രിക്ക് അറിയാത്തതല്ല. ആ തകര്‍ച്ചയുടെ മലവെള്ളപ്പാച്ചിലിലും ഇന്ത്യക്കു പിടിച്ചുനില്‍ക്കാന്‍ കരുത്തുപകര്‍ന്ന എല്ലാറ്റിനെയും കൈയ്യൊഴിയാനാണ് കേന്ദ്രഗവണ്‍മെന്റിന്റെ പുറപ്പാട്. കൈയ്യും കാലുമിട്ടടിക്കുന്ന അമേരിക്കന്‍ - യൂറോപ്യന്‍ ധനകാര്യ ശക്തികളുമായി ഇന്ത്യയെ കൂട്ടിക്കെട്ടാനുള്ള വഴികളാണ് അവര്‍ ആരായുന്നത്. ഇത് വിനാശകാലത്തുള്ള വിപരീതബുദ്ധിയാണ്.
വര്‍ധിച്ചുവരുന്ന ധനകമ്മിയേക്കുറിച്ച് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ സി രംഗരാജന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ധനമന്ത്രി ശ്രദ്ധിച്ചില്ലേ? രുപയുടെ മൂല്യം, ജൂലൈയിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 15 ശതമാനം കുറഞ്ഞുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഈ പ്രവണത തുടര്‍ന്നാല്‍ രൂപയുടെ സ്ഥിതി ഇനിയും പരുങ്ങലിലാവും. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ അത് പ്രതികൂലമായി ബാധിക്കും. കമ്പനികളുടെ ലാഭത്തോതും ഇടിയാനാണ് പോകുന്നത്. ഇന്ത്യയിലേയ്ക്കുള്ള നിക്ഷേപങ്ങളെയും അത് നിഷേധാത്മകമായി ബാധിക്കാനാണ് സാധ്യത.
ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചുകൊണ്ട് സമ്പദ്ഘടനയുടെ വാതിലുകള്‍ വിദേശനിക്ഷേപത്തിനായി തുറന്നിടാനാണ് സോണിയാ ഗാന്ധി നയിക്കുന്ന പ്രണബ് കുമാര്‍ - രാഹുല്‍ ഗാന്ധി ആന്‍ഡ് കമ്പനി ശ്രമിക്കുന്നത്. രാജ്യഭരണത്തെ വിദേശപങ്കാളിത്തത്തോടുകൂടിയ ഒരു കമ്പനി നടത്തിപ്പായാണ് അവര്‍ കാണുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ജനങ്ങളുടെ ജീവിതപുരോഗതിയും അവര്‍ കണക്കിലെടുക്കുന്നില്ല. ഈ നയം ജനങ്ങളിലെ ബഹുഭൂരിപക്ഷംപേരെയും ജീവിതദുരിതങ്ങളിലേയ്ക്ക് എടുത്തെറിയുന്നു. അവര്‍ ഏറെക്കാലം കൈ കെട്ടിയിരിക്കുമെന്ന് ഭരണക്കാര്‍ വ്യാമോഹിക്കേണ്ടതില്ല. യു പിയിലും ഗോവയിലും മണിപ്പൂരിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ജനങ്ങള്‍ ഈ നയങ്ങള്‍ക്ക് തിരിച്ചടിയേകും. അവരെ രക്ഷിക്കാന്‍ വിദേശ നിക്ഷേപത്തിന്റെ ഏതെങ്കിലും മാലാഖമാര്‍ എത്തുമെന്ന് കോണ്‍ഗ്രസ് ധരിക്കുന്നുവെങ്കില്‍ അവര്‍ക്ക് ഹാ കഷ്ടം!
janayugom editorial 251211
കേന്ദ്രത്തിലെ യു പി എ സര്‍ക്കാര്‍ പാഠങ്ങളൊന്നും പഠിക്കില്ലായെന്ന വാശിയില്‍ത്തന്നെയാണ്. രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി എതിര്‍ത്ത ചില്ലറവില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപമോഹങ്ങളെ അവര്‍ ഇപ്പോഴും താലോലിക്കുകയാണ്. തക്കം കിട്ടിയാല്‍ ചില്ലറ വില്‍പന മേഖലയെന്ന സ്വര്‍ണഖനി വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് ദാനംകൊടുക്കുമെന്ന് പറഞ്ഞത് ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി തന്നെയാണ്. കഴിഞ്ഞ ദിവസം നടന്ന പി എച്ച് ഡി ചേംബറിന്റെ വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യവേയാണ് സോണിയാഗാന്ധിയുടെ അടുത്ത ഉപദേഷ്ടാവായ പ്രണബ് തന്റെ മനോഗതം വെളിപ്പെടുത്തിയത്. പ്രതിപക്ഷത്തോടൊപ്പം സഖ്യകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസും ഡി എം കെയും ചേര്‍ന്നതുകൊണ്ടാണ് ഉദ്ദിഷ്ട കാര്യം നടക്കാതെ പോയത്. അതില്‍ ഖിന്നനാണ് ധനകാര്യ മന്ത്രി.
ReplyDelete