Tuesday, December 27, 2011

മലപ്പുറം ജില്ലയില്‍ പാര്‍ടി വളര്‍ന്നു, അംഗബലം വര്‍ധിച്ചു

ജില്ലയില്‍ സിപിഐ എമ്മിന്റെ സ്വാധീനവും അംഗബലവും ഗണ്യമായി വര്‍ധിച്ചു. കഴിഞ്ഞ സമ്മേളന കാലയളവിനെക്കാള്‍ ഇക്കാര്യത്തില്‍ ബഹുദൂരം മുന്നോട്ടു പോകാനായതായി ജില്ലാസമ്മേളനത്തില്‍ സെക്രട്ടറി കെ ഉമ്മര്‍ മാസ്റ്റര്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ടിയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ചുകളുടെ എണ്ണത്തില്‍ കഴിഞ്ഞ സമ്മേളന കാലയളവിലേതിനെക്കാള്‍ വര്‍ധനയുണ്ടായി. 2007ല്‍ 1387 ബ്രാഞ്ചുകള്‍ ഉള്ളിടത്ത് 1513 ആയി ഉയര്‍ന്നു. 2282 അംഗങ്ങളെ പാര്‍ടിയിലേക്ക് പുതുതായി കൊണ്ടുവരാനായി. കഴിഞ്ഞ സമ്മേളന കാലയളവില്‍ 17,264 പാര്‍ടി അംഗങ്ങളുണ്ടായിരുന്നത് 19,546 ആയി വര്‍ധിച്ചു. 19-ാം പാര്‍ടി കോണ്‍ഗ്രസിന്റെ കാലയളവില്‍ 770 പുതിയ അംഗങ്ങളായിരുന്നുപാര്‍ടിയിലേക്ക് വന്നത്. പാര്‍ടി സംഘടനാ തലത്തിലുണ്ടാക്കിയ മുന്നേറ്റമാണ് അംഗത്വ വര്‍ധനയില്‍ പ്രകടമായതെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ടി കെ ഹംസയും ജനറല്‍ കണ്‍വീനര്‍ ഇ എന്‍ മോഹന്‍ദാസും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വര്‍ഗ - ബഹുജന സംഘടനകളുടെ കാര്യത്തിലും കരുത്താര്‍ജിക്കാന്‍ സാധിച്ചു. ജില്ലയില്‍ 2,69,542 അംഗങ്ങളാണ് വിവിധ ബഹുജന സംഘടനകളിലായി പുതുതായി ചേര്‍ന്നത്. കഴിഞ്ഞ സമ്മേളനകാലത്ത് 86,337 ആയിരുന്നു വര്‍ധന. പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തിലും മുന്നേറ്റമുണ്ടാക്കാനായി. ജില്ലാ പാര്‍ടി സ്കൂളുകള്‍ വിപുലമായി സംഘടിപ്പിച്ചു. പാര്‍ടി പ്രസിദ്ധീകരണങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ സാധിച്ചു. ദേശാഭിമാനിക്ക് മലപ്പുറം എഡിഷന്‍ തുടങ്ങാനായത് ശ്രദ്ധേയ നേട്ടമാണ്. അംഗത്വത്തിലെ കൊഴിഞ്ഞുപോക്ക് വലിയ തോതില്‍ തടയാന്‍ പാര്‍ടിക്കായി. ഇത് പൂര്‍ണമായി പരിഹരിക്കാനായിട്ടില്ല. അംഗങ്ങളെ ചേര്‍ക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനും രാഷ്ട്രീയ - സംഘടനാ നിലവാരം മെച്ചപ്പെടുത്താനും സമഗ്ര പദ്ധതികള്‍ ആവിഷ്കരിക്കണം. ബ്രാഞ്ചുകളെ കൂടുതല്‍ സജീവമാക്കാന്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് വിപുലമായ രാഷ്ട്രീയ- സംഘടനാ പരിശീലനം നല്‍കേണ്ടതുമുണ്ട്. ജില്ലാതലത്തില്‍ സമരങ്ങളും പ്രക്ഷോഭങ്ങളും ശക്തിപ്പെടുത്താന്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണം. ജനങ്ങളുടെ നിരവധിയായ ജീവല്‍ പ്രശ്നങ്ങളും സാമൂഹിക വിഷയങ്ങളും ഏറ്റെടുത്ത് പ്രാദേശിക സമരങ്ങള്‍ സംഘടിപ്പിക്കുന്നതിലുള്ള പോരായ്മ പരിഹരിക്കണം.

ജില്ലയില്‍ പാര്‍ടി സംഘടനാ രംഗത്തുണ്ടാക്കിയ മുന്നേറ്റം തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ദൗര്‍ബല്യം ഗൗരവമേറിയതാണ്. ഇത് മറികടക്കാന്‍ സമഗ്ര പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്കരിക്കണം. ജില്ലയില്‍ പാര്‍ടിയുടെ ജനകീയാടിത്തറ വിപുലപ്പെടുത്താനും ഭാവി കടമകള്‍ ഏറ്റെടുക്കാനും ഓര്‍മപ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമാപിക്കുന്നതെന്ന് ഇരുവരും വിശദമാക്കി. മഞ്ചേരി എച്ച് കെ പിഷാരടി നഗറില്‍ (മുനിസിപ്പല്‍ ടൗണ്‍ഹാള്‍) തിങ്കളാഴ്ച രാവിലെ ആരംഭിച്ച സമ്മേളനം ബുധനാഴ്ച ബഹുജന പ്രകടനത്തോടെ സമാപിക്കും. പൊതുചര്‍ച്ച ചൊവ്വാഴ്ച വൈകിട്ടോടെ സമാപിക്കും. തിങ്കളാഴ്ച തുടങ്ങിയ ചര്‍ച്ചയില്‍സി ഉസ്മാന്‍ (മലപ്പുറം), എം കെ ശ്രീധരന്‍ (പെരിന്തല്‍മണ്ണ), ഇ സിന്ധു (പൊന്നാനി), കെ വി സിദ്ദിഖ് (താനൂര്‍), കെ ബാപ്പുട്ടി (തിരൂര്‍), ടോം കെ തോമസ് (വണ്ടൂര്‍), അബ്ദുള്‍ അലി (കൊണ്ടോട്ടി), പി വിജയന്‍ (എടപ്പാള്‍), വി പി സോമസുന്ദരന്‍ (തിരൂരങ്ങാടി), എം ആര്‍ ജയചന്ദ്രന്‍ (എടക്കര), എന്‍ വേലുക്കുട്ടി (നിലമ്പൂര്‍), മോഹനന്‍ പുളിക്കല്‍ (മങ്കട) എന്നിവര്‍ പങ്കെടുത്തു.

deshabhimani 271211

2 comments:

  1. ജില്ലയില്‍ സിപിഐ എമ്മിന്റെ സ്വാധീനവും അംഗബലവും ഗണ്യമായി വര്‍ധിച്ചു. കഴിഞ്ഞ സമ്മേളന കാലയളവിനെക്കാള്‍ ഇക്കാര്യത്തില്‍ ബഹുദൂരം മുന്നോട്ടു പോകാനായതായി ജില്ലാസമ്മേളനത്തില്‍ സെക്രട്ടറി കെ ഉമ്മര്‍ മാസ്റ്റര്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ടിയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ചുകളുടെ എണ്ണത്തില്‍ കഴിഞ്ഞ സമ്മേളന കാലയളവിലേതിനെക്കാള്‍ വര്‍ധനയുണ്ടായി.

    ReplyDelete
  2. മഞ്ചേരി: സിപിഐ എം മലപ്പുറം ജില്ലാസെക്രട്ടറിയായി പി പി വാസുദേവനെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. പാലൊളി മുഹമ്മദുകുട്ടിയുടെ അധ്യതയില്‍ ചേര്‍ന്ന ജില്ലാകമ്മറ്റിയോഗത്തില്‍ സ്ഥാനമൊഴിഞ്ഞ ജില്ലാ സെക്രട്ടറി ഉമ്മര്‍മാസ്റ്ററാണ് വാസുദേവന്റെ പേര് നിര്‍ദ്ദേശിച്ചത്. 35 അംഗ ജില്ലാകമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. അഞ്ച് ഏരിയാ സെക്രട്ടറിമാരടക്കം എട്ട് പുതുമുഖങ്ങളടങ്ങിയതാണ് പുതിയ കമ്മറ്റി. സംസ്ഥാനകമ്മറ്റിയംഗങ്ങളായതിനാല്‍ പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, ടി കെ ഹംസ എന്നിവരെ ജില്ലാകമ്മറ്റിയില്‍ നിന്നും ഒഴിവാക്കി.

    ReplyDelete