Saturday, December 31, 2011

വെറുതെ കൈയാമം; സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം

മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോദ്യം വാഗ്ദാനംചെയ്ത് പണംതട്ടുന്നുവെന്ന പരാതിയില്‍ അറസ്റ്റ്ചെയ്യപ്പെട്ടയാളെ അന്യായമായി കൈയാമംവച്ചെന്ന് പരാതി. പരാതി ന്യായമെന്നു കണ്ട സുപ്രീംകോടതി പ്രതിക്ക് നഷ്ടപരിഹാരമായി രണ്ടുലക്ഷം രൂപ നല്‍കാന്‍ വിധിച്ചു.

മധ്യപ്രദേശില്‍നിന്നുള്ള ഹര്‍ദീപ് സിങ്ങാണ് നീതിതേടി സുപ്രീം കോടതിയിലെത്തിയത്. ചില കുട്ടികള്‍ക്ക് ചോദ്യം നല്‍കാമെന്ന് സിങ് വാഗ്ദാനംചെയ്തതായി കലക്ടര്‍ക്ക് പരാതി കിട്ടി. കലക്ടര്‍ ഒരാള്‍വഴി പണം കൊടുത്തയച്ച് സിങ്ങിനെ കുടുക്കിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സിങ്ങിന്റെ വീട് പൊലീസ് റെയ്ഡ്ചെയ്തു. അറസ്റ്റ്ചെയ്ത സിങ്ങിനെ വീട്ടില്‍നിന്ന് കൈയാമംവച്ച് കൊണ്ടുപോയി ഒരു രാത്രി മുഴുവന്‍ ലോക്കപ്പില്‍ സൂക്ഷിച്ചു. കൈയാമംവച്ച സിങ്ങിന്റെ ചിത്രം പല പത്രത്തിലും അച്ചടിച്ചുവന്നു. കേസ് 10 വര്‍ഷം നീണ്ടു. ഒടുവില്‍ കോടതി സിങ്ങിനെ വിട്ടയച്ചു. കേസ് നീണ്ടതുമൂലവും കൈയാമംവച്ച് മാനഹാനി ഉണ്ടാക്കിയതിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിങ് കേസുകള്‍ പലതും കൊടുത്തു. കലക്ടര്‍ക്കെതിരെയും കേസ് കൊടുത്തു. പല കേസിലും സിങ്ങിനെതിരായിരുന്നു വിധി. കേസിലെ കാലതാമസത്തിന് സിങ്ങാണ് ഉത്തരവാദിയെന്നും അതുകൊണ്ട് അക്കാര്യത്തില്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നുമായിരുന്നു മധ്യപ്രദേശ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ അഞ്ചുകൊല്ലത്തെ കാലതാമസം സര്‍ക്കാരിന്റെ വീഴ്ചകൊണ്ടാണെന്നു കണ്ടെത്തി. സാക്ഷികളെ ഹാജരാക്കുന്നതില്‍ കാലതാമസം ഉണ്ടായി. കേസ് വേഗത്തില്‍ തീര്‍ന്ന് കുറ്റവിമുക്തനായിരുന്നെങ്കില്‍ സിങ്ങിന് സ്വന്തം അന്തസ്സ് സംരക്ഷിക്കാന്‍ കഴിഞ്ഞേനെ. എന്നാല്‍ കേസില്‍ പ്രതിയായതോടെ സിങ്ങിന് കാര്യമായ അസ്വാതന്ത്ര്യം ഉണ്ടായിട്ടില്ലെന്ന് കോടതി കണ്ടു. സിങ് ജയിലിലായിരുന്നില്ല. ജാമ്യം കിട്ടി പുറത്തായിരുന്നു. ഇതെല്ലാം പരിഗണിച്ച് ഡിവിഷന്‍ ബെഞ്ച് സിങ്ങിന് 70,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു.

എന്നാല്‍ സിങ് ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കലക്ടര്‍ക്കെതിരായ ഹര്‍ജിയിലെ അപ്പീലും സിങ് നല്‍കിയിരുന്നു. ആ കേസുകളൊക്കെ തള്ളിയ കോടതി നഷ്ടപരിഹാരപ്രശ്നം പ്രത്യേകം പരിഗണിക്കുകയായിരുന്നു. കേസിന്റെ കാലതാമസം സംബന്ധിച്ച ഡിവിഷന്‍ ബെഞ്ച് നിരീക്ഷണങ്ങള്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കൈയാമംവയ്ക്കാന്‍ കോടതിവാറന്റ് ഉണ്ടായിരുന്നില്ല. കൈയാമംവച്ച സിങ്ങിന്റെ ചിത്രം പത്രങ്ങളില്‍വന്ന് എട്ടുദിവസത്തിനുള്ളില്‍ സിങ്ങിന്റെ സഹോദരി മരിച്ചു. മകനെപ്പോലെ കരുതിയിരുന്ന തന്നെ ഒരു കുറ്റവാളിയായി കാണേണ്ടിവന്നതിന്റെ ആഘാതത്തിലാണ് സഹോദരി മരിച്ചതെന്ന് സിങ് പറയുന്നു. ഇക്കാര്യങ്ങളൊക്കെ പരിഗണിക്കുമ്പോള്‍ സിങ്ങിനുണ്ടായ വ്യഥയ്ക്കും അപമാനത്തിനും പര്യാപ്തമായൊരു നഷ്ടപരിഹാരമല്ല ഹൈക്കോടതി നിശ്ചയിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം രണ്ടുലക്ഷം രൂപയായി ഉയര്‍ത്തുകയാണെന്ന് കോടതിവിധിയില്‍ പറഞ്ഞു. ഈ തുക മധ്യപ്രദേശ് സര്‍ക്കാര്‍ സിങ്ങിനു നല്‍കണം- ജ. അഫ്ത്താബ് അലം, ജ. രഞ്ജന പ്രസാദ് ദേശായി എന്നിവരുള്‍പ്പെട്ട ബെഞ്ച് 2011 ഡിസംബര്‍ അഞ്ചിന്റെ വിധിന്യായത്തില്‍ പറഞ്ഞു.

അഡ്വ. കെ ആര്‍ ദീപ deshabhimani

അഡ്വ. കെ ആര്‍ ദീപയുടെ ബ്ലോഗ് പെണ്‍നീതി 

1 comment:

  1. മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോദ്യം വാഗ്ദാനംചെയ്ത് പണംതട്ടുന്നുവെന്ന പരാതിയില്‍ അറസ്റ്റ്ചെയ്യപ്പെട്ടയാളെ അന്യായമായി കൈയാമംവച്ചെന്ന് പരാതി. പരാതി ന്യായമെന്നു കണ്ട സുപ്രീംകോടതി പ്രതിക്ക് നഷ്ടപരിഹാരമായി രണ്ടുലക്ഷം രൂപ നല്‍കാന്‍ വിധിച്ചു.

    ReplyDelete