നേരത്തെ, ഈ വര്‍ഷം ജൂണ്‍ മുതല്‍ ആഗസ്ത് വരെയും ഡിസംബര്‍ 31 വരെയുമാണ് 138 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയത്. ഈ റാങ്ക്ലിസ്റ്റുകളില്‍നിന്ന് നിയമനം നടന്നില്ലെങ്കിലുംഡിസംബറില്‍ മാത്രം സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് 3200 ഒഴിവുകളില്‍ പിഎസ്സി നിയമനശുപാര്‍ശ നല്‍കിയിട്ടുണ്ട്. യുഡിഎഫ് അധികാരമേറ്റശേഷം 14,109 പേര്‍ക്ക് പിഎസ്സി നിയമന ശുപാര്‍ശ അയച്ചു. അപ്പോള്‍ ഒരു നിയമനം പോലും നടത്താത്ത ലിസ്റ്റുകള്‍ വീണ്ടും നീട്ടാന്‍ ആവശ്യപ്പെടുന്നത് ഉദ്യോഗാര്‍ഥികളെ വഞ്ചിക്കാനാണെന്ന് വ്യക്തം. റാങ്ക്ലിസ്റ്റിലുള്ളവരെയും പിഎസ്സി പരീക്ഷയെഴുതാന്‍ കാത്തിരിക്കുന്നവരെയും തമ്മിലടിപ്പിക്കുന്നതാണ് സര്‍ക്കാര്‍ നിലപാട്. ഒരു നിശ്ചിതകാലത്തെ ഒഴിവുകളിലേക്ക് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നുതന്നെ രണ്ടും മൂന്നും വര്‍ഷം കഴിഞ്ഞുണ്ടാകുന്ന പുതിയ ഒഴിവുകളിലേക്കും നിയമനം നടത്തണമെന്ന മുഖ്യമന്ത്രിയുടെ വാദം തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് യുവജനങ്ങളോടുള്ള നീതിനിഷേധമാണ്. പട്ടിക നീട്ടുന്നത്, പ്രസ്തുത തസ്തികകളിലേക്ക് പുതിയ പരീക്ഷയെഴുതി കഴിവ് തെളിയിക്കാമെന്ന പ്രതീക്ഷയോടെ പഠനംനടത്തുന്ന ലക്ഷങ്ങള്‍ക്ക് തിരിച്ചടിയാകും. ഒരോവര്‍ഷവും വിവിധ യോഗ്യതാപരീക്ഷകള്‍ വിജയിച്ച് പിഎസ്സി പരീക്ഷയെ നേരിടാനൊരുങ്ങുന്ന യുവാക്കളുടെ അവസരവും സമയവും ഇതുകാരണം നഷ്ടമാകും.
നിയമനം കിട്ടാവുന്ന ഉദ്യോഗാര്‍ഥികളെ തിരിച്ചറിയാമെന്നിരിക്കെ ലിസ്റ്റ് നീട്ടുന്നത് അഴിമതിക്കിടയാക്കുമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത ഒഴിവിലേക്കുമാത്രമായിരിക്കണം റാങ്ക് ലിസ്റ്റ് ഉണ്ടാക്കേണ്ടതെന്നും അതിനുശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലെ നിയമനങ്ങള്‍ക്ക് മറ്റുള്ളവര്‍ക്കുകൂടി അവകാശമുണ്ടെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവിലേക്കാണ് പിഎസ്സി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. എന്നാല്‍ , കേരള സര്‍വീസ് ചട്ട(കെഎസ്ആര്‍)പ്രകാരം ലിസ്റ്റിന്റെ കാലാവധി ഒരുവര്‍ഷമാണ്. പുതിയ ലിസ്റ്റ് ഇല്ലെന്ന കാരണം പറഞ്ഞ് പട്ടിക മൂന്നുവര്‍ഷം വരെ നീട്ടും. സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ നാലും അഞ്ചും ആറും വര്‍ഷം വരെ പട്ടികയുടെ കാലാവധി നീളും. പെന്‍ഷന്‍ ഏകീകരിച്ചതുമൂലം ഉദ്യോഗാര്‍ഥികള്‍ക്ക് സമയനഷ്ടം ഉണ്ടാകാതിരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ , യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ല. സര്‍ക്കാരിന്റെ അനാസ്ഥ പിഎസ്സിയുടെമേല്‍ കെട്ടിവയ്ക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിയില്‍നിന്ന് എടുത്തുമാറ്റിയതും സര്‍വകലാശാലാനിയമനം പിഎസ്സിക്ക് വിടണമെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പാക്കാത്തതും പുറംവാതില്‍ നിയമനങ്ങള്‍ക്ക് വഴിയൊരുക്കാനാണ്. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിയില്‍നിന്ന് മാറ്റാനും നീക്കം തുടങ്ങി. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശവും പിഎസ്സി നേരത്തെ തള്ളിയിട്ടുണ്ട്. 20 എന്ന യൂണിറ്റിന് പകരം ഒഴിവുള്ള തസ്തിക മുഴുവനായി കണ്ട് 50-50 ശതമാനം വീതം ഓപ്പണ്‍മെറിറ്റില്‍ നിന്നും സംവരണ പട്ടികയില്‍ നിന്നും നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശം തള്ളി അപ്പീല്‍ നല്‍കിയതും ഇതേ പിഎസ്സിയാണ്. സര്‍ക്കാരിന്റെ ഒട്ടേറെ നിര്‍ദേശങ്ങള്‍ മുന്‍പും തള്ളിയിട്ടുണ്ടെന്ന് വ്യക്തമായിരിക്കെ പിഎസ്സിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാഷ്ട്രീയം ആരോപിച്ചത് സ്വന്തം വീഴ്ച മറയ്ക്കാനാണ്.
മുഖ്യമന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധം: പിഎസ്സി എംപ്ലോ.യൂണിയന്‍
പബ്ലിക് സര്‍വീസ് കമീഷനില്‍ 66 തസ്തിക പുതുതായി അനുവദിച്ചുവെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് കേരള പിഎസ്സി എംപ്ലോയിസ് യൂണിയന്‍ അറിയിച്ചു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ ജീവനക്കാരെ അനുവദിച്ച് പിഎസ്സിയുടെ പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു. 1,65,408 പേര്‍ക്ക് നിയമനവും നല്‍കി. ഈ നേട്ടങ്ങള്‍ മൂടിവയ്ക്കാനും രാഷ്ട്രീയ ആരോപണമുന്നയിച്ച് സ്ഥാപനത്തെ തകര്‍ക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പിഎസ്സിയെ തകര്‍ക്കുന്ന നിലപാടില്‍നിന്ന് മുഖ്യമന്ത്രി പിന്തിരിയണം. റാങ്കുലിസ്റ്റുകളുടെ കാലാവധി അനന്തമായി നീട്ടുകയല്ല, മറിച്ച് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടതെന്നും യൂണിയന്‍ ജനറല്‍ സെക്രട്ടറി വി ബി മനുകുമാര്‍ , പ്രസിഡന്റ് ജെ എസ് രാജേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.
deshabhimani 301211
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പബ്ലിക് സര്‍വീസ് കമീഷന്‍ (പിഎസ്സി) രണ്ടുതവണ കാലാവധി നീട്ടിക്കൊടുത്ത 138 റാങ്ക് ലിസ്റ്റുകളില്‍നിന്ന് ഒരു നിയമനംപോലും നടത്തിയില്ല. ഈ 138 തസ്തികയിലേക്ക് ഒരൊഴിവുപോലും റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കാതിരുന്നതാണ് നിയമനം മരവിക്കാന്‍ കാരണം. ഈ വീഴ്ച മറച്ചുവയ്ക്കാനാണ് വീണ്ടും റാങ്ക്ലിസ്റ്റ് നീട്ടണമെന്ന ആവശ്യം മന്ത്രിസഭായോഗം മുന്നോട്ടുവച്ചത്. വ്യവസ്ഥകള്‍ക്കും നീതിക്കും നിരക്കാത്ത ഈ ആവശ്യം പിഎസ്സി അംഗീകരിച്ചില്ല. എന്നാല്‍ , ഇതിന്റെപേരില്‍ ഭരണഘടനാസ്ഥാപനമായ പിഎസ്സിയെ കുറ്റപ്പെടുത്തി രാഷ്ട്രീയമുതലെടുപ്പിനുള്ള നീക്കത്തിലാണ് മുഖ്യമന്ത്രിയും കൂട്ടരും. പിഎസ്സിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി പുറംവാതില്‍ നിയമനത്തിന് വഴിയൊരുക്കുകയെന്ന ഗൂഢലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
ReplyDelete