ബ്രിട്ടീഷ് ആക്സന്റീല് സരിയാന ഇംഗ്ലീഷ് പേശും. തമിള്‍ റൊമ്പ പുടിക്കും. കേട്ടീലയോ കിഞ്ചനവര്‍ത്തമാനം: ''മുല്ലപ്പെരിയാര്‍ ഡാമും അതിലിര്ക്കത് എവരി ഡ്രോപ്പ് തണ്ണിയും തമിള്നാടിന് താന്‍ അതോറിറ്റി. അങ്കേ ഒരു പ്രച്നവുമില്ലൈ. ബൈ എലക്ഷന് മട്ടും താന്‍ പ്രച്നം''. ഇത്രയും പറഞ്ഞത് തമിഴ്നാട് മുന്‍ മുഖ്യന് കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധിയല്ല. ഇപ്പോള്‍ ഭരിക്കും പുരട്ചി തലൈവി ജയലളിതാമ്മയുമല്ല. പിന്നെയാര് ? സാക്ഷാല്‍ പളനിയപ്പന്‍ ചിദംബരന് (പി ചിദംബരം എന്ന് ചുരുക്കെഴുത്ത്). ഇന്ത്യയുടെ അഭിനവ ആഭ്യന്തരമന്ത്രി. ഭാഗംപിടിച്ച് മന്ത്രിക്ക് ഇങ്ങനെ പറയാമോ എന്നുചോദിച്ചാല്‍ 'ദേ കിടക്കുന്നു ദ മുന': ഇത് താന്‍ഡാ നമത് പൊളിറ്റിക്സ്. ഡാമും വെള്ളവും ഉപതിരഞ്ഞെടുപ്പും സ്വന്തംവക സുപ്രീം കോടതി വിധിയും. ഇത് താന്‍ ഇപ്പോത് മുഖ്യമാന പ്രച്നം. 2 ജി സ്പെക്ട്രമില്ലൈ. പ്രണബ് - ചിദം ശണ്ഠയില്ലൈ. പൊണ്ടാട്ടി നളിനി സാന്റിയാഗോവിനുവേണ്ടി വാദിച്ചതില്ലൈ. ക്രിമിനലിനെ വേണ്ടവിധം സഹായിച്ചുവെന്ന ഒടുവില്‍ കിട്ടിയ വാര്ത്തയുമില്ലൈ. അഴിമതി വര്‍ത്തമാനം ഇല്ലേ ഇല്ലൈ. എപ്പടി പേച്ച്ക്ക് പിന്നാടി വന്ത റിസല്‍ട്ട് ?
കുറച്ചുകാലം ജി കെ മൂപ്പനാരുടെ മാനിലയിലായിരുന്നു നേരമ്പോക്ക്. കോണ്‍ഗ്രസ്സിനെ വിട്ടിട്ട്. അത് പിരിച്ചുവിടപ്പെട്ട് കോണ്‍ഗ്രസ്സില്‍ അലിഞ്ഞപ്പോള്‍ ജയിച്ചുകേറി ധനമന്ത്രിയായി. ധനം മുച്ചൂടും കൊള്ളയടിച്ച് മുടിച്ചു. പാര്‍ലിമെന്റില്‍ ബജറ്റ് അവതരിപ്പിക്കാന്‍ വേണ്ടി കാറില്‍നിന്നിറങ്ങി കയ്യില്‍ ബ്രീഫ് കെയ്സുമായി പടികയറിപ്പോകുന്ന ചിദംബരമാണ് ടി.വി. കാണുന്ന ഇന്ത്യക്കാരന്റെ മനസ്സില്‍. ഇടതുവശം കുത്തിയ ദോത്തിയുടുത്ത് ഫുള്‍കൈ ഷര്‍ട്ടിട്ട് അല്പം സ്ത്രൈണമായി നടന്നുപോകുന്നത് കണ്ട് അബുവിന്റെ മകന് സലിം പഞ്ഞു: ആ നടത്ത കണ്ടോ? ആ പോക്കുകണ്ടോ? (മറക്കുമോ ഇന്ത്യയുള്ള കാലം)
ഉപതിരഞ്ഞെടുപ്പ് എന്ന പരൂക്ഷയ്ക്ക് പഠിക്കാന്നേരമാണ് ചിദംബരത്തിന്റെ ഈ ചാപിള്ള പറച്ചില്. ഈടെ ഡാമും വെള്ളോം കുന്തോം അല്ല. ഉപതിരഞ്ഞെടുപ്പാണ് കാര്യം. ഒറ്റ ഏറ്. ചെന്നുകൊണ്ടത് ഉമ്മന്റെ കണ്ണില്‍. കോണ്‍ഗ്രസ്സ് വെട്ടിലായി. ഹാലിളകി. മുമ്പൊരു തിരഞ്ഞെടുപ്പുകാലത്ത് സിങ്ങ്വീന്ന് പറേണ കള്ളഹിമാറ് വന്ന് കൊളം കലക്കി പരുന്തിന് കൊടുത്തു. പാര്ട്ടീന്റെ മാധ്യമവിശദീകരണം ഐച്ഛികവിഷയമായെടുത്ത ആ പഹേന് ലോട്ടറിഭീമനുവേണ്ടി വക്കീല്‍ വേഷത്തില്‍ വന്ന് പണ്ടാറടക്കിയത് മറന്നുതീര്ന്നിട്ടില്ല. അന്നേരത്താണ് ഈ..... അല്ലെങ്കി വേണ്ട. പറഞ്ഞുവന്നത് പറയാതെ ഉമ്മന്‍ തുമ്മി തീര്‍ത്തു.
പ്രധാനമന്ത്രിക്ക് പിടിപ്പത് പണിയുള്ളപ്പോഴാണ് ചിദംബരത്തെപ്പോലുള്ള ഉണ്ണികള്‍ ഓരോരോ എടങ്ങേറുണ്ടാക്കുന്നത്. നേരാംവണ്ണം നാടുചുറ്റാനോ മടങ്ങിവന്ന് കുത്തിര്ന്ന് ഭരിക്കാനോ സൊയിരം തരില്ലാന്ന് വെച്ചാലെന്താ ചെയ്യാ. രാഷ്ട്രീയകാര്യങ്ങള്‍ വെടിപ്പായിട്ട് നോക്കാന്‍ തനിക്കാവില്ലാന്ന് ആര്‍ക്കാണറിയാത്തത് ? ഒന്ന് മിണ്ടിക്കിട്ടണങ്കില് താടിക്കിട്ട് മേടണ്ന്ന് വന്നാ കഷ്ടാണേയ്. പുരയ്ക്ക് തീ പിടിച്ചിരിക്കുമ്പോള്‍ അമേരിക്കാ... അമേരിക്കാ... എന്ന് മന്ത്രം ചൊല്ലിയിരിക്കാണ്ട് തല്ലിക്കെടുത്താന്‍ രണ്ടു വാഴവെട്ടാന്‍ രണ്ടാളെ വിളിച്ചുകൂട്ടിക്കൂടെ ? എന്താ മേലനങ്ങ്യാ തൊപ്പിതെറിക്ക്യോ ?
ഉമ്മന്‍ പറയുന്നു. 'നമുക്ക് സുരക്ഷ, തമിഴ്നാടിന് വെള്ളം'. കേരളത്തിലെ സര്‍വമാന കക്ഷികളും ജനങ്ങളും അതുതന്നെ പറയുന്നു. ഇവിടെ പോരാഞ്ഞ് അങ്ങ് 'ഔത്തരാഹത്തി'ല്‍ ചെന്ന് മനോമോഹനെ കണ്ടു, ഉണര്‍ത്തിച്ചു. മൂപ്പര് പതിവിന്‍പടി ചുണ്ടനക്കമില്ല. സര്‍വമാന കക്ഷിനേതാക്കളും മനോമോഹനോട് ''മിണ്ടുക മഹാമുനേ...'' ക്ഷീരബല നൂറ്റൊന്ന് ആവര്‍ത്തിച്ചു. ഒടുവില്‍ മുത്തുപൊഴിഞ്ഞു. '' സമാധാനാന്തരീക്ഷം തരിക. ഇടപെടാം.'' കേട്ടപാതി കേള്‍ക്കാത്തപാതി കാത്തിരുന്നപോലെ ഉടനെ ഉമ്മന്റെ കോണ്‍ഗ്രസ്സ് സമരപാതയില്‍നിന്ന് പിന്മാറി. (ഖദറുലഞ്ഞ് പതിവില്ലാത്ത വിയര്‍പ്പും പൊടിഞ്ഞ് ഇരിക്കുമ്പോള്‍ വന്നുവീണ മൃതസഞ്ജീവനി)
സമാധാനാന്തരീക്ഷം നേര്‍ന്ന് മനോമോഹന്‍ റഷ്യയ്ക്ക് വണ്ടികേറി. (ഇവിടെ ഇരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് താടിയുള്ളപ്പനെ പേടിയില്ലാത്ത കോണ്ഗ്രസ്സുകാര് അടക്കം പറഞ്ഞു) കേരളാവില് സമാധാനസൃഷ്ടി. തത്സമയം ചെന്നാവില് തമിഴന് മലയാളിക്കിട്ട് അടി. കേരള റജിസ്ട്രേഷന് വണ്ടിക്കുനേരെ. മലയാളി കടകള്‍ക്കുനേരെ. അടിപൂരം. അഭിഭാഷകവേഷം കെട്ടിയവരും നാന് മുന്‍പേ നാന് മുന്‍പേ. അപ്പടിയിരിക്കുമ്പോളാണ് പളനിയപ്പന്‍ ചിദംബരത്തിനുടെ രംഗപ്രവേശം. ആരോപണങ്ങളില്‍ വീര്‍പ്പുമുട്ടി മന്ത്രിസഭയില്‍നിന്ന് പുറത്തേക്കുള്ള വാതില്‍ ഇപ്പൊ കാണിച്ചതരും എന്ന് നിനച്ചിരിക്കുമ്പോള്‍ മുല്ലപ്പെരിയാറില്‍ പിടിച്ചുകേറാന്‍ ചിദംബരത്തിന് കൊതിയേറി. സ്വന്തം നിയോജകമണ്ഡലമായ ശിവഗംഗയിലേക്കും മുല്ലപ്പെരിയാറിന് തണ്ണി കെടയ്ക്കുന്നുണ്ടെന്ന് അറിവായ അണ്ണാച്ചി പേച്ചി. പ്രീതിയോ വിദ്വേഷമോ കൂടാതെ ജനത്തെ ഒന്നായി കണ്ട് ഭരിക്കുമെന്ന് ഭരണഘടന തൊട്ട് സത്യംചെയ്ത് കേറിയ മന്ത്രിയാണ്. വിവരമില്ലാഞ്ഞിട്ടൊ ന്നുമല്ല. കൂടിയിട്ടാണ്.
ഒരുവിധം കെട്ടുമുറുക്കിക്കൊണ്ടുവന്നതൊക്കെ അഴിഞ്ഞുപോകുന്നതുകണ്ട് ഉമ്മനും കൂട്ടരും അണ്ണാറക്കണ്ണനെപ്പോലെ കരഞ്ഞുപറഞ്ഞു: അണ്ടിപോയേ... പിറവം തിരഞ്ഞെടുപ്പ് 'പ്രച്ന'മാണ്. രണ്ടേ രണ്ടിന്റെ നൂല്ബലത്തിലാണ് കേറീത്. ഇപ്പോ അത് ഒന്നായി. ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ നിശ്ചയമില്ലൊന്നിനും എന്ന മട്ടാണ്. ഈ കസേര ഇപ്പൊ തെറിച്ചാല്‍ പിന്നെ ഇല്ലേ ഇല്ല എന്ന് മറ്റാരേക്കാളും മുമ്പേ ഉമ്മനറിയാം. ചിദംബരംപേച്ചും പുകിലും ഇങ്ങനെ. മേലേ ആകാശവും താഴെ തമിഴ്മക്കളും എന്ന മട്ടിലുള്ള ജയലളിത. മനോമോഹനോ അന്തോണിയോ സോണിയാ മദാമ്മയോ തലൈവിയോട് ഒന്ന് പേശാന്‍ പോയിട്ട് മുന്നാടിനില്ക്കാന് പോലും പേടി. അപ്പുറത്ത് മു.ക.യുടെ പത്തുപതിനഞ്ച് എം.പി.മാരുടെ പിന്തുണയില്ലേല് കേന്ദ്രഭരണം സ്വാഹ. കാര്യങ്ങള്‍ ഇവ്വിധമെങ്കില്‍ പിറവം കഴിഞ്ഞാലുടനെ കേരളം ഒട്ടാകെ മറുപിറവിയുടെ കേളികൊട്ട് കേള്‍ക്കുമോ ? തലമുടി ചിക്കിപ്പറത്തി ഉമ്മന്‍ ആശങ്കിച്ചുപോയതില് അത്ഭുതമില്ല.
പിന് വായന: കേരളത്തിലെ ഭരണരാഷ്ട്രീയക്കാര്‍ ചിലര്‍ക്ക് അതിര്‍ത്തിക്കപ്പുറത്ത് വാങ്ങിക്കൂട്ടിയിട്ടുള്ള ഭൂമിയുടെ കണക്ക് തലൈവിയുടെ പക്കലുണ്ടത്രെ. മുല്ലപ്പെരിയാറിലെ വെള്ളംകൊണ്ടാണ് സമൃദ്ധമായ കൃഷി. 'ഡാം സുരക്ഷയേക്കാള്‍ എന്റെ സുരക്ഷ' എന്നാണ് മേപ്പടി കേരളനേതാക്കളുടെ മുദ്രാവാക്യം.
വി എസ് വസന്തന്് janayugom 281211
No comments:
Post a Comment