Sunday, December 25, 2011

പുഷ്പഗിരിയിലെ നേഴ്സുമാര്‍ സമരം തുടരുന്നു

തിരുവല്ല: തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് പിരിച്ചുവിട്ട 43 നേഴ്സുമാരെ തിരിച്ചെടുക്കണമെന്നും ശമ്പള വര്‍ദ്ധന നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് നേഴ്സുമാര്‍ നടത്തുന്ന സമരം രണ്ടു ദിവസം പിന്നിട്ടു. സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ ആശുപത്രിയിലെത്തി സമരത്തെ അഭിവാദ്യം ചെയ്തു. ജീവനക്കാരുടെ ന്യായമായ സമരത്തിന് സിപിഐ എം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ മാനേജ്മെന്റ് നടപടി സ്വീകരിക്കണമെന്ന് അനന്തഗോപന്‍ ആവശ്യപ്പെട്ടു. സിപിഐ എം ഏരിയ സെക്രട്ടറി കെ ഐ കൊച്ചീപ്പന്‍മാപ്പിള, ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയംഗം ജനു മാത്യു, അഡ്വ. ഫ്രാന്‍സിസ് വി ആന്റണി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രകാശ്ബാബു എന്നിവര്‍ സംസാരിച്ചു. സമരം നടത്തുന്ന നേഴ്സുമാരുമായി ചര്‍ച്ച നടത്താന്‍ മാനേജ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല.

ഇന്റേണ്‍ഷിപ്പ് കഴിഞ്ഞ് സ്റ്റാഫ് നേഴ്സായി ജോലിയില്‍ പ്രവേശിച്ച 43 പേരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതും പകരം കുറഞ്ഞ കൂലിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നേഴ്സുമാരെ നിയമിക്കാന്‍ ശ്രമിക്കുന്നതുമാണ് സമരത്തിനിടയാക്കിയത്. കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച്സ്ഥിരം നിയമനം നടത്തുന്നതിനുള്ള അവസരം മാനേജ്മെന്റ് തുടര്‍ച്ചയായി നിഷേധിക്കുകയാണ്. ഓവര്‍ടൈം ചെയ്യുന്ന നേഴ്സുമാര്‍ക്ക് അര്‍ഹമായ വേതനം നല്‍കാറില്ല. സര്‍ക്കാര്‍ അംഗീകരിച്ച 2009ലെ മിനിമം വേതനം സംബന്ധിച്ച ഉത്തരവ് നടപ്പാക്കുക, അടിസ്ഥാന ശമ്പളം, ഇന്‍ക്രിമെന്റ് തുടങ്ങിയ നിയമാനുസൃതമായ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കുക, പിഎഫിലേക്കുള്ള മാനേജ്മെന്റ് വിഹിതം ശമ്പളത്തില്‍നിന്ന് പിടിക്കുന്ന രീതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരസമിതി ഉന്നയിക്കുന്നുണ്ട്. ഓള്‍ ഇന്ത്യ പ്രൈവറ്റ് നേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.

എലൈറ്റിലെ നേഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നു

തൃശൂര്‍ : കുര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയില്‍ നേഴ്സുമാര്‍ നടത്തിവന്ന സമരം ചര്‍ച്ചയിലൂടെ പരിഹരിച്ചു. ശനിയാഴ്ച വൈകിട്ടുമുതല്‍ നേഴ്സുമാര്‍ ജോലിയില്‍ കയറി. നേഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് അധികൃതര്‍ സമ്മതിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. പിരിച്ചുവിട്ട രണ്ടുപേരെ ജോലിയില്‍ തിരിച്ചെടുക്കാന്‍ ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേജസ് ജനുവരി ഒന്നുമുതലുള്ള ശമ്പളത്തില്‍ നല്‍കാനും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള തീരുമാനങ്ങളെടുക്കാനും തീരുമാനിച്ചു.

രണ്ടുവര്‍ഷമായി തുടരുന്ന സ്റ്റാഫ് നേഴ്സുമാരുടെ കരാര്‍ ജോലി അവസാനിപ്പിച്ച് സ്ഥിരം ജീവനക്കാരാക്കും. എട്ടു മണിക്കൂര്‍ ജോലി, നിയമപ്രകാരമുള്ള ലീവ്, മൊബൈല്‍ ഐസിയുവില്‍ ഡോക്ടറുടെ സേവനം എന്നിവയും നടപ്പാക്കാന്‍ തീരുമാനിച്ചു. യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നേഴ്സുമാര്‍ അനിശ്ചിതകാല സമരമാരംഭിച്ചത്. അതിനിടെ സമരത്തെ മറികടക്കാന്‍ മാനേജ്മെന്റ് നേഴ്സിങ് വിദ്യാര്‍ഥികളെക്കൊണ്ട് കൂടുതല്‍ ജോലിയെടുപ്പിച്ചത് പ്രതിഷേധത്തിനിടയാക്കി. വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ ശനിയാഴ്ച രാവിലെ എട്ടുവരെ ജോലിയെടുപ്പിച്ചു. തളര്‍ന്നുവീണ ഏഴ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ത്തന്നെ പ്രവേശിപ്പിച്ചു. ഇവരെ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു. ചര്‍ച്ചയില്‍ എലൈറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് എംഡി ഡോ. മോഹന്‍ദാസ്, സമരക്കാരെ പ്രതിനിധീകരിച്ച് അഡ്വ. ടി ബി മിനി, ജാസ്മിന്‍ഷാ, മീര തോമസ്, സുദീപ് കൃഷ്ണന്‍ , മുഹമ്മദ് ഷിഹാബ്, അനൂപ്, എ സി കൃഷ്ണന്‍ , സേതു, എ ജെ വര്‍ഗീസ്, അക്ബര്‍ , ലേബര്‍ ഓഫീസര്‍മാരായ എം കെ വേണുഗോപാല്‍ , ഇ കെ ഷംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

deshabhimani 251211

1 comment:

  1. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് പിരിച്ചുവിട്ട 43 നേഴ്സുമാരെ തിരിച്ചെടുക്കണമെന്നും ശമ്പള വര്‍ദ്ധന നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് നേഴ്സുമാര്‍ നടത്തുന്ന സമരം രണ്ടു ദിവസം പിന്നിട്ടു. സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ ആശുപത്രിയിലെത്തി സമരത്തെ അഭിവാദ്യം ചെയ്തു. ജീവനക്കാരുടെ ന്യായമായ സമരത്തിന് സിപിഐ എം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ മാനേജ്മെന്റ് നടപടി സ്വീകരിക്കണമെന്ന് അനന്തഗോപന്‍ ആവശ്യപ്പെട്ടു. സിപിഐ എം ഏരിയ സെക്രട്ടറി കെ ഐ കൊച്ചീപ്പന്‍മാപ്പിള, ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയംഗം ജനു മാത്യു, അഡ്വ. ഫ്രാന്‍സിസ് വി ആന്റണി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രകാശ്ബാബു എന്നിവര്‍ സംസാരിച്ചു. സമരം നടത്തുന്ന നേഴ്സുമാരുമായി ചര്‍ച്ച നടത്താന്‍ മാനേജ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല.

    ReplyDelete