Friday, December 30, 2011

കുടുംബശ്രീയില്‍ തിരഞ്ഞെടുപ്പ് മത്സരം മുറുകുന്നു

കേരളത്തില്‍ ഒരു തിരഞ്ഞെടുപ്പ് ജ്വരം മുറുകുകയാണ്. പത്രിക നല്‍കലും ചുവരെഴുത്തും പോസ്റ്ററും മൈക്ക് പ്രചരണവുമില്ലാത്ത തിരഞ്ഞെടുപ്പ്. ത്രിതല തദ്ദേശഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് എന്നതാണ് ശ്രദ്ധേയം. സംസ്ഥാനത്ത് 2,10,688 അയല്‍കൂട്ടങ്ങള്‍വഴി 38 ലക്ഷം കുടുംബങ്ങളാണ് തിരഞ്ഞെടുപ്പ് രംഗത്ത്. കുടുംബശ്രീ ബൈലോ പ്രകാരം ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ക്കാണ് അംഗത്വം. പത്തിനും ഇരുപതിനുമിടക്ക് അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഓരോ അയല്‍കൂട്ടവും.

അയല്‍കൂട്ടം, വാര്‍ഡുതല എ ഡി എസ്, പഞ്ചായത്തുതല സി ഡി എസ് എന്നീ ത്രിതല തിരഞ്ഞെടുപ്പിന്റെ മാര്‍ഗരേഖ സര്‍ക്കാര്‍ പുറപ്പെടുവിച്ചുകഴിഞ്ഞു. ത്രിതല സംഘടനാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനുവേണ്ടി അതാതു ജില്ലാ കലക്ടര്‍മാര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥനാണ് ജില്ലാ വരണാധികാരി. തര്‍ക്കപരാതിപരിഹാരങ്ങളുടെ അപ്പീല്‍ അധികാരിയും കലക്ടറാണ്.

ഭൂരിഭാഗം അയല്‍കൂട്ടങ്ങളിലും തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെയാണ് എ ഡി എസ്, സി ഡി എസ് തിരഞ്ഞെടുപ്പുകളിലേയ്ക്ക് രാഷ്ട്രീയ പിന്നണി ചുവയുള്ള മത്സരത്തിന്റെ പുറപ്പാട്.
മൂന്നുതലങ്ങളിലും മത്സരരീതികളെക്കുറിച്ചുള്ള പരിശീലനവും കുടുംബശ്രീമിഷന്‍ നല്‍കിക്കഴിഞ്ഞിരിക്കുകയാണ്.

അയല്‍കൂട്ടതലത്തില്‍ അഞ്ചുപേരെയാണ് തിരഞ്ഞെടുക്കേണ്ടത്. പ്രസിഡന്റ്, സെക്രട്ടറി, വരുമാനദായക വോളന്റിയര്‍, ആരോഗ്യ-വിദ്യാഭ്യാസ വോളന്റിയര്‍, പശ്ചാത്തല സൗകര്യ വോളന്റിയര്‍. ഓരോ വാര്‍ഡിലെയും അയല്‍കൂട്ടങ്ങളില്‍നിന്ന് തിരഞ്ഞെടുക്കുന്ന അഞ്ചുവീതം അംഗങ്ങള്‍ ചേരുന്ന ജനറല്‍ ബോഡിയാണ് എ ഡി എസ് കമ്മറ്റി. ഈ കമ്മറ്റി മൂന്നു മാസത്തിലൊരിക്കല്‍ യോഗം ചേരേണ്ടതുമാണ്. എ ഡി എസ് ജനറല്‍ ബോഡി ചേര്‍ന്നാണ് ഏഴംഗ ഭരണസമിതിയെ തിരഞ്ഞെടുക്കേണ്ടത്. അതില്‍ അഞ്ചുപേര്‍ ബി പി എല്‍ അംഗങ്ങള്‍ ആയിരിക്കണം. ഭരണസമിതിയില്‍നിന്നും ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി എന്നിവരെ തിരഞ്ഞെടുക്കണം. പൊതുയോഗത്തില്‍നിന്നും വോട്ടവകാശമില്ലാത്ത രണ്ട് ഇന്റേണല്‍ ഓഡിറ്റര്‍മാരെയും തിരഞ്ഞെടുക്കണം. ഭരണസമിതി മാസത്തിലൊരിക്കല്‍ യോഗം ചേരണം. സ്വതന്ത്രമായ ഫണ്ടിംഗ് സംവിധാനവും സംയുക്ത ബാങ്ക് അക്കൗണ്ടും ഇവര്‍ക്കുണ്ട്. സ്വയംപദ്ധതികള്‍ ആവിഷ്‌കരിച്ച് അംഗീകാരം നേടി നടപ്പാക്കാനുള്ള സ്വാതന്ത്ര്യവും എ ഡി എസ്‌കള്‍ക്കുണ്ട്. 18104 എ ഡി എസുകളാണ് സംസ്ഥാനത്തുള്ളത്. എ ഡി എസ് തിരഞ്ഞെടുപ്പുകള്‍ ജനുവരി ഒന്നിനും പത്തിനും ഇടയ്ക്കാണ് പൂര്‍ത്തീകരിക്കേണ്ടത്.

ജനുവരി 10 നും 20 നും ഇടക്ക് സി ഡി എസ് തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തീകരിച്ച് ജനുവരി 26 ന് ത്രിതല കമ്മറ്റികളും അധികാരം ഏറ്റെടുക്കണം. നിലവിലുള്ള കമ്മറ്റികള്‍ അതേ വരെ തുടരണം.

എ ഡി എസില്‍ നിന്നു തിരഞ്ഞെടുത്തു വരുന്ന 7 വീതം അംഗങ്ങള്‍ അടങ്ങുന്ന സി ഡി എസ് ജനറല്‍ ബോഡി ചേര്‍ന്നാണ് സി ഡി എസ് ഭാരവാഹികളെ തിരഞ്ഞടുക്കേണ്ടത്. ഓരോ വാര്‍ഡിനും ഒന്നുവീതം ഭരണസമിതി അംഗങ്ങളെ ആദ്യം തിരഞ്ഞെടുക്കണം. ഭരണസമിതി ചേര്‍ന്ന് ചെയര്‍പേഴ്‌സണ്‍, വൈസ്‌ചെയര്‍പേഴ്‌സണ്‍ എന്നീ ഔദ്യോഗിക ഭാരവാഹികളെ തിരഞ്ഞെടുക്കണം. പുറമേ വോട്ടവകാശമില്ലാത്ത എക്‌സ് ഒഫിഷ്യോ അംഗങ്ങള്‍കൂടി അടങ്ങുന്നതാണ് സി ഡി എസ്. തദ്ദേശ ഭരണസ്ഥാപനം നിയോഗിക്കുന്ന മെമ്പര്‍ സെക്രട്ടറി എന്ന ഉദ്യോഗസ്ഥന്‍, അഞ്ചില്‍ കുറയാത്ത വനിതാ ജനപ്രതിനിധികള്‍, സി ഡി എസ് ഭരണസമിതി നാമനിര്‍ദ്ദേശം ചെയ്യുന്ന പരിചയ സമ്പന്നരായ രണ്ടു മുന്‍ സി ഡി എസ് ഭാരവാഹികള്‍ എന്നിവരാണ് എക്‌സ് ഒഫിഷ്യോ അംഗങ്ങള്‍.

ഓരോ തലത്തിലെ ഭരണസമിതിയിലും വരേണ്ട ബി പി എല്‍ അംഗങ്ങളുടേയും പട്ടികജാതി -പട്ടികവര്‍ഗ്ഗ അംഗങ്ങളുടേയും അനുപാതവും നിര്‍ണ്ണയിച്ചിട്ടുണ്ട്. ഭാരവാഹികള്‍ 50 ശതമാനത്തിനു മുകളില്‍ ബി പി എല്‍ ആയിരിക്കുകയും വേണം.

മൂന്നുതലങ്ങളിലേയും ഔദ്യോഗിക ഭാരവാഹികള്‍ തുടര്‍ച്ചയായി രണ്ടു തവണയില്‍ കൂടുതല്‍ തിരഞ്ഞെടുക്കാന്‍ പാടില്ല. ത്രിതല ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് ജനപ്രതിനിധികള്‍ക്ക് മത്സരിക്കാനും പാടില്ല. കൂടാതെ സാക്ഷരതാ പ്രേരക്, അംഗന്‍വാടി പ്രവര്‍ത്തക, ആശാവര്‍ക്കര്‍ മുതലായ സര്‍ക്കാര്‍ ഹോണറേറിയം പറ്റുന്നവര്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍, സബ്കമ്മറ്റി കണ്‍വീനര്‍ സ്ഥാനങ്ങളിലേക്കും എ ഡി എസ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കും തിരഞ്ഞെടുക്കാന്‍ അര്‍ഹതയില്ല. 1061 സി ഡി എസുകളാണ് 14 ജില്ലകളിലായി പഞ്ചായത്തു മുനിസിപ്പല്‍ - കോര്‍പ്പറേഷനുകളിലായി നിലവിലുള്ളത്.

സംസ്ഥാനത്ത് 1611.45 കോടി രൂപാ നിക്ഷേപമുള്ള കുടുംബശ്രീ പ്രസ്ഥാനത്തിന് 1309.87 കോടി രൂപയുടെ ബാങ്ക് ലിങ്കേജ് വായ്പയുണ്ട്. ആന്തരിക വായ്പ 4520.12 കോടിയാണ്. 1997 ഒക്‌ടോബര്‍ 29 ന് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന നയസമീപനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഉത്തരവായ കുടുംബശ്രീയുടെ  ഔദ്യോഗിക ഉത്ഘാടനം 1998 മെയ് മാസം 17 ന് ആയിരുന്നു. ബാലാരിഷ്ഠതകള്‍ കടന്ന് ലോകമാകെ ശ്രദ്ധിക്കുന്നതായി മാറിയ 'കുടുംബങ്ങളിലെ വനിതകളുടെ ഈ കൂട്ടായ്മ'യില്‍ വ്യവസ്ഥാപിതമായ ഒരു തിരഞ്ഞെടുപ്പ് സംവിധാനം നടപ്പാക്കിയത് 2008 നവംബറിലായിരുന്നു. മൂന്നുവര്‍ഷമാണ് ഭരണസമിതി കാലാവധി.

തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നു സ്ഥാനമൊഴിഞ്ഞ വനിതാ ജനപ്രതിനിധികളാണ് മത്സരച്ചുവടുകളുമായി തന്ത്രങ്ങള്‍ മെനയുന്നത് എന്നതാണ് 2012 ലെ കൗതുകകരമായ കാഴ്ച.
(ബി എസ് ഇന്ദ്രന്‍)

janayugom 301211

1 comment:

  1. കേരളത്തില്‍ ഒരു തിരഞ്ഞെടുപ്പ് ജ്വരം മുറുകുകയാണ്. പത്രിക നല്‍കലും ചുവരെഴുത്തും പോസ്റ്ററും മൈക്ക് പ്രചരണവുമില്ലാത്ത തിരഞ്ഞെടുപ്പ്. ത്രിതല തദ്ദേശഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് എന്നതാണ് ശ്രദ്ധേയം. സംസ്ഥാനത്ത് 2,10,688 അയല്‍കൂട്ടങ്ങള്‍വഴി 38 ലക്ഷം കുടുംബങ്ങളാണ് തിരഞ്ഞെടുപ്പ് രംഗത്ത്. കുടുംബശ്രീ ബൈലോ പ്രകാരം ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ക്കാണ് അംഗത്വം. പത്തിനും ഇരുപതിനുമിടക്ക് അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഓരോ അയല്‍കൂട്ടവും.

    ReplyDelete