Saturday, December 31, 2011

ഇന്ത്യയുടെ വിദേശകടം കുത്തനെ ഉയരുന്നു

ഇന്ത്യയുടെ വിദേശകടം സെപ്തംബര്‍ അവസാനം 32660 കോടി ഡോളറായി ഉയര്‍ന്നു. സാമ്പത്തികവര്‍ഷത്തിന്റെ ആരംഭത്തില്‍ 30600 കോടി ഡോളറായിരുന്നു വിദേശകടം. 6.6 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയ വര്‍ധനവ്.

2011-12 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ഹ്രസ്വകാലകടം മൊത്തം കടത്തിന്റെ 21.9 ശതമാനമായിരുന്നു. 78.1 ശതമാനം ദീര്‍ഘകാല കടമാണ്.
രൂപയുടെ മൂല്യമിടിയുന്നതിന്റെ ഫലമായി വിദേശകടത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധന ഉത്കണ്ഠാജനകമാണെന്നും കടം വാങ്ങുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ലാഭത്തെ അത് ബാധിക്കുമെന്നും ധനമന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ അഞ്ചുമാസങ്ങളില്‍ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് 16 ശതമാനത്തോളമാണ്. 2006 മാര്‍ച്ചിനും 2011 മാര്‍ച്ചിനുമിടയില്‍ വാണിജ്യാവശ്യങ്ങള്‍ക്കായി വിദേശത്തു നിന്നും വാങ്ങുന്ന കടത്തില്‍ പ്രതിവര്‍ഷം 27.4 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.

മൊത്തമുള്ള വിദേശകടത്തില്‍ 24.3 ശതമാനം ഗവണ്‍മെന്റ് വാങ്ങിയതും 75.7 ശതമാനം ഗവണ്‍മെന്റിതര സ്ഥാപനങ്ങള്‍ വാങ്ങിയതുമാണ്. കടത്തിന്റെ 55.8 ശതമാനവും അമേരിക്കന്‍ ഡോളറില്‍ കൊടുത്തുതീര്‍ക്കേണ്ടതാണ്. 18.2 ശതമാനം ഇന്ത്യന്‍ രൂപയിലും 12.1 ശതമാനം ജാപ്പനീസ് യെന്നിലും മടക്കി നല്‍കണം. കടത്തില്‍ 30.3 ശതമാനം വാണിജ്യാവശ്യങ്ങള്‍ക്കായി വാങ്ങിയതാണ്. എന്‍ ആര്‍ ഐ നിക്ഷേപങ്ങള്‍ 16 ശതമാനമാണ്. വിവിധാവശ്യങ്ങള്‍ക്കായുള്ള കടം 15 ശതമാനം വരും.

സെപ്തംബര്‍ അവസാനത്തിലെ കണക്കുപ്രകാരം ഇന്ത്യയുടെ വിദേശനാണയ കരുതല്‍ശേഖരം കടത്തിന്റെ 95.4 ശതമാനമാണ്. സാമ്പത്തിക വര്‍ഷാരംഭത്തില്‍ ഇത് 99.5 ശതമാനമായിരുന്നു.

നടപടിക്രമമനുസരിച്ച് ഒരു സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ചിലും വര്‍ഷത്തിന്റെ ആദ്യത്തെ മൂന്നുമാസങ്ങള്‍ അവസാനിക്കുന്ന ജൂണിലും റിസര്‍വ് ബാങ്കാണ് വിദേശകടത്തിന്റെ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത്. സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അവസാനിക്കുന്ന രണ്ടും മൂന്നും പാദങ്ങളിലെ കണക്കുകള്‍ വിദേശമന്ത്രാലയവും പുറത്തുവിടുന്നു.

അതേസമയം, 2008നു ശേഷം രൂപയ്ക്ക് ഏറ്റവും ഇടിവുണ്ടായ വര്‍ഷമാണ് അവസാനിക്കുന്നത്. വെള്ളിയാഴ്ച രൂപയുടെ ഡോളറുമായുള്ള വിനിമയമൂല്യം 53.08/09ലാണ് അവസാനിച്ചത്. ഈ വര്‍ഷം രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് 15.8 ശതമാനമാണ്. ആഗോള സാമ്പത്തികമാന്ദ്യം അനുഭവപ്പെട്ട 2008ല്‍ 19.1 ശതമാനം ഇടിവുണ്ടായി. ഈ വര്‍ഷം ഡിസംബര്‍ 15നാണ് രൂപയുടെ ഏറ്റവും കുറഞ്ഞ വിനിമയമൂല്യം രേഖപ്പെടുത്തിയത്- 54.30. റിസര്‍വ് ബാങ്കിന്റെ ഇടപെടലിനെത്തുടര്‍ന്ന് സ്ഥിതി അല്‍പ്പം മെച്ചപ്പെടുമെങ്കിലും വീണ്ടും മൂല്യം ഇടിയുകയാണ്.

യൂറോപ്യന്‍ സാമ്പത്തികമേഖലയുടെ തകര്‍ച്ചയില്‍ ഇന്ത്യയുടെ സാമ്പത്തികതകര്‍ച്ചയ്ക്ക് വേണ്ടത്ര മാധ്യമശ്രദ്ധ കിട്ടാതെ പോകുകയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സെന്‍സെക്‌സ് 24.6 ശതമാനമാണ് ഇടിഞ്ഞത്. ലോകത്ത് ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്ന ഓഹരിവിപണിയായി ഇത് മാറിക്കഴിഞ്ഞു.

janayugom 311211

1 comment:

  1. ഇന്ത്യയുടെ വിദേശകടം സെപ്തംബര്‍ അവസാനം 32660 കോടി ഡോളറായി ഉയര്‍ന്നു. സാമ്പത്തികവര്‍ഷത്തിന്റെ ആരംഭത്തില്‍ 30600 കോടി ഡോളറായിരുന്നു വിദേശകടം. 6.6 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയ വര്‍ധനവ്.

    ReplyDelete