Monday, December 26, 2011

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം

സംസ്ഥാനത്ത് വൈദ്യുതിയുടെ നിരക്ക് ഗണ്യമായി വര്‍ധിപ്പിക്കാന്‍ ഗൂഢാലോചന. പുറത്തുനിന്നും വൈദ്യുതി വാങ്ങേണ്ടിവരുന്നതിന്റെ മറവിലാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. താമസിയാതെതന്നെ ഇക്കാര്യം ഉന്നയിച്ച് റഗുലേറ്ററി കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് ബോര്‍ഡ് അധികൃതരെന്നാണ് സൂചന.
കൃത്രിമമായി സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ പേരില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ നിലയില്ലാക്കയത്തിലേക്ക് തള്ളിവടുകയാണ് യു ഡി എഫ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്നത്തെ നിലതുടര്‍ന്നാല്‍ വരുന്ന മാര്‍ച്ചോടെവൈദ്യുതി ബോര്‍ഡിന്റെ നഷ്ടം 1500 കോടി രൂപയായി ഉയരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 2500 ലക്ഷം യൂണിറ്റ് വൈദ്യുതി അധികം ഉല്‍പ്പാദിപ്പിക്കേണ്ട സ്ഥിതിയിലാണ് വൈദ്യുതി ബോര്‍ഡ്. എന്നാല്‍ ഇതിനാവശ്യമായ ജലം ഇപ്പോള്‍ ഇടുക്കി സംഭരണിയില്‍ ലഭ്യമല്ല. മുല്ലപ്പെരിയാര്‍ ഡാമിന്റെ പേരില്‍ ഇടുക്കിയിലെ ജലം മുഴുവന്‍ ഒഴുക്കിക്കളഞ്ഞതാണ് പ്രതിസന്ധിക്ക് സര്‍ക്കാര്‍ കളമൊരുക്കിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പ്രതിദിനം ശരാശരി 30 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചിരുന്നു. ഇപ്പോഴാകട്ടെ 11 മുതല്‍ 120 ലക്ഷം യൂണിറ്റ് വരെയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. പീക്ക് ലോഡ് സമയത്ത് സംസ്ഥാനത്ത് ഇപ്പോള്‍ ആവശ്യമുള്ളത് 3,200 മെഗാവാട്ടാണ്. അതേസമയം കേന്ദ്രപൂളില്‍ നിന്ന് ലഭിക്കുന്നതാകട്ടെ 900 മെഗാവാട്ടും.

ഈ മാസം ആദ്യ ആഴ്ചയിലെ കണക്കനുസരിച്ച് ഇടുക്കിയില്‍ 59 ടി എം സി ജലമാണുണ്ടായിരുന്നത്. 74 ടി എം സിയാണ് ഇവിടത്തെ സംഭരണശേഷി. മുല്ലപ്പെരിയാറില്‍ 136 അടി ഉയരത്തില്‍ വെള്ളം നിറഞ്ഞു നില്‍ക്കുമ്പോള്‍ 11.2 ടി എം സി വെള്ളമാണുള്ളത്. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടുന്നതിന്റെ ഭാഗമായി വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ഇടുക്കിയിലെ ജല നിരപ്പ് താഴ്ത്തുകയാണുണ്ടായത്. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ ഇടുക്കിയിലെ ജലനിരപ്പ് താഴ്ത്തി നിര്‍ത്തുന്നതിനായി അധിക വൈദ്യുതി ഉല്‍പാദനം നടത്തുന്നതു വഴി ബോര്‍ഡ് വന്‍സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടിവരുമെന്നത് വൈദ്യുതി ബോര്‍ഡിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രത്യേക ധനസഹായം ബോര്‍ഡിന് ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്.

ജലവൈദ്യുതി ഉല്‍പ്പാദനം പ്രതിദിനം 20 ദശലക്ഷം യൂണിറ്റിലേക്ക് കുറച്ചാല്‍ മാത്രമേ വേനല്‍ രൂക്ഷമാകുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ അണക്കെട്ടുകളില്‍ ആവശ്യത്തിന് വെള്ളമുണ്ടാകൂ എന്നാണ്് വൈദ്യുതി ബോര്‍ഡ് ഗവേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ വരെ 33 ദശലക്ഷം യൂണിറ്റിന് മുകളിലായിരുന്നു ജലവൈദ്യുതി ഉല്‍പ്പാദനം. ഈ സ്ഥിതിയില്‍ മുന്നോട്ട് പോകുകയും കൃത്യമായ ആസൂത്രണമില്ലാതെ വരികയും ചെയ്താല്‍ അടുത്ത വര്‍ഷം കേരളത്തെ കാത്തിരിക്കുന്നത് ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ മാസത്തില്‍ പ്രതിദിനം 49-50 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമാണ് ബോര്‍ഡ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ശരാശരി ഉപയോഗം 54 - 55 ദശലക്ഷം യൂണിറ്റിലെത്തിയതും ആശങ്ക വര്‍ധിപ്പിക്കുന്നു. പീക്ക് ലോഡ് സമയത്ത് ജലവൈദ്യുതി നിലയങ്ങളില്‍ നിന്ന് പരമാവധി ഉല്‍പ്പാദനം നടത്തുകയും പകലും അര്‍ധരാത്രിയും മറ്റു മാര്‍ഗങ്ങളിലൂടെ വൈദ്യുതി കണ്ടെത്തുകയുമാണ് മുന്‍വര്‍ഷങ്ങളില്‍ ബോര്‍ഡ് ചെയ്തിരുന്നത്. എന്നാല്‍ അമിതവില കൊടുത്തു പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് കുറയ്ക്കാന്‍ ജലവൈദ്യുതി ഉല്‍പാദനം പരമാവധി കൂട്ടിയിരിക്കുകയാണിപ്പോള്‍.

കായംകുളം അടക്കമുള്ള താപനിലയങ്ങളില്‍ നിന്ന് ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത് യൂണിറ്റിന് 11 രൂപക്ക് മുകളിലാണ്. ഇടുക്കിയിലെ ഉല്‍പ്പാദനച്ചെലവ് യൂണിറ്റിന് വെറും 10 പൈസയാണ്. ഒക്‌ടോബര്‍ 15വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്തെ റിസര്‍വോയറുകളില്‍ 33,785 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള ജലം സംഭരിച്ചിട്ടുണ്ട്. സംഭരണ ശേഷിയുടെ 81.6 ശതമാനമാണിത്.
( രാജേഷ് വെമ്പായം)

janayugom 271211

1 comment:

  1. സംസ്ഥാനത്ത് വൈദ്യുതിയുടെ നിരക്ക് ഗണ്യമായി വര്‍ധിപ്പിക്കാന്‍ ഗൂഢാലോചന. പുറത്തുനിന്നും വൈദ്യുതി വാങ്ങേണ്ടിവരുന്നതിന്റെ മറവിലാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. താമസിയാതെതന്നെ ഇക്കാര്യം ഉന്നയിച്ച് റഗുലേറ്ററി കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് ബോര്‍ഡ് അധികൃതരെന്നാണ് സൂചന.
    കൃത്രിമമായി സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ പേരില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ നിലയില്ലാക്കയത്തിലേക്ക് തള്ളിവടുകയാണ് യു ഡി എഫ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്നത്തെ നിലതുടര്‍ന്നാല്‍ വരുന്ന മാര്‍ച്ചോടെവൈദ്യുതി ബോര്‍ഡിന്റെ നഷ്ടം 1500 കോടി രൂപയായി ഉയരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

    ReplyDelete