Thursday, December 29, 2011

ലോക്പാലിന്റെ പേരില്‍ അസംബന്ധ നാടകം

കോണ്‍ഗ്രസിന്റെയും യുപിഎയുടെയും രാഷ്ട്രീയകാപട്യത്തിന്റെ പുതിയ ദൃഷ്ടാന്തമായി ലോക്പാല്‍ ബില്ലും ഭരണഘടനാഭേദഗതി ബില്ലും സംബന്ധിച്ച പാര്‍ലമെന്റിലെ നാടകം. ലോക്പാല്‍ ബില്‍ എന്ന സങ്കല്‍പ്പത്തോടുപോലും മനസ്സുകൊണ്ട് യോജിപ്പില്ലാത്ത ഭരണപക്ഷം, ഉള്ളടക്കംകൊണ്ട് പ്രഹസനമാകുന്ന തരത്തിലേ അത്തരമൊരു ബില്‍ അവതരിപ്പിക്കൂവെന്ന് രാഷ്ട്രീയബോധമുള്ള ആര്‍ക്കും അറിയാമായിരുന്നു. ബില്‍ ആ വിധത്തില്‍തന്നെയായി. ഇന്ത്യയുടെ ചരിത്രത്തിലെ മഹാകുംഭകോണങ്ങള്‍ക്ക് അധ്യക്ഷംവഹിച്ച സര്‍ക്കാരെന്ന് വിശേഷിപ്പിക്കപ്പെടേണ്ട യുപിഎ ഗവണ്‍മെന്റ് അഴിമതിവിരുദ്ധസംവിധാനത്തിന് ഭരണഘടനാപദവി ലഭിക്കുന്ന അവസ്ഥ ഒരുകാലത്തും വരാന്‍ അനുവദിക്കില്ലെന്ന കാര്യവും ബുദ്ധിയുള്ള രാഷ്ട്രീയനിരീക്ഷകര്‍ക്കാകെ അറിയാമായിരുന്നു. അതേപോലെതന്നെ സംഭവിച്ചു. ഭരണഘടനാപദവി അസാധ്യമായി. ഇതിന്റെയൊക്കെ കുറ്റം പ്രതിപക്ഷത്തിനാണെന്ന് വരുത്തിത്തീര്‍ത്ത് തങ്ങള്‍ അഴിമതിവിരുദ്ധരാണെന്ന് മേനിനടിക്കാന്‍ കോണ്‍ഗ്രസും യുപിഎയും ശ്രമിക്കുമ്പോഴാണ് കാപട്യത്തിന്റേതായ പാര്‍ലമെന്റ്നാടകം അസംബന്ധനാടകംകൂടിയായി മാറുന്നത്.
യുപിഎക്ക് ലോക്സഭയില്‍ 275 അംഗങ്ങളുണ്ടല്ലോ. ഭരണഘടനാഭേദഗതി ബില്ലിന്റെ ചട്ടങ്ങള്‍ വോട്ടിനിട്ടപ്പോള്‍ കേവലഭൂരിപക്ഷത്തിനാവശ്യമായ 273 പേരെപ്പോലും സഭയില്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതെന്തുകൊണ്ടാണ്? ഭേദഗതിക്കുള്ള പിന്തുണ 251 ആയി ചുരുങ്ങിയത് എങ്ങനെയാണ്? ഇതിനുള്ള കാരണം അന്വേഷിച്ചാല്‍ അഴിമതിവിരുദ്ധസംവിധാനത്തിന് ഭരണഘടനാപദവി നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പുലര്‍ത്തിയ ഇരട്ടത്താപ്പാണ് വെളിയില്‍വരിക. മന്‍മോഹന്‍സിങ് മന്ത്രിസഭയ്ക്കെതിരായ അവിശ്വാസപ്രമേയമായിരുന്നു വോട്ടിന് വന്നതെന്ന് സങ്കല്‍പ്പിക്കുക. ഇതാകുമായിരുന്നോ സ്ഥിതി? ലക്ഷങ്ങളുടെ നോട്ടുകെട്ടുകള്‍ കൈമാറിവരെ വിശ്വാസവോട്ട് നേടിയ പാര്‍ടിയും സഖ്യവുമാണത് എന്നത് രാജ്യത്തിനറിവുള്ളതാണ്. അഴിമതിവിരുദ്ധസംവിധാനമുണ്ടാകുമെന്ന കാര്യം വന്നപ്പോള്‍ ഇതേകൂട്ടര്‍ സഭാതലത്തില്‍ ഭൂരിപക്ഷമില്ലാത്തവിധം അപമാനിതരായാലും വേണ്ടില്ല, അഴിമതിക്കെതിരായ സംവിധാനത്തിന് ഏതായാലും ഭരണഘടനാപദവി വേണ്ടെന്ന് തീര്‍ച്ചപ്പെടുത്തി. അതാണ് സഭാതലത്തില്‍ കണ്ടത്.

കോണ്‍ഗ്രസിന് രാഷ്ട്രീയതാല്‍പ്പര്യമുള്ള ഏതു ബില്ലിന്റെ കാര്യത്തിലും ഭൂരിപക്ഷം ഉറപ്പാക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്താറുണ്ട് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ . ആണവകരാറിന്റെ കാര്യമെടുക്കുക. പുറത്ത് നടത്തിയ ചര്‍ച്ചകളിലൂടെ ഭൂരിപക്ഷം ഉറപ്പാക്കിയശേഷംമാത്രമേ പ്രശ്നം സഭാതലത്തില്‍ വരാന്‍ അനുവദിച്ചുള്ളൂ. സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടാമായിരുന്നു. അഭിപ്രായസമന്വയമുണ്ടാക്കാന്‍ ശ്രമിക്കാമായിരുന്നു. ആ വഴിക്കൊന്നും ഇപ്പോഴത്തെ പ്രശ്നത്തില്‍ കോണ്‍ഗ്രസും ഗവണ്‍മെന്റും നീങ്ങാതിരുന്നത്, അങ്ങനെ ചെയ്താല്‍ അഴിമതിവിരുദ്ധസംവിധാനത്തിന് ഭരണഘടനാപദവി കിട്ടിപ്പോകും എന്നതുകൊണ്ടാണ്. ആ അവസ്ഥയെ അഗ്നിയെപ്പോലെ ഭയപ്പെട്ടു യുപിഎ സര്‍ക്കാര്‍ . ഹസാരെ മുമ്പ് ഡല്‍ഹിയില്‍ നടത്തിയ സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന പ്രമേയം സഭയില്‍ അവതരിപ്പിച്ചതിനു മുമ്പുപോലും ഈ ഗവണ്‍മെന്റ് കൃത്യമായ "ഹോംവര്‍ക്ക്" നടത്തിയിരുന്നു. ഓരോ വാചകവും എല്ലാ കക്ഷികളുമായും ആലോചിച്ചാണ് രൂപപ്പെടുത്തിയത്. അന്നൊക്കെ എല്ലാവരുമായും കൂടിയാലോചിച്ച് ധാരണയിലെത്താനും സഭാതലത്തില്‍ പ്രമേയമായാലും ബില്ലായാലും പാസാകുന്നുവെന്ന് ഉറപ്പുവരുത്താനും ശുഷ്കാന്തി കാട്ടിയ ഗവണ്‍മെന്റ് ഇപ്പോള്‍ ഈ വിഷയത്തില്‍ എന്തുകൊണ്ട് അത്തരം കാര്യങ്ങളൊന്നും ചെയ്തില്ല? ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. അഴിമതിവിരുദ്ധസംവിധാനം ഭരണഘടനാപദവിയോടെ നിലവില്‍വരുന്നതിനെ യുപിഎ ഗവണ്‍മെന്റ് ഇഷ്ടപ്പെട്ടില്ല എന്നതുതന്നെയാണത്. തങ്ങള്‍ ലോക്പാല്‍ ബില്‍ കൊണ്ടുവന്നുവെന്നും അഴിമതിവിരുദ്ധസ്ഥാപനത്തിന് ഭരണഘടനാപദവി നല്‍കാന്‍ ശ്രമിച്ചുവെന്നും കുറ്റക്കാര്‍ പ്രതിപക്ഷക്കാരാണെന്നും തെരഞ്ഞെടുപ്പുവേളയില്‍ പ്രചാരണം നടത്തുകയും അതിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. അതില്‍കവിഞ്ഞ ഒന്നും യുപിഎ ഈ അസംബന്ധനാടകത്തിലൂടെ ഉദ്ദേശിച്ചിട്ടില്ല.
അഴിമതിവിരുദ്ധനടപടികളുടെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ആത്മാര്‍ഥതയില്ലായ്മയ്ക്കുള്ള ഒന്നാംനമ്പര്‍ ഉദാഹരണമാണ് കോര്‍പറേറ്റ് മേഖലയെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിച്ചുനിര്‍ത്തിയത്. ആറക്ക കോടികളിലേക്ക് ഇന്ത്യയില്‍ അഴിമതി വളര്‍ന്നത് കോര്‍പറേറ്റ് മേഖലയും ഭരണരാഷ്ടീയവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്നത് ഓര്‍മിക്കുക. ഖനികുംഭകോണത്തിലായാലും സ്പെക്ട്രം കുംഭകോണത്തിലായാലും കോര്‍പറേറ്റുകള്‍ക്ക് ഭരണരാഷ്ട്രീയനേതാക്കള്‍ക്കുള്ള അതേ തോതിലുള്ള പങ്കാണുള്ളത്. ഇതാണ് സത്യമെന്നുവന്നിട്ടും കോര്‍പറേറ്റ് മേഖലയിലേക്ക് ലോക്പാലിന്റെ കൈകള്‍ നീളരുതെന്ന് യുപിഎ ശാഠ്യംപിടിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കോര്‍പറേറ്റ് മേഖലയെ ലോക്പാലിന്റെ പടിക്കുപുറത്താക്കിയിരിക്കുന്നു. കോര്‍പറേറ്റുകളെക്കൂടി ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണമെന്ന് നിര്‍ദേശിക്കുന്ന സിപിഐ എമ്മിന്റെ ഭേദഗതികള്‍ തള്ളാന്‍ യുപിഎക്ക് സഭാതലത്തില്‍ എന്തൊരു ആവേശമായിരുന്നു!

ഭരണത്തിന്റെ മൂന്നുവര്‍ഷംകൊണ്ട് കോര്‍പറേറ്റുകള്‍ക്ക് 13 ലക്ഷം കോടി രൂപയുടെ സൗജന്യം ഇന്ത്യന്‍ ഖജനാവില്‍നിന്ന് നിര്‍ലജ്ജം അനുവദിച്ചുകൊടുത്തു യുപിഎ ഗവണ്‍മെന്റെന്ന് രാജ്യസഭയില്‍ വെളിപ്പെട്ടിട്ട് ഒന്നരയാഴ്ചയാകുന്നതേയുള്ളൂ. പ്രത്യക്ഷനികുതിയിളവിലൂടെയും മറ്റും 2,28,045 കോടിയുടെയും എക്സൈസ്, കസ്റ്റംസ് തീരുവ ഇളവുകളിലൂടെയുംമറ്റും 10,91,151 കോടിരൂപയുടെയും ഇളവുകളാണ് അനുവദിച്ചത്. കോര്‍പറേറ്റുകളുടെ ദാസന്മാരായിനിന്ന് രാജ്യം ഭരിക്കുന്നവര്‍ ഖജനാവ് കാലിയാക്കുംവിധം അവര്‍ക്ക് സൗജന്യമനുവദിക്കുകമാത്രമല്ല, അവരുമായി ചേര്‍ന്ന് ലക്ഷക്കണക്കിന് കോടിയുടെ കുംഭകോണങ്ങള്‍ നടത്തുകമാത്രമല്ല, അതിനെല്ലാമപ്പുറം അത്തരം കുംഭകോണങ്ങളുടെ കുറ്റവിചാരണകളില്‍നിന്ന് കോര്‍പറേറ്റുകളെ രക്ഷിച്ചെടുക്കാനുള്ള നിയമസംവിധാനമുണ്ടാക്കുകകൂടി ചെയ്യുന്നു. രാജ്യത്തിന് ക്ഷമിച്ചുകൊടുക്കാനാകാത്ത അപരാധമാണിത്.

യുപിഎയുടെ രാഷ്ട്രീയ ദുരുദ്ദേശ്യവും ഗൂഢതാല്‍പ്പര്യവുമാണ് പ്രധാനമന്ത്രിക്കെതിരായ ഒരു ചെറുനീക്കംപോലും നടത്താന്‍ കെല്‍പ്പില്ലാത്ത സംവിധാനമായി ലോക്പാലിനെ നിര്‍വീര്യമാക്കിയതും. സ്പെക്ട്രം അടക്കമുള്ള കുംഭകോണങ്ങള്‍ മറനീക്കി പുറത്തുവരുമ്പോള്‍ സംശയത്തിന്റെ സൂചിമുന നീളുന്നത് പ്രധാനമന്ത്രിയിലേക്കാണ്. എന്നാല്‍ , പ്രധാനമന്ത്രിക്കെതിരെ ഒരു നടപടിയും എടുക്കാന്‍ ലോക്പാലിലും വ്യവസ്ഥയില്ല. സിബിഐയെ അന്വേഷണപരിധിയില്‍ വരുത്തണമെന്നും, ലോക്പാലിന്റെ സ്വതന്ത്ര അന്വേഷണവിഭാഗമാക്കണമെന്നുമുള്ള നിര്‍ദേശവും അംഗീകരിക്കപ്പെട്ടില്ല. ഇക്കാര്യത്തിലുള്ള തര്‍ക്കമാണ് ലോക്പാലിനെ വൈകിച്ചുകൊണ്ടിരുന്ന പ്രധാന ഘടകമെന്നത് അറിയാത്തവരില്ല. ഒടുവില്‍ കൊട്ടിഘോഷിച്ച് ബില്‍ കൊണ്ടുവന്നപ്പോഴാകട്ടെ, പ്രധാനമന്ത്രിയും സിബിഐയുമെല്ലാം അതിന് കൈയെത്താത്ത അകലത്തിലായി- നിയമനിര്‍മാണത്തിലൂടെ. ലോക്പാല്‍ സംവിധാനത്തിന് സ്വതന്ത്ര അന്വേഷണസംവിധാനമേ ഇല്ല എന്നതാണിപ്പോള്‍ സ്ഥിതി. സെക്രട്ടറി അന്വേഷിക്കുമത്രേ. ഗവണ്‍മെന്റിനാല്‍ നിയമിതനാകുന്ന ഉദ്യോഗസ്ഥനാണെന്നിരിക്കെ സെക്രട്ടറി ഗവണ്‍മെന്റിനെതിരായി അന്വേഷണ റിപ്പോര്‍ട്ട് കൊടുക്കാന്‍ ധൈര്യപ്പെടുമോ?

ലോക്പാല്‍ തീര്‍പ്പുകള്‍ കോടതിയില്‍ ചോദ്യംചെയ്യാതിരിക്കണമെങ്കില്‍ ഭരണഘടനാപദവി വേണം. അതിന്റെ അഭാവത്തില്‍ രാജ്യത്തുള്ള അര്‍ഥമില്ലാത്തതും അധികാരമില്ലാത്തതുമായ പല കമീഷനുകളുടെ നിരയില്‍ ഒന്നുമാത്രമായി ലോക്പാല്‍ ഒതുങ്ങും. ഇങ്ങനെ എല്ലാവിധത്തിലും ലോക്പാലിനെയും പ്രഹസനമാക്കി മാറ്റിയിട്ട്, തങ്ങള്‍ക്ക് ഉദ്ദേശ്യശുദ്ധിയുണ്ടായിരുന്നുവെന്ന് യുപിഎ അവകാശപ്പെടുന്നു. ഇതാണ് ഈ വര്‍ഷം പാര്‍ലമെന്റ് കണ്ട ഏറ്റവും വലിയ അസംബന്ധ നാടകം.

deshabhimani editorial 291211

1 comment:

  1. കോണ്‍ഗ്രസിന്റെയും യുപിഎയുടെയും രാഷ്ട്രീയകാപട്യത്തിന്റെ പുതിയ ദൃഷ്ടാന്തമായി ലോക്പാല്‍ ബില്ലും ഭരണഘടനാഭേദഗതി ബില്ലും സംബന്ധിച്ച പാര്‍ലമെന്റിലെ നാടകം. ലോക്പാല്‍ ബില്‍ എന്ന സങ്കല്‍പ്പത്തോടുപോലും മനസ്സുകൊണ്ട് യോജിപ്പില്ലാത്ത ഭരണപക്ഷം, ഉള്ളടക്കംകൊണ്ട് പ്രഹസനമാകുന്ന തരത്തിലേ അത്തരമൊരു ബില്‍ അവതരിപ്പിക്കൂവെന്ന് രാഷ്ട്രീയബോധമുള്ള ആര്‍ക്കും അറിയാമായിരുന്നു. ബില്‍ ആ വിധത്തില്‍തന്നെയായി. ഇന്ത്യയുടെ ചരിത്രത്തിലെ മഹാകുംഭകോണങ്ങള്‍ക്ക് അധ്യക്ഷംവഹിച്ച സര്‍ക്കാരെന്ന് വിശേഷിപ്പിക്കപ്പെടേണ്ട യുപിഎ ഗവണ്‍മെന്റ് അഴിമതിവിരുദ്ധസംവിധാനത്തിന് ഭരണഘടനാപദവി ലഭിക്കുന്ന അവസ്ഥ ഒരുകാലത്തും വരാന്‍ അനുവദിക്കില്ലെന്ന കാര്യവും ബുദ്ധിയുള്ള രാഷ്ട്രീയനിരീക്ഷകര്‍ക്കാകെ അറിയാമായിരുന്നു. അതേപോലെതന്നെ സംഭവിച്ചു. ഭരണഘടനാപദവി അസാധ്യമായി. ഇതിന്റെയൊക്കെ കുറ്റം പ്രതിപക്ഷത്തിനാണെന്ന് വരുത്തിത്തീര്‍ത്ത് തങ്ങള്‍ അഴിമതിവിരുദ്ധരാണെന്ന് മേനിനടിക്കാന്‍ കോണ്‍ഗ്രസും യുപിഎയും ശ്രമിക്കുമ്പോഴാണ് കാപട്യത്തിന്റേതായ പാര്‍ലമെന്റ്നാടകം അസംബന്ധനാടകംകൂടിയായി മാറുന്നത്

    ReplyDelete