Thursday, December 29, 2011

ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി

കാസര്‍കോട്: ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ പുതുതായി ആരംഭിച്ച നാല് മില്ലുകളിലേക്ക് തൊഴിലാളികളെയും ജീവനക്കാരെയും നിയമിക്കാനുള്ള റാങ്ക്ലിസ്റ്റ് സര്‍ക്കാര്‍ റദ്ദാക്കി. എണ്ണൂറോളം പേരെ നിയമിക്കാനുള്ള നടപടികളാണ് വ്യവസായ മന്ത്രിയുടെ നിര്‍ദേശപ്രകാരം റദ്ദാക്കിയത്. പിന്‍വാതില്‍ നിയമനത്തിലൂടെ കോടികളുടെ അഴിമതിക്ക് കളമൊരുക്കുകയാണ് സര്‍ക്കാര്‍ . നാലിടത്തും താല്‍ക്കാലികമായി നിയമിച്ച് ഉല്‍പാദനം തുടങ്ങാനും പിന്നീട് ഇവരെ സ്ഥിരപ്പെടുത്താനുമാണ് നീക്കം. ഉദുമ സ്പിന്നിങ് മില്‍ , പിണറായി വീവിങ് മില്‍ , കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ , തിരുവനന്തപുരം ടെക്സ്റ്റൈല്‍ മില്‍ എന്നിവിടങ്ങളിലേക്കുള്ള നിയമന ലിസ്റ്റാണ് റദ്ദാക്കിയത്. ഉദുമ, പിണറായി, കോമളപുരം മില്ലുകള്‍ ഒരു വര്‍ഷം മുമ്പ് പൂര്‍ത്തിയായി. എന്നാല്‍ തൊഴിലാളികളെ നിയമിക്കാത്തതിനാല്‍ ഉല്‍പാദനം ആരംഭിച്ചില്ല.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സുതാര്യമായാണ് കോര്‍പറേഷന്‍ നിയമന നടപടി സ്വീകരിച്ചത്. കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സിലിനെ റിക്രൂട്ട്മെന്റ് ഏജന്‍സിയായി നിയമിച്ചു. സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ എഴുത്തുപരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തില്‍ റാങ്ക്ലിസ്റ്റും തയ്യാറാക്കി. ലിസ്റ്റിനെപ്പറ്റി ആരും പരാതി ഉന്നയിച്ചില്ല. ഏഴുമാസം മുമ്പേ റാങ്ക്ലിസ്റ്റ് സര്‍ക്കാരിന്റെ അനുമതിക്ക് നല്‍കിയിരുന്നു. അനുമതി പ്രതീക്ഷിച്ചിരിക്കെയാണ് ലിസ്റ്റ് റദ്ദാക്കിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുതായി ആരംഭിച്ച 10 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍പെട്ടതാണ് നാല് മില്ലുകളും. ഉല്‍പാദനം ആരംഭിക്കാത്തതിനാല്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷന് കോടികളുടെ നഷ്ടമുണ്ട്. എല്ലാ സംവിധാനങ്ങളുമൊരുക്കി ഉദ്ഘാടനം ചെയ്തെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനാല്‍ മുന്‍സര്‍ക്കാര്‍ നിയമനം നടത്തിയില്ല.
(എം ഒ വര്‍ഗീസ്)

deshabhimani 291211

1 comment:

  1. ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ പുതുതായി ആരംഭിച്ച നാല് മില്ലുകളിലേക്ക് തൊഴിലാളികളെയും ജീവനക്കാരെയും നിയമിക്കാനുള്ള റാങ്ക്ലിസ്റ്റ് സര്‍ക്കാര്‍ റദ്ദാക്കി. എണ്ണൂറോളം പേരെ നിയമിക്കാനുള്ള നടപടികളാണ് വ്യവസായ മന്ത്രിയുടെ നിര്‍ദേശപ്രകാരം റദ്ദാക്കിയത്. പിന്‍വാതില്‍ നിയമനത്തിലൂടെ കോടികളുടെ അഴിമതിക്ക് കളമൊരുക്കുകയാണ് സര്‍ക്കാര്‍ . നാലിടത്തും താല്‍ക്കാലികമായി നിയമിച്ച് ഉല്‍പാദനം തുടങ്ങാനും പിന്നീട് ഇവരെ സ്ഥിരപ്പെടുത്താനുമാണ് നീക്കം. ഉദുമ സ്പിന്നിങ് മില്‍ , പിണറായി വീവിങ് മില്‍ , കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ , തിരുവനന്തപുരം ടെക്സ്റ്റൈല്‍ മില്‍ എന്നിവിടങ്ങളിലേക്കുള്ള നിയമന ലിസ്റ്റാണ് റദ്ദാക്കിയത്. ഉദുമ, പിണറായി, കോമളപുരം മില്ലുകള്‍ ഒരു വര്‍ഷം മുമ്പ് പൂര്‍ത്തിയായി. എന്നാല്‍ തൊഴിലാളികളെ നിയമിക്കാത്തതിനാല്‍ ഉല്‍പാദനം ആരംഭിച്ചില്ല.

    ReplyDelete