Tuesday, December 27, 2011

വിഴിഞ്ഞം തുറമുഖത്തിന്റെ മറവില്‍ കോടികളുടെ അഴിമതിക്ക് നീക്കം

വിഴിഞ്ഞം തുറമുഖത്തിന്റെ മറവില്‍ കോടികളുടെ അഴിമതിക്ക് നീക്കം. നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിട്ടശേഷം പുതിയ നിയമനങ്ങള്‍ നടത്തുന്നു. ട്രെയ്നികളെന്ന പേരില്‍ 12 പേരെ ഇതിനകം നിയമിച്ചു. സര്‍ക്കാര്‍കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ ഓഫീസ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആഡംബര കെട്ടിടങ്ങള്‍ വാടകയ്ക്കെടുത്തും ഫര്‍ണിച്ചര്‍ വാങ്ങിക്കൂട്ടിയും അഴിമതിക്ക് ആക്കംകൂട്ടി. എന്നാല്‍ , തുറമുഖപദ്ധതി തുടങ്ങിയ അവസ്ഥയില്‍തന്നെയാണ് ഇപ്പോഴും.

നാല്‍പ്പതിനായിരംമുതല്‍ 90,000 രൂപവരെയുള്ള ശമ്പളസ്കെയിലില്‍ 21 പുതിയ തസ്തികയാണ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആകെയുണ്ടായിരുന്ന 18 ജീവനക്കാരുടെ സ്ഥാനത്ത് ഇപ്പോള്‍ അമ്പതിലധികംപേരെ നിയമിക്കാന്‍ നീക്കം നടക്കുന്നു. നിലവിലുള്ള 11 ജീവനക്കാര്‍ ഹൈക്കോടതി സ്റ്റേയുടെ അടിസ്ഥാനത്തിലാണ് ജോലിയില്‍ തുടരുന്നത്. പുതുതായി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ , ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ , ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ , ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ , റവന്യൂ കണ്‍സള്‍ട്ടന്റ് പ്രോജക്ട് മാനേജേഴ്സ് തുടങ്ങി ഉന്നതങ്ങളായ 22 തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇവരുടെ നിയമനങ്ങളില്‍ അന്തിമതീരുമാനമെടുക്കാന്‍ ബുധനാഴ്ച ബോര്‍ഡ് മീറ്റിങ് ചേരുമെന്നാണ് സൂചന. ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തിലോ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലോമാത്രമേ നിയമിക്കാവൂ എന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തിയാണ് പുതിയ നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. പദ്ധതിപ്രദേശത്തുള്ളവരെക്കൂടി പരിഗണിച്ചാണ് നേരത്തെ നിയമനങ്ങള്‍ നടന്നത്. ഇപ്പോള്‍ , തദ്ദേശീയരെ പിരിച്ചുവിട്ടുകൊണ്ട് വിദൂരങ്ങളിലുള്ള സ്വന്തക്കാരെ നിയമിക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.

ഏറ്റെടുത്ത ഭൂമിയില്‍ റിസോര്‍ട്ടുകളുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുലക്ഷത്തിലധികം രൂപ വാടക നല്‍കി തൈക്കാട് കെട്ടിടം എടുത്തിരിക്കുകയാണിപ്പോള്‍ . ഇതിന് കഴിഞ്ഞ നാലുമാസമായി വാടകയും നല്‍കുന്നു. കെട്ടിടം മോടിവരുത്താന്‍ 65,000 രൂപയുടെ ഫര്‍ണിച്ചറും വാങ്ങി. ഇതിനുപുറമെ മസ്കറ്റ് ഹോട്ടലിലെ ആഡംബരമുറികളിലുമാണ് ഇന്റര്‍വ്യൂ സംഘടിപ്പിച്ചിട്ടുള്ളത്. ഇതിനകം നാല്‍പ്പതിലധികം ഉന്നത തസ്തികകളില്‍ നിയമനം നടത്തിയിട്ടും നടപടികളൊന്നും നീങ്ങിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

deshabhimani 271211

1 comment:

  1. വിഴിഞ്ഞം തുറമുഖത്തിന്റെ മറവില്‍ കോടികളുടെ അഴിമതിക്ക് നീക്കം. നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിട്ടശേഷം പുതിയ നിയമനങ്ങള്‍ നടത്തുന്നു. ട്രെയ്നികളെന്ന പേരില്‍ 12 പേരെ ഇതിനകം നിയമിച്ചു. സര്‍ക്കാര്‍കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ ഓഫീസ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആഡംബര കെട്ടിടങ്ങള്‍ വാടകയ്ക്കെടുത്തും ഫര്‍ണിച്ചര്‍ വാങ്ങിക്കൂട്ടിയും അഴിമതിക്ക് ആക്കംകൂട്ടി. എന്നാല്‍ , തുറമുഖപദ്ധതി തുടങ്ങിയ അവസ്ഥയില്‍തന്നെയാണ് ഇപ്പോഴും.

    ReplyDelete