Saturday, December 31, 2011

ലോക്പാലിനെ എന്നും അട്ടിമറിച്ചത് കോണ്‍ഗ്രസ്: യെച്ചൂരി

ലോക്പാല്‍ ബില്ലിനെ എന്നും പരാജയപ്പെടുത്തിയത് ഭരണപക്ഷത്തുള്ളവരാണെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. മന്‍മോഹന്‍സിങ്ങിന്റെ കാലത്തും ഇതിന് മാറ്റമില്ലെന്ന് പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി ചൂണ്ടിക്കാട്ടി. രാജ്യസഭയുടെ വികാരം മാനിച്ച് സമ്മേളനം നീട്ടണമെന്ന് ചെയര്‍മാന്‍ ഹമീദ് അന്‍സാരിക്ക് കേന്ദ്ര സര്‍ക്കാരിനെ ഉപദേശിക്കാമായിരുന്നു. സര്‍ക്കാരില്‍നിന്ന് ഇതുസംബന്ധിച്ച് ഉപദേശമൊന്നും കിട്ടാത്തതുകൊണ്ടാണ് സഭ നിര്‍ത്തിവയ്ക്കുന്നതെന്ന് അദ്ദേഹത്തിന് പറയാമായിരുന്നുവെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

ലോക്പാല്‍ : സര്‍ക്കാര്‍ ഒഴിയണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: രാജ്യസഭയില്‍ സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ അട്ടിമറിച്ചത് ആസൂത്രണംചെയ്ത പദ്ധതിയിലൂടെയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. യുപിഎ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികമായ അവകാശം നഷ്ടപ്പെട്ടെന്നും പ്രതിപക്ഷ കക്ഷിനേതാക്കള്‍ പറഞ്ഞു. ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ കഴിയാത്തത് യുപിഎ സര്‍ക്കാരിന്റെ ധാര്‍മിക പരാജയമാണെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. രാഷ്ട്രീയമായും ധാര്‍മികമായും പരാജയപ്പെട്ട മന്‍മോഹന്‍സിങ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും ബിജെപി ലോക്സഭാ നേതാവ് സുഷമ സ്വരാജും രാജ്യസഭാനേതാവ് അരുണ്‍ ജെയ്റ്റ്ലിയും പറഞ്ഞു.

വ്യാഴാഴ്ച രാജ്യസഭയില്‍ നടന്ന സംഭവവികാസങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിലെ കറുത്തപൊട്ടായി ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നും ആകസ്മികമായി സംഭവിച്ചതല്ല. സര്‍ക്കാര്‍ ആസൂത്രണംചെയ്ത നാടകമാണ് രാജ്യസഭയില്‍ അരങ്ങേറിയത്. സഖ്യകക്ഷികളെ കരുവാക്കിയാണ് കോണ്‍ഗ്രസ് തന്ത്രം മെനഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസ്, പുറത്തുനിന്നു പിന്തുണയ്ക്കുന്ന ആര്‍ജെഡി എന്നീ കക്ഷികളെ ബില്ലിനെതിരെ തിരിച്ചുവിട്ടു. ബില്‍ മന്ത്രിസഭ പരിഗണിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍പ്പ് ഉയര്‍ത്തിയിരുന്നില്ല. ലോക്സഭയില്‍ പാസാക്കിയപ്പോഴും എതിര്‍ത്തില്ല. രാജ്യസഭയുടെ പരിഗണനയ്ക്ക് വന്നപ്പോഴാണ് പൊടുന്നനെ 20 ഭേദഗതിയുമായി തൃണമൂല്‍ രംഗത്തെത്തിയത്. ചര്‍ച്ചയ്ക്ക് മറുപടി പറയുന്ന മന്ത്രി നാരായണസ്വാമിയുടെ കൈവശമുണ്ടായിരുന്ന ബില്ലിന്റെ പകര്‍പ്പ് ആര്‍ജെഡിയിലെ രാജ്നീതി പ്രസാദ് കീറി നടുത്തളത്തില്‍ എറിയുകയും ചെയ്തു. മന്ത്രിയോ കോണ്‍ഗ്രസ് അംഗങ്ങളോ ഇതില്‍ ഒരു പ്രതിഷേധവും ഉയര്‍ത്തിയില്ല. ചര്‍ച്ച ബോധപൂര്‍വം നീട്ടി അര്‍ധരാത്രി സഭ നിര്‍ത്തുകയായിരുന്നു സര്‍ക്കാരിന്റെ തന്ത്രം. ആദ്യഘട്ടത്തില്‍ അരുണ്‍ ജെയ്റ്റ്ലി, സീതാറാം യെച്ചൂരി തുടങ്ങിയവരോട് സമയം പാലിക്കാന്‍ ആവശ്യപ്പെട്ട സഭാ അധ്യക്ഷന്‍ പിന്നീട് ഒരു അംഗം മാത്രമുള്ള രാംവിലാസ് പസ്വാനും മറ്റും 20 മിനിറ്റ് നല്‍കി. നാല് അംഗം മാത്രമുള്ള ആര്‍ജെഡിയിലെ രണ്ട് പേര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയതും മറ്റു കക്ഷികളെ അത്ഭുതപ്പെടുത്തി.

വൈകിട്ട് മൂന്നിന് തന്നെ വോട്ടെടുപ്പ് സമയം അറിയിക്കണമെന്ന് യെച്ചൂരി ചെയര്‍മാനെ ചേംബറില്‍ പോയി കണ്ട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം പല ഘട്ടത്തിലും ഈ ആവശ്യമുന്നയിച്ചു. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ചെയര്‍മാനോ സര്‍ക്കാരോ തയ്യാറായില്ല. രാഷ്ട്രപതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ രാജ്യസഭാ സമ്മേളനം വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷം നീട്ടാനാകൂ എന്ന സര്‍ക്കാരിന്റെ വാദവും പൊള്ളയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. 2003ല്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വാജ്പേയി സര്‍ക്കാര്‍ 2004ലേക്ക് നീട്ടിയിരുന്നു. ആദ്യസമ്മേളനത്തിന്റെ ആദ്യദിവസം രാഷ്ട്രപതിയുടെ അഭിസംബോധന വേണമെന്നതു ശരിയാണ്. എന്നാല്‍ , നിലവിലുള്ള സമ്മേളനം നീട്ടുന്നതില്‍ തെറ്റില്ലെന്ന് 2010ല്‍ സുപ്രീംകോടതിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. സമ്മേളനം രണ്ടോ മൂന്നോ ദിവസം കൂടി നീട്ടി ഭേദഗതികള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി ബില്‍ പാസാക്കാമായിരുന്നു. വ്യാഴാഴ്ച രാത്രി 11.30ന് രാജ്യസഭ നിര്‍ത്തിവച്ചപ്പോള്‍ ചെയര്‍മാന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ പ്രതിപക്ഷം ഒന്നടങ്കം സമ്മേളനം നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ , മന്ത്രിമാരായ പവന്‍കുമാര്‍ ബന്‍സലും കപില്‍സിബലുമാണ് ഈ നിര്‍ദേശത്തെ ശക്തമായി എതിര്‍ത്തത്. അതിന്റെ ഫലമായാണ് ചെയര്‍മാന്‍ സഭ നിര്‍ത്തിവച്ചത്.
(വി ബി പരമേശ്വരന്‍)

ഏക ഉത്തരവാദി സര്‍ക്കാര്‍ : പിബി

പ്രത്യേക ലേഖകന്‍ ന്യൂഡല്‍ഹി: ശക്തവും ഫലപ്രദവുമായ ലോക്പാല്‍ രാജ്യത്തിന് പ്രദാനംചെയ്യുന്നതില്‍ പരാജയപ്പെട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യസഭ നിര്‍ത്തിവയ്ക്കുന്നതിലേക്ക് നയിച്ച യുപിഎ സര്‍ക്കാരിന്റെ നടപടികള്‍ വ്യക്തമാക്കുന്നത്പാര്‍ലമെന്റിനോടുള്ള അവരുടെ അവജ്ഞയാണ്. പാര്‍ലമെന്ററി ജനാധിപത്യ തത്വങ്ങളാണ് ഇതിലൂടെ ലംഘിച്ചത്. ബില്‍ ശക്തമാക്കുന്നതിന് പ്രതിപക്ഷം കൊണ്ടുവന്ന സുപ്രധാന ഭേദഗതികള്‍ പാസാക്കുന്നത് തടയാന്‍ സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. അതിനാല്‍ വോട്ടെടുപ്പ് ഒഴിവാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ലോക്പാലിനെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ബില്ലിന്റെ ഭാഗമാക്കിയപ്പോള്‍തന്നെ സര്‍ക്കാരിന്റെ ഉദ്ദേശ്യത്തില്‍ സംശയമുണ്ടായിരുന്നു. ലോക്പാലിനെ കേവലം സര്‍ക്കാര്‍ സ്ഥാപനമാക്കാനായിരുന്നു നീക്കം. ഇരുസഭകളിലും സിപിഐ എം ഭേദഗതികള്‍ കൊണ്ടുവന്നു. ലോക്പാലിന് ഭരണഘടനാപദവി നല്‍കുന്നതിന് പാര്‍ടി അനുകൂലമാണ്. ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെയാണ് എതിര്‍ത്തത്. സംസ്ഥാനങ്ങളില്‍ ലോകായുക്ത സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കുന്ന വിധത്തില്‍ സഭയുടെ വികാരം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമേയത്തെ കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ സിപിഐ എം പിന്തുണച്ചിരുന്നു. എന്നാല്‍ , ലോകായുക്തയെക്കുറിച്ച് ബില്ലിന്റെ മൂന്നാം അധ്യായത്തിലുള്ള എല്ലാ വ്യവസ്ഥകളും മാര്‍ഗരേഖയായി പരിഗണിക്കണമെന്നും സ്വന്തം നിയമനിര്‍മാണം നടത്താന്‍ കഴിയുംവിധം സംസ്ഥാനങ്ങളുടെ അധികാരം സംരക്ഷിക്കണമെന്നും സിപിഐ എം നിര്‍ദേശിച്ചിരുന്നു. ശക്തമായ ലോക്പാലിനായുള്ള പോരാട്ടം പാര്‍ടി തുടരും. സര്‍ക്കാരിന്റെ നടപടിയില്‍ ശക്തമായി അപലപിക്കാനും പ്രതിഷേധിക്കാനും പൊളിറ്റ്ബ്യൂറോ ആഹ്വാനംചെയ്തു.

സര്‍ക്കാരിന്റെ തട്ടിപ്പ് വ്യക്തമായെന്ന് അണ്ണ സംഘം

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ രാജ്യസഭയില്‍ അരങ്ങേറിയത് നാടകമാണെന്ന് അണ്ണ ഹസാരെ സംഘം. ശക്തമായ അഴിമതിവിരുദ്ധസ്ഥാപനം രൂപീകരിക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

സിബിഐയുടെ സ്വാതന്ത്ര്യം, ലോക്പാല്‍സമിതിയെ തെരഞ്ഞെടുക്കുന്നതിലും നീക്കുന്ന രീതിയിലും മാറ്റം, ലോകായുക്ത ഒഴിവാക്കല്‍ എന്നീ മൂന്ന് ഭേദഗതി അംഗീകരിച്ചിരുന്നെങ്കില്‍ ബില്‍ പാസാകുമായിരുന്നു. പ്രതിപക്ഷ ഭേദഗതികള്‍ അംഗീകരിച്ചിരുന്നെങ്കില്‍ ശക്തമായ ബില്‍ ഉറപ്പാക്കാനും കഴിയുമായിരുന്നു. രാജ്യസഭയില്‍ വോട്ടെടുപ്പ് തടഞ്ഞതില്‍നിന്ന് സര്‍ക്കാരിന്റെ തട്ടിപ്പ് വ്യക്തമായി. ലോക്സഭ ഇപ്പോള്‍ പാസാക്കിയ ബില്‍ ദുര്‍ബലമെന്നുമാത്രമല്ല അപകടകരവുമാണ്. അഴിമതിവിരുദ്ധസമിതി പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകും. സിബിഐയെ സ്വതന്ത്രമാക്കല്‍ അടക്കം നല്ല ഭേദഗതികള്‍ പ്രതിപക്ഷം കൊണ്ടുവന്നിരുന്നു. എന്നാല്‍ , സര്‍ക്കാര്‍ അംഗീകരിച്ചില്ല. ബില്‍ അട്ടിമറിക്കാന്‍ ആര്‍ജെഡിയുമായി സര്‍ക്കാര്‍ ഗൂഢാലോചന നടത്തി. നടപടികള്‍ തടസ്സപ്പെടുത്താന്‍ അംഗങ്ങളെ സര്‍ക്കാര്‍ വാടകയ്ക്കെടുക്കുകയായിരുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു. പ്രശാന്ത് ഭൂഷണ്‍ , ശാന്തിഭൂഷണ്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ലോക്പാല്‍ ലോകായുക്ത ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ വീണ്ടും രാജ്യസഭയുടെ പരിഗണനയ്ക്ക് വരും. പ്രതിപക്ഷം അവതരിപ്പിച്ച 187 ഭേദഗതികളില്‍ സ്വീകരിക്കേണ്ടവ ഉള്‍പ്പെടുത്തി ബില്‍ വീണ്ടും രാജ്യസഭയുടെ പരിഗണനയ്ക്ക് വയ്ക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബെന്‍സല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭേദഗതികള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ സമയമില്ലാത്തതുകൊണ്ടാണ് വ്യാഴാഴ്ച ബില്‍ പാസാക്കാത്തതെന്നും ബെന്‍സല്‍ അവകാശപ്പെട്ടു.

അതേസമയം, ലോക്പാല്‍ ബില്‍ പാസാക്കാന്‍ അടുത്ത സമ്മേളനത്തിലെങ്കിലും സര്‍ക്കാര്‍ ഇച്ഛാശക്തി കാട്ടുമോ എന്നചോദ്യം ബാക്കിയാണ്. മുമ്പ് ഒമ്പതു തവണ പാര്‍ലമെന്റില്‍ വച്ച ബില്‍ ആറുതവണയും ലോക്സഭയില്‍ മാത്രം അവതരിപ്പിച്ചതിനാല്‍ ലാപ്സായിരുന്നു. ലോക്പാല്‍ ലോകായുക്ത ബില്ലിന് ആ ഗതിയുണ്ടാകില്ല. സ്ഥിരംസമിതിയായ രാജ്യസഭയിലും അവതരിപ്പിച്ചതിനാല്‍ ബില്‍ ലാപ്സാകില്ല. എന്നാല്‍ , പ്രതിപക്ഷം കൊണ്ടുവരുന്ന ഭേദഗതികള്‍ രാജ്യസഭ അംഗീകരിച്ചാല്‍ അത് വീണ്ടും ലോക്സഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കണം. അല്ലാത്തപക്ഷം ഇരുസഭകളുടെയും സംയുക്ത സമ്മേളനം വിളിച്ചുചേര്‍ത്ത് ബില്‍ പാസാക്കേണ്ടി വരും. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ബജറ്റ് സമ്മേളനം പതിവിലും നീളാനാണ് സാധ്യത. ബജറ്റ് സമ്മേളനത്തില്‍ രാജ്യസഭയ്ക്ക് ഭേദഗതികളോടെ ബില്‍ വീണ്ടും പരിഗണിക്കാമെന്നും സര്‍ക്കാര്‍ അതിന് തയ്യാറാകണമെന്നും സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ബജറ്റ് സമ്മേളനത്തില്‍ ബില്‍ പരിഗണനയ്ക്ക് വച്ചാല്‍ അതിനെ സ്വാഗതംചെയ്യുമെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലിയും വ്യക്തമാക്കി.


യുപിഎയില്‍ ഭിന്നതയുണ്ടെന്ന് ചിദംബരം

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ വിഷയത്തില്‍ യുപിഎ ഘടക കക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പിന് ഒരു സ്ഥിരസ്വഭാവമുണ്ടെന്ന് താന്‍ പറയില്ല. തീര്‍ത്തും ദുര്‍ബലമായ ബില്ലാണ് ബിജെപി ആഗ്രഹിച്ചിരുന്നത്. ഇന്നലെ ലഭ്യമായ സമയത്തിനുള്ളില്‍ ഒരാള്‍ക്കും 187 ഭേദഗതി പരിശോധിച്ച് തീരുമാനമെടുക്കാന്‍ സാധിക്കില്ല. ബില്‍ രാജ്യസഭയില്‍ പരാജയപ്പെട്ടിട്ടില്ല. അതുകൊണ്ട് സുരക്ഷിതമാണ്. പരാജയപ്പെട്ടിരുന്നെങ്കില്‍ അവസ്ഥ മോശമാകുമായിരുന്നു. ബജറ്റ് സമ്മേളനത്തില്‍ ബില്‍ പാസാക്കും. - ചിദംബരം പറഞ്ഞു.

deshabhimani 311211

1 comment:

  1. ലോക്പാല്‍ ബില്ലിനെ എന്നും പരാജയപ്പെടുത്തിയത് ഭരണപക്ഷത്തുള്ളവരാണെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. മന്‍മോഹന്‍സിങ്ങിന്റെ കാലത്തും ഇതിന് മാറ്റമില്ലെന്ന് പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി ചൂണ്ടിക്കാട്ടി. രാജ്യസഭയുടെ വികാരം മാനിച്ച് സമ്മേളനം നീട്ടണമെന്ന് ചെയര്‍മാന്‍ ഹമീദ് അന്‍സാരിക്ക് കേന്ദ്ര സര്‍ക്കാരിനെ ഉപദേശിക്കാമായിരുന്നു. സര്‍ക്കാരില്‍നിന്ന് ഇതുസംബന്ധിച്ച് ഉപദേശമൊന്നും കിട്ടാത്തതുകൊണ്ടാണ് സഭ നിര്‍ത്തിവയ്ക്കുന്നതെന്ന് അദ്ദേഹത്തിന് പറയാമായിരുന്നുവെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

    ReplyDelete