Sunday, January 15, 2012

റയില്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ നീക്കം

എട്ട് വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന റയില്‍ നിരക്കുകള്‍ ഉയര്‍ന്നേക്കുമെന്ന് റയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി സൂചന നല്‍കി.  എട്ട് വര്‍ഷമായി നിരക്കില്‍ വ്യത്യാസമില്ലാതെ തുടരുന്നതിനാല്‍ തീര്‍ച്ചയായും ഇക്കാര്യം പരിഗണിക്കേണ്ട സമയമായെന്നാണ് ത്രിവേദി അറിയിച്ചത്.

എ സി കോച്ചുകളുടെ നിരക്കില്‍ വര്‍ദ്ധനവു വരുത്തുമ്പോള്‍ സാധാരണക്കാര്‍ സഞ്ചരിക്കുന്ന കോച്ചുകളില്‍ ഇത് നടപ്പാക്കാതിരിക്കാനാണ് മന്ത്രാലയത്തിന്റെ ശ്രമമെന്നാണ് അറിയുന്നത്. അതേസമയം റയില്‍ നിരക്ക് വര്‍ധിപ്പിച്ച് യു പി എ സര്‍ക്കാരിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കരുതെന്നാണ് ത്രിവേദിയുടെ രാഷ്ട്രീയ ഗുരുവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ അഭിപ്രായം.

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ വില വര്‍ദ്ധനവ് മമതയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്നീട് പിന്‍വലിച്ചിരുന്നു. ചെറുകിട വ്യാപാര മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം എന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തെയും മമത ശക്തമായാണ് എതിര്‍ത്തത്.

റയില്‍ നിരക്കുകളില്‍ വന്‍ വര്‍ദ്ധനവാണ് ത്രിവേദി ലക്ഷ്യമിട്ടിരുന്നതെന്നും എന്നാല്‍ മമതയുടെ ഇടപെടല്‍ മൂലം ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നെന്നുമാണ് റയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

നിരക്ക് വര്‍ധനവ് വഴി ഫണ്ട് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ത്രിവേദി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ സംരംഭങ്ങളില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തുന്ന മേഖലയാണ് റയില്‍വേ. അതേസമയം 2000 കോടി രൂപയ്ക്കായി റയില്‍വേ മന്ത്രാലയം സമര്‍പ്പിച്ച വായ്പാ അപേക്ഷ ധനകാര്യമന്ത്രാലയം നേരത്തെ തള്ളിയിരുന്നു.

വരുമാനത്തിലുണ്ടായ ഇടിവ് പരിഹരിക്കാനായിരുന്നു റയില്‍വേ വായ്പ തേടിയത്. നിരക്ക് വര്‍ധിപ്പിക്കാതിരുന്നാല്‍ റയില്‍വേക്ക് പ്രതിവര്‍ഷം 16000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് നേരത്തെ റയില്‍വേ ജീവനക്കാരുടെ യൂണിയനുകളും മുന്നറിയിപ്പ് നല്‍കിയിരുന്നു.

janayugom 150112

1 comment:

  1. എട്ട് വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന റയില്‍ നിരക്കുകള്‍ ഉയര്‍ന്നേക്കുമെന്ന് റയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി സൂചന നല്‍കി. എട്ട് വര്‍ഷമായി നിരക്കില്‍ വ്യത്യാസമില്ലാതെ തുടരുന്നതിനാല്‍ തീര്‍ച്ചയായും ഇക്കാര്യം പരിഗണിക്കേണ്ട സമയമായെന്നാണ് ത്രിവേദി അറിയിച്ചത്.

    ReplyDelete