ദാവോസ്: ലോകസാമ്പത്തികരംഗത്ത് ആശങ്കയുടെ കാര്‍മേഘങ്ങള്‍ മൂടി നില്‍ക്കവേ ലോകസാമ്പത്തിക ഫോറത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചു.
100 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളാണ് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത സാമ്പത്തിക വിദഗ്ധരുള്‍പ്പെടുന്ന 2,600 പ്രതിനിധികളാണ് സ്‌കി റിസോര്‍ട്ട് നഗരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കലിന്റെ പ്രസംഗത്തോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. യൂറോസോണിലെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് മെര്‍ക്കല്‍ സമ്മേളനത്തിന്റെ ശ്രദ്ധ ക്ഷണിച്ചു. യൂറോസോണിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ വിദഗ്ധനിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കണമെന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്ന സാമ്പത്തിക വിദഗ്ധരോട് മെര്‍ക്കല്‍ ആവശ്യപ്പെട്ടു. കറന്‍സികളുടെ മൂല്യനിര്‍ണയത്തില്‍ ഏകീകൃത സംവിധാനം വേണമെന്നും മെര്‍ക്കല്‍ ആവശ്യപ്പെട്ടു.
മഹത്തായ രൂപമാറ്റം, പുതുമാതൃകകള്‍ രൂപപ്പെടുത്തല്‍ എന്ന മുദ്രാവാക്യമാണ് സമ്മേളനം മുന്നോട്ട് വയ്ക്കുന്നത്. മുതലാളിത്തവ്യവസ്ഥയുടെ ഭാവി എന്ന വിഷയമാകും ചര്‍ച്ചയുടെ കാതല്‍ എങ്കിലും അടുത്ത വര്‍ഷത്തേയ്ക്കുളള ആഗോളസാമ്പത്തിക അജണ്ടയ്ക്ക് സമ്മേളനത്തില്‍ രൂപമാകും. 40 രാജ്യങ്ങളില്‍ നിന്നുളള രാഷ്ട്രത്തലവന്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനൊപ്പം അന്താരാഷ്ട്ര ആണവോര്‍ജ സമിതി അധ്യക്ഷന്‍ യൂക്കിയ അമാനോയും സമ്മേളന നടപടികളില്‍ പങ്കെടുക്കുന്നുണ്ട്.
അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ ഐ എം എഫ് മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ഡെ അമേരിക്കന്‍ ട്രഷറി സെക്രട്ടറി തിമോത്തി ഗെയ്തനര്‍ എന്നിവരും സംബന്ധിക്കുന്നുണ്ട്.
janayugom 280112
No comments:
Post a Comment