Saturday, January 28, 2012

ജലനയം പാവങ്ങളെ വെള്ളത്തിലാക്കും

ഐ എം എഫിന്റേയും ലോകബാങ്കിന്റേയും ഭാഷ രസകരമാണ്. ഇരുട്ടിലേയ്ക്കുള്ള സഞ്ചാരപഥത്തിന് അവര്‍ വെളിച്ചത്തിലേയ്ക്കുള്ള വഴി എന്നായിരിക്കും പേരിടുക. അവരുടെ വിദഗ്‌ധോപദേശകരും കണ്‍സള്‍ട്ടന്റ് പ്രഭൃതികളും ചേര്‍ന്ന് അത് അങ്ങനെയാണെന്ന പ്രതീതി ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യും. അടിയറപറയാന്‍ കാത്തിരിക്കുന്ന ഭരണാധികാരികളെക്കൊണ്ട് ഈ അത്ഭുതഭാഷ ഏറ്റുപറയിക്കുന്നതിലും അവര്‍ക്ക് സമാര്‍ഥ്യമേറും. പുത്തന്‍ സാമ്പത്തികനയങ്ങളുടെ ആഗോള സ്തുതിഗീതാലാപനസംഘത്തില്‍ കടന്നുകൂടിയതോടെ ഇന്ത്യന്‍ ഭരണാധികാരികള്‍ ഈ ഏറ്റുചൊല്ലലില്‍ മികവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ദേശീയ ജലനയത്തിന്റെ കരട് വായിക്കുന്നവര്‍ക്ക് രാവിനെ പകലാക്കുന്ന ഈ അത്ഭുതഭാഷയുടെ സാമര്‍ഥ്യം ബോധ്യപ്പെടും. ജലവിഭവങ്ങള്‍ മുഴുവന്‍ സ്വകാര്യ ലാഭക്കൊതിയന്മാര്‍ക്ക് ദാനം കൊടുക്കുന്നതാണ് പുതിയ ദേശീയ ജലനയം. എന്നാല്‍ അതിന്റെ നെറ്റിപ്പട്ടം പോലെ ഗവണ്‍മെന്റ് പറയുന്നത് എല്ലാവര്‍ക്കും സുരക്ഷിതമായ ശുദ്ധജലം എത്തിക്കുമെന്നാണ്. അത് പൗരന്മാരുടെ അവകാശമായി പ്രഖ്യാപിക്കുന്ന നിയമത്തിന്റെ കാര്യമൊന്നും ദേശീയ ജലനയത്തില്‍ ചിന്താവിഷയമേ അല്ല. അതിന്റെ സൃഷ്ടാക്കളായ ആസൂത്രണ കമ്മിഷനിലെ പണ്ഡിതവര്യന്മാര്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ശുദ്ധജലം ജനങ്ങളുടെ അവകാശമാണെന്നു ഭരണഘടനാ നിലപാടിനെ തരിമ്പും മാനിക്കാതെയാണ് അവര്‍ നയങ്ങള്‍ രൂപീകരിക്കുന്നത്.

കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അവശ്യമേഖലകളില്‍ നിന്ന് ഗവണ്‍മെന്റുകള്‍ പൂര്‍ണമായും പിന്‍വാങ്ങണമെന്നാണ് ആസൂത്രണ കമ്മിഷന്‍ നിര്‍ദേശിക്കുന്നത്. ജലവിതരണപദ്ധതികള്‍ക്കായി ഇനി സര്‍ക്കാരുകള്‍ പണം മുടക്കേണ്ടത്രെ. അതിന്റെ ചിലവുകള്‍ മുഴുവന്‍ ഉപയോക്താക്കളില്‍ നിന്നും കണ്ടെത്തണമെന്നാണ് 15 പേജുള്ള കരട് നയം പറയുന്നത്. അതിനുള്ള പാങ്ങില്ലാത്തവരാണ് ഉപയോക്താക്കളെങ്കില്‍ അവരുടെ വെള്ളംകുടി മുട്ടിയതു തന്നെ. കുടിവെള്ളം ലാഭം നേടാനുള്ള കച്ചവടവസ്തുവാണെന്ന ഈ തലതിരിഞ്ഞ വാദം സമ്മതിച്ചു കൊടുത്താല്‍ ഇന്നുള്ള ജലനികുതി എത്ര മടങ്ങ് വര്‍ധിക്കുമെന്ന് ഇപ്പോള്‍ ആര്‍ക്കും പറയാന്‍ കഴിയില്ല.

കാര്‍ഷികമേഖലയ്ക്കുള്ള എല്ലാ പരിഗണനയും അവസാനിപ്പിക്കുമെന്ന സമീപനമാണ് കരടുനയത്തിന്റേത്. നദികളിലെയും കനാലുകളിലെയും വെള്ളം കാര്‍ഷികാവശ്യത്തിനായി എടുക്കണമെങ്കിലും ഇനി കപ്പം കൊടുക്കേണ്ടിവരും. ഒരു ഭാഗത്ത് ഭക്ഷ്യസുരക്ഷയെക്കുറിച്ച് തമ്പേറടിക്കുന്ന ഗവണ്‍മെന്റ് തന്നെയാണ് കര്‍ഷകന്റെ നടുവൊടിക്കുന്ന ഇത്തരം നയങ്ങളും മുന്നോട്ടു വയ്ക്കുന്നത്. വെള്ളത്തിനും വൈദ്യുതിക്കും കൃഷിക്കും ഒന്നിനും ഇനി സബ്‌സിഡി ആവശ്യമില്ല പോലും! സബ്‌സിഡി അശ്ലീലപദമാണെന്ന് ഇന്ത്യക്കാരെ ഉപദേശിക്കുന്നവര്‍ അമേരിക്കയില്‍ കാര്‍ഷികപുരോഗതിക്കുവേണ്ടി നല്‍കുന്ന സബ്‌സിഡിയുടെ വലിപ്പത്തെക്കുറിച്ച് ഒന്നും പറയാറേ ഇല്ല. ലാഭം കുന്നുകൂട്ടാന്‍ പാടുപെടുന്ന സ്വകാര്യമേഖലയ്ക്കു പ്രോത്സാഹനവും സബ്‌സിഡിയും നല്‍കണമെന്നാണ് ആസൂത്രണ കമ്മിഷന്റെ കണ്ടെത്തല്‍. ജലവുമായി ബന്ധപ്പെട്ട ഒന്നിനും അണപൈസ ചിന്തയല്ലാതെ മറ്റൊന്നും പാടില്ലെന്നാണ് ലോകബാങ്ക് തത്വശാസ്ത്രം. അതിന്റെ ചുവടൊപ്പിച്ചാണ് ആസൂത്രണ കമ്മിഷനും സഞ്ചരിക്കുന്നത്. ആസൂത്രണത്തെക്കുറിച്ചുള്ള നെഹ്‌റുവിയന്‍ സങ്കല്‍പ്പങ്ങളില്‍ നിന്ന് എത്ര കാതം അകന്നു നടക്കാമെന്നാണ് ആസൂത്രണ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്‍ടെക്‌സിംഗ് അഹ്‌ലുവാലിയ ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ ജലരംഗത്തെന്നപോലെ വൈദ്യുതിരംഗത്തും ലാഭചിന്തയ്ക്കു മാത്രമേ സ്ഥാനമുണ്ടാകൂ എന്ന് അദ്ദേഹവും കൂട്ടുകാരും വാദിക്കുന്നു. വൈദ്യുതി ചാര്‍ജ് യുക്തിസഹമായി നിശ്ചയിക്കണമെന്നാണ് അതിന്റെ ലോകബാങ്ക് ഭാഷ്യം! അങ്ങനെ വരുമ്പോള്‍ താരിഫ് റെഗുലേറ്ററി കമ്മിഷന്റെ നിശ്ചയങ്ങളായിരിക്കും അവസാനവാക്ക്. തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകള്‍ നോക്കുകുത്തിയെപ്പോലെ നിലകൊണ്ടാല്‍ മതിയാകും.

ഈ ശുപാര്‍ശകള്‍ അവതരിപ്പിക്കുന്ന ശുംഗ്ലു കമ്മറ്റിയും ആസൂത്രണ കമ്മിഷനും കേന്ദ്രസര്‍ക്കാരും ഒരു കാര്യം മറക്കാതിരിക്കട്ടെ. ലോകം മുഴുവന്‍ ഇത്തരം നയങ്ങള്‍ ഇന്നു ജനങ്ങളാല്‍ ചോദ്യംചെയ്യപ്പെടുകയാണ്. സമൂഹത്തിലെ പാവങ്ങളെ മറക്കുന്ന വികസനനയത്തിനെതിരായ കൊടുങ്കാറ്റു തന്നെയാണ് 'ഒരു വൈ വാള്‍ സ്ട്രീറ്റ്' പ്രസ്ഥാനമായി മാറിയത്. ആ കൊടുങ്കാറ്റിന് അമേരിക്കയില്‍ വീശാമെങ്കില്‍ അത് ഇന്ത്യയിലും വീശാതിരിക്കില്ലെന്ന് ഓര്‍ത്താല്‍ അവര്‍ക്ക് നല്ലത്.

janayugom 290112

1 comment:

  1. ഐ എം എഫിന്റേയും ലോകബാങ്കിന്റേയും ഭാഷ രസകരമാണ്. ഇരുട്ടിലേയ്ക്കുള്ള സഞ്ചാരപഥത്തിന് അവര്‍ വെളിച്ചത്തിലേയ്ക്കുള്ള വഴി എന്നായിരിക്കും പേരിടുക. അവരുടെ വിദഗ്‌ധോപദേശകരും കണ്‍സള്‍ട്ടന്റ് പ്രഭൃതികളും ചേര്‍ന്ന് അത് അങ്ങനെയാണെന്ന പ്രതീതി ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യും. അടിയറപറയാന്‍ കാത്തിരിക്കുന്ന ഭരണാധികാരികളെക്കൊണ്ട് ഈ അത്ഭുതഭാഷ ഏറ്റുപറയിക്കുന്നതിലും അവര്‍ക്ക് സമാര്‍ഥ്യമേറും. പുത്തന്‍ സാമ്പത്തികനയങ്ങളുടെ ആഗോള സ്തുതിഗീതാലാപനസംഘത്തില്‍ കടന്നുകൂടിയതോടെ ഇന്ത്യന്‍ ഭരണാധികാരികള്‍ ഈ ഏറ്റുചൊല്ലലില്‍ മികവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

    ReplyDelete