Saturday, January 28, 2012

ശാസ്ത്രസമൂഹം പരീക്ഷിക്കപ്പെടുമ്പോള്‍

ശൂന്യാകാശ പര്യവേഷണത്തില്‍ ഇന്ത്യയുടെ അന്തസുയര്‍ത്തിയ മഹത് സ്ഥാപനമാണ് ഐ എസ് ആര്‍ ഒ. ലോകത്തിന്റെ തന്നെ അംഗീകാരം നേടിയ ശാസ്ത്രജ്ഞരുടെ സങ്കേതമാണത്. ശൂന്യാകാശ ഗവേഷണത്തെ നാടിന്റെ പുരോഗതിയുമായി ബന്ധപ്പെടുത്താന്‍ കഴിയുമെന്ന് തെളിയിച്ച ഒട്ടേറെ കണ്ടെത്തലുകളുടെ കേന്ദ്രം എന്ന നിലയിലും ഐ എസ് ആര്‍ ഒ രാജ്യത്തിന് പ്രിയങ്കരമാവുന്നു. അവിടെ നിന്ന് ശുഭകരമല്ലാത്ത വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ രാജ്യത്തിന് ദുഃഖം തോന്നുന്നത് ഇക്കാരണങ്ങളാലാണ്.

ഐ എസ് ആര്‍ ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടി മീഡിയ കമ്പനി എന്ന സ്വകാര്യ സ്ഥാപനവും തമ്മില്‍ ഒപ്പുവെയ്ക്കപ്പെട്ട കരാറാണ് ഐ എസ് ആര്‍ ഒയുടെ മുഖശോഭയ്ക്ക് കളങ്കം ചാര്‍ത്തിയത്. 2005 ജനുവരി മാസം 28-ാം തീയതി ഒപ്പുവയ്ക്കപ്പെട്ട പ്രസ്തുത കരാറാണ് എസ്-ബാന്‍ഡ് സ്‌പെക്ട്രം ഇടപാട് എന്ന പേരില്‍ കുപ്രസിദ്ധി നേടിയത്. ഐ എസ് ആര്‍ ഒ വിക്ഷേപിക്കുന്ന രണ്ട് അത്യന്താധുനിക ഉപഗ്രഹങ്ങളുടെ 90 ശതമാനം ട്രാന്‍സ്‌പോണ്ടറുകളും ദേവാസ് മള്‍ട്ടി മീഡിയയ്ക്ക് ആ കരാറിലൂടെ കൈമാറുകയായിരുന്നു. അതിലൂടെ പൊതു ഖജനാവിന് രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി എന്നുകേട്ട് രാജ്യം നടുങ്ങിപ്പോയി. ഒരു ലക്ഷത്തി എഴുപത്താറായിരം കോടി കൈമറിഞ്ഞ 2 ജി സ്‌പെക്ട്രം ഇടപാടിനെ അതിശയിപ്പിക്കുന്നതായി എസ്-ബാന്‍ഡ് സ്‌പെക്ട്രം ഇടപാട്. രാജ്യരക്ഷയും അതിസൂക്ഷ്മ സാങ്കേതികതയും ഇഴപിരിക്കുന്ന ഇത്തരം ഇടപാടുകളിലെ സാമ്പത്തിക വിനിമയത്തിന്റെ കൃത്യമായ കണക്കുകള്‍ സമൂഹത്തിന് വ്യക്തമാകാറില്ല. അതുകൊണ്ടുതന്നെ ആ കണക്കുകളിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് പണ്ഡിതന്മാര്‍ പലവിധം പറയുമ്പോള്‍ അത്ഭുതം കൂറാനെ സമൂഹത്തിന് കഴിയൂ.

ആന്‍ട്രിക്‌സ്-ദേവാസ് സ്‌പെക്ട്രം ഇടപാടിന്റെ വിശദാംശങ്ങള്‍ അരിച്ചരിച്ചു മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരമനുസരിച്ച് ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായരടക്കം രാജ്യത്തെ നാല് ശൂന്യാകാശ ശാസ്ത്രജ്ഞന്മാര്‍ കരിംപട്ടികയില്‍ പെട്ടിരിക്കുന്നു. ഐ എസ് ആര്‍ ഒയുടെ മുന്‍ ചെയര്‍മാന്‍, ശൂന്യാകാശ വകുപ്പ് സെക്രട്ടറി, സ്‌പെയ്‌സ് കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ അത്യുന്നത പദവികള്‍ വഹിച്ചിട്ടുള്ള ലോക പ്രശസ്ത ശാസ്ത്രജ്ഞനാണ് ജി മാധവന്‍ നായര്‍. ശിരസു താഴ്ത്തി പിടിക്കേണ്ട ഒരു സാമ്പത്തിക ഇടപാടില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെട്ടുകാണുമ്പോള്‍ രാജ്യത്തിന് നാണംതോന്നുന്നത് സ്വാഭാവികം. ഈ സന്ദര്‍ഭത്തില്‍ സത്യം വിജയിക്കുകയാണ് ആവശ്യം. അത് രാജ്യത്തിന്റെയും രാഷ്ട്രത്തിന്റെയും വിജയമായിരിക്കും. ഒരു വിഭാഗം ശാസ്ത്രജ്ഞന്മാര്‍ പ്രകടിപ്പിക്കുന്ന വികാരവിക്ഷോഭം മനസിലാക്കാന്‍ പ്രയാസമുള്ളതാണ്.

ആന്‍ട്രിക്‌സ്-ദേവാസ് ഇടപാടിന്റെ ഗൗരവം പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട ശിക്ഷണ നടപടി അതീവ ദുര്‍ബലമാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്ന് കുറ്റാരോപിതരായ ശാസ്ത്രജ്ഞന്മാര്‍ നാലുപേരേയും ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുക മാത്രമാണ് ഗവണ്‍മെന്റ് ചെയ്തത്. അതുപോലും ശാസ്ത്രലോകത്തിന്റെ മനോവീര്യം തളര്‍ത്തുമെന്നാണ് ഒരുവിഭാഗം ശാസത്രജ്ഞന്മാര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. സാമ്പത്തിക അച്ചടക്കത്തിന്റേയും സുതാര്യതയുടേയും താത്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്ന് കേന്ദ്രമന്ത്രി വി നാരായണസ്വാമി വ്യക്തമാക്കുന്നു. അതുപോലും ഉള്‍ക്കൊള്ളാന്‍ ആവാത്തവിധം ദുര്‍ബലമാണോ ശാസ്ത്രസമൂഹത്തിന്റെ മനോവീര്യമെന്ന് സാമാന്യ ജനങ്ങളെക്കൊണ്ട് തോന്നിപ്പിക്കും വിധം ഉണ്ടാകുന്ന പ്രതികരണങ്ങള്‍ ഖേദകരമാണ്.

മുന്‍കാബിനറ്റ് സെക്രട്ടറിയും സ്‌പേയ്‌സ് കമ്മിഷന്‍ അംഗവുമായിരുന്ന ബി കെ ചതുര്‍വേദി, സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ ചെയര്‍മാന്‍ ആയിരുന്ന പ്രത്യുഷ് സിന്‍ഹ തുടങ്ങിയ ആധികാരിക കേന്ദ്രങ്ങള്‍ ആന്‍ട്രിക്‌സ്-ദേവാസ് ഇടപാടിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചതാണ്. ഗവണ്‍മെന്റിന് ലഭിക്കേണ്ട വരുമാനത്തിന്റെ 15ല്‍ ഒരുഭാഗം മാത്രമാണ് ഈ ഇടപാടിന്റെ ഫലമായി ഖജനാവിലേക്ക് എത്തിയിട്ടുള്ളൂ. വഴിമാറിപ്പോയ സംഖ്യയുടെ വ്യാപ്തിയെപ്പറ്റി ആര്‍ക്കെങ്കിലും തര്‍ക്കവുമുണ്ടായിരിക്കാം. എന്നാല്‍ ക്രമക്കേട് ഉണ്ടായി എന്നത് ആര്‍ക്കും നിഷേധിക്കാന്‍ ആവില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണങ്ങളാണ് ഉണ്ടാകേണ്ടത്. അതിന്റെ ലക്ഷ്യം സത്യം കണ്ടെത്തുക തന്നെയായിരിക്കണം. ക്രമക്കേടുകള്‍ തുറന്നു കാണിക്കപ്പെടുമ്പോള്‍ ചില കേന്ദ്രങ്ങള്‍ പ്രകടിപ്പിക്കുന്ന അസ്വസ്ഥത സംശയങ്ങള്‍ക്ക് ബലമേകുന്നതാണ്. രാജ്യംകണ്ട ഏറ്റവും പ്രമുഖനായ ശൂന്യാകാശ ശാസ്ത്രജ്ഞനും മുന്‍ രാഷ്ട്രപതിയുമായ ഡോക്ടര്‍ എ പി ജെ അബ്ദുല്‍കലാം പറഞ്ഞതുപോലെ സ്ഥാപനമാണ് വലുത്, വ്യക്തികളല്ല. ഒരു സ്ഥാപനം ഐ എസ് ആര്‍ ഒ ആണെന്നതുകൊണ്ടുതന്നെ അതിന്റെ വിശ്വാസ്യതയ്ക്ക് പോറല്‍ വീഴുന്നത്, തെല്ലും ആശാസ്യമല്ല.

ഈ വസ്തുത കണക്കിലെടുത്ത് നീതിപൂര്‍വ്വമായ അന്വേഷണത്തിനും പഴുതടയ്ക്കുന്ന നടപടികള്‍ക്കും കേന്ദ്ര ഗവണ്‍മെന്റ് മുന്‍കൈ എടുക്കണം. ശാസ്ത്ര ലോകത്തിന്റെ മുഴുവന്‍ പിന്തുണയും ഇത്തരം നടപടിക്ക് ഉണ്ടാകണമെന്നാണ് ശാസ്ത്രവും സത്യവും ആവശ്യപ്പെടുന്നത്.

janayugom editorial 280112

3 comments:

  1. എസ് ബാന്‍ഡ് സ്പെക്ട്രം അഴിമതിയുടെ പേരില്‍ നാല് ശാസ്ത്രജ്ഞര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രിയുടെ ശാസ്ത്ര-സാങ്കേതിക ഉപദേശകസമിതിയുടെ തലവന്‍ സിഎന്‍ആര്‍ റാവു പറഞ്ഞു. അങ്ങേയറ്റം വേദനാജനകമെന്ന് സിഎസ്ഐആര്‍ മുന്‍ മേധാവി ആര്‍ എ മഷേല്‍ക്കര്‍ പ്രതികരിച്ചു. മാധവന്‍നായര്‍ക്കെതിരായ നടപടി കടുത്തതാണെന്ന് മുന്‍ ആണവോര്‍ജവകുപ്പ് അധ്യക്ഷന്‍ അനില്‍ കാക്കോദ്ക്കറും പ്രതികരിച്ചു. മാധവന്‍ നായര്‍ക്ക് പുറമെ ഐഎസ്ആര്‍ഒയിലെ മുന്‍ സയന്റിഫിക്ക് സെക്രട്ടറി എ ഭാസ്ക്കരനാരായണ, ആന്‍ട്രിക്സ് മുന്‍ എംഡി കെ ആര്‍ ശ്രീധര്‍ , ഐഎസ്ആര്‍ഒ ഉപഗ്രഹകേന്ദ്രം മുന്‍ ഡയറക്ടര്‍ കെ എന്‍ ശങ്കര എന്നിവര്‍ക്കാണ് എസ് ബാന്‍ഡ് അഴിമതിയുടെ പേരില്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരം ശേഖരിക്കുകയാണെന്നും പ്രധാനമന്ത്രി തലത്തില്‍ വിഷയം ഉന്നയിക്കണോയെന്ന് ശാസ്ത്ര ഉപദേശകസമിതി തുടര്‍ന്ന് തീരുമാനിക്കുമെന്നും റാവു പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് കുഴയ്ക്കുന്നതാണെന്നും ഉന്നതരായ ശാസ്ത്രജ്ഞരുടെ പേരില്‍ ഇതാദ്യമായാണ് ഇത്തരമൊരു നടപടിയെന്നും മഷേല്‍ക്കര്‍ പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്ന് പ്രൊഫ. യശ്പാല്‍ പറഞ്ഞു. ചിലപ്പോള്‍ തീരുമാനമെടുത്തിട്ടുണ്ടാകാം. പിന്നീട് അത് ഉചിതമായില്ലെന്ന് തോന്നിയിട്ടുമുണ്ടാകാം. എന്തൊക്കെയായാലും നടപടി കടുപ്പമാണ്. ദുരുദ്ദേശ്യത്തില്‍നിന്ന് ഉരുത്തിരിഞ്ഞതാണിത്- യശ്പാല്‍ പറഞ്ഞു. സാങ്കേതികവിദ്യയില്‍ രാജ്യം പുരോഗതി കൈവരിക്കേണ്ട കാലഘട്ടമാണിതെന്ന് കാക്കോദ്ക്കര്‍ പറഞ്ഞു. നൂതനാശയങ്ങളെ സ്വാഗതം ചെയ്യേണ്ടതുണ്ട്. അത് നടപ്പാക്കുന്നതിന് ശ്രമിക്കുകയും വേണം. സാങ്കേതികരംഗത്ത് പുതിയ പങ്കാളിത്തങ്ങളും സൃഷ്ടിക്കേണ്ടതുണ്ട്്. എന്നാല്‍ , ഇപ്പോഴത്തെ നടപടിക്കു ശേഷം നൂതനാശയങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കാനേ സാധിക്കൂ- കാക്കോദ്കര്‍ പറഞ്ഞു.

    ReplyDelete
  2. കുവൈറ്റില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പരിപാടി ഉത്ഘാടനം ചെയ്യാന്‍ വന്ന "നായര്‍""" '' ആയ മാധവന്‍ നായര്‍!!!!!! !!!!!!!!!!!!!!!!!"""'!!!!!!!!
    നാട്ടിലെ അമ്പലങ്ങള്‍ മുഴുവന്‍ നിരങ്ങുന്ന ISRO ചെയര്‍മാന്‍ രാധാകൃഷ്ണന്‍ "!!!!!!!!!!!

    നമ്മുടെ scientist കളുടെ ഒരു നിലവാരമേ !!!!!!!!!!!!!

    ReplyDelete
  3. താനുള്‍പ്പെടെ നാല് ശാസ്ത്രജ്ഞന്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. വിലക്ക് സംബന്ധിച്ച് തനിക്ക് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളില്‍ നിന്ന് ഇക്കാര്യമറിഞ്ഞാണ് കത്തയക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എസ് ബാന്‍ഡ് സ്പെക്ട്രം ഇടപാട് ആരോപണത്തെ തുടര്‍ന്നാണ് മാധവന്‍ നായരടക്കം നാല് ശാസ്ത്രജ്ഞന്‍മാരെ നിലവിലുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ എല്ലാ സര്‍ക്കാര്‍ നിയമനങ്ങളില്‍ നിന്നും വിലക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്. മാധവന്‍ നായര്‍ ചെയര്‍മാനായിരുന്നപ്പോഴാണ് ഐഎസ്ആര്‍ഒ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സ് ദേവാസ് കോര്‍പ്പറേഷനുമായി എസ് ബാന്‍ഡ് നല്‍കാനുള്ള കരാര്‍ ഒപ്പിട്ടത്. കരാര്‍ വിവാദമായതോടെ കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി. തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ രണ്ട് ഉന്നതാധികാര സമിതിയെ നിയമിച്ചു. ഈ സമിതിയുടെയും മെയ് മാസത്തില്‍ നിയമിച്ച മറ്റൊരു സമിതിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞന്‍മാര്‍ക്കെതിരെ നടപടിയെടുത്തത്.

    ReplyDelete