Sunday, January 29, 2012

മണ്ണ് സംരക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നിട്ടിറങ്ങണം: സുഗതകുമാരി

ഭൂമിയില്‍ മനുഷ്യനുവേണ്ട എല്ലാ വിഭവങ്ങളും ഉണ്ടെങ്കിലും മനുഷ്യന്റെ ആര്‍ത്തിക്കനുസരിച്ച് ഇല്ലെന്ന കാര്യം നാം മനസ്സിലാക്കിയേ തീരു എന്ന് കവിയത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ശാസ്താംകോട്ടയില്‍ 'ആഗോളതാപനവും പരിസ്ഥിതി സംരക്ഷണം' എന്ന വിഷയത്തിന്മേല്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

നമ്മുടെ മണ്ണ് ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ഇത്തിരി ഭൂമിയേ കേരളത്തിലുള്ളു. ഇപ്പോള്‍ തന്നെ കേരളത്തില്‍ മൂന്ന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകള്‍ ഉണ്ട്. പമ്പാതീരത്ത്-ആറന്മുളയില്‍ വീണ്ടും വിമാനത്താവളം തുടങ്ങാന്‍ പോകുന്നു. ഇതിന് പിന്നില്‍ ദുഷ്ടമായ സ്വാര്‍ത്ഥതയുള്ള ശക്തികളാണുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്നു. അനാവശ്യ സുഖഭോഗങ്ങള്‍ക്കുവേണ്ടി മണ്ണിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നിട്ടിറങ്ങണം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെ വി സുരേന്ദ്രനാഥിന്റെയും ശര്‍മ്മാജിയുടെയും പാര്‍ട്ടിയായിരുന്നു. അവരുടെ അനുഭവങ്ങള്‍ പാര്‍ട്ടിയുടേയും കൂടിയായിരുന്നു. വലിയ വികസനം, വലിയ റോഡ്, റിസോര്‍ട്ട്, വിമാനത്താവളം, സുഖഭോഗങ്ങള്‍ എന്നിവയാണ് നമുക്ക് വേണ്ടതെന്ന് ചിലര്‍ കരുതുന്നു.

സുഖഭോഗതൃഷ്ണകൊണ്ട് മരങ്ങളെല്ലാം മുറിക്കുകയാണ്. ഇന്നും തിരുവനന്തപുരത്ത് കോണ്‍ഗ്രസ് കൗണ്‍സിലര്‍ മേരി പുഷ്യത്തിന്റെ നേതൃത്വത്തില്‍ മരംമുറിപ്പ് നടന്നു.
ഇത്തരത്തിലുള്ള ധിക്കാരം വര്‍ദ്ധിച്ചുവരുകയാണ്. ഇതിനെ ചെറുക്കുവാന്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നോട്ടുവരണം. 44 നദികളും നശിക്കുകയാണ്. മണല്‍വാരല്‍ പോലുള്ള കൊള്ളരുതായ്മയ്ക്ക് മുന്നില്‍ നാം മിണ്ടാതിരിക്കുകയാണ്. ഈ മിണ്ടാതിരിക്കലാണ് നാശത്തിന് കാരണമെന്നും അവര്‍ പറഞ്ഞു.

വരുംകാല രാഷ്ട്രീയത്തിന്റെ കേന്ദ്ര പ്രസ്ഥാനങ്ങളിലൊന്ന് പരിസ്ഥിതി തന്നെയാണെന്ന് സെമിനാറില്‍ മോഡറേറ്ററായിരുന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പറും ജനയുഗം എഡിറ്ററുമായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.  കാറല്‍ മാര്‍ക്‌സ് മൂലധനത്തില്‍ പറഞ്ഞിരിക്കുന്നത് മൂലധനത്തോട് ആസക്തിയുള്ളവര്‍ പ്രകൃതിയെ ബാല്‍ത്സംഗം ചെയ്യുന്നുവെന്നാണ്. ആ ബലാത്സംഗത്തിന്റെ ഭാഗമാണ് ആഗോള താപനത്തിന്റെ സൃഷ്ടി. പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ കമ്മ്യൂണിസ്റ്റുകാരന് സ്വന്തം നിലപാടുണ്ടാകാം. കായല്‍ മാത്രമല്ല മണ്ണും കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പി പ്രസാദ് വിഷയം അവതരിപ്പിച്ചു. ഡോ. വിജയന്‍, ആര്‍ അജയന്‍, ആര്‍ രാമചന്ദ്രന്‍, ചവറ കെഎസ് പിള്ള, കെ ശിവശങ്കരന്‍നായര്‍, ആര്‍എസ് അനില്‍ എന്നിവര്‍ സംസാരിച്ചു.

janayugom

1 comment:

  1. ഭൂമിയില്‍ മനുഷ്യനുവേണ്ട എല്ലാ വിഭവങ്ങളും ഉണ്ടെങ്കിലും മനുഷ്യന്റെ ആര്‍ത്തിക്കനുസരിച്ച് ഇല്ലെന്ന കാര്യം നാം മനസ്സിലാക്കിയേ തീരു എന്ന് കവിയത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ശാസ്താംകോട്ടയില്‍ 'ആഗോളതാപനവും പരിസ്ഥിതി സംരക്ഷണം' എന്ന വിഷയത്തിന്മേല്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

    ReplyDelete