Sunday, January 29, 2012

ജലപാതകളിലൂടെയുള്ള ചരക്കുനീക്കവും സ്വകാര്യമേഖലയ്ക്ക്

ഉള്‍നാടന്‍ ജലഗതാഗതവും സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഭക്ഷ്യധാന്യങ്ങള്‍ , വളം, കല്‍ക്കരി തുടങ്ങിയവ ജലപാതകളിലൂടെ വിതരണം ചെയ്യാന്‍ സ്വകാര്യകമ്പനികളെ നിയോഗിക്കാനാണ് തീരുമാനം. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുന്‍കൈയെടുത്തുള്ള നീക്കം വേഗത്തില്‍ നടപ്പാക്കാന്‍ ശനിയാഴ്ച ചേര്‍ന്ന മന്ത്രിതല കൂടിയാലോചനാ സമിതി തീരുമാനിച്ചു.

രണ്ടു പദ്ധതിയുടെ ചരക്കുനീക്കം സ്വകാര്യകമ്പനികളുടെ സഹായത്തോടെ ജലപാതകളിലൂടെ നടപ്പാക്കാനും ധാരണയായി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ജലപാതകളിലൂടെയുള്ള ഗതാഗതം ഊര്‍ജിതമാക്കുകയെന്ന് യോഗശേഷം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക് ചാറ്റര്‍ജി പറഞ്ഞു. ബിഹാറിലെ ബാര്‍ഹ് ഊര്‍ജപദ്ധതിക്കായി 30 ലക്ഷം ടണ്‍ കല്‍ക്കരി ജലപാതയിലൂടെ എത്തിക്കാന്‍ എന്‍ടിപിസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച കരാറില്‍ എന്‍ടിപിസിയും ഉള്‍നാടന്‍ ജലപാതാ അതോറിറ്റിയും ഒരു സ്വകാര്യ കമ്പനിയും ഒപ്പുവച്ചെന്ന് പ്രധാനമന്ത്രി കാര്യാലയം (പിഎംഒ) അറിയിച്ചു. സ്വകാര്യകമ്പനിയാണ് കല്‍ക്കരി ജലപാതയിലൂടെ എത്തിക്കുക.

ബംഗാളിലെ ഫരാക്ക ഊര്‍ജപദ്ധതിക്കായുള്ള ചരക്കുനീക്കത്തിന് 650 കോടിയുടെ സ്വകാര്യനിക്ഷേപം ഉറപ്പാക്കിയതായും പിഎംഒ അറിയിച്ചു. കൊല്‍ക്കത്തയില്‍ നിന്ന് ത്രിപുരയിലേക്കും അസമിലേക്കും ഭക്ഷ്യധാന്യം എത്തിക്കുന്നതിന് മൂന്നുവര്‍ഷത്തേക്ക് ആവശ്യമായ ചരക്ക് നല്‍കാമെന്ന് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ യോഗത്തില്‍ ഉറപ്പുനല്‍കി.
(എം പ്രശാന്ത്)

deshabhimani 290112

1 comment:

  1. ഉള്‍നാടന്‍ ജലഗതാഗതവും സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഭക്ഷ്യധാന്യങ്ങള്‍ , വളം, കല്‍ക്കരി തുടങ്ങിയവ ജലപാതകളിലൂടെ വിതരണം ചെയ്യാന്‍ സ്വകാര്യകമ്പനികളെ നിയോഗിക്കാനാണ് തീരുമാനം. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുന്‍കൈയെടുത്തുള്ള നീക്കം വേഗത്തില്‍ നടപ്പാക്കാന്‍ ശനിയാഴ്ച ചേര്‍ന്ന മന്ത്രിതല കൂടിയാലോചനാ സമിതി തീരുമാനിച്ചു.

    ReplyDelete