മലപ്പുറം: കുടുംബശ്രീ സിഡിഎസ് എഡിഎസ് തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച മുസ്ലിംലീഗ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ പ്രസ്താവനയില്‍ പറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെയാണ് ഇതുവരെ കുടുംബശ്രീ പ്രവര്‍ത്തിച്ചത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി അതിനെ ദുരുപയോഗം ചെയ്യുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും.
സ്ത്രീശാക്തീകരണവും ദാരിദ്ര്യ നിര്‍മാര്‍ജനവും ലക്ഷ്യമിട്ടാണ് കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത്. അതിനെ പോഷകസംഘടനയാക്കി മാറ്റാനാണ് ലീഗ് ശ്രമം. വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടായിട്ടും തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ലീഗ് ഇടപെടല്‍ നടന്നതായാണ് തെളിയുന്നത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയുമാണ് ലീഗ് ഇത് സാധ്യമാക്കിയത്. ലീഗിന് ഭാരവാഹിത്വം ലഭിക്കാത്തിടങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ലീഗിന്റെ അധികാര ദുര്‍വിനിയോഗം ജില്ലയില്‍ യുഡിഎഫിനകത്തും വലിയ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. പലയിടത്തും ലീഗ് പാനലിനെതിരെ കോണ്‍ഗ്രസ് മത്സരരംഗത്തിറങ്ങിയത് ഈ സാഹചര്യത്തിലാണ്. തെരഞ്ഞെടുപ്പിലെ അനധികൃത ഇടപെടല്‍ സംബന്ധിച്ച് പത്രങ്ങളില്‍ വാര്‍ത്ത വന്നിട്ടും ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. അധികാരത്തിന്റെ തണലില്‍ എന്തുമാകാമെന്നാണ് ലീഗ് നിലപാട്. ഇത് തിരുത്താന്‍ അവര്‍ തയ്യാറാകണമെന്നും പി പി വാസുദേവന്‍ പറഞ്ഞു.
കുടുംബശ്രീ: ലീഗിന്റെ ധാര്‍ഷ്ട്യത്തില്‍ മുന്നണിയിലും അമര്‍ഷം
മലപ്പുറം: ജില്ലയിലെ കുടുംബശ്രീ സിഡിഎസ് എഡിഎസ് തെരഞ്ഞെടുപ്പില്‍ തെളിഞ്ഞത് മുസ്ലിംലീഗിന്റെ അധികാര ദുര്‍വിനിയോഗം. റിട്ടേണിങ് ഓഫീസര്‍മാരെ സ്വാധീനിച്ചും അര്‍ഹര്‍ക്ക് മത്സരിക്കാന്‍ അവസരം നിഷേധിച്ചും നടത്തുന്ന തെരഞ്ഞെടുപ്പില്‍ മിക്കയിടത്തും കുടുംബശ്രീ ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പ് പൂര്‍ണമായി രാഷ്ട്രീയവല്‍ക്കരിച്ച ലീഗ് നിലപാടിനെതിരെ കോണ്‍ഗ്രസിലും അമര്‍ഷം ശക്തമാണ്. പലയിടത്തും ലീഗിനെതിരെ കോണ്‍ഗ്രസ് പാനല്‍ മത്സരരംഗത്തെത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ റിട്ടേണിങ് ഓഫീസര്‍മാരെ നിശ്ചയിച്ചതുമുതല്‍ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും ലീഗ് നേതൃത്വം ഇടപെടുകയായിരുന്നു. പലയിടത്തും ലീഗ് വാര്‍ഡ് മെമ്പര്‍മാര്‍ക്കൊപ്പമാണ് റിട്ടേണിങ് ഓഫീസര്‍മാര്‍ തെരഞ്ഞെടുപ്പിനെത്തിയത്. തെരഞ്ഞെടുപ്പിന്റെ മിനുട്സ് ബുക്കുപോലും മെമ്പറെ കാട്ടി ബോധ്യപ്പെടുത്തിയ ശേഷമാണ് റിട്ടേണിങ് ഓഫീസര്‍ ഒപ്പുവച്ചത്. ചില വാര്‍ഡുകളില്‍ ആര്‍ഒമാര്‍ ലീഗ് അനുകൂലികളെ "ഐകകണ്ഠ്യേന" തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്തു.
ഏഴ് എഡിഎസുമാരില്‍ കുറഞ്ഞത് നാലുപേര്‍ ബിപിഎല്‍ വിഭാഗത്തില്‍നിന്നാകണമെന്നാണ് ചട്ടം. എസ്സി പ്രാതിനിധ്യവും ഉണ്ടാവണം. ഇവയൊന്നുമില്ലാതെ നിരവധി വാര്‍ഡുകളില്‍ എഡിഎസുമാരെ തെരഞ്ഞെടുത്തിട്ടുണ്ട്. സര്‍ക്കാരില്‍നിന്ന് സ്ഥിരവരുമാനമോ ഓണറേറിയമോ കൈപ്പറ്റുന്നവര്‍ എഡിഎസ്, സിഡിഎസ് ഭാരവാഹിസ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ പലയിടത്തും ആശ വര്‍ക്കര്‍മാരും അങ്കണവാടി ജീവനക്കാരും സിഡിഎസ് എഡിഎസ് ഭാരവാഹികളായിട്ടുണ്ട്. മലപ്പുറം സിഡിഎസ് ചെയര്‍പേഴ്സണ്‍ അങ്കണവാടിയിലെ ജോലി രാജിവയ്ക്കാതെയാണ് ഭാരവാഹിത്വത്തില്‍ തുടരുന്നത്. കഴിഞ്ഞ നവംമ്പറില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സിഡിഎസുകള്‍ ചുമതല ഏറ്റെടുക്കേണ്ടതായിരുന്നു. വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടായിട്ടും യഥാസമയം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.
കഴിഞ്ഞ 26ന് സിഡിഎസുകള്‍ അധികാരമേറ്റെടുത്തിട്ടും കോഡൂര്‍ , അരീക്കോട്, കരുളായി, മൂത്തേടം, ആലിപറമ്പ് പഞ്ചായത്തുകളില്‍ സിഡിഎസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടില്ല. ഇവ നിയമവിരുദ്ധമായി നീട്ടിവച്ചിരിക്കയാണ്. ലീഗ് ആഗ്രഹിച്ചവര്‍ ചെയര്‍പേഴ്സണാകാതെ വന്നപ്പോഴാണ് ഭരണസ്വാധീനം ഉപയോഗിച്ചും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും ഇവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ മാറ്റിവപ്പിച്ചത്. മന്ത്രിമാര്‍ മുതല്‍ വാര്‍ഡ് മെമ്പര്‍മാര്‍ വരെയുള്ള ലീഗ് ജനപ്രതിനിധികള്‍ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും അനധികൃത ഇടപെടലുകള്‍ നടത്തി. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ കലക്ടറേറ്റില്‍ ലഭിച്ചെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. കക്ഷിþരാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതെയാണ് കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തില്‍ കുടുംബശ്രീ തെരഞ്ഞെടുപ്പുകള്‍ നടന്നത്. 2008 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരു ആക്ഷേപവും ഉയര്‍ന്നിരുന്നില്ല. തദ്ദേശ ഭരണവകുപ്പിന്റെ നിയന്ത്രണത്തിലും നേതൃത്വത്തിലുമാണ് അന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. എന്നാല്‍ ഇത്തവണ ഈ സംവിധാനങ്ങളെല്ലാം നോക്കുകുത്തിയായി.
deshabhimani 310112
കുടുംബശ്രീ സിഡിഎസ് എഡിഎസ് തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച മുസ്ലിംലീഗ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ പ്രസ്താവനയില്‍ പറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെയാണ് ഇതുവരെ കുടുംബശ്രീ പ്രവര്‍ത്തിച്ചത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി അതിനെ ദുരുപയോഗം ചെയ്യുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും.
ReplyDelete