അമേരിക്കയുടെ സമഗ്രാധിപത്യത്തിനുമുന്നില്‍ സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഇന്ത്യയെ കാണുമ്പോള്‍ ഞെട്ടലുണ്ടാകുന്നതായി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ . "നന്മയെ തിന്മയാക്കിയും തിന്മയെ നന്മയാക്കിയും ചിത്രീകരിച്ച് നിരക്ഷരരെ തെറ്റിദ്ധരിപ്പിക്കുന്ന ഭരണാധികാരികളുടെ ദേശദ്രോഹതരംഗത്തിനെതിരെ പ്രതികരിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണെ"ന്നും അദ്ദേഹം ആഹ്വാനംചെയ്യുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ രവി കുറ്റിക്കാട് തയ്യാറാക്കിയ "ജനഹൃദയങ്ങളില്‍ ഒരു ന്യായാധിപന്‍" എന്ന കൃഷ്ണയ്യരുടെ ജീവചരിത്രഗ്രന്ഥത്തിന്റെ രണ്ടാംപതിപ്പിലാണ് ഭരണാധികാരികളുടെ കുടിലതയ്ക്കെതിരെയും ആഗോളവല്‍ക്കരണനയത്തിനെതിരെയും അദ്ദേഹം ആഞ്ഞടിക്കുന്നത്. പുതുപതിപ്പ് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ ഫെബ്രുവരി എട്ടിന് പ്രകാശനംചെയ്യും.
"രാജീവ്ഗാന്ധിയുടെ കാലത്തെ വിദേശകടങ്ങളും ഉപരിവര്‍ഗത്തിന്റെ ഉപഭോഗവസ്തുക്കളുടെ ഇറക്കുമതിയും സാമ്പത്തികപ്രതിസന്ധിക്കു വഴിവച്ചു. ദൃഢനിശ്ചയത്തിലൂടെയും കര്‍ശന നടപടിവഴിയും നമുക്ക് അതു മറികടക്കാമായിരുന്നു. പകരം നാം മന്‍മോഹനോമിക്സ് സ്വീകരിച്ചു. സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം. കോളനിക്കാലത്തേക്ക് പടിപടിയായി മടങ്ങുകയായിരുന്നു നാം... ഇപ്പോഴത്തെ ഉദാരവല്‍ക്കരണം ബഹുരാഷ്ട്രകുത്തകകള്‍ക്ക് ഇഷ്ടാനുസരണം കടന്നുകയറാനുള്ള അനുമതിയാണ്. നമ്മുടെ പ്രകൃതിവിഭങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യാനും സ്വദേശിതത്വവും സ്വയംപര്യാപ്തതാ സ്വപ്നവും കാറ്റില്‍പറത്താനുമുള്ള സ്വാതന്ത്ര്യമാണത്"- കൃഷ്ണയ്യര്‍ പറയുന്നു.
"മന്‍മോഹന്‍സിങ്ങിന്റെ കാഴ്ചപ്പാട് ഇന്ത്യന്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുപകരം വിയോജിപ്പാണ് സൃഷ്ടിക്കുന്നത്. ഒരേയൊരു ഇന്ത്യക്കുപകരം പല ഇന്ത്യകള്‍ സൃഷ്ടിക്കപ്പെട്ടേക്കാം. ഇന്ത്യ ഇന്ന് പടിഞ്ഞാറിന്റെ, പ്രത്യേകിച്ച് വൈറ്റ്ഹൗസിന്റെയും വാഷിങ്ടണിന്റെയും ഉപഗ്രഹമായാണ് പ്രവര്‍ത്തിക്കുന്നത്. മൂലധനംവഴിയും അമേരിക്കന്‍ അനുകൂല മാധ്യമങ്ങളുടെ ആനുകൂല്യം നേടിയും വിദേശശക്തികള്‍ കടന്നുവരുന്നതു നിയന്ത്രിച്ചില്ലെങ്കില്‍ സ്വരാജ് മരീചികയാകുമെന്നും" കൃഷ്ണയ്യര്‍ ഓര്‍മപ്പെടുത്തുന്നു.
നിയമമന്ത്രിയായിരുന്ന കൃഷ്ണയ്യര്‍ , ഭൂപരിഷ്കരണനിയമം നടപ്പാക്കുന്നതിനുമുമ്പ് നേരിടേണ്ടിവന്ന ആരോപണങ്ങളും അതിന് ഇ എം എസ് തീര്‍ത്ത പ്രതിരോധവും പുസ്തകത്താളിലുണ്ട്. സ്വത്ത് നഷ്ടപ്പെടാതിരിക്കാന്‍ മന്ത്രിയുടെ അച്ഛന്‍ കുടുംബട്രസ്റ്റ് ഉണ്ടാക്കിയെന്നായിരുന്നു ആരോപണം. ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച മനോരമയ്ക്കെതിരെ അദ്ദേഹം മാനനഷ്ടക്കേസ് കൊടുത്തു. മനോരമയ്ക്കെതിരായ ആദ്യ മാനനഷ്ടക്കേസാണിത്. മേധാവിത്വത്തിനും അധികാരത്തിനും അംഗസംഖ്യാബലം കിട്ടണമെന്നു കരുതുന്ന സമുദായവിഭാഗങ്ങളാണ് താന്‍ അധ്യക്ഷനായ കമീഷന്‍ മുന്നോട്ടുവെച്ച വനിതാകോഡ് ബില്‍ നിര്‍ദേശത്തെ എതിര്‍ക്കുന്നതെന്നും കൃഷ്ണയ്യര്‍ പറയുന്നു.
"കുടുംബത്തില്‍ രണ്ടുകുട്ടികള്‍മാത്രം മതിയെന്ന നിര്‍ദേശമാണ് ചിലര്‍ക്ക് രുചിക്കാതെ വന്നത്. എത്രയോ കൊല്ലംമുമ്പ് കേന്ദ്രസര്‍ക്കാര്‍ എടുത്ത കരടു പ്രഖ്യാപനമാണത്. ബില്ലില്‍ ഹയര്‍സെക്കന്‍ഡറിതലംവരെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. സ്വകാര്യ സ്കൂളിലും സൗജന്യം വേണമെന്നും പറയുന്നു. ഇതില്‍ സ്വകാര്യ ആശുപത്രിവഴിയും സ്വകാര്യ വിദ്യാഭ്യാസക്കച്ചവടംവഴിയും പണം സമ്പാദിക്കുന്നവരുടെ എതിര്‍പ്പ് സ്വാഭാവികമല്ലേ? വനിതാകോഡിലെ നിര്‍ദേശങ്ങള്‍ പൊതുമണ്ഡലത്തില്‍ ചര്‍ച്ചചെയ്യണം. പിഴവുകളുണ്ടെങ്കില്‍ തിരുത്തണം. നല്ലതുണ്ടെങ്കില്‍ നടപ്പാക്കണം. ഏതെങ്കിലും ഉദ്ദേശലക്ഷ്യംവച്ച് കമീഷന്റെ നിര്‍ദേശങ്ങള്‍ കാണാതെ പോകരുത്. അത് സാമൂഹ്യപുരോഗതിക്ക് വിലങ്ങുതടിയാകും"- കൃഷ്ണയ്യര്‍ നിര്‍ദേശിക്കുന്നു. പുസ്തകത്തിന്റെ ആദ്യപതിപ്പ് പ്രകാശനംചെയ്ത് "95 മാര്‍ച്ച് 25ന് ഇ എം എസ് നടത്തിയ പ്രസംഗവും കൃഷ്ണയ്യരുമൊത്ത് പതിവായി സായാഹ്നസവാരി നടത്തുന്ന പ്രൊഫ. എം കെ സാനുവിന്റെ ഓര്‍മകളും പുസ്തകത്തിലുണ്ട്.
(ഷഫീഖ് അമരാവതി)
deshabhimani 300112

ReplyDelete